ആയുർദൈർഘ്യത്തിെൻറ ആനുകൂല്യത്തിൽ നീട്ടിക്കിട്ടിയ വാർധക്യം ജീവിച്ചുതീർക്കാൻ പ്രയാസപ്പെടുന്നവർക്ക് പറയാനുള്ളത് അവഗണനയുടെയും ഒറ്റപ്പെടലിെൻറയും പീഡനത്തിെൻറയും പട്ടിണിയുടെയും കഥകളാണ്. വീട്ടിൽനിന്ന് ആട്ടിപ്പുറത്താക്കപ്പെട്ടവർ, വൃദ്ധസദനങ്ങളിലും വഴിയോരത്തും ഉപേക്ഷിക്കപ്പെട്ടവർ, പുഴുവരിക്കുന്ന അനാഥശവങ്ങളായി ജീവിതം ഒടുങ്ങിയവർ... ചോരയും കണ്ണീരും വറ്റിയ വൃദ്ധമുഖങ്ങൾ ഏറെയുണ്ട്. 60 കടന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആരോഗ്യപ്രശ്നങ്ങളും താങ്ങാനാകാത്ത ചികിത്സാ ചെലവുമാണ്. കേരളത്തിൽ പൊതുവെ ആത്മഹത്യനിരക്ക് കുറയുേമ്പാഴും പ്രായമായവർക്കിടയിൽ കൂടുകയാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ശരീരത്തിെൻറയും മനസ്സിെൻറയും തളർച്ചകളെ അതിജീവിക്കാനാകാതെ ആത്മഹത്യയിൽ അഭയംതേടുന്നവരാണ് പലരും.
കേരളത്തിലെ വയോധികരിൽ 57 ശതമാനം പുരുഷന്മാരും 60 ശതമാനം സ്ത്രീകളും അനാരോഗ്യമുള്ളവരാണെന്നാണ് തിരുവനന്തപുരത്തെ സെൻറർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ് (സി.ഡി.എസ്) നടത്തിയ പഠനത്തിലെ കണ്ടെത്തൽ. 4.6 ശതമാനം പേർ മറവിരോഗത്തിന് അടിപ്പെട്ടിരിക്കുന്നു. നഗരപ്രദേശങ്ങളിൽ സ്ഥിതി കുറച്ചുകൂടി ഭേദമാണ്. പണമില്ലാത്തതുമൂലം 25.6 ശതമാനം പേർ ചികിത്സ തേടുന്നില്ലെന്നും കണ്ടെത്തി.
മരുന്നുകളുടെ ഉയർന്ന വിലയും ചികിത്സക്ക് മക്കളുടെ സഹായം തേടേണ്ടിവരുന്നതുമാണ് പലരെയും പിന്തിരിപ്പിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. എസ്. ഇരുദയരാജൻ പറയുന്നു. ആരോഗ്യം ക്ഷയിച്ച മാതാപിതാക്കളും അവരുടെ പരിചരണവും പലപ്പോഴും മക്കൾക്ക് ഭാരമാണ്. ആരും നോക്കാനില്ലാത്ത അവസ്ഥയും അരക്ഷിതബോധവും മനസ്സിനെയും ശരീരത്തെയും ഒന്നുപോലെ തളർത്തുന്നു. പ്രായമായവരുടെ സംരക്ഷണം ലാഭകരമായ കച്ചവടമായും വളർന്നിട്ടുണ്ട്. ഇത്തരം സേവനത്തിന് ഉയർന്ന തുകയാണ് പലരും ഇൗടാക്കുന്നത്. മക്കൾ അടുത്തില്ലാത്തതിനാൽ വീട്ടുജോലിക്കാരുടെയോ അപരിചിതരുടെയോ പരിചരണത്തിൽ കഴിയേണ്ടിവരുന്നവരുടെ എണ്ണവും കൂടുകയാണ്.
