അനുസ്യൂതം വാര്‍ത്തകളെ പിന്തുടരുന്നവരാണ് നമ്മൾ. പത്രങ്ങളും ആനുകാലികങ്ങളും വായിക്കുന്നവര്‍, ടിവിയില്‍ വാര്‍ത്തയും സംവാദവും കാണുന്നവര്‍, സമൂഹ മാധ്യമങ്ങളിൽ നിരന്തരം വരുന്ന അപ്‌ഡേറ്റുകള്‍ ശ്രദ്ധിക്കുന്നവര്‍. ഒരുപക്ഷേ, വ്യക്തികളോട് സംസാരിക്കുന്നതിനെക്കാള്‍ ദിവസവും കൂടുതല്‍ സമയം മാധ്യമങ്ങളോട് സംവദിച്ചുകൊണ്ടിരിക്കുന്നു പലരും. വ്യക്തികളോടുള്ള സമ്പര്‍ക്കം സ്വഭാവത്തെ സ്വാധീനിക്കുന്നതുപോലെത്തന്നെ മാധ്യമങ്ങളോടുള്ള നിരന്തര സമ്പര്‍ക്കവും നമ്മുടെ സ്വഭാവത്തെ വലിയ തോതില്‍ മാറ്റിമറിക്കുന്നു, നമ്മൾ പോലുമറിയാതെ.
വാർത്തക്ക് പിറകിലും ഒരു രാഷ്ട്രീയമുണ്ടെന്നതു വെറും പറച്ചിലല്ല. മാധ്യമസ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന മാനേജ്മെൻറിെൻറ രാഷ്ട്രീയ-സാമ്പത്തിക-താൽപര്യങ്ങളും ഓരോ മാധ്യമവും ഉള്‍ക്കൊള്ളുന്നുവെന്നതും പുതിയ കാര്യമല്ല. സമൂഹ മാധ്യമങ്ങളോ? വ്യക്തികളുടെ സ്വതന്ത്ര അഭിപ്രായപ്രകടനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വരുന്നതെന്നായിരുന്നു പൊതുധാരണ. എന്നാല്‍, കലാപങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും തിരികൊളുത്താന്‍ കഴിയുന്ന വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങൾ വഴി വന്നു തുടങ്ങിയതോടെ ആളുകളുടെ സ്വതന്ത്ര അഭിപ്രായങ്ങൾ മാത്രമല്ല അതിനകത്ത് വരുന്നതെന്ന് നമ്മള്‍ തിരിച്ചറിഞ്ഞു തുടങ്ങി. സോഷ്യല്‍ മീഡിയയിൽ പ്രഫഷനൽ ഐ.ഡികള്‍ നടത്തുന്ന ആസൂത്രിതമായ പ്രചാരണത്തിെൻറ വ്യാപ്തി ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിെൻറ പ്രചാരണം പരിശോധിച്ചാല്‍ മനസ്സിലാക്കാനാകും. കാല്‍ ലക്ഷത്തോളം സൈബര്‍ ഭടന്മാരാണ് അവിടെ പ്രധാന പാര്‍ട്ടിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നത്. അവര്‍ ആസൂത്രിതമായി പോസ്റ്റുകള്‍ തയാറാക്കി പ്രചരിപ്പിക്കുന്നു. 45,000 വാട്‌സ് അപ് ഗ്രൂപ്പുകൾ അവിടെ ഒരു പാര്‍ട്ടിക്ക് മാത്രമായുണ്ട്. പാർട്ടികളുടെ മീഡിയ സെൻററില്നിന്നു പോസ്റ്റ് തയാറാക്കി സൈബർ പോരാളികൾക്ക് അയച്ചു കൊടുക്കുന്നു. അവരത് ഒരേ ദിവസം വിവിധ ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്നു. അതിലെ ഉള്ളടക്കം എന്തെന്നല്ല. ഒരേ ദിവസം ലക്ഷക്കണക്കിന് ആളുകളിലേക്ക് ഒരേ സന്ദേശം വിവിധ കേന്ദ്രങ്ങളില്‍നിന്ന് ഒരേ സമയം എത്തുന്നു. ആളുകള്‍ അത് വിശ്വസിക്കുകയും അത് പ്രയോഗത്തിൽ വരുത്തുകയും ചെയ്യുന്നു. ഇൗ വിധം വാർത്തകളുടെ കൃത്യമായ തമസ്കരണവും സോഷ്യൽ മീഡിയയിൽ കാണാനാവുന്നു. സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന ജസ്റ്റിസ് ബ്രിജ് ഗോപാല്‍ ഹർകിഷന്‍ ലോയയുടെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് ഗൗരവമായ ഒരു ചർച്ചയുമുണ്ടായില്ല എന്നത് സമൂഹ മാധ്യമങ്ങളിലും അജണ്ടകൾ അരങ്ങുവാഴുന്നു എന്ന വാദത്തിന് ശക്തിപകരുന്നതാണ്.
