വീൽചെയറിൽ വന്ന ഒരു ആക്ടിവിസ്റ്റ്, സർജിക്കൽ വാക്കിങ് സ്റ്റിക്കുകൾ ഉപയോഗിക്കുന്ന മറ്റു രണ്ടുപേർ, പുരുഷ-സ്ത്രീ സിവിൽ സൊസൈറ്റി നേതാക്കളുടെ ഒരു നക്ഷത്രക്കൂട്ടം. ഇവരെല്ലാം ചേർന്നാണ് ത്രിദിന വീ20 ജനകീയ ഉച്ചകോടിയുടെ രണ്ടാം ദിവസമായ ആഗസ്റ്റ് 19 ന് ഡൽഹിയിലെ സുർജിത് ഭവനിലുണ്ടായ പൊലീസ് ഉപരോധത്തെ ധീരമായി നേരിട്ടത്. സമ്പന്നരും മുന്നോട്ടുകുതിക്കുന്നവരുമായ രാജ്യങ്ങൾ ലാഭനേട്ടങ്ങൾക്കുപരിയായി ജനങ്ങളെ പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു ആ ജനകീയ ഉച്ചകോടി.
അനിഷ്ടസംഭവങ്ങളില്ലാതെ കടന്നുപോയി ഉദ്ഘാടന ദിനം. എന്നാൽ, രണ്ടാം ദിനം സംഭവഭരിതമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിക്കായി പരിശീലിപ്പിക്കപ്പെട്ട പൊലീസുകാരും ഉച്ചകോടിയിൽ പങ്കെടുക്കുന്നവരും തമ്മിലെ ഇച്ഛാശക്തിയുടെ പോരാട്ടമായിരുന്നു അന്ന്. എഴുപതു സംഘടനകളെ പ്രതിനിധാനംചെയ്തെത്തിയ 700 പ്രതിനിധികളിൽ പലരും സി.പി.എമ്മിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ തന്നെയാണ് താമസിച്ചിരുന്നത്. ഒരു ഇൻസ്പെക്ടർ ആവർത്തിച്ച് തടയാൻ ശ്രമിച്ചെങ്കിലും വന്ദന ശിവ, ആനി രാജ, ജയറാം രമേശ് എന്നിവരുൾപ്പെടെയുള്ളവരും വാക്കിങ് സ്റ്റിക്കുമായി വന്ന മനുഷ്യനും അകത്തേക്ക് കടക്കുക തന്നെ ചെയ്തു.
പൊലീസുകാർ ഇരുമ്പ് വലയങ്ങൾ കെട്ടുമ്പോഴും, അതിനു മുന്നിൽ നിന്ന് പൊലീസ് ഉപരോധത്തെ അപലപിച്ച് തീപ്പൊരി പ്രസംഗം നടത്തി ആനി രാജ. ഇത് ഒന്നിന്റെയും അവസാനമല്ലെന്നും ഗ്രാമതലങ്ങളിലും പട്ടണങ്ങളിലും ഈ സമരങ്ങൾ തുടരുകയും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ശബ്ദം പകരുകയും വേണമെന്ന് അഭിപ്രായപ്പെട്ടു മേധാപട്കർ.
ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഉറപ്പുനൽകുന്നുണ്ട് എന്നു ചൂണ്ടിക്കാട്ടിയ പീപ്ൾ ഫസ്റ്റിന്റെ തോമസ് ഫ്രാങ്കോ സമാധാനപരമായ ചർച്ചക്കായി ആളുകൾ ഒത്തുകൂടുന്നതിൽനിന്ന് ഒരു നിയമവും തടയുന്നില്ല എന്നും കൂട്ടിച്ചേർത്തു. ഈ ഫാഷിസ്റ്റ് പ്രവണതകൾക്കെതിരെ ഏതുവിധേനയും പോരാടുമെന്ന് ഉറച്ചുപറഞ്ഞു നാഷനൽ ഹോക്കേഴ്സ് ഫെഡറേഷന്റെ ശക്തിമാൻ ഘോഷ്.
കവാടത്തിൽ പൊലീസ് കശപിശകൂട്ടുമ്പോഴും ഉച്ചകോടി നടന്ന കെട്ടിടത്തിനുള്ളിൽ സാമൂഹിക-സാംസ്കാരിക സമ്മേളനത്തിന്റെ അന്തരീക്ഷമായിരുന്നു. താഴെ നിലയിൽ രാഷ്ട്രീയ-സാമ്പത്തിക പുസ്തകങ്ങളും അംബേദ്കർ കൃതികളും നിരത്തിയ സ്റ്റാളുകൾ, ഖാദി വസ്ത്രങ്ങൾ, ഹാൻഡ് ബാഗുകൾ, പെയിന്റിങ്ങുകൾ എന്നിവയുടെ സ്റ്റാളുകൾ, യുവ കലാകാരന്മാരുടെ തത്സമയ കലാപ്രവർത്തന
ങ്ങൾ എന്നിവ കാണാമായിരുന്നു.
