പരസ്പരാശ്രിതരായി ജീവിക്കുന്നവരാണ് നമ്മളെന്ന ബോധ്യം കുരുന്നിലേ മക്കളിൽ വളർത്തിയെടുക്കാൻ ശ്രമം വേണം. അതുൾക്കൊണ്ട് ജീവിക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാൻ, അയൽപക്ക ബന്ധം, സൗഹൃദ കൂട്ടായ്മകൾ, പാലിയേറ്റിവ് പ്രവർത്തനങ്ങളിലെ പങ്കാളിത്തം മുതലായ സാധ്യതകൾ ഇതിനായി ഉപയോഗപ്പെടുത്താം. സർക്കാർ, സന്നദ്ധ സംഘടനകൾക്കു പുറമെ മനുഷ്യരെന്ന നിലക്ക് സഹജീവികൾക്ക് മാനസിക സംഘർഷങ്ങൾക്ക് കാരണമാവാതെ, അവർക്ക് കരുത്തും കരുതലുമായി മാറാനുള്ള പരിശീലനം എല്ലാവരും നേടേണ്ടിയിരിക്കുന്നു
എത്ര പറഞ്ഞിട്ടും വാതിൽ തുറക്കാൻ കൂട്ടാക്കാതെ അവർ വീട്ടിനകത്ത് ഇരിപ്പായിട്ട് രണ്ടു ദിവസമായി. അയൽവാസികളും നാട്ടുകാരിൽ ചിലരും അവരെ ഏതെങ്കിലും മാനസികാരോഗ്യ കേന്ദ്രത്തിലെത്തിക്കാൻ ആലോചിക്കുന്നുവെന്നറിഞ്ഞപ്പോഴാണ് ഒന്നുപോയി നോക്കാൻ തീരുമാനിച്ചത്.
പതുക്കെ പലവട്ടം വിളിച്ചു നോക്കിയിട്ടും പ്രതികരിക്കാഞ്ഞ അവർ എപ്പോഴോ ചോദിച്ചു: ‘‘എന്തിനാ വന്നത്’’? ‘‘അമ്മായിയെ ഒന്ന് കാണാൻ തോന്നി. കുറേ ആയില്ലേ കണ്ടിട്ട്’’?-കൂട്ടത്തിലൊരാൾ പറഞ്ഞു. ‘‘കുഞ്ഞാ... മോൻ ഇവിടെ ഉണ്ടായിരുന്നു അല്ലേ?. എനിക്കും ഒന്ന് കാണണം എന്നുണ്ടായിരുന്നു’’.
‘‘എന്നാ അമ്മായി വാതിൽ തുറന്നു താ’’.
അകത്ത് വാതിലിന്റെ കുറ്റി വലിക്കുന്ന ശബ്ദം. വാതിൽ തുറന്നതും കൂട്ടുകാരൻ നീട്ടി വിളിച്ചു: ‘‘അമ്മായീ...’’
‘‘മോൻ വാ ഇരിക്ക്’’-അവർ പറഞ്ഞു. ഉള്ളുലക്കുന്നതായിരുന്നു അകത്തെ കാഴ്ച. പഴകിയ ചോറ്, അൽപം എന്തോ കറി, കുറച്ച് പൂച്ചക്കുട്ടികൾ, അതിനെല്ലാമിടയിൽ മുഷിഞ്ഞ വേഷത്തിൽ അവർ.
ഞങ്ങൾ വീടും പരിസരവും തൂത്തുവാരി. അവരെ കുളിപ്പിച്ച് വസ്ത്രം മാറ്റി, നഖം വെട്ടി, മുടിയൊക്കെ ഒതുക്കി, അൽപം ഭക്ഷണം കഴിപ്പിച്ച് അവർക്കരികെ നിന്നു. അൽപം ശാന്തമായതോടെ യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം പറഞ്ഞു: ‘‘മക്കൾ പോയ്ക്കോളിൻ, മോന്തിയായി. സൂക്ഷിക്കണം ട്ടാ...’’ ഒന്നുറപ്പായിരുന്നു. ഒന്ന് തൊടാൻ, കരുതലാവാൻ സാധിക്കുന്നിടത്ത് ഏത് പ്രതിസന്ധിയും അലിഞ്ഞില്ലാതാകുന്നു. ചുറ്റുമുള്ള ആരിലും വിശ്വാസമില്ലാത്തവരായി അവർ മാറിയെങ്കിൽ എന്തായിരിക്കും കാരണം?