നിർഭാഗ്യകരമായ മറ്റൊരു കാര്യം അനാവശ്യ തര്‍ക്കത്തില്‍ അഭിരമിക്കുന്നവരാണ് സോഷ്യല്‍ മീഡിയയില്‍ അധികം പേരും എന്നതാണ്. അതാകട്ടെ, ക്രിയാത്മകമായ ഒന്നും സംഭാവനചെയ്യാത്ത പാഴ്വാദങ്ങളും. അത് മതത്തിെൻറ പേരിലുണ്ട്. രാഷ്ട്രീയത്തിെൻറ, ഇതര സംഭവങ്ങളുടെ ഒക്കെ പേരിലുണ്ട്. ഇത് വ്യക്തികൾ തന്നിഷ്ടപ്രകാരം മാത്രം ഏർപ്പെടുന്ന തർക്കങ്ങളോ സംവാദങ്ങളോ അല്ല. ചില കേന്ദ്രങ്ങളുടെ സൃഗാല സൃഷ്ടികളെ ഏറ്റെടുക്കുകയാണവർ. അതിനായി മനഃശാസ്ത്രപരമായ ചില യുക്തികളും പ്രയോഗങ്ങളും അത്തരം കേന്ദ്രങ്ങൾ പരീക്ഷിക്കുന്നുമുണ്ടാകാം.
അപ്പോള്‍ ജനോപകാരപ്രദമായ ഒരു കാമ്പയിന് തുടക്കം കുറിച്ചാലോ? ഇതേ ആവേശത്തോടെ ജനങ്ങള്‍ അതും ഏറ്റെടുക്കുമെന്ന് തീർച്ച. അത് ചെയ്യുന്നത് സമൂഹത്തില്‍ കൂടുതല്‍ വിശ്വാസ്യതയുള്ള മാധ്യമസ്ഥാപനങ്ങളോ നേതൃസ്ഥാനത്തിരിക്കുന്ന വ്യക്തികളോ ആണെങ്കില്‍ വലിയ തോതിലുള്ള പ്രതികരണം അതിനു ലഭിക്കും. കാരണം അടിസ്ഥാനപരമായി ജനങ്ങളത്രയും ഭേദചിന്തയില്ലാതെ നന്മയെ ഇഷ്ടപ്പെടുന്നവരാണ്. കുറച്ചു മുമ്പ് കുവൈത്തില്‍ ജയിലില്‍ കഴിഞ്ഞിരുന്ന അർജുനെൻറ വിഷയത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഇടപെട്ട രീതി ഇത്തരം കൂടുതല്‍ മാതൃകകള്‍ക്ക് പ്രചോദനമാണ്. മനുഷ്യ ജീവെൻറ പ്രാധാന്യം ഉള്‍ക്കൊണ്ട് മനുഷ്യസ്‌നേഹികളുടെ ഒരു സംഘം ചേരല്‍ അർജുനനു വേണ്ടിയുണ്ടായി. കുറഞ്ഞ സമയത്തിനുള്ളില്‍ ആവശ്യമായ തുക അർജുനെൻറ ഭാര്യ മാലതിക്ക് സ്വരൂപിച്ചു നൽകാനായി. വിവാദങ്ങളില്‍ നിരന്തരം അഭിപ്രായം പറഞ്ഞ് മനസ്സിനെ സംഘര്‍ഷഭരിതമാക്കിയവര്‍ക്ക് മീഡിയ തുറന്നപ്പോള്‍ ആ വാര്‍ത്ത അൽപമെങ്കിലും ആശ്വാസം പകർന്നുവെന്നത് സന്തോഷദായകമാണ്.
