തേരുതെളിച്ച്​ പ്രിയങ്ക; യു.പിയിൽ കോൺഗ്രസ്​ ഒരുങ്ങുന്നത്​ 2024 മുന്നിൽകണ്ട്​

ഉത്തർപ്രദേശ്​ സംസ്​ഥാന രാഷ്​ട്രീയത്തിൽ തലയെടുപ്പുള്ള നേതാവില്ലെന്ന കാലങ്ങളായുള്ള നിരാശക്ക്​ പ്രിയങ്കയുടെ വരവോടെ പരിഹാരമാകു​േമ്പാൾ, അതിനിർണായകമായ 2024ലെ ലോക്​സഭാ തെരഞ്ഞെടുപ്പിന്​​ നിലമൊരുക്കാനുള്ള പേരാട്ടവേദിയായി യു.പി നിയമസഭ തെരഞ്ഞെടുപ്പ്​ ഉപയോഗപ്പെടുത്താനാണ്​ കോൺഗ്രസ്​ പദ്ധതി

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബി.ജെ.പിയെ മലർത്തിയടിച്ച്​ അധികാരത്തിലേറാമെന്ന പ്രതീക്ഷകൾക്കപ്പുറം കോൺഗ്രസിന്‍റെ മനസ്സിലുള്ളത്​ മറ്റു പ്രധാന ലക്ഷ്യങ്ങൾ. ഉത്തർപ്രദേശിൽ ഒറ്റക്കു മത്സരിച്ചാൽ അധികാരത്തിലെത്താൻ കഴിയില്ലെന്ന്​ ഉറപ്പുള്ള പാർട്ടി, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനിടയിലും 2024ലെ ലോക്​സഭാ തെരഞ്ഞെടുപ്പാണ്​ മുന്നിൽകാണുന്നത്​.


ഇതുവരെയില്ലാത്ത രീതിയിൽ വ്യത്യസ്​ത ധ്രുവങ്ങളിലായുള്ള വാശിയേറിയ പോരാട്ടമാകും അടുത്ത യു.പി തെരഞ്ഞെടുപ്പെന്ന തിരിച്ചറിവിലാണ്​ കോൺഗ്രസ്​ സാഹചര്യത്തിനനുസരിച്ചുള്ള ചുവടുകളുമായെത്തുന്നത്​. തിരിച്ചുവരവിനുള്ള തീവ്രയത്​നത്തിൽ, സംസ്​ഥാനത്തിന്‍റെ ചുമതല കൂടിയുള്ള എ.​െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ്​ മുന്നണിയിൽ തേരു തെളിക്കാനുള്ളത്​. അതുകൊണ്ടുതന്നെ, ഈ തെരഞ്ഞെടുപ്പിൽ പ്രത്യാശാഭരിതമായ നേട്ടം കൊയ്​തില്ലെങ്കിൽ അത്​ കോൺഗ്രസിന്‍റെ ആത്​മവിശ്വാസത്തിനേൽക്കുന്ന കനത്ത ​പ്രഹരം കൂടിയാവും.


ഉത്തർപ്രദേശിൽ കോൺഗ്രസ്​ ഇപ്പോൾ നടത്തുന്ന കാമ്പയിൻ മുമ്പത്തെ രണ്ടെണ്ണവുമായി താരതമ്യം ചെയ്യു​േമ്പാൾ​ ഏറെ വ്യത്യസ്​തമാണ്​. 2009 ലോക്​സഭാ തെരഞ്ഞെട​ുപ്പിലെ മെച്ചപ്പെട്ട പ്രകടനത്തിനുശേഷം 2012ലും 2017ലും നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അങ്കത്തട്ടിലിറങ്ങിയ കോൺഗ്രസിന്​ ഏറെ നിരാശ സമ്മാനിച്ചതായിരുന്നു ഫലം. ക​ഴിഞ്ഞ തവണത്തേതു​േപാലെ ഇക്കുറിയും സമാജ്​ വാദി പാർട്ടിക്കൊപ്പം ചേർന്ന്​ മുന്നണിയായി മത്സരിക്കുന്നതിൽ താൽപര്യമുണ്ടെന്ന്​ കോൺഗ്രസ്​ വ്യക്​തമാക്കിയിട്ടുണ്ട്​. എന്നാൽ, എസ്​.പി ഇതേക്കുറിച്ച്​ ഇതുവരെ പ്രതികരിച്ചിട്ടില്ല.