(2) കൊള്ളാവുന്നതിലും അധികം മനുഷ്യർ തിക്കിത്തിരക്കിയിരുന്ന ഒരു വാഹനം ഞങ്ങളുടെ ഓഫിസ് മുറ്റത്ത് വന്നുനിന്നു. നല്ല വേഷവിധാനത്തിൽ ഓരോരുത്തരായി വാഹനത്തിൽ നിന്ന് പുറത്തേക്കിറങ്ങി. ഇവർക്കിടയിൽനിന്ന് ഏതാണ്ട് 30 വയസ്സിന് മുകളിൽ തോന്നുന്ന മുഷിഞ്ഞ വസ്ത്രം ധരിച്ച ജടപിടിച്ച കരുവാളിച്ച മുഖമുള്ള ഒരു ചെറുപ്പക്കാരനും. കൂട്ടത്തിൽ ഒരാൾ മുഷിഞ്ഞ ചെറുപ്പക്കാരനെ ചൂണ്ടി ഇത്തിരി ഗൗരവത്തിൽ പറഞ്ഞു: ‘‘അയാളെ എവിടെങ്കിലും കൊണ്ടാക്കാൻ വേണ്ടത് ചെയ്തു തരണം, എം.എൽ.എ പറഞ്ഞിട്ട് വരുകയാണ്’’.
ആ ചെറുപ്പക്കാരനെ അകത്തേക്ക് വിളിച്ചപ്പോൾ ആദ്യമൊന്നു വിസമ്മതിച്ചു. പിന്നെ, മനമില്ലാമനസ്സോടെ, കാലുറക്കാത്ത കുഞ്ഞിനെ പോലെ കയറിവന്നു. ചുമരിനോട് ചാരിയുള്ള ബെഞ്ചിന്റെ ഒരറ്റത്ത് ഇരുന്നു. ഒരു വളന്റിയർ പതുക്കെ അയാളിരിക്കുന്ന ബെഞ്ചിന്റെ മറു തലക്കൽ പോയി ഇരുന്നു. അയാളുടെ കൈപ്പടത്തിൽ ഒരു കരുതലായി മറുതലക്കൽ ഇരുന്ന വളന്റിയർ കൈവെച്ചു. അവർ പരസ്പരം ആർദ്രമായി നോക്കി.
‘‘നമുക്കൊരു ചായ കുടിച്ചാലോ ’’-വളന്റിയറുടെ ചോദ്യം കേട്ടതും അയാൾ തലയാട്ടി. ചായ കുടിച്ച ശേഷം അയാൾ പേരും മറ്റു വിവരങ്ങളും പറഞ്ഞുതുടങ്ങി.
കൂടുതൽ വിവരങ്ങളറിയാൻ അയൽ ജില്ലയിലെ അയാളുടെ വീടുവരെയൊന്ന് പോയി. ചുറ്റും അയൽവാസികളുള്ള ആ വീട്ടിലെ മുതിർന്ന സ്ത്രീ കൈയിൽ ഒരു വെട്ടുകത്തിയുമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. മൂത്ത സഹോദരൻ നാടുവിട്ടു പോയിട്ട് വിവരങ്ങൾ ഒന്നുമില്ല. ഒരു സഹോദരി കാലങ്ങളായി പുറത്തിറങ്ങാതെ വീടിനകത്ത് തന്നെയായിരുന്നു. ഇടക്ക് ഒരു ദിവസം വല്ലാത്ത ദുർഗന്ധം പുറത്തുവന്നപ്പോഴാണ് അയൽവീട്ടുകാർ പോയി നോക്കിയത്-മരിച്ചു ദിവസങ്ങൾ കഴിഞ്ഞ സഹോദരിയുടെ ശരീരത്തിൽനിന്നായിരുന്നു അത്.
