ഈ വർഷത്തിന്റെ ആദ്യപാതിയിൽ 70 ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ 17,000 ജീവനക്കാരെ പിരിച്ചുവിട്ട (എഡ്ടെക് സംരംഭമായ ബൈജൂസിലെ 2,500 പേരെയടക്കം) പശ്ചാത്തലത്തിൽ അത് സൃഷ്ടിക്കുന്ന ആഘാതങ്ങളും ജീവനക്കാർക്ക് സംഭവിച്ച പ്രയാസങ്ങളും സ്റ്റാർട്ടപ് വ്യവസ്ഥയെയും സമ്പദ്വ്യവസ്ഥയെയും ബാധിക്കുന്നതെങ്ങനെയെന്നുമെല്ലാം വിശകലനം ചെയ്യാൻ അച്ചടി-ഡിജിറ്റൽ മാധ്യമങ്ങൾ ഒട്ടുവളരെ കടലാസും മഷിയും ചെലവിട്ടു.
ഏഴുമാസക്കാലയളവിൽ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന നൂറിലധികം സംഘങ്ങൾക്ക് വിദേശ സംഭാവന നിയന്ത്രണനിയമ (എഫ്.സി.ആർ.എ) പ്രകാരമുള്ള ലൈസൻസ് നഷ്ടമായതിനെ ഇതുമായൊന്ന് താരതമ്യം ചെയ്തുനോക്കുക. ഇത്തരത്തിൽ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന ഏറ്റവും വലിയ ആഗോള സംഘടനകളിലൊന്നായ കെയറിന്റെ പ്രവർത്തനം നിലച്ചതുകൊണ്ടുമാത്രം ഏകദേശം നാലായിരം പേരാണ് തൊഴിൽരഹിതരായത്.
എന്നിട്ടും, നാളിതുവരെ സമ്പദ്വ്യവസ്ഥയെ ഇത് എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് ഒരു സംസാരവും എവിടെയുമില്ല. രാജ്യത്തിന്റെ ജി.ഡി.പിയുടെ രണ്ടുശതമാനം സംഭാവന ചെയ്യുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമതയെക്കുറിച്ച് ചർച്ചയില്ല; ഭൂരിഭാഗവും ചെറു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ജോലി ചെയ്യുന്ന അവരുടെ ജീവനക്കാർ നേരിടുന്ന ആഘാതത്തെക്കുറിച്ച് ആലോചനയില്ല; എല്ലാറ്റിനുമുപരിയായി, ഈ സംഘടനകൾ നൽകിവന്നിരുന്ന നിർണായക സേവനങ്ങൾ ഇപ്പോൾ ലഭിക്കാതെ പോകുന്ന ദശലക്ഷക്കണക്കിന് ദുർബല കുടുംബങ്ങളെക്കുറിച്ച് ഒരു ചിന്തയുമില്ല.
സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ (MOSPI) 2012ലെ റിപ്പോർട്ട് അനുസരിച്ച്, സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ (സി.എസ്.ഒകൾ) 27 ലക്ഷം തൊഴിലുകൾ നൽകുന്നു, 34 ലക്ഷം മുഴുവൻ സമയ സന്നദ്ധപ്രവർത്തകരുമുണ്ട്, പൊതുമേഖലയേക്കാൾ കൂടുതലാണിത്.
515 ലാഭരഹിത സംഘടനകൾക്കിടയിൽ ഗൈഡ് സ്റ്റാർ ഇന്ത്യയുടെ മേൽനോട്ടത്തിൽ സി.എസ്.ഒ കൂട്ടായ്മ നടത്തിയ സർവേയിൽ തങ്ങൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളിലെ പകുതിയിലേറെ ഔപചാരിക ജോലികളുടെ ഉറവിടം തങ്ങളാണെന്ന് 47 ശതമാനം പേരും റിപ്പോർട്ട് ചെയ്യുന്നു.
