മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ ശേഷം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നടത്തിയ ആദ്യ സംസ്ഥാന പര്യടനമാണ് മുസ്ലിംലീഗിന്റെ സൗഹൃദ സംഗമങ്ങൾ. ജൂൺ രണ്ടിന് കാസർകോട്ടുനിന്നു തുടങ്ങി 23ന് കോഴിക്കോട്ട് അവസാനിച്ച ജില്ല സൗഹൃദസംഗമ യാത്ര പകർന്ന പ്രത്യാശ അദ്ദേഹം പങ്കുവെക്കുന്നു
കാലം ആവശ്യപ്പെട്ട യാത്രയായിരുന്നു ഇത്
സാമൂഹിക യാഥാർഥ്യങ്ങളെ ഉൾക്കൊള്ളുന്ന രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ രാജ്യത്തെ ഇതര സമൂഹങ്ങളുടെ പിന്തുണ ആർജിച്ചു കൊണ്ടുമാത്രമേ ന്യൂനപക്ഷ, പിന്നാക്ക, ദലിത് സമൂഹങ്ങൾക്ക് വിദ്യാഭ്യാസ-സാമൂഹിക മുന്നേറ്റം സാധ്യമാകൂവെന്നാണ് മുസ്ലിംലീഗ് വിശ്വസിക്കുന്നത്. പല രാജ്യങ്ങളിലും ന്യൂനപക്ഷങ്ങൾ ഭരണകൂടങ്ങളുമായി ഏറ്റുമുട്ടുന്ന അവസ്ഥയുണ്ട്. അത്തരം സമീപനത്തിലൂടെ ഒരു രാജ്യത്തും ന്യൂനപക്ഷം രക്ഷപ്പെട്ടിട്ടില്ല.
ഇന്ത്യയിൽ ഈ യാഥാർഥ്യം മുൻകൂട്ടി കാണാൻ ഖാഇദെ മില്ലത്ത് ഇസ്മാഈൽ സാഹിബടക്കമുള്ള മുസ്ലിംലീഗിന്റെ സ്ഥാപക നേതാക്കൾക്ക് കഴിഞ്ഞു. അതുകൊണ്ടാണ് ബഹുസ്വര സമൂഹത്തിന് അനുസൃതമായ ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തിന് അദ്ദേഹം മുന്നോട്ടുവന്നത്.
കേരളീയ സമൂഹം എക്കാലത്തും മതസൗഹാർദത്തിൽ മുൻപന്തിയിലാണ്. സമീപകാലത്തായി ഇതിന് അപവാദമായി ചില്ലറ വിവാദങ്ങൾ ഉയർന്നുവന്നു. ഈ രീതിയിൽ സമൂഹം മുന്നോട്ടുപോകുന്നത് ശരിയല്ലെന്നും വിവിധ സമൂഹങ്ങൾക്കിടയിൽ അകൽച്ചയുണ്ടാകരുതെന്നും ലീഗ് ആഗ്രഹിച്ചു. ഇതിനെ മറികടക്കാൻ എന്തുചെയ്യാമെന്ന ചിന്തയിൽ നിന്നാണ് സൗഹൃദസംഗമം എന്ന ആശയം രൂപപ്പെട്ടത്.
കാസർകോട്, തിന്മയെ ചെറുത്ത നാട്
യാത്ര കാസർകോട്ടുനിന്നാണ് തുടങ്ങിയത്. സപ്ത ഭാഷ സംഗമ ഭൂമിയെന്നാണ് പറയുന്നതെങ്കിലും ഞങ്ങൾ കാസർകോടിനെ കേരളത്തെ എപ്പോഴും സംഘ്പരിവാർ രാഷ്ട്രീയത്തിൽനിന്ന് രക്ഷിച്ച സ്ഥലമായാണ് കാണുന്നത്. അതിർത്തി ജില്ല എന്ന നിലയിൽ മാത്രമല്ല, വടക്കുനിന്നുള്ള തിന്മകളെയും ചെറുത്ത ജില്ല കൂടിയാണിത്. അങ്ങനെയൊരു പരിഗണന കൊണ്ടാണ് കാസർകോട് തുടങ്ങിയത്. അതൊരു മികച്ച തുടക്കമായിരുന്നു.