(3)
ഒരു വീട്ടിലേക്ക് കയറാൻ പറ്റുന്നില്ല എന്ന് പറഞ്ഞാണ് നഴ്സ് കവിത ഫോൺ ചെയ്തത്. ആ വീട്ടിലെ മാതാവ് തളർന്നു കിടപ്പാണ്. പ്രാഥമിക കാര്യങ്ങൾ പോലും കിടന്നിടത്ത്. മൂത്രത്തിന് ട്യൂബിടണം. വീട്ടിലേക്ക് കയറാൻ അനുവദിക്കാതെ മൂത്ത മകൻ വാതിൽ പൂട്ടിയിട്ടിരിക്കുന്നു. ഒരു വിധം അയാളെ അനുനയിപ്പിച്ച് അകത്തേക്കുകയറാൻ ശ്രമിച്ച കവിതക്ക് മൂക്കുപൊത്തി നിൽക്കേണ്ടി വന്നു. 35 വയസ്സുള്ള രണ്ടാമത്തെ മകൾ മലം വിസർജിച്ച് പരന്നുകിടക്കുന്ന കീറിപ്പിഞ്ഞിയ പായയിൽ കമിഴ്ന്നു കിടക്കുകയാണ്. അലറിവിളിക്കുന്ന ശബ്ദം കേട്ട് തൊട്ടടുത്ത മുറിയിൽ നോക്കിയപ്പോൾ വീൽചെയറിൽ ഇരുന്നുകരയുന്നു മൂന്നാമത്തെ മകൾ.
ഒരു വീട്ടിൽ കിടപ്പുരോഗിയായ ഒരു മാതാവും മാനസിക പ്രശ്നങ്ങളുള്ള മൂന്ന് മക്കളും. ചുറ്റും വീടുകളും മനുഷ്യരുമുണ്ട്. ആരും പുറത്തിറങ്ങി വരുന്നതുപോലുമില്ല.
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തുള്ള ‘ഇല’ എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ നടക്കുന്ന ചെറിയ ചുറ്റളവിലാണ് ഈ മൂന്ന് സംഭവങ്ങളും. കൂടുതൽ ശ്രദ്ധയോടെ സമീപിക്കേണ്ട ഇത്തരം മാനസിക പ്രയാസം അനുഭവിക്കുന്നവർക്ക് ആശ്വാസവും സമാധാനവും ലഭിക്കാൻ വേണ്ട സാക്ഷരത നാം കൈവരിക്കേണ്ടിയിരിക്കുന്നു. ലക്ഷ്യങ്ങളിലേക്ക് ഓടുന്ന നമ്മള് മനുഷ്യര്‍ക്കിടയില്‍ നൂലറ്റം വിട്ട പട്ടംപോലെ മനസ്സിന്റെ കടിഞ്ഞാണ്‍ പൊട്ടിയവര്‍ നിരവധിയുണ്ട്. ലോക ജനസംഖ്യയില്‍ 45 കോടിയോളം ജനങ്ങള്‍ മാനസികാരോഗ്യം മൂലം കഷ്ടപ്പെടുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
ഒരു വ്യക്തി ഉത്കണ്ഠകളിലൂടെയും മാനസിക സംഘര്‍ഷങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ ആ അനുഭവം അയാളുടെ മനോനിലയെ ദുര്‍ബലപ്പെടുത്തിയേക്കാം. അത്തരം മനുഷ്യരുടെ പ്രതിസന്ധികളെ തിരിച്ചറിയാനുള്ള പാരസ്പര്യം വളർത്തിയെടുക്കാനുള്ള ശ്രദ്ധ കുടുംബങ്ങളിൽ, അയൽവാസികളിൽ, സുഹൃത്തുക്കളിൽ അനിവാര്യമായും ഉണ്ടായിത്തീരേണ്ടതുണ്ട്. നൂറില്‍പരം മാനസികാരോഗ്യ കേന്ദ്രങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തിലുണ്ട്. ഇവിടെ ഇവര്‍ക്ക് വേണ്ട പരിചരണം കിട്ടുന്നുണ്ടോ?.
