പേരിൽനിന്ന് ബാങ്ക് എന്ന പദം ഒഴിവാകുന്നതുകൊണ്ട് മാത്രം തീരുന്നതല്ല ഇതോടനുബന്ധിച്ച നിയമപ്രശ്നം. ഒരു ബാങ്കിങ് പ്രവർത്തനവും തുടർന്ന് നടത്താനാവില്ല. ചെക്കിടപാടുകളും അതോടെ അവസാനിപ്പിക്കേണ്ടിവരും. രാജ്യത്തെ സഹകരണ വായ്പമേഖല ഏറ്റവും ശക്തമായി നിലനിൽക്കുന്നത് കേരളത്തിലാണ്. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി വർത്തിക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളുടെ സാന്നിധ്യമാണ് അതിനു കാരണം. സാധാരണക്കാരായ മനുഷ്യരുടെ എല്ലാ വായ്പ ആവശ്യങ്ങൾക്കും പ്രാഥമിക സഹകരണ ബാങ്കുകൾ പരിഹാരം കാണുന്നു
കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾ അവയുടെ പേരിനൊപ്പം ബാങ്ക് എന്ന പദം ഉപയോഗിച്ച് പ്രവർത്തനം നടത്തുന്നതിനെതിരെ പൊതുജനങ്ങൾക്കുള്ള ജാഗ്രതനിർദേശം എന്ന നിലയിൽ റിസർവ് ബാങ്ക് (ആർ.ബി.ഐ) വീണ്ടും വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നു. ഏകദേശം രണ്ടുവർഷം മുമ്പും ഇതുപോലുള്ള വിജ്ഞാപനം വന്നിരുന്നു. അതിനെതിരെ സഹകരണ വകുപ്പും സർക്കാറും ആർ.ബി.ഐയെ സമീപിച്ചെങ്കിലും അനുകൂല പ്രതികരണമല്ല ഉണ്ടായത്. ഈ നിലപാടിനെ ന്യായീകരിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ പ്രസ്താവന നടത്തുകയും ചെയ്തു.
എന്നാൽ, പിന്നീട് കടുത്ത നിലപാടുകളൊന്നും കേന്ദ്ര സർക്കാറോ ആർ.ബി.ഐയോ സ്വീകരിച്ചുകണ്ടില്ല. വ്യത്യസ്ത സാഹചര്യത്തിലാണെങ്കിലും ബാങ്ക് എന്ന പേരുമായി ബന്ധപ്പെട്ട് സമാനമായ ഒരു സംഭവം കേരളത്തിൽ മുമ്പുമുണ്ടായിട്ടുണ്ട്. എം.വി. രാഘവൻ സഹകരണ മന്ത്രിയായിരിക്കെ യു.ഡി.എഫ് സർക്കാറിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി അൺലൈസൻസ്ഡ് അർബൻ സഹകരണ ബാങ്കുകൾ സംസ്ഥാനത്തിന്റെ പലയിടത്തും സ്ഥാപിക്കപ്പെട്ടിരുന്നു. ഇത് ശ്രദ്ധയിൽപെട്ടയുടനെ ബാങ്കിങ് ലൈസൻസില്ലാത്ത അത്തരം സ്ഥാപനങ്ങൾക്ക് ബാങ്കിടപാടുകൾ നടത്താൻ അവകാശമില്ലെന്നും അവയുടെ പേരിനൊപ്പം ബാങ്ക് എന്ന പദം ചേർത്തത് നീക്കം ചെയ്യണമെന്നും നിർദേശിച്ച് തിരുവനന്തപുരത്തുനിന്ന് റിസർവ് ബാങ്ക് കേരള റീജനൽ മാനേജർ വിവിധ ദിനപത്രങ്ങളിൽ വിജ്ഞാപനം നടത്തുകയുണ്ടായി.
വകുപ്പ് മേധാവിയായ സഹകരണ സംഘം രജിസ്ട്രാർ അതിനനുസൃതമായ നടപടികൾ സ്വീകരിക്കണമെന്നും വിജ്ഞാപനത്തിൽ നിർദേശമുണ്ടായിരുന്നു. സഹകരണ രജിസ്ട്രാറും റിസർവ് ബാങ്ക് റീജനൽ മാനേജറും തമ്മിൽ പ്രസ്താവനകളിലൂടെ കൊമ്പുകോർക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സഹകരണം സംസ്ഥാന വിഷയമാണെന്ന് സഹകരണ രജിസ്ട്രാറും ബാങ്കിങ് കേന്ദ്ര വിഷയമാണെന്ന് ആർ.ബി.ഐ റീജനൽ മാനേജറും വാദിച്ചു. റീജനൽ മാനേജർ നിയമനടപടിയിലേക്കും നീങ്ങി.
കാര്യങ്ങൾ പന്തിയല്ലെന്ന് വന്നതോടെ സഹകരണ വകുപ്പ് പിന്നോട്ടടിച്ചു. സഹകരണ രജിസ്ട്രാറുടെ നിർദേശാനുസരണം ഈ ബാങ്കുകൾ ബൈലോ ഭേദഗതി ചെയ്ത് സഹകരണ അർബൻ സൊസൈറ്റികൾ എന്ന പേരിലാണ് പിന്നീട് പ്രവർത്തിച്ചത്. അന്ന് പുതുതായി രജിസ്േട്രഷൻ ലഭിച്ച ചില അൺ ലൈസൻസ്ഡ് അർബൻ ബാങ്കുകൾ ഹൈകോടതിയെ സമീപിച്ചെങ്കിലും റിട്ട് ഹരജികളൊക്കെ കൂട്ടത്തോടെ തള്ളപ്പെട്ടു.
