തേങ്ങക്കച്ചവടം നടത്തിയിരുന്ന ഉപ്പ കൊപ്ര വിറ്റുവരുന്ന ദിവസം കൊണ്ടുവരാറുള്ള മധുരനാരങ്ങകള്ക്ക് കാത്തിരുന്ന ശൈശവത്തിലെ അതേ ആര്‍ത്തിയില്‍, കൗമാരത്തില്‍ കാത്തിരുന്നിട്ടുള്ളത് ആഴ്ചതോറും ചന്ദ്രികയില്‍ അച്ചടിച്ചുവരുന്ന ബേവിഞ്ച മാഷിന്റെ ‘പ്രസക്തി’ക്കു വേണ്ടിയാണ്. എണ്‍പതുകളുടെ രണ്ടാം പാതിയില്‍ അക്ഷരാഭ്യാസം നേടിയ അനേകം കുട്ടികളെപ്പോലെ ‘പ്രസക്തി’ വായിച്ചാണെനിക്കും ഭാഷാപൂര്ത്തിയായത്. 700 ആഴ്ച നീണ്ടുനിവര്‍ന്നുനിന്ന് ചന്ദ്രിക വാരാന്തപ്പതിപ്പില്‍ അദ്ദേഹമെഴുതിയ പ്രസക്തി എന്ന പംക്തി. പിന്നീട് 250 ആഴ്ച ‘മാധ്യമ’ത്തിലും മാഷ് കോളമെഴുതി; കാര്യവിചാരം. ആറു വര്‍ഷം ‘കഥ പോയവാരം’ എന്ന മറ്റൊരു പംക്തി. പെണ്വഴികളെന്ന പേരില്‍ ആദ്യമായൊരു പംക്തി തുടങ്ങിയതും അദ്ദേഹമാണ്. എം.ടിയുടെയും ബഷീറിന്റെയും വിചാരലോകങ്ങളെ സവിശേഷമായി പഠിച്ചു; ഏറെ എഴുതി.
ഇബ്രാഹിം ബേവിഞ്ചയുടെ പ്രസക്തി വായിച്ച്, ശിഹാബുദ്ദീന് പൊയ്ത്തുംകടവ് എഡിറ്റുചെയ്യുന്ന പൂങ്കാവനം മാസികയിലെ കണ്ണീരിന്റെ കസവു തട്ടങ്ങള്‍ വായിച്ച് അക്ഷരങ്ങള്‍ കൂട്ടിവായിക്കാനും വാക്കുകള്‍ ചേര്‍ത്തെഴുതാനും പഠിച്ച ഒരു കുട്ടി, കുറച്ചുകൂടി വലുതായ ആ പഴയ കുട്ടി ഇന്നെന്നെ നിര്‍ബന്ധിക്കുന്നത് ബേവിഞ്ച മാഷിന്റെ പ്രസക്തി എന്നു ശീര്‍ഷകമിട്ട ഈയൊരു ഉപന്യാസം കൊണ്ട് അദ്ദേഹത്തോട് അവസാനത്തെ സലാം പറയാനാണ്.