ശരീരത്തില്‍ ഒരു ചെറിയ പോറല്‍ വന്നാല്‍ നമ്മള് അതിന് ശ്രദ്ധയും പരിചരണവും നല്‍കാറുണ്ട്. എന്നാല്‍, മനസ്സിലേല്ക്കുന്ന മുറിവുകളെക്കുറിച്ച് നമ്മള് ശ്രദ്ധാലുക്കളാണോ?. അതെങ്ങനെ ഭേദപ്പെടുത്തുമെന്ന് നമുക്ക് അറിയുമോ? ചെറിയ പ്രായം മുതല്‍ നമ്മുടെ മനസ്സിലേല്ക്കുന്ന ഒരോ പോറലും കാലക്രമേണ വലിയ വ്രണങ്ങളായി പരിണമിക്കും. പതിയെപ്പതിയെ മാനസികാവസ്ഥയെ ദോഷകരമായി ബാധിക്കും.
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മാനസികരോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നാഷനൽ മെന്റൽ ഹെൽത്ത് സർവേ 2016ൽ ഇന്ത്യയിലെ ജനസംഖ്യയുടെ 14 ശതമാനത്തോളം ആളുകൾക്ക് സജീവമായ മാനസികാരോഗ്യ ഇടപെടൽ ആവശ്യമാണെന്ന് കണ്ടെത്തിയിരുന്നു. കോവിഡ് കാലം കഴിഞ്ഞതോടെ ലോകം മുഴുവനും ഇതൊരു വലിയ വെല്ലുവിളിയായി മാറി. ഏകദേശം 5.6 കോടി ഇന്ത്യക്കാരാണ് ഇന്ന് വിഷാദരോഗം അനുഭവിക്കുന്നത്. 3.8 കോടി ആളുകൾ ചില മാനസിക ഉത്കണ്ഠാരോഗങ്ങളാൽ ബുദ്ധിമുട്ടുന്നു. 2017ലെ കണക്കുപ്രകാരം ഇന്ത്യയിൽ പല തരത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നത് 19.3 കോടി ജനങ്ങളാണ്. ഇവരിൽത്തന്നെ 21.1 ശതമാനം ആളുകൾ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. അതേ കണക്കിൽ കേരളത്തിലെ ജനസംഖ്യയിൽ 11.63 ശതമാനം ആളുകൾ മാനസിക വെല്ലുവിളി നേരിടുന്നവരാണ്.
പരസ്പരാശ്രിതരായി ജീവിക്കുന്നവരാണ് നമ്മളെന്ന ബോധ്യം കുരുന്നിലേ മക്കളിൽ വളർത്തിയെടുക്കാൻ ശ്രമം വേണം. അതുൾക്കൊണ്ട് ജീവിക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാൻ, അയൽപക്ക ബന്ധം, സൗഹൃദ കൂട്ടായ്മകൾ, പാലിയേറ്റിവ് പ്രവർത്തനങ്ങളിലെ പങ്കാളിത്തം മുതലായ സാധ്യതകൾ ഇതിനായി ഉപയോഗപ്പെടുത്താം. സർക്കാർ, സന്നദ്ധ സംഘടനകൾക്കുപുറമെ മനുഷ്യരെന്ന നിലക്ക് സഹജീവികൾക്ക് മാനസിക സംഘർഷങ്ങൾക്ക് കാരണമാവാതെ, അവർക്ക് കരുത്തും കരുതലുമായി മാറാനുള്ള പരിശീലനം എല്ലാവരും നേടേണ്ടിയിരിക്കുന്നു.
(സാന്ത്വന-സാമൂഹിക കൂട്ടായ്മയായ ഇല ഫൗണ്ടേഷൻ സ്ഥാപകനും പ്രചോദന പ്രഭാഷകനുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.