മോദി സർക്കാറിന്റെ
പരാജയവും ജി20യും
‘ലിബറൽ ജനാധിപത്യത്തിന്റെ ഏറ്റവും മികച്ച പാരമ്പര്യത്തിലൂന്നിയാണ് പ്രധാനമന്ത്രി ഇന്ത്യ ഭരിക്കുന്നത് എന്ന് ജി 20 രാഷ്ട്ര നേതാക്കൾക്ക് മുന്നിൽ ഉയർത്തിക്കാട്ടുന്ന മോദി ഭരണകൂടത്തിന്റെ നടപടിയെ ആദ്യ രണ്ടു ദിവസത്തെ സെഷനുകളിൽ സംസാരിച്ച സാമ്പത്തിക വിദഗ്ധരും രാഷ്ട്രീയ ശാസ്ത്രജ്ഞരും സിവിൽ സൊസൈറ്റി നേതാക്കളും തുറന്നുകാട്ടി.
വൃന്ദ കാരാട്ട്, മനോജ് ഝാ, ഹർഷ് മന്ദർ, അരുൺ കുമാർ, ഹന്നൻ മൊല്ല, ടീസ്റ്റ സെറ്റൽവാദ്, മേധാപട്കർ, ജയതി ഘോഷ്, രാജീവ് ഗൗഡ, ഫ്രാങ്കോ തോമസ് തുടങ്ങിയവർ ഉദ്ഘാടന സെഷനിൽ സംസാരിച്ചിരുന്നു.
രണ്ടാം ദിവസത്തെ ആറു ശിൽപശാലകൾ ആഗോള സമ്പദ്വ്യവസ്ഥ, വൻകിട ബാങ്കുകൾ, ജനങ്ങളിൽ അവ ചെലുത്തുന്ന സ്വാധീനം, വിവരാവകാശം; ഡിജിറ്റൽ ഡേറ്റയും നിരീക്ഷണവും; കാലാവസ്ഥ വ്യതിയാനവും തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രീകരിച്ചു.
അഭിപ്രായ സ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവും, തീരദേശവാസികളുടെ ദുരവസ്ഥ, ഡിജിറ്റൽ, ആപ് അധിഷ്ഠിത വിപണികളിലെ തൊഴിലാളികൾ നേരിടുന്ന ചൂഷണം, മത-വിശ്വാസ സ്വാതന്ത്ര്യത്തിന്മേലുള്ള ആക്രമണങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ ഇന്ത്യയുടെ പരാജയം വിശദ വിശകലനത്തിന് വിധേയമാക്കപ്പെട്ടു.
യമുനാ നദീതീരത്ത് കൃഷി ചെയ്ത് താമസിച്ചിരുന്ന, ഒന്നിലേറെ തവണ കുടിയിറക്കപ്പെട്ട ഒരു യുവതി, ‘തലസ്ഥാന സൗന്ദര്യവത്കരണ’ത്തിനായി കുടിലുകൾ ഇടിച്ചുനിരത്തുന്നതിനെയും ജി 20 ഉച്ചകോടിക്കുവേണ്ടി പാവപ്പെട്ട ജനങ്ങൾ കൊടുക്കേണ്ടി വരുന്ന വിലയെക്കുറിച്ചും സംസാരിച്ചു.
മോദി കേന്ദ്രീകൃത പരസ്യങ്ങൾക്കു മാത്രം പതിനായിരക്കണക്കിന് കോടികൾ മുടക്കുന്നതടക്കം ജി 20 തയാറെടുപ്പുകൾക്കായി പൊതുഖജനാവിൽനിന്ന് വൻതോതിൽ പൊതുചെലവ് നടത്തുന്നതിനെ പ്രസംഗകർ ചോദ്യം ചെയ്തു.
സാമ്പത്തിക വിദഗ്ധ ജയതി ഘോഷ് ചൂണ്ടിക്കാണിച്ചതുപോലെ, എല്ലാ ചർച്ചകളും അടഞ്ഞ വാതിലുകൾക്കുള്ളിൽ ചർച്ചകൾ നടക്കുന്ന, തീരുമാനങ്ങളും ശിപാർശകളും ബാധിക്കുന്ന ജനങ്ങൾക്ക് പങ്കാളിത്തമില്ലാത്ത ജി20 ഉച്ചകോടി ഒരു അനൗപചാരിക എലൈറ്റ് ക്ലബായാണ് മുന്നോട്ടുപോകുന്നത്.
പരിപാടിക്ക് അനുമതി നിഷേധിച്ച് നോട്ടീസ് ലഭിച്ചതിനെത്തുടർന്നാണ് മൂന്നാം ദിവസത്തെ നടപടികൾ വെട്ടിച്ചുരുക്കാൻ സംഘാടകർ തീരുമാനിച്ചത്. എന്നാൽ, വീ20 പ്രഖ്യാപനം പാസാക്കിയശേഷം മാത്രമേ പ്രതിനിധികൾ മടങ്ങിയുള്ളൂ
ഉച്ചകോടിയുടെ നടക്കാതെ പോയ മൂന്നാം ദിനത്തിൽ പുറത്തിറങ്ങിയ പ്രഖ്യാപനം ലോകമെമ്പാടുമുള്ള ആളുകൾക്ക് സുതാര്യവും തുല്യവുമായ ഭാവി ഉറപ്പാക്കുന്നതിന് ജനാധിപത്യ ശക്തികൾ, ജനകീയ പ്രസ്ഥാനങ്ങൾ, സിവിൽ സൊസൈറ്റി സംഘങ്ങൾ, മനുഷ്യാവകാശ സംരക്ഷകർ, പുരോഗമന ചിന്തകർ എന്നിവർ തമ്മിലെ ഐക്യദാർഢ്യത്തിനും സഹകരണത്തിനും ആഹ്വാനം ചെയ്തു.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.