ഒരു കഥയെ, നോവലിനെ, കവിതയെ, കൃതിയെ അതിന്റെ ചരിത്ര പരിസരത്തിലും സാമൂഹിക പ്രസക്തിയിലും തിരിച്ചറിയുന്ന, കിള്ളിപ്പൊളിച്ചു വായിക്കുന്ന ഏര്‍പ്പാടിനെയാണ് ചുരുക്കത്തില്‍ നിരൂപണം എന്നു പറയുക. ഇങ്ങനെ എഴുതപ്പെട്ട വാക്കുകളെ നമ്മളെല്ലാവരും കിള്ളിപ്പൊളിച്ചു നോക്കാറുണ്ട്. നിരൂപണത്തിനു സാമ്പ്രദായിക രീതികളുണ്ട്. വിമര്‍ശനം ചിലപ്പോള്‍ എതിര്‍പ്പിന്റെ വാള് ചുഴറ്റി എഴുത്തുകാരന്റെ ശിരസ്സു ഛേദിക്കുന്നു. ചിലപ്പോള്‍ എഴുത്തുകാരനുവേണ്ടി പൊരുതുന്ന പടയാളിയും വിധിപറയുന്ന ന്യായാധിപനായും മാറുന്നു വിമര്ശകന്. ആന്റിനകളെ നിർദിഷ്ട ദിശയിലേക്കു തിരിച്ചുവെച്ചവരുമുണ്ട് നിരൂപകരില്‍. പാരിസ്ഥിതിക വിവേകത്തിന്റെ ഓട്ടയിലൂടെ ഒരു കൃതിയെ വായിക്കുന്നയാള്, സ്ത്രീവാദത്തിന്റെ തുളയിലൂടെ അതേ കൃതിയെ വായിക്കുന്ന വേറെയൊരാള്‍. ആ കൂട്ടത്തിലെ, വേറിട്ട സൗന്ദര്യബോധത്തിന്റെ പ്രണേതാവും പ്രചാരകനുമായിരുന്നു ഇബ്രാഹിം ബേവിഞ്ച. ഇസ്ലാമികവും ഖുര്‍ആനികവുമായ കലാസൗന്ദര്യ ഗ്രാഹ്യത പ്രയോജനപ്പെടുത്തി വായനകള്‍ സാധിക്കുന്ന ഒരു പുതുവഴിയാണത്. മുഹിയിദ്ദീന്‍ മാലയെക്കുറിച്ചുള്ള സൂഫീധാരയെ ആസ്പദമാക്കിയുള്ള പഠനം, മാലപ്പാട്ടുകളുടെയും സൂഫിസത്തിന്റെയും പാരമ്പര്യങ്ങളെയും പൊരുളുകളെയും അതിലുള്‍ച്ചേര്‍ന്ന അബദ്ധധാരണകളെയും വിശകലനം ചെയ്യുന്ന ലേഖനങ്ങള്‍, മോയിന്‍കുട്ടി വൈദ്യരുടെ കൃതികളിലെ അലങ്കാര വിശേഷങ്ങള്‍, കവിത കിനിയുന്ന മാപ്പിളപ്പാട്ടുശാഖയുടെ മധുരവും കയ്പും, മലയാളത്തിലെ കിളിപ്പാട്ടുകളെയും ഖുര്‍ആനിലെ പക്ഷികളെയും ചേര്‍ത്തുവായിക്കുന്ന കുറിപ്പുകള്‍, ‘പ്രസക്തി’ മുതലുള്ള പംക്തികളിലൂടെ അവതരിപ്പിച്ചുപോന്ന അപ്പപ്പോഴുള്ള ആശയപരവും സൗന്ദര്യശാസ്ത്രപരവും ഗാഢവും സൂക്ഷ്മവുമായ വായനയും പഠനവും ചിന്തകളും വ്യാഖ്യാനങ്ങളുമെല്ലാം ഉള്ളടക്കമായ ഇബ്രാഹിം ബേവിഞ്ചയുടെ എഴുത്തുജീവിതം കാലോചിതവും ഗണനീയവും ഏറെ ധന്യവുമായിരുന്നു.
സുഹൃത്തും സഹപാഠിയുമായ എം.എ. റഹ്മാന് മാഷ് ആ നിരൂപകന്റെ വരവ് വളരെ മുമ്പേ ഒരു സ്മരണയില്‍ ഇങ്ങനെ ചുരുക്കിയെഴുതിയിരുന്നു. ‘‘എഴുപതുകളുടെ ആദ്യം കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ ബേവിഞ്ച എന്ന കുഗ്രാമത്തില്‍ നിന്ന് കാസര്‍കോട് ഗവ. കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കാന്‍ വന്ന ഒരു ചെറുപ്പക്കാരന്. അന്ന് അയാളുടെ ഗ്രാമം അത്രയൊന്നും അറിയപ്പെട്ടിരുന്നില്ല; ചിന്താശീലനും അന്തര്‍മുഖനുമായിരുന്ന ആ ചെറുപ്പക്കാരന്റെ കൈയില്‍ ബേവിഞ്ചയിലെ അത്രയൊന്നും അറിയപ്പെടാത്ത ഒരു ലൈബ്രറിയിലെ പുസ്തകങ്ങള്‍ അമൂല്യമായ നിധിപോലെ കിടന്നിരുന്നു. വായനകൊണ്ടാണ് അയാള്‍ വിശപ്പടക്കിയിരുന്നത്.