രാഹുൽ മാറി, ഇനി പ്രിയങ്കയുടെ ഊഴം

മുമ്പ്​ രണ്ടു തെരഞ്ഞെടുപ്പുകളിൽ യു.പിയിൽ കോൺഗ്രസിന്‍റെ മുഖമായിരുന്നത്​ രാഹുൽ ഗാന്ധിയായിരുന്നു. ഇത്തവണ അതിന് മാറ്റം വന്നിരിക്കുന്നു. പ്രിയങ്ക ഗാന്ധിയാണ്​ ഉത്തർ പ്ര​േദശിൽ ഇ​േപ്പാൾ പാർട്ടിയുടെ തുറുപ്പുശീട്ട്​.


കർഷകരെ കാറിടിച്ചുകൊന്ന സംഭവത്തിൽ വീട്ടുതടങ്കലിലായതും ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിച്ചതും പിന്നാലെ നരേന്ദ്ര മോദിയുടെ തട്ടകമായ വാരണാസിയിലെ ഉജ്ജ്വല റാലിയും പ്രിയങ്കയെ കൂടുതൽ പ്രിയങ്കരിയാക്കിയിട്ടുണ്ട്​. യു.പിയിൽ പ്രിയങ്കയെക്കുറിച്ചും കോൺഗ്രസിനെക്കുറിച്ചും ആളുകൾ കൂടുതൽ സംസാരിച്ചു തുടങ്ങിയതായി​ 'ദ ക്വിന്‍റ്​' റിപ്പോർട്ട്​ ചെയ്യുന്നു. പ്രിയങ്ക വന്നതോടെ വർഷങ്ങൾക്കുശേഷം അടിത്തട്ടിലടക്കം പാർട്ടി കൂടുതൽ ചലനാത്​മകമായിട്ടുണ്ട്​.

അതേസമയം, പ്രിയങ്കയുടെ ഇടക്കിടെയുള്ള സന്ദർശനങ്ങൾ കൊണ്ട്​ പരിഹിക്കാവുന്നതല്ല യു.പിയിൽ കോൺഗ്രസിന്‍റെ സംഘടനാപരമായ പ്രശ്​നങ്ങളെന്ന്​ ഒരുവിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്​. 'പല പ്രശ്​നങ്ങള​ും പാർട്ടി മുഖവിലക്കെടുക്കുന്നില്ല. സ്വാധീനമുള്ള ​േനതാക്കന്മാർ പലരും പാർട്ടി വിട്ടുപോയി. പലരും പോകാനിരിക്കുന്നു. പ്രിയങ്ക ഗാന്ധിയുമായി ബന്ധമുള്ള നേതാക്കളുടെ എണ്ണം വളരെ കുറവാണെന്നും പി.സി.സി അധ്യക്ഷൻ അജയ്​ കുമാർ ലല്ലുവും ചില നേതാക്കളും പാർട്ടിയിലെ മറ്റു നേതാക്കന്മാരെ മാറ്റിനിർത്താൻ ശ്രമിക്കുകയാണെന്നും ഇവർ പരിഭവം പറയുന്നു​.

സാമൂഹികാടിത്തറയും ഉറച്ച വോട്ടുബാങ്കുമില്ല

സാമൂഹികാടിത്തറയുടെ അഭാവമാണ്​ യു.പിയിൽ ​കോൺഗ്രസ്​ നേരിടുന്ന പ്രധാന വെല്ലുവിളി. അടിയുറച്ച വോട്ട്​ബാങ്ക്​ പാർട്ടിക്ക്​ സംസ്​ഥാനത്തില്ല. ഉയർന്ന ജാതിക്കാരും ഒരു വിഭാഗം ഒ.ബി.സിയും അടങ്ങുന്നതാണ്​ ബി.ജെ.പിയുടെ വോട്ട്​ബാങ്ക്​. യാദവരും മുസ്​ലിംകളിൽ വലിയൊരു വിഭാഗവും സമാജ്​വാദി പാർട്ടിയോടൊപ്പമാണ്​. ജാട്ടുകൾ ബി.എസ്​.പിക്കൊപ്പവും.