സൗഹൃദസംഗമത്തിൽ പങ്കെടുത്ത ചിന്മയ മിഷൻ കേരള തലവൻ പറഞ്ഞത്, കേരളത്തിൽ അസ്വാരസ്യമുണ്ടാകുമ്പോഴെല്ലാം പാണക്കാട് നിന്നുള്ള ഒരു ശബ്ദത്തിനായി എല്ലാവരും കാതോർത്തിരിക്കുമെന്നാണ്. ആ ശബ്ദമെത്തുന്നതോടെ എല്ലാം ശാന്തമാകും. ഈ യാത്രയും അത്തരത്തിലുള്ള ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
വിഭാഗീയതകൾ മറന്ന് എല്ലാവരുമെത്തി
പരസ്പരം പോരടിക്കുന്ന പല വിഭാഗങ്ങളും ഞങ്ങൾ വിളിച്ച സൗഹൃദ സംഗമത്തിനെത്തിയെന്നത് അതിയായ സന്തോഷം നൽകി. മധ്യ കേരളത്തിൽനിന്നുള്ള തലമുതിർന്ന രാഷ്ട്രീയ നേതാക്കളിലൊരാൾ പറഞ്ഞത്, സമവായ ചർച്ചകൾക്കായി ഞങ്ങൾ വിളിച്ചാൽ പലപ്പോഴും വരാത്തവരാണ് ഇവിടെ എത്തിയതെന്നാണ്. ഇത് ആശ്ചര്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
കൂടിയിരിക്കുക എന്നത് പ്രധാനമാണ്. അതിന്റെ തുടക്കം മാത്രമാണിത്. ഇതുവഴി ആശയവിനിമയം നടക്കേണ്ടതുണ്ട്. എല്ലാ ജില്ലകളിലും മികച്ച പ്രതികരണമാണുണ്ടായത്. ലീഗിന്റെ നേതൃത്വത്തിൽ ഇത്തരം സംഗമങ്ങൾ മുന്നോട്ടുകൊണ്ടുപോകണമെന്നും ഉപരിപ്ലവമായ ഒന്നോ രണ്ടോ സംഗമങ്ങൾ കൊണ്ട് അവസാനിപ്പിക്കരുതെന്നും എല്ലാവരും ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യസമരത്തിന് ഊർജം പകർന്നത് മതമൈത്രി
ഇന്ത്യ മതങ്ങളുടെ രാജ്യമാണ്. സഹവർത്തിത്വമാണ് അതിന്റെ അടിസ്ഥാനം. സ്വാതന്ത്ര്യസമരത്തിന് ഊർജം പകർന്നതും ഇതേ മതമൈത്രിയാണ്. ബ്രിട്ടീഷുകാർ ഭിന്നത പടർത്താൻ ശ്രമിച്ചെങ്കിലും ദേശീയധാരയിൽ എല്ലാവരും ഒരുമിച്ചുനിന്നു. ഐക്യംകൊണ്ടാണ് അവരെ നാം തുരത്തിയത്.
വർത്തമാനകാലത്ത് അതിന് വിഘ്നം വരുത്തുന്ന രീതിയിൽ സമുദായങ്ങളെ തമ്മിലകറ്റുക എന്ന തന്ത്രം പ്രയോഗിക്കപ്പെടുന്നുണ്ട്. ഇതിന് തടയിടാൻ മതങ്ങൾ മുന്നോട്ടുവെക്കുന്ന സ്നേഹം, കരുണ, സൗഹാർദം തുടങ്ങിയ മൂല്യങ്ങളെ ശക്തിപ്പെടുത്തണം. ഏറ്റുമുട്ടലിലേക്ക് രാജ്യത്തെ കൊണ്ടുപോകുന്നവർക്ക് നിക്ഷിപ്ത താൽപര്യമുണ്ട്. പക്ഷേ, ഇന്ത്യ നിലനിൽക്കണമെങ്കിൽ മതമൈത്രി ഊട്ടിയുറപ്പിക്കണം.
മലബാറിലെന്നപോലെ തിരുവിതാംകൂറിലും മുസ്ലിംലീഗിനെ അതിന്റെ പ്രവർത്തനങ്ങളിലൂടെ അടുത്തറിയുന്നവരാണ് പൊതുസമൂഹം. ലീഗ് ഭരണത്തിലിരുന്ന കാലയളവിലെ പ്രവർത്തനങ്ങളും ഇതിന് കാരണമാണ്. അതിനാലാണ് എല്ലായിടത്തും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ വലിയതോതിലുള്ള പങ്കാളിത്തമുണ്ടായത്. വലിയ പ്രചാരണം നൽകാതിരുന്നിട്ടും പ്രവർത്തകസംഗമങ്ങൾക്കും വലിയ ജനാവലിയാണ് എത്തിച്ചേർന്നത്.
രാഷ്ട്രീയം പറയുന്ന തങ്ങൾ
എന്റെ കഴിവുകൊണ്ട് മാത്രമായി പ്രസിഡന്റ് പദവിയിലെത്തിയ ആളല്ല ഞാൻ. താവഴിയിലൂടെ വന്നതാണ്. നേരത്തേ യൂത്ത്ലീഗിന്റെയും എസ്.കെ.എസ്.എസ്.എഫിന്റെയും മലപ്പുറം ജില്ല ലീഗിന്റെയും ഭാരവാഹിത്വത്തിൽ ഉണ്ടായിരുന്നതിനാൽ അണികളിലും നേതൃത്വത്തിലുമുള്ള എല്ലാവരെയും പരിചയമുണ്ട്. അവർക്ക് എന്നോടുള്ള സ്നേഹം ഈ യാത്രയുടെ വിജയത്തിൽ ഒരു ഘടകമാണ്. അവരെല്ലാം അർപ്പിക്കുന്ന പ്രതീക്ഷ എന്റെ ഉത്തരവാദിത്തബോധം കൂട്ടുന്നു. എന്റെ മുൻഗാമികളും രാഷ്ട്രീയം പറഞ്ഞവരാണ്. അവർ പതിയെ പറഞ്ഞത് ഞാൻ ചിലപ്പോൾ ഉറക്കെ പറഞ്ഞു. അതിനാലാകാം രാഷ്ട്രീയ നിലപാടുകൾ പറയുന്ന തങ്ങൾ എന്ന ഇമേജ് സമൂഹമാധ്യമത്തിൽ സൃഷ്ടിക്കപ്പെടാൻ കാരണം.
വർഗീയത പടർത്തുന്നവർ എല്ലാ വിഭാഗത്തിലുമുണ്ട്
സോഷ്യൽ മീഡിയയിൽ കാണുന്ന വർഗീയ പ്രചാരണങ്ങൾ പോലെയായിരിക്കും ജനങ്ങൾക്കിടയിലുമെന്ന ആശങ്ക യാത്ര തുടങ്ങുമ്പോൾ ഞങ്ങൾക്കുമുണ്ടായിരുന്നു. എന്നാൽ, യാത്ര ആ ആശങ്ക അസ്ഥാനത്താണെന്നു തെളിയിച്ചു. എല്ലാ വിഭാഗങ്ങൾക്കിടയിലും വർഗീയത പടർത്തുന്ന ചെറിയൊരു വിഭാഗമുണ്ട്. അവരാണ് സോഷ്യൽ മീഡിയ വഴി വിദ്വേഷം പ്രചരിപ്പിക്കുന്നത്. അത്തരക്കാരെ അതത് മത വിഭാഗങ്ങൾ പിന്തുണക്കരുത്. സംഗമത്തിനെത്തിയ ക്രൈസ്തവ, മുസ്ലിം, ഹിന്ദു നേതാക്കളെല്ലാം ഇതേ വികാരമാണ് പങ്കുവെച്ചത്. ഇത്തരം വിദ്വേഷ പ്രചാരണങ്ങളെ എല്ലാവരും ഒറ്റക്കെട്ടായി എതിർക്കണമെന്ന നിർദേശവും ഇവർ പങ്കുവെച്ചു.
സമുദായങ്ങൾക്കിടയിൽ കുഴപ്പങ്ങളുണ്ടാക്കുന്നത് വെറുമൊരു ന്യൂനപക്ഷമാണ്. ഭൂരിപക്ഷവും ഇതിനെതിരാണ്. പക്ഷേ, കുഴപ്പക്കാരായ ന്യൂനപക്ഷത്തിന്റെ ശബ്ദമാണ് എല്ലാവരും കേൾക്കുന്നത്. അത് കേട്ട് സമൂഹത്തിൽ മൊത്തം കുഴപ്പമാണെന്ന ധാരണ സൃഷ്ടിക്കപ്പെടുകയാണ്. നിശ്ശബ്ദരായ ഭൂരിപക്ഷത്തിന്റെ ശബ്ദം എല്ലാവരും കേൾക്കണം. അതിനാണ് ലീഗ് മുൻകൈയെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.