പുസ്തകങ്ങള്‍ക്ക് ഹൃദയമുണ്ടെന്നും അതിലെ അക്ഷരങ്ങള്‍ക്ക് ആത്മാവുണ്ടെന്നും അയാള്‍ വായനയിലൂടെ തിരിച്ചറിഞ്ഞിരുന്നു. വായിക്കാന്‍ പുസ്തകങ്ങള്‍ കിട്ടാതിരുന്നവര്‍ക്ക് താന്‍ വായിച്ച പുസ്തകങ്ങള്‍ നല്കി അയാള്‍ സ്നേഹത്തിന്റെ സാമ്രാജ്യം കെട്ടിപ്പടുത്തു. വായനയുടെ ലഹരിയില്‍ ജീവിച്ച ആ യുവാവിന്റെ ഹൃദയത്തില്‍നിന്നും വാക്കുകള്‍ പുറത്തുചാടാന്‍ തുടങ്ങി. അയാളും എഴുതിത്തുടങ്ങി. ആദ്യം അത് കത്തിന്റെ രൂപത്തിലായിരുന്നു. പിന്നെ അവ ബാലപംക്തിയിലും കോളജ് മാഗസിനിലുമായി നിറഞ്ഞുനിന്നു. അയാളുടെ അന്തര്‍മുഖത്വം പതുക്കെ ഒഴിഞ്ഞുപോയി. സ്ഫുടമായ ശബ്ദത്തില്‍ അനര്‍ഗളം സംസാരിക്കാന്‍ കഴിയുന്ന പ്രഭാഷകനായി അയാള്‍, പതുക്കെ അയാളുടെ രചനകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുവന്നു. അങ്ങനെ ആരാലും അറിയപ്പെടാതിരുന്ന ബേവിഞ്ചയെന്ന ഗ്രാമം മലയാളികളുടെ വായനാഭൂപടത്തിലേക്ക് കുടിയേറി. കേരളത്തിന്റെ വടക്കെ അറ്റത്തുള്ള ആ പാവം ഗ്രാമീണതയെ കേരളത്തിന്റെ അക്ഷര വിഹായസ്സിലേക്കു വലിച്ചുകൊണ്ടുവന്നു ആ എഴുത്തുകാരന്.’’
ഇബ്രാഹിം ബേവിഞ്ച സ്വയം സ്ഥാനനിര്‍ണയം ചെയ്തിങ്ങനെയെഴുതി; മാതൃസമുദായത്തിന്റെ സൗന്ദര്യാത്മക ജീവിതത്തെക്കുറിച്ചറിയാനുള്ള ത്വര എന്നുമെന്റെ ഉള്ളിലുണ്ടായിരുന്നു. ഒരർഥത്തില്‍ ഞാന്‍ എന്റെ തന്നെ വേരുകള്‍ തേടുകയാണ് കൃതികളിലൂടെ. ഒരു സവിശേഷ സൗന്ദര്യചിന്തയെയും ലാവണ്യഭാരത്തെയും ഒറ്റക്കു തന്റെ മുതുകുകളില്‍ ചുമന്നുനടന്നൊരാളുടെ ആത്മഗതമാണ്. സംസ്കാരത്തിലും സാഹിത്യത്തിലും അരികുതള്ളപ്പെട്ട മുസ്ലിം ജീവിതത്തെ ഇസ്ലാമിക സംസ്കൃതിയുടെ പ്രകാശം കൊണ്ട് തിരിച്ചറിയാനുള്ള ശ്രമങ്ങളായിരുന്നു മാഷിന്റേത്. ഇബ്രാഹിം ബേവിഞ്ചയെഴുതിയ പുസ്തകങ്ങളുടെ തലക്കെട്ടുകള്‍ ശ്രദ്ധിച്ചാല്‍ത്തന്നെ മനസ്സിലാകുമിത്. മുസ്ലിം സാമൂഹിക ജീവിതം മലയാളത്തില്‍, ഉബൈദിന്റെ കവിതാലോകം, ഇസ്ലാമിക സാഹിത്യം മലയാളത്തില്‍, ഒ. ആബു, പക്ഷിപ്പാട്ടും കുറത്തിപ്പാട്ടും, ഖുര്‍ആനും ബഷീറും, ബഷീര്‍ ദ മുസ്ലിം.