2009 ലോക്​സഭാ തെര​െഞ്ഞട​ുപ്പിൽ സംസ്​ഥാനത്ത്​ 18 ശതമാനത്തിലേറെ വോട്ടുനേടിയ മികവ്​ മനസ്സിൽവെച്ചാണ്​ യു.പിയിൽ കോൺഗ്രസ്​ തന്ത്രങ്ങൾ ​െമനയുന്നത്​. ഇന്ത്യൻ രാഷ്​​ട്രീയത്തിന്‍റെ ഗതി നിർണയിക്കുന്ന സംസ്​ഥാനത്ത്​ മുൻനിര കക്ഷികൾക്കൊപ്പം ഇടംപിടിക്കുകയെന്നതാണ്​ കോൺഗ്രസ്​ പ്രാഥമികമായി ഉന്നംവെക്കുന്നത്​. 2009ൽ തങ്ങൾക്കൊപ്പംനിന്ന കുർമികൾ, ബ്രാഹ്​മണർ, സവർണ വിഭാഗത്തിൽപെട്ട മറ്റുചില ജാതികൾ എന്നിവരെ വീണ്ടും തങ്ങളിലേക്ക്​ അടുപ്പിക്കാനാണ്​ പാർട്ടിയുടെ ശ്രമം. ഇതോടൊപ്പം മുസ്​ലിംകളിൽ വലിയൊരു വിഭാഗത്തെയും യാദവരല്ലാത്ത ദലിത്​ സമുദായങ്ങളെയും പാർട്ടി ഉന്നമിടുന്നുണ്ട്​.

ഇതിന്‍റെ ഭാഗമായാണ്​ ഛത്തീസ്​ഗഢ്​ മുഖ്യമന്ത്രി ഭൂപേഷ്​ സിങ്​ ഭാഗലിനെ യു.പിയിലെ സീനിയർ ഒബ്​സർവറായി കോൺഗ്രസ്​ നിയമിച്ചിരിക്കുന്നത്​. കോൺഗ്രസിലെ ഏറ്റവും പ്രധാനപ്പെട്ട ഒ.ബി.സി നേതാക്കളിൽ ഒരാളായ ഭാഗേൽ കുർമി സമുദായത്തിൽപെട്ടയാളാണ്​. ദലിതനെ പഞ്ചാബിൽ മുഖ്യമന്ത്രിയാക്കിയതും യു.പി തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ പ്രചാരണ ആയുധമാക്കും.

നിലവിലെ അവസ്​ഥ

ഏറ്റവും പുതിയ സീവോട്ടർ സർവേ പ്രവചിക്കുന്നത്​ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ 5.6ശതമാനം ​േവാട്ടും മൂന്നുമുതൽ ഏഴുവരെ സീറ്റു​കളും ലഭിക്കുമെന്നാണ്​. സെപ്​റ്റംബറിലെ സീ വോട്ടർ സർവേയുമായി താരതമ്യം ചെയ്യു​േമ്പാൾ 0.6 ശതമാനത്തിന്‍റെ വർധനവാണിത്​. 2019ലെ ലോക്​സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ 6.2 ശതമാനം വോട്ട്​ ലഭിച്ചിരുന്നു.


എന്നാൽ, സീ വോട്ടർ സർവേ പ്രവചിക്കുന്നതിനേക്കാൾ മികച്ചതായിരിക്കും കോൺഗ്രസിന്​ വന്നുചേരാനിരിക്കുന്ന വിജയമെന്നാണ്​ സംസ്​ഥാനത്ത്​ പാർട്ടി പ്രവർത്തനങ്ങൾക്ക്​ ചുക്കാൻ പിടിക്കുന്ന നേതാക്കളിലൊരാളുടെ അവകാശവാദം​. സംസ്​ഥാനത്തെ ​ഏറ്റവും പ്രബലമായ രണ്ട​ു പാർട്ടികളിൽ ഒന്നല്ലെങ്കിലും കുടുതൽ ഭേദപ്പെട്ട വോട്ടിങ്​ ശതമാനമായിരിക്കും ഇക്കുറിയെന്ന്​ പാർട്ടി കരുതുന്നു. 'സീറ്റുകളുടെ എണ്ണത്തിലും സീവോട്ടർ സർവേ കോൺഗ്രസിനെ വില കുറച്ചുകാണുകയാണ്​. ഇക്കുറി സീറ്റുകളുടെ എണ്ണം രണ്ടക്കത്തിലെത്തുമെന്നതിൽ സംശയമൊന്നുമില്ല' -അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

തെരഞ്ഞെടുത്ത സീറ്റുകളിൽ മത്സരം

യു.പിയിൽ ഉടനീളം ആൾബലമുള്ള പാർട്ടിയല്ല ഇപ്പോൾ കോൺഗ്രസ്​. അതിനാൽ, ​തെരഞ്ഞെടുത്ത സീറ്റുകളിൽ മത്സരിക്കുക എന്നതാണ്​ പാർട്ടിയുടെ ചിന്തകളിൽ സജീവമായുള്ളത്​. തങ്ങള​ുടെ വിഭവവും സമയവുമെല്ലാം സാധ്യതയുള്ള സീറ്റുകളിലേക്ക്​ കേന്ദ്രീകരിക്കുകയാണ്​ ലക്ഷ്യം.

