ധനിപൂർ ഗ്രാമത്തിൽ പണിയുന്ന മസ്​ജിദ്​ സമുച്ചയത്തിന്‍റെ രൂപരേഖ

അയോധ്യക്കു പുറത്തെ പുതിയ പള്ളി ഇന്ത്യൻ മുസ്​ലിംകൾക്ക്​ പ്രതീക്ഷ പകരുമോ?

2021 റിപ്പബ്ലിക്​ ദിനത്തിൽ അയോധ്യക്കു സമീപത്തെ ഒരു ഗ്രാമത്തിൽ മസ്​ജിദ്​ നിർമാണം ആരംഭിക്കുന്നതി​െൻറ ഭാഗമായി നടന്ന ചടങ്ങും രാമക്ഷേത്ര നിർമാണ- പ്രചാരണങ്ങളുടെ പേരിൽ സംഘടിപ്പിച്ചുവരുന്ന ചടങ്ങുകളും തമ്മിൽ ദൃശ്യമായത്​ സമ്പൂർണ വൈരുധ്യമായിരുന്നു. സുപ്രീം കോടതി നിർദേശപ്രകാരം മുസ്​ലിം സമുദായ പ്രതിനിധികൾക്ക്​ അനുവദിച്ച മസ്​ജിദ്​ ഭൂമിയിൽ ഇന്ത്യൻ പതാക ഉയരുകയും ചെടികൾ നടുകയും ചെയ്​ത നിർണായക സംഭവം അക്ഷരാർഥത്തിൽ അതി ലളിതം. മത ചടങ്ങുകളുണ്ടായില്ല, ​വി.ഐ.പികളുടെ സാന്നിധ്യവും കണ്ടില്ല.

ശിലാന്യാസം, ഭൂമി പൂജ പോലുള്ള ഹിന്ദു ആചാരങ്ങൾക്കു സമാനമായി ഇസ്​ലാമിൽ ചടങ്ങുകളില്ലെന്നതിന്​ ഇതിൽ പങ്കുണ്ടെന്നത്​ ശരിയാകാം. പക്ഷേ, മറ്റു ദിവസങ്ങൾ തെരഞ്ഞെടുക്കുന്നതിന്​ പകരം 2021 റിപ്പബ്ലിക്​ ദിനത്തിൽ പദ്ധതി ഔദ്യോഗികമായി തുടങ്ങാനുള്ള തീരുമാനം തീർച്ചയായും സവിശേഷ പ്രാധാന്യമർഹിക്കുന്നു.

എന്തേ മാധ്യമങ്ങൾ തിരിഞ്ഞുനോക്കിയില്ല, കൊട്ടുംകുരവയും കണ്ടില്ല?

രാജ്യം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായ അതേ ദിനത്തിൽ തന്നെ പദ്ധതിക്ക്​ സമാരംഭം കുറിക്കാമെന്ന തീരുമാനം, സർക്കാറി​െൻറ ഏക 'വിശുദ്ധ പുസ്​തക'മെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിച്ച അമൂല്യ വസ്​തുവും ഈ സമുദായവും ത​മ്മിലെ ഉറ്റബന്ധം സൂചിപ്പിക്കുന്നുണ്ട്​. വളരെ വൈകി ഉച്ചത്തിൽ ഭരണഘടനയുടെ സ്​തുതിഗീതം മുഴക്കാൻ തുടങ്ങിയവർ ഈ വിശ്വാസത്തെ​ അതേ നാണയത്തിൽ തിരിച്ചുനൽകേണ്ടതുണ്ട്​. ചടങ്ങിന്​ വേണ്ടത്ര മാധ്യമ ശ്രദ്ധ കിട്ടാതെ പോയത്​ രാജ്യത്തെ രാഷ്​ട്രീയ യാഥാർഥ്യം പച്ചയായി തുറന്നുകാട്ടുന്നു. കീഴടങ്ങിയ മുസ്​ലിം സമുദായത്തിനു മേൽ രാമക്ഷേത്രത്തെ പിന്തുണക്കുന്നവർ വരിച്ച വിജയമായാണ്​ അതി​നെ അവർ കാണുന്നത്​്.


ചരിത്രം, മുൻ ബ്രിട്ടീഷ്​ പ്രധാനമന്ത്രി വിൻസ്​റ്റൺ ചർച്ചില​ി​െൻറ വാക്കുകൾ കടമെടുത്താൽ, വിജയികൾ കുറിക്കുന്ന വരികളാണ്​. 2020 ആഗസ്​റ്റിൽ ഭൂമി പൂജ ചടങ്ങുകൾക്ക്​ രാജ്യം മുഴുക്കെ ലഭിച്ച വലിയ ഇടം ഇത്​ വിളിച്ചുപറയുന്നുണ്ട്​. പ്രത്യേകം ശ്രദ്ധിക്കേണ്ടത്​, ജനുവരി 15ന്​ തന്നെ വിഭവ സമാഹരണം ആരംഭിച്ചുവെന്നതാണ്​. രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ 'വ്യക്​തിഗത'മായി സംഭാവന നൽകിയായിരുന്നു തുടക്കമിട്ടത്​. പക്ഷേ, അങ്ങനെയൊരു നടപടിക്രമം മൾട്ടി സ്​പെഷാലിറ്റി ആശുപത്രി, കമ്യൂണിറ്റി അടുക്കള, ലൈബ്രറി എന്നിവ ചേർന്നതായിട്ടും മസ്​ജിദ്​ സമുച്ചയത്തിനുണ്ടായില്ല. ​

മസ്​ജിദും അനുബന്ധ സ്​ഥാപനങ്ങളും നിർമിക്കാനായി ഉത്തർ പ്രദേശ്​ സുന്നി വഖഫ്​ ബോർഡ്​ സ്​ഥാപിച്ച ഇൻഡോ- ഇസ്​ലാമിക്​ കൾച്ചറൽ ഫൗണ്ടേഷന്​ നികുതി ഇളവോടെ സംഭാവന പിരിക്കാൻ ഇനിയും അനുമതിയായിട്ടില്ലെന്നതും ശ്രദ്ധേയം. പക്ഷേ, ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്രത്തിന്​ സംഭാവനകൾ പക്ഷേ, ആദായ നികുതി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം നികുതി ഇളവിന്​ അർഹതയുള്ളവയാണ്​.

'പാവം പുതിയ മസ്​ജിദ്​': രാമക്ഷേത്രം നേർവിപരീതം

അയോധ്യയിലെ 'മതാതിർത്തികൾ'ക്ക്​ പുറത്തെ ധനിപൂർ ഗ്രാമത്തിലെ മസ്​ജിദ്​ കോമ്പൗണ്ടിൽ പ്രവേശനം​ എല്ലാ വിശ്വാസികൾക്കുമാണെങ്കിൽ 1992 ഡിസംബർ വരെ ബാബ്​രി മസ്​ജിദ്​ നിലനിന്ന ഭൂമിയിൽ ഉയരുന്ന രാമക്ഷേത്രത്തിലേക്ക്​ ഉറച്ച ഹിന്ദുമതക്കാർക്ക്​ മാത്രമാകും കടക്കാനാകുക. ശ്രദ്ധേയമായ മറ്റൊന്ന്​, 2020 ഡിസംബറിൽ അനാഛാദനം ചെയ്​ത മസ്​ജിദ്​ രൂപരേഖ ശിൽപവിദ്യയോട്​ ചേർന്നുനിൽക്കു​േമ്പാൾ പാരമ്പര്യ മസ്​ജിദി​േൻറതിൽനിന്ന്​ സമദൂരം നിലനിർത്തുന്നു.


ഒരു അക്കാദമീഷ്യൻ പൂർത്തിയാക്കിയ മസ്​ജിദ്​ രൂപരേഖയിൽ എവിടെയും മിനാരങ്ങളും കുംഭ ഗോപുരങ്ങളും കാണാനേയില്ല. അതിന്​ ബാബ്​രി മസ്​ജിദ്​ എന്ന്​ പേരും നൽകില്ല. മുഗളൻമാർ ഉൾ​െപടെ ഏതെങ്കിലും മുസ്​ലിം ഭരണാധികാരിയെ കുറിച്ച സൂചനകളും കാണില്ല. മറുവശത്ത്​, മൂന്ന്​ കുംഭ​േഗാപുരങ്ങളുള്ള രാമക്ഷേത്രത്തി​െൻറ ഡി​ൈസൻ 2020 ജൂലൈയിൽ വരുത്തിയ മാറ്റത്തോടെ അഞ്ചെണ്ണമുള്ളതായി മാറി.

മൂന്ന്​ പതിറ്റാണ്ട്​ മുമ്പ്​ എൽ.കെ അദ്വാനി ഒരർഥത്തിൽ പ്രഖ്യാപനം നടത്തിയപോലെ, രാമ ജന്മഭൂമി പ്രസ്​ഥാനം അയോധ്യയിൽ അമ്പലം നിർമിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. മറ്റു പല ലക്ഷ്യങ്ങളിലൊന്ന്​ ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്​ലിംകൾക്കുമേൽ സർവാധിപത്യ പ്രകടനം കൂടിയാണ്​. അയോധ്യയിലെന്ന പോലെ ബഹുതലങ്ങളിൽ ഇത്​ പ്രകടമായി വരുന്നുമുണ്ട്​.


ബാബ്​രി മസ്​ജിദ്​ വിധിയിലെ മുസ്​ലിം പ്രതിസന്ധി: ദുഃഖം ഒളിച്ചുവെക്കണോ അതോ കുപ്പായക്കൈയിൽ തിരുകണോ?

2019 നവംബർ ഒമ്പതിന്​ തർക്ക ഭൂമി ഹിന്ദുക്കൾക്ക്​ നൽകിയ സുപ്രീം കോടതി വിധി മുസ്​ലിം സമുദായത്തെ ശരിക്കും നിരാശപ്പെടുത്തിയിരുന്നു. അങ്ങനെയെങ്കിലും പറയാതെ വയ്യ. പക്ഷേ, മസ്​ജിദ്​ നിർമാണത്തിന്​ അഞ്ചേക്കർ ഭൂമി യോജിച്ച മറ്റൊരു സ്​ഥലത്ത്​ സുന്നി വഖഫ്​ ബോർഡിന്​ കൈമാറണമെന്ന കോടതി നിർദേശം ഇതര വിഭാഗങ്ങൾ ഏറ്റെടുത്തത്​ മറ്റൊരു അർഥത്തിലാണ്​.

ഒരു വിഭാഗം ഈ വാഗ്​ദാനം നിരസിക്കാൻ ആവശ്യപ്പെട്ടപ്പോൾ, ആരാധനാലയം വിനഷ്​ടമായ ദുഃഖത്തോടെയിരിക്കു​േമ്പാഴും ഇനിയും ഭൂതത്തിൽ മാത്രം ജീവിക്കുന്നതിൽ മാത്രം അർഥമില്ലെന്നായിരുന്നു മേൽക്കൈ നേടിയ മറുവിഭാഗത്തി​െൻറ പക്ഷം. ഭിന്നമെങ്കിലും നയം കൃത്യമാക്കുകയായിരുന്നു ഇരു വിഭാഗങ്ങളും. ഭൂരിപക്ഷ മേൽക്കോയ്​മ ബ്രിഗേഡി​െൻറ മാംസത്തിൽ തറച്ച മുള്ളായി നിലനിൽക്കാമെന്നായിരുന്നു ആദ്യ പക്ഷത്തി​െൻറ നിലപാടെങ്കിൽ, സ്വയം പഴുത്​ തീർക്കാനായിരുന്നു മറുപക്ഷത്തി​െൻറ മനസ്സ്​. പുതിയ ക്രമത്തിൽ അതെത്ര ചെറുതും അസംഘടിതവുമാണെങ്കിലും.


സർക്കാറിൽനിന്ന്​ ഭൂമി സ്വീകരിക്കുന്ന സവിശേഷ വിഷയത്തിൽ സമുദായത്തിനകത്തെ അഭിപ്രായ ഭിന്നത (സൗജന്യമായാണ്​ നൽകിയതെങ്കിലും അഞ്ചേക്കർ ഭൂമി സ്വന്തം പേരിൽ രജിസ്​റ്റർ ചെയ്​തുകിട്ടാൻ സ്​റ്റാമ്പ്​ നികുതിയായി അടക്കേണ്ടിവന്നത്​ ഒമ്പതു ലക്ഷമാണ്​) ഇനിയും തങ്ങളുടെ സ്വത്വവും വേദനയും എങ്ങനെ ഉടുത്തണിഞ്ഞ്​ നിൽക്കുമെന്ന പ്രതിസന്ധിയുടെ കൂടി ഭാഗമായിരുന്നു. ഇനിയും അത്​ പുറത്തുതന്നെ കാണിക്കണോ, അതോ പുതച്ചുമൂടണോ?


പുതിയ മസ്​ജിദ്​ മുസ്​ലിംകൾക്ക്​ മാന്യമായ പുതുജീവിതം നൽക​ുമോ?

ഭൂമി പൂജ നടത്തിയ ശേഷമുള്ള പ്രസംഗത്തിൽ മോദി പറഞ്ഞത്​, ക്ഷേത്രം ഇന്ത്യൻ സംസ്​കാരത്തെയും ദേശീയ വികാരത്തെയും ഒപ്പം പൗരന്മാരുടെ പൊതുമനസ്സിനെയും പ്രതിനിധീകരിക്കുന്നുവെന്നാണ്​. മാത്രമല്ല, ഈ ​ആരാധനാലയം വരും തലമുറകളുടെ മനസ്സുകളിലും ഇച്​ഛാശക്​തിയും സമർപണവും പ്രതീക്ഷയും പകരുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

ഈ വാദകോലാഹലങ്ങൾക്കിടയിൽ ചോദ്യമായി അവശേഷിക്കുന്ന ഒന്നുണ്ട്​, ഈ മസ്​ജിദും അനുബന്ധ സേവന സ്​ഥാപനങ്ങളും എന്തിനെയൊക്കെയാണ്​ പ്രതിനിധാനം ചെയ്യുന്നത്​? രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തി​െൻറ സ്വത്വത്തിന്​ അംഗീകാരവും മാന്യതയും നൽകാനുള്ള ദേശീയ ഇച്​ഛയെ ആക​ുമോ ഇത്​ പ്രതിനിധാനം ചെയ്യുക? അതല്ല, അരികുവത്​കരിക്കപ്പെട്ട്​ ആരോരും കാണാതെ അവഗണിക്കപ്പെട്ട്​ കഴിയുന്ന ഒരു സമുദായത്തെയാകുമോ ഇത്​ പ്രദർശിപ്പിക്കുക.


ബാബ്​രി മസ്​ജിദ്​ നിലനിന്ന 464 വർഷങ്ങളിൽ 136 വർഷം ഇതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. പുതിയ ക്ഷേത്രത്തിനായി ഭൂമി വിട്ടുനൽകുകയും 'യഥാർഥ' അയോധ്യയിൽനിന്ന്​ 'നാടുകടത്തപ്പെടുകയും' (2018​ വരെ ജില്ലക്കുപേര്​ ഫൈസാബാദ്​ എന്നായിരുന്നു, പട്ടണം ഒരു മുനിസിപ്പാലിറ്റിയും) ചെയ്യപ്പെട്ടവരാണെങ്കിലും മറയ്​ക്കാനും മായ്​ക്കാനുമാവാത്ത ഓർമയായി അവരുടെ മനസ്സിൽ ബാബ്​രി മസ്​ജിദ്​ നിലനിൽക്കും.

ഫൗണ്ടേഷൻ പദ്ധതി പ്രകാരം, മസ്​ജിദ്​ രണ്ടു വർഷത്തിനകം പൂർത്തിയാകും. ഇനി അവശേഷിക്കുന്ന ചോദ്യം ഇത്​ എല്ലാവർക്കും സന്ദർശിക്കാവുന്ന മസ്​ജിദ്​- മ്യൂസിയം- ആശുപ്രതി സമുച്ചയമായി നിലനിൽക്കുമോ അ​തല്ല, 2021 റിപ്പബ്ലിക്​ ദിന​ത്തിലെ ഉദ്​ഘാടന ചടങ്ങിന്​​ സമാനമായി ആർക്കും വേണ്ടാതെ അവഗണിക്കപ്പെടുമോ എന്നാണ്​. സത്യത്തിൽ, 'പുതിയ ഇന്ത്യ'ക്ക്​ വേണ്ടാത്ത ഒരു നിർമിതിയായിരുന്നു ഇത്​. പക്ഷേ, പൂർത്തിയാക്കിയ ദൗത്യത്തിന്​ പരമോന്നത കോടതി ഇത്​ സർക്കാറിന്​ ദാനം നൽകുകയായിരുന്നു.

മസ്​ജിദ്​ എന്തുകൊണ്ടാകും മുസ്​ലിംകൾക്കും ഇതര വിശ്വാസികൾക്കും സുപ്രധാനമാകുന്നത്​?

ഒന്നാമത്തെ കാരണം, അഞ്ചേക്കർ ഭൂമി നൽകു​േമ്പാൾ സർക്കാറിന്​ മുമ്പിൽ രണ്ട്​ മാർഗങ്ങളാണ്​ സുപ്രീം കോടതി വെച്ചത്​. അയോധ്യ നിയമം 1993 പ്രകാരം സ്വന്തമാക്കിയ ഭൂമിയിൽനിന്ന്​ കേന്ദ്രത്തിന്​ നൽകാം, അല്ലെങ്കിൽ 'അയോധ്യയിൽ യോജിച്ച സ്​ഥലത്ത്​' സംസ്​ഥാന സർക്കാറിന്​ നൽകാം. വാർഷിക 'പരിക്രമ' വഴിയുടെ ചുറ്റളവിൽ പുതിയ മസ്​ജിദ്​ നിർമാണം സംഘ്​ പരിവാർ അംഗീകാരത്തോടെ നടക്കില്ലെന്നതിനാൽ സ്വാഭാവികമായും രണ്ടാം മാർഗമാണ്​ തെരഞ്ഞെടുക്കപ്പെട്ടത്​. യഥാർഥ ക്ഷേത്ര നഗര അതിർത്തിയിൽനിന്ന്​ 25 കിലോമീറ്റർ അകലെ ധനിപൂർ ഗ്രാമത്തിൽ ഭൂമി കണ്ടെത്തി.


രാമക്ഷേത്രത്തിനായുള്ള സമരഘട്ടത്തിൽ, സംഘ്​ പരിവാർ വീറോടെ വാദിച്ചത്​ പട്ടണത്തിന്​ പുറത്ത്​ മുസ്​ലിംകൾക്ക്​ ബാബ്​രി മസ്​ജിദ്​ നിലനിൽക്കുന്നതിൽ ഒട്ടും പ്രസക്​തിയില്ലെന്നായിരുന്നു. അതിനാൽ, മടിയേതുമില്ലാതെ കെട്ടിടം ഹിന്ദുക്കൾക്ക്​ നൽകണം. മറിച്ച്​, ഭഗവാൻ രാമ​െൻറ പേരിൽ ഉയർത്തുന്ന ക്ഷേത്രം ലോകം മുഴുക്കെ ഹിന്ദുക്കളുടെ അഭിലാഷമാണ്​. ബാബ്​രി മസ്​ജിദ്​ 'എവിടെയും' ആകാമെന്നും എന്നാൽ, രാമക്ഷേത്രം അയോധ്യയിലെ നിർണിത സ്​ഥലത്ത്​ മാത്രം നിലനിൽക്കാവുന്ന ഒന്നും.

വൈരുധ്യമാകാം, അയോധ്യക്ക്​ പുറത്ത്​ മസ്​ജിദിന്​ ഭൂമി നൽകുകയും അയോധ്യയിലെ മുസ്​ലിംകൾക്ക്​ സാധാരണ നമസ്​കാരങ്ങൾക്ക്​ അവിടം​ ഉപയോഗിക്കൽ ദുഷ്​കരമാകുകയും​ ചെയ്​തതോടെ, പുതുതായി ഉയരുന്ന മസ്​ജിദ്​ അവർക്ക്​ വലിയ ആകർഷണമാകും. ചിലപ്പോൾ മറ്റുള്ളവർക്കും. തങ്ങളുടെ കുതിപ്പിനിടെ ഭൂരിപക്ഷാധിപത്യ വിജിഗീഷുക്കൾ ഇത്​ കൂടി കണക്കിലെടുക്കുന്നത്​ നന്ന്​​.

(കടപ്പാട്​: thequint.com   മൊഴിമാറ്റം: കെ.പി. മൻസൂർ അലി)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.