മാഷിനെ ആദ്യമായൊന്നു നേരിട്ടുകാണുന്നത് ബഷീര്‍ ദ മുസ്ലിം എന്ന കൃതിയുടെ കോഴിക്കോട്ടെ പ്രകാശന വേളയിലാണ്. കൂടെ റഹ്മാന് തായലങ്ങാടിയും എം.സി വടകരയും. അടുത്ത ചങ്ങാതിമാരും കടുത്ത ചില വായനക്കാരുമേ ചടങ്ങിനുണ്ടായിരുന്നുള്ളൂ. ഇബ്രാഹിം ബേവിഞ്ചയുടെ എഴുത്തുവഴിയേറ്റ തിരസ്കാരത്തിന്റെ ഹേതു വെളിപ്പെട്ട വേദിയായിരുന്നു അത്. വളരെക്കാലം എഴുതിയവതരിപ്പിക്കാന്‍ ആവതു ശ്രമിച്ചതും അധികമാരും ഗൗനിക്കാതിരുന്നതുമായ സൗന്ദര്യചിന്തയെയും ധൈഷണിക പരികല്പനയെയും അല്പം സ്ഫോടകമായ ഒരു ശീര്‍ഷകം കൊണ്ട് ഉറക്കെപ്പറയാനുള്ള ശ്രമമായിരുന്നു വാസ്തവത്തിൽ ആ കൃതി. ബഷീറിനെ മുസ്ലിമാക്കുന്ന വര്‍ഗീയതയാണ് അതിലാരോപിക്കപ്പെട്ടത്. ബഷീര്‍ സാഹിത്യത്തിലൂടെയുള്ള സഞ്ചാരത്തിനിടയില്‍ ഇസ്ലാമിക ലാവണ്യബോധത്തിലൂടെ ദൃശ്യമാകുന്ന കുറച്ചേറെ ആശയാനുഭവങ്ങളെ ചേര്‍ത്തുവെച്ചുള്ള ഒരന്വേഷണമായിരുന്നു അത്. ബഷീറിന്റെ ആത്മകഥാപരമായ കുറിപ്പുകളില്‍ നിന്നല്ല, ബഷീര്‍ സാഹിത്യത്തിന്റെ കാതലായ കഥകളില്‍ നിന്നുതന്നെയാണ് ഗ്രന്ഥകാരന് തന്റെ വാദങ്ങളെ സാധൂകരിക്കുന്ന സന്ദര്‍ഭങ്ങള്‍ കണ്ടെടുക്കുന്നത്. ബഷീര്‍ കൃതികളിലെ ഇസ്ലാമിനെ അന്വേഷിച്ചിറങ്ങി ചില നിർദിഷ്ട ഓർമക്കുറിപ്പുകളിലേക്കു പോകുന്നവരുടെ രീതിയിലല്ല അത്.
അങ്ങനെയല്ല ബേവിഞ്ചയുടെ തിരച്ചിലും കണ്ടെടുക്കലും. ബഷീറിനെ മുസ്ലിമാക്കുക എന്ന ഒരു അജണ്ട ആ പുസ്തകത്തിനില്ല. എന്നിട്ടുമദ്ദേഹം കുറേ പഴികേട്ടു. മാഷ് പക്ഷേ, സ്വന്തം വാദങ്ങളില്‍ ഉറച്ചുനില്‍ക്കുകയും അത് സദാ വിശദീകരിക്കുകയും ഭാഷാ, സാമൂഹിക, മത സ്വത്വനിലകളെ ആധാരമാക്കിയുള്ള തന്റെ നിരൂപണപദ്ധതിയെ എപ്പോഴും ഉറപ്പിക്കുകയും ചെയ്തു. ടോള്‍സ്റ്റോയി കല ക്രിസ്തീയമാവണമെന്ന് എഴുതിയതും ടി.എസ്. എലിയറ്റ് താനൊരു കത്തോലിക്കനാണെന്ന് അഭിമാനത്തോടെ പറഞ്ഞതും വി.ടി. ഭട്ടതിരിപ്പാട് പില്ക്കാലത്ത് മനുഷ്യനെ നമ്പൂതിരിയാക്കണമെന്ന് തിരിച്ചുപറഞ്ഞതും മാഷ് സൂചിപ്പിക്കും.