രണ്ടു​തരം സീറ്റുകളാണ്​ ഇതിനായി പാർട്ടി സെലക്​ട്​ ചെയ്യുക. കോൺഗ്രസിന്‍റെ ശക്​തരായ സാഥാനാർഥികളുള്ളവയാണ്​ ഒന്ന്​. മറ്റൊന്ന്​ ബി.​ജെ.പിക്ക്​ ഏറ്റവുമധികം വെല്ലു​വിളി ഉയർത്താൻ കഴിയുന്നവയും. 2009ലെ ലോക്​സഭാ തെരഞ്ഞെടുപ്പിലും ഏറക്കുറെ ഈ തന്ത്രമാണ്​ കോൺഗ്രസ്​ അവലംബിച്ചത്​. ഇക്കുറി മൊത്തം 403 സീറ്റുകളുള്ള യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ​ 80-100 സീറ്റുകളിലായിരിക്കും കോൺഗ്രസ്​ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നാണ്​ സൂചന.

യഥാർഥ 'യുദ്ധം' 2024

യു.പി നിയമസഭയിൽ കോൺഗ്രസ്​ പത്തുശതമാനത്തിൽ കൂടുതൽ സീറ്റ്​ നേടിയത്​ അവസാനമായി 1991ലാണ്​. 1993നുശേഷം 10 ശതമാനത്തിൽ കൂടുതൽ വോട്ട്​ നേടിയത്​ 2012ലും -11.6 ശതമാനം. അന്ന്​ കോൺഗ്രസ്​ കേന്ദ്രത്തിൽ അധികാരത്തിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ്​ പ്രചാരണത്തിലെ താരമുഖം രാഹുൽ ഗാന്ധിയായിരുന്നു.

ലോക്​സഭയിൽ 1999ൽ 14.7 ശതമാനം വോട്ടും പത്തു സീറ്റും ലഭിച്ചിരുന്നു. 2004ൽ ഒമ്പതു സീറ്റും 12 ശതമാനം വോട്ടും. 2009ൽ 21 സീറ്റും 18.3 ശതമാനം വോട്ടും നേടി കോൺഗ്രസ്​ കരുത്തുകാട്ടി. എന്നാൽ, 2014ലും 2019ലും പാർട്ടിക്ക്​ കനത്ത തിരിച്ചടിയായിരുന്നു ഫലം.


സംസ്​ഥാന തെരഞ്ഞെടുപ്പിനേക്കാൾ, ലോക്​സഭ മുന്നിൽകണ്ടുള്ള നീക്കങ്ങളാണ്​ കോൺഗ്രസി​േന്‍റത്​. പരമ്പരാഗതമായി പാർട്ടി താരതമ്യേന ശോഭിക്കുന്നതും ലോക്​സഭയിലേക്കുള്ള പോരിലാണ്​. മുലായം സിങ്​, മായാവതി, കല്യാൺ സിങ്​, അഖിലേഷ്​ യാദവ്​, യോഗി ആദിത്യനാഥ്​ എന്നിവരെപ്പോലെ സംസ്​ഥാന രാഷ്​ട്രീയത്തിൽ തലയെടുപ്പുള്ള നേതാവില്ലെന്നതാണ്​ കുറച്ചുകാലങ്ങളായി കോൺഗ്രസ്​ നേരിടുന്ന പ്രശ്​നം. പ്രിയങ്കയുടെ വരവോടെ അതിന്​ പരിഹാരമാകു​േമ്പാൾ, അതിനിർണായകമായ 2024ലെ ലോക്​സഭാ തെരഞ്ഞെടുപ്പിലേക്ക്​ നിലമൊരുക്കാനുള്ള പേരാട്ടവേദിയായി 2022ലെ നിയമസഭാ തെരഞ്ഞെടുപ്പ്​ ഉപയോഗപ്പെടുത്താനാണ്​ കോൺഗ്രസ്​ പദ്ധതി ആവിഷ്​കരിക്കുന്നത്​.

Tags:    
News Summary - Priyanka Gandhi's Mission Uttar Pradesh: Congress' Target is 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT