തിരുവനന്തപുരം: തിങ്ങിനിറഞ്ഞ കാറിൽ കുനിഞ്ഞും ചരിഞ്ഞും കൂനിപ്പിടിച്ചുമുള്ള പതിവ് പുതുപ്പള്ളിയാത്രകളിൽനിന്ന് വ്യത്യസ്തമായിരുന്നു ഇന്നലെ. ആർത്തിരമ്പിയെത്തിയ ആൾക്കൂട്ടത്തിന് നടുവിൽ ഉമ്മൻ ചാണ്ടി നീണ്ടുനിവർന്ന് കിടന്നു. തിരക്കിട്ട ‘കോട്ടയമോട്ട’ത്തിൽ ഫോൺകാളും ഫയലും കത്തുവായനയുമായി നൂറുകൂട്ടം കാര്യങ്ങളായിരുന്നുവെങ്കിൽ ഇക്കുറി പാതിര പിന്നിടുമ്പോഴുള്ള പതിവുറക്കം പോലെ ശാന്തം, നിശ്ചലം. ഉള്ളുലഞ്ഞും ആർത്തലച്ചും അടരുവാൻ മടിച്ചും ആൾക്കൂട്ടം ചുറ്റുമുണ്ടെങ്കിലും ആരുടെയും പരാതിയും വേദനയും കേൾക്കാതെ നിശ്ശബ്ദനായി... കർമഭൂമിയായ തലസ്ഥാനത്തുനിന്ന് ജന്മഭൂമിയായ പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്രയിൽ ഉമ്മൻ ചാണ്ടിക്ക് യാത്രാമൊഴിയേകാനും അവസാനമായി കാണാനും ആദരവിന്റെ പൂക്കളുമായി ഒഴുകിയെത്തിയത് ആയിരങ്ങൾ.
നിയന്ത്രിക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നു ജനസാഗരം. വഴിയൊരുക്കാനും മാറിനിൽക്കാനും ആര് ആരോട് പറയും, എല്ലാവരും കുഞ്ഞൂഞ്ഞിന് ഒരു പോലെ പ്രിയപ്പെട്ടവർ. ‘‘ഉമ്മൻ ചാണ്ടി നേതാവേ..’’ പ്രായം മറന്നും പൊട്ടിക്കരഞ്ഞും തൊണ്ടപൊട്ടി വിളിച്ചവർ നിരവധി. കാരണം ന്യായം. ‘ഇനി ഒരിക്കലും ഇങ്ങനെ വിളിക്കാനാവില്ലല്ലോ...’
നിയമസഭയിലേക്കും സെക്രേട്ടറിയറ്റിലേക്കുമടക്കം പലവട്ടം തിരക്കിട്ട് തിരിച്ചിരുന്ന ജഗതിയിലെ പുതുപ്പള്ളി ഹൗസിൽനിന്ന് രാവിലെ ഏഴോടെ അദ്ദേഹം അവസാനമായി പുതുപ്പള്ളിയിലേക്കിറങ്ങി. കെ.എസ്.ആർ.ടി.സിയുടെ പ്രത്യേകം തയാറാക്കിയ ബസിൽ കുടുംബാംഗങ്ങളും കോൺഗ്രസ് നേതാക്കളുമടക്കം പതിവ് തെറ്റാതെ വലിയ കൂട്ടത്തിന്റെ അകമ്പടിയിലായിരുന്നു യാത്ര. മന്ത്രി റോഷി അഗസ്റ്റിൽ റോഡിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. നിയമസഭ മന്ദിരത്തിന് മുന്നിൽ വാഹനം അൽപമൊന്ന് നിന്നു. 53 വർഷത്തെ ‘ഇടപെടലുകൾക്കും നടപടി’കൾക്കും പൂർണവിരാമമിട്ട് ഉമ്മൻ ചാണ്ടിക്ക് നിയമസഭയുടെയും യാത്രാമൊഴി.
സമീപകാല വിലാപയാത്രകളിൽ ഇതുവരെ കാണാത്ത വിധം അഭൂതപൂർവമായ ആൾക്കൂട്ടമായിരുന്നു പിന്നീടുള്ള ഓരോ പോയന്റിലും. കുടുംബത്തിന്റെ താൽപര്യത്തിന് വഴങ്ങി സർക്കാർ ഔദ്യോഗിക ബഹുമതി ഒഴിവാക്കിയെങ്കിലും നോട്ടീസും പോസ്റ്ററും ആഹ്വാനങ്ങളുമില്ലാതെ പേമാരിയായി പെയ്തിറങ്ങിയ ആയിരങ്ങൾ അക്ഷരാർഥത്തിൽ ഉമ്മൻ ചാണ്ടിക്കുള്ള ജനകീയ ബഹുമതിയായി. ഉമ്മൻ ചാണ്ടിയുടെ ചിത്രങ്ങളും കൈയിലേന്തി വഴിയരികിൽ നിറമിഴിയോടെ കാത്തുനിന്നവരെ വകഞ്ഞുമാറ്റി അവരുടെ ഹൃദയങ്ങളിലൂടെ വാഹനം ഇഴഞ്ഞുനീങ്ങി.
തടിച്ചുകൂടിയവരിൽ എല്ലാ രാഷ്ട്രീയക്കാരുമുണ്ടായിരുന്നു. വെഞ്ഞാറമൂട് ജങ്ഷന് സമീപം മണിക്കൂറുകൾ കാത്തുന്ന പ്രായമായ സ്ത്രീ ‘‘എന്തായാലും ഇനി സഖാവിനെ ഒന്ന് കണ്ടിട്ടേ പോകുന്നുള്ളൂ’’ എന്ന് പ്രതികരിച്ചത് രാഷ്ട്രീയാതീതമായ സ്നേഹവായ്പിനെ അടിവരയിടുന്നു. വെഞ്ഞാറമൂടിന് സമീപം കീഴായിക്കോണത്ത് ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലിയർപ്പിച്ച് ഡി.വൈ.എഫ്.ഐ യൂനിറ്റ് കമ്മിറ്റിയുടെ ഫ്ലക്സ് ബോർഡ്. തലസ്ഥാനജില്ല പിന്നിട്ട് കൊല്ലത്തേക്ക് കടക്കാൻ ഒമ്പത് മണിക്കൂറാണെടുത്തത്.
ആൾക്കൂട്ടത്തെ അനാഥമാക്കിയുള്ള അവസാന യാത്ര കൊട്ടാരക്കരയും അടൂരും പന്തളവുമെല്ലാം പിന്നിട്ട് പുതുപ്പള്ളിയിലെത്തുമ്പോൾ നിത്യജീവിതത്തിലെ പതിവുപോലെ പാതിരാത്രി പിന്നിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.