നന്മക്ക് വേണ്ടി പ്രാര്‍ഥിച്ചുകൊണ്ട് സദുദ്യമങ്ങൾക്കൊപ്പം മാധ്യമങ്ങൾ നിലകൊള്ളണം. അത് കാലത്തിെൻറ ആവശ്യമാണ്. സെന്‍സേഷനല്‍ ആവുക എന്നതിനപ്പുറം സമൂഹത്തിെൻറ അടിത്തട്ടിൽ കിടക്കുന്നവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനാകണം താൽപര്യം. മാലതിമാരുടെ കണ്ണുനീരല്ല മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യേണ്ടത്. അത് പരിഹരിക്കാനുള്ള മാർഗം കൂടിയാണ്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിെൻറ ലക്ഷ്യം മാലതിയുടെ കണ്ണീരിന് അറുതിവരുത്തുക ലക്ഷ്യമായതുകൊണ്ടാണ് അത് പൂര്‍ത്തീകരിക്കാനായത്. അക്കാര്യത്തില്‍ ആത്മാര്‍ഥമായി കൂടെനിന്ന മാധ്യമങ്ങൾ അഭിനന്ദനം അര്‍ഹിക്കുന്നു. മാധ്യമങ്ങളും സാമൂഹിക നേതൃത്വവും വിഭവശേഷിയുള്ളവരും ചേർന്ന െഎകമത്യം ഇങ്ങനെയുള്ള പ്രവർത്തനങ്ങൾക്കു വേണ്ടി രൂപപ്പെടുത്തുന്നുവെങ്കിൽ അത് അർഹിക്കുന്നവരിലേക്ക് നീതിയെത്താൻ കാരണമാകുമെന്ന് അനുഭവത്തിെൻറ വെളിച്ചത്തിൽ പറയാൻ കഴിയും. വേദനിക്കുന്നവെൻറ നോവ് ആഘോഷിക്കാനല്ല, അതിന് പരിഹാരം കാണാനാണ് ശ്രമിക്കേണ്ടത്. യുവാക്കള്‍ക്കിടയില്‍ വെറുപ്പും ശത്രുതയും കുത്തിവെക്കാനല്ല, സൗഹാർദവും സഹവര്‍ത്തിത്വവും ഉറപ്പുവരുത്താനാണ് പ്രയത്നിക്കേണ്ടത്. വെല്ലുവിളിക്കാനല്ല, സഹിഷ്ണുത വളര്‍ത്താനാണ് മാധ്യമങ്ങളെ ഉപയോഗിക്കേണ്ടത്. ചെറുതെങ്കിലും നമ്മുടേതായി നല്ലത് അടയാളപ്പെടുത്തുക. പിറകേ വരുന്നവർക്ക് അതില്‍നിന്നും പ്രചോദനം ഉൾക്കൊള്ളാൻ കഴിയട്ടെ. നമുക്ക് മുന്നിലുള്ളവര്‍ക്ക് തിരിഞ്ഞു നോക്കുമ്പോള്‍ പ്രതീക്ഷകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.