മതം കലയ്ക്കും സാഹിത്യത്തിനും എങ്ങനെ രൂപം നല്‍കുന്നുവെന്നുള്ള അലിജാ ഇസ്സത്ത് ബെഗോവിച്ചിന്റെ നിരീക്ഷണങ്ങളും സാഹിത്യ വിമര്‍ശനത്തില്‍ മതത്തിന്റെ സ്വാധീനം ചൂണ്ടിക്കാട്ടിയ നിരൂപണങ്ങളും എടുത്തുപറയും. മലയാളത്തില്‍, ഇസ്ലാമിക ഭാവുകത്വവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളാലും നിരീക്ഷണങ്ങളാലും ബേവിഞ്ച മാഷ് ഒരു പുതിയ ചിന്താപദ്ധതിക്കാണ് ഒട്ടും ക്ഷമാപണമില്ലാതെ മുൻകൈയെടുത്തത്. ടി.കെ. രാമചന്ദ്രനും സച്ചിദാനന്ദനും ബി. രാജീവനും ഉള്‍പ്പെട്ട ഒരു വലിയ സംഘമാണ് മലയാളത്തില്‍ എണ്‍പതുകളില്‍ കലാവിമര്‍ശം: മാര്‍ക്സിസ്റ്റ് മാനദണ്ഡം എന്ന കൃതിയിലൂടെ മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രത്തെ അവതരിപ്പിച്ചതെന്ന് ആലോചിക്കുമ്പോഴാണ് ഒരാള്‍ ഒറ്റക്കെടുത്ത ഈ ധൈഷണിക യത്നത്തിന്റെ വിലയറിയുക.
ഇബ്രാഹിം ബേവിഞ്ചക്കുമുമ്പ് ഇങ്ങനെയൊരു അപഗ്രഥനരീതി വേരെടുത്തിരുന്നില്ല. ഇത്രയും അഗാധമായ, സൂക്ഷ്മതല സ്പര്‍ശിയായ സാംസ്കാരിക പ്രയത്നങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടും, ആ രീതിയില്‍ ഏറെ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടും ഇബ്രാഹിം ബേവിഞ്ച ആഘോഷിക്കപ്പെട്ടില്ല. ഉള്ളറിഞ്ഞു സേവിച്ചവരോടും സ്നേഹിച്ചവരോടും നാമെപ്പോഴും ഈ പാതകം ചെയ്തുപോരുന്നു. അവരോടുള്ള കടപ്പാടുകള്‍ സമുദായ മാറാപ്പിലെ വീട്ടാക്കടങ്ങളായി അവശേഷിക്കുന്നു. മാഷിനു പ്രിയപ്പെട്ട എം.ടിയുടെ രണ്ടുവരി ഉദ്ധരിക്കട്ടെ. ഞാന്‍ നന്ദി പറയുന്നു. ഈ മനുഷ്യനോടല്ല. പിന്നിട്ട നെടുംപാതയിലെവിടെയോ ഒരു വഴിത്തിരിവില്‍ മുന്നില്‍നിന്ന അനര്ഘനിമിഷത്തിന്. എന്റെ മരുപ്പറമ്പില്‍ തണലും തണുപ്പും സുഗന്ധവും ഇത്തിരിവട്ടത്തില്‍ തരുന്ന ആ പൂമരം മുളപ്പിച്ച കാലത്തിന്റെ ഉര്വരതക്ക്.
മാഷേ, സലാം.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.