ഭരണകൂടത്തെയും ജനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണികളും ഈ ഈ സംഘടനകളാണ്. ഇവയിൽ പാതിയിലേറെയും പ്രവർത്തിക്കുന്നത് ഗ്രാമീണ മേഖലകളിലെയും അതി പിന്നാക്ക ജില്ലകളിലെയും വിദ്യാഭ്യാസ, ആരോഗ്യ, ജല-ശുചീകരണ മേഖലകളിലും കാലാവസ്ഥ മാറ്റം, കൃഷി, വനിത-ശിശുക്ഷേമം, ഭിന്നശേഷിക്കാരുടെ ക്ഷേമം എന്നിങ്ങനെ ജനജീവിതങ്ങളുടെ സമസ്തരംഗങ്ങളുമായി ബന്ധപ്പെട്ടാണ്. അവർ പ്രാദേശികമായി ഉപജീവന മാർഗങ്ങളൊരുക്കുന്നു, ശേഷി വികസനത്തിൽ പങ്കുവഹിക്കുന്നു, പ്രാദേശിക വ്യവസായങ്ങൾക്ക് ശക്തി പകരുന്നു. സ്കൂളുകൾ, പഞ്ചായത്തുകൾ, നഗരസഭകൾ, അംഗൻവാടികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ സർക്കാർ ബോഡികളുമായി ബന്ധപ്പെട്ടാണ് സർവേയിൽ പങ്കെടുത്ത പാതിയിലേറെ സംഘടനകളും പ്രവർത്തിക്കുന്നത്. വാസ്തവത്തിൽ, അവയുടെ ശാക്തീകരണം പ്രാദേശിക വികസനത്തെ ത്വരിതപ്പെടുത്തുന്നു.പൊതുമേഖലയിലെയും വ്യവസായങ്ങളുടേതും പോലെയല്ല ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളുടെ ജോലികൾ. അവകളിലൊന്നിന്റെ സംഘാടകൻ പറഞ്ഞതുപോലെ, ലാഭേച്ഛയില്ലാത്ത തൊഴിലാളിയുടെ പങ്ക് സാമൂഹിക മാറ്റം കൊണ്ടുവരലാണ്; അത് വെറുമൊരു ജോലിയല്ല. അവരുടെ തൊഴിൽ നഷ്ടപ്പെടുമ്പോൾ, പാർശ്വവത്കരിക്കപ്പെട്ടവരുടെയും ദുർബല ജനങ്ങളുടെയും ജീവിതം മെച്ചപ്പെടുത്താനുള്ള അവസരങ്ങളും കൂടിയാണ് നഷ്ടമാവുന്നത്’’.
സംഘടനകളുടെ എഫ്.സി.ആർ.എ ലൈസൻസുകൾ റദ്ദാക്കപ്പെട്ടതുമൂലം കുട്ടികളുടെ സംരക്ഷണം, പ്രതിരോധ കുത്തിവെപ്പ്, നവജാതശിശു മരണങ്ങൾ തടയൽ, സ്കൂളുകളിലെയും അംഗൻവാടികളിലെയും ആരോഗ്യ-പോഷകാഹാര പ്രവർത്തനങ്ങൾ, അധ്യാപന പരിശീലന സാമഗ്രികളുടെ ഒരുക്കം, ചെറുപ്പക്കാർക്കുള്ള നൈപുണ്യ-ഉപജീവന അവസരങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ മേഖലകളിലെ പ്രവർത്തനങ്ങളാണ് നിലച്ചുപോയിരിക്കുന്നത്. 4000 മുതൽ എട്ടുലക്ഷം വരെ ആളുകൾ ഓരോ സംഘടനകളിൽനിന്നും ഇത്തരം സേവനങ്ങളുടെ ഗുണഭോക്താക്കളായിരുന്നുവെന്നും ഓർക്കുക.സേവനങ്ങൾ നിലച്ചതിനുമപ്പുറം, ലാഭേച്ഛയില്ലാതെ പ്രവർത്തിച്ചിരുന്ന ജീവനക്കാർ വർഷങ്ങളോളം ചെലവിട്ട് സമൂഹവുമായി ഇടപഴകി വികസിപ്പിച്ചെടുത്ത വിശ്വാസവും കൂടിയാണ് തകർന്നുപോയത്.
ഒരു വലിയ സംഘടനയുടെ സി.ഇ.ഒയുടെ അഭിപ്രായത്തിൽ “ഒരു നിശ്ചിതകാലം കൊണ്ട് ഒരു സാമൂഹിക ദൗത്യം നിറവേറ്റുമെന്ന് ഞങ്ങൾ പറയുമ്പോൾ ഇനി ജനങ്ങൾ എങ്ങനെയാണ്, എന്തിനാണ് ഞങ്ങളെ വിശ്വസിക്കുക? നഷ്ടമായ ഈ വിശ്വാസം തിരിച്ചുപിടിക്കുകയെന്നത് തികച്ചും ദുഷ്കരമാണ്’’.
(തുടരും)
(ഇന്ത്യ ഡെവലപ്മെന്റ് റിവ്യൂ (IDR)സഹസ്ഥാപകയും സി.ഇ.ഒയുമാണ് സ്മരിനിതാ ഷെട്ടി. ഐ.ഡി.ആർ ഹിന്ദി വിഭാഗം മേധാവിയാണ് രജികാ സേത്ത്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.