ഏകാന്തതയുടെ സങ്കടങ്ങൾ
ഏകാന്തതയാണ് വാർധക്യത്തെ ഏറ്റവും വേദനാപൂർണമാക്കുന്നത്. ചുളിവുവീണ കൈത്തലങ്ങൾ എടുത്തൊന്നു തലോടാൻ, അടുത്തിരുന്ന് രണ്ടു നല്ല വാക്ക് പറയാൻ, തെൻറ കൊച്ചുകൊച്ചു വർത്തമാനങ്ങൾ പുഞ്ചിരിയോടെ കേൾക്കാൻ, കൈപിടിച്ചൊന്ന് പുറത്തേക്ക് നടത്താൻ ആരുമില്ലാത്തതാണ് അവരുടെ വലിയ സങ്കടം. വയോജനങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഹെൽപ് ഏജ് ഇന്ത്യയുടെ ഹെൽപ്ലൈനിലേക്ക് പ്രതിമാസം 75ഒാളം കാളുകളെത്തുന്നുണ്ട്. മറ്റൊരാളോട് അൽപസമയം മനസ്സ് തുറക്കാനുള്ള കൊതികൊണ്ട് മാത്രം വിളിക്കുന്നവരും ഇക്കൂട്ടത്തിലുണ്ടെന്ന് ഹെൽപ് ഏജ് ഇന്ത്യ ഡയറക്ടർ ബിജു മാത്യു. ‘‘വിരമിച്ചാൽ തനിക്ക് പ്രായമായെന്നും ഇനിയൊന്നും ചെയ്യാനില്ലെന്നും സ്വയം വിധിയെഴുതി വീട്ടിനുള്ളിൽ ഒതുങ്ങാൻ ശ്രമിക്കുന്നവരാണ് പലരും. ഇത് വാർധക്യജീവിതത്തെ വിരസമാക്കുന്നു. രോഗങ്ങളുടെ കടന്നുവരവ് എളുപ്പമാക്കുന്നു’’- -ബിജു പറയുന്നു. വാർധക്യത്തെ അതിെൻറ അടിസ്ഥാനപരമായ സ്വഭാവസവിശേഷതകളോടെ സ്വീകരിക്കാനുള്ള തയാറെടുപ്പ് മലയാളി നടത്താറില്ല. പ്രായമായവരുടെ ശീലങ്ങളെ അംഗീകരിക്കാനും സ്നേഹവും കരുതലും തേടുന്ന അവരുടെ മനസ്സ് തിരിച്ചറിയാനുമുള്ള പക്വത പുതുതലമുറക്കുമില്ല. ഇതോടെ, വീടിെൻറ ചുമരുകൾക്കുള്ളിൽ ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് നടുവിൽ പലരുടെയും വാർധക്യം ദുരിതപൂർണമാകുന്നു. പ്രായമായവർക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2015ൽ 551ഉം 2016ൽ 571ഉം കേസ് രജിസ്റ്റർ ചെയ്തതായാണ് കണക്ക്. പുറത്തുവരാത്തവ ഇതിലുമേറും.
ആ ആത്മഹത്യക്കു പിന്നിൽ
വയനാട് ജില്ലയിൽ കുടിയേറ്റ കർഷകനായ 70കാരെൻറ ആത്മഹത്യയുടെ കാരണം അന്വേഷിച്ചിറങ്ങിയ പൊലീസ് കേട്ടത് മനസ്സാക്ഷിയെ നടുക്കുന്നൊരു കഥയാണ്. അതിങ്ങനെ: നല്ല നിലയിൽ കഴിയുന്ന അഞ്ചു മക്കളിൽ ഇളയവനോടൊപ്പമാണ് പിതാവ് താമസം. ഹൃദയസംബന്ധമായ രോഗത്തിന് ഡോക്ടർമാർ ഇദ്ദേഹത്തിന് ശസ്ത്രക്രിയ നിർദേശിച്ചു. സ്വത്തെല്ലാം നേരേത്തതന്നെ മക്കൾക്ക് വീതിച്ചുനൽകിയിരുന്നു. പിതാവ് ഇളയ മകനോട് കാര്യം പറഞ്ഞു. എന്നാൽ, ശസ്ത്രക്രിയയുടെ ചെലവ് സഹോദരങ്ങൾ കൂടി വഹിക്കണമെന്നായി അയാൾ. കൂടുതൽ സ്വത്ത് കിട്ടിയ ഇളയവൻ ചെലവ് വഹിക്കെട്ട എന്നു മറ്റു മക്കൾ. മക്കളെക്കൊണ്ട് കാര്യം നടക്കില്ലെന്ന് ഉറപ്പിച്ച പിതാവ് വീട്ടുമുറ്റത്ത് താൻ നട്ടുവളർത്തിയ പ്ലാവ് വെട്ടിവിൽക്കാൻ തീരുമാനിച്ചു. എന്നാൽ, സഹോദരങ്ങൾ കൂടി പണം മുടക്കേണ്ട പിതാവിെൻറ ശസ്ത്രക്രിയക്ക് തനിക്ക് മാത്രം അവകാശപ്പെട്ട പ്ലാവ് വെട്ടുന്നതിനെ ഇളയ മകൻ ശക്തമായി എതിർത്തു. നിസ്സഹായതക്കും സങ്കടങ്ങൾക്കും മുന്നിൽ തകർന്നുപോയ ആ മനുഷ്യൻ അന്ന് രാത്രി അതേ പ്ലാവിെൻറ കൊമ്പിൽ ജീവനൊടുക്കി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.