അതിനെതിരെ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലുകളും ഫലം കണ്ടില്ല. അന്നത്തെ സാഹചര്യത്തിൽനിന്ന് വളരെ വ്യത്യസ്തമാണ് ഇന്നത്തെ അവസ്ഥ. തൃശൂർ, തിരുവനന്തപുരം, വയനാട് ജില്ലകളിലെ ചില സർവിസ് സഹകരണ ബാങ്കുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുകയും ഭാരവാഹികളെ അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യമാണല്ലോ നിലവിലുള്ളത്. ആരോപണ വിധേയമായ ബാങ്കുകളുടെ മേൽ ഇ.ഡി കൂടുതൽ പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്.
പേരിൽനിന്ന് ബാങ്ക് എന്ന പദം ഒഴിവാകുന്നതുകൊണ്ട് മാത്രം തീരുന്നതല്ല ഇതോടനുബന്ധിച്ച നിയമപ്രശ്നം. ഒരു ബാങ്കിങ് പ്രവർത്തനവും തുടർന്ന് നടത്താനാവില്ല. ചെക്കിടപാടുകളും അതോടെ അവസാനിപ്പിക്കേണ്ടി വരും. രാജ്യത്തെ സഹകരണ വായ്പമേഖല ഏറ്റവും ശക്തമായി നിലനിൽക്കുന്നത് കേരളത്തിലാണ്. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി വർത്തിക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളുടെ സാന്നിധ്യമാണ് അതിനു കാരണം. സാധാരണക്കാരായ മനുഷ്യരുടെ എല്ലാ വായ്പ ആവശ്യങ്ങൾക്കും പ്രാഥമിക സഹകരണ ബാങ്കുകൾ പരിഹാരം കാണുന്നു. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 58 സഹകരണ അർബൻ ബാങ്കുകൾക്കാണ് റിസർവ് ബാങ്ക് ലൈസൻസുള്ളത്.
അവയുടെ കീഴിൽ അഞ്ഞൂറോളം ശാഖകളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നു. പ്രാഥമിക സഹകരണ ബാങ്കുകൾ നിലനിൽക്കേണ്ടത് ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ താൽപര്യമാണ്. എന്നാൽ, ഇന്നത്തേതുപോലെ പലവിധ ആരോപണങ്ങൾക്ക് വിധേയമായി അല്ല അവ നിലനിൽക്കേണ്ടത്. റിസർവ് ബാങ്കിനുകൂടി നിയന്ത്രണാധികാരമുള്ള അർബൻ സഹകരണ ബാങ്കുകളുടെ കാര്യത്തിൽ സാധാരണഗതിയിൽ അത്തരം ആരോപണങ്ങളൊന്നും ഉണ്ടാവുന്നില്ല. അർബൻ സഹകരണ ബാങ്കുകൾ ബാങ്കിങ് നയത്തിലെ കെ.വൈ.സി (നോ യുവർ കസ്റ്റമർ-ഇടപാടുകാരനെ തിരിച്ചറിയുക) മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് (ആധാർ കാർഡ്, പാൻ കാർഡ്, ഫോട്ടോ) നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്.
അതുകൊണ്ടാണ് അവിടെ കള്ളപ്പണ ഇടപാടുകൾ തടയപ്പെടുന്നതായി കാണപ്പെടുന്നത്. എന്നാൽ, പ്രാഥമിക സഹകരണ ബാങ്കുകളിൽ കെ.വൈ.സി മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ കള്ളപ്പണം അറിഞ്ഞോ അറിയാതെയോ ബാങ്കുകളിലേക്ക് എത്തുന്നു എന്ന ആരോപണം നിലനിൽക്കുന്നു.
ബാങ്ക് എന്ന പേര് ഉപേക്ഷിച്ചുകൊണ്ടും ബാങ്കിങ് പ്രവർത്തനം നിർത്തിക്കൊണ്ടും സംഘങ്ങൾക്ക് സുഗമമായി പ്രവർത്തിക്കാൻ കഴിയില്ല. ബാങ്ക് എന്ന പേര് ഉപേക്ഷിച്ച് സംഘം എന്നാക്കി നിയമാവലി ഭേദഗതി ചെയ്യുന്നതോടെ തന്നെ ബാങ്കിങ് പ്രവർത്തനവും അവസാനിപ്പിക്കേണ്ടി വരുന്നതാണ്. കൂട്ടത്തിൽ പറയട്ടെ, ബാങ്ക് എന്ന പേരുമാറ്റി സംഘം എന്നാക്കി മാറ്റുന്നതിൽ മനഃശാസ്ത്രപരമായ ഒരുവശമുണ്ടെന്ന കാര്യം മറന്നുകൂടാ. സഹകരണ വകുപ്പിലെ സേവനകാലത്ത് രണ്ട് പ്രമുഖ സഹകരണ ബാങ്കുകളുടെ അഡ്മിനിസ്േട്രറ്റർ എന്ന നിലയിൽ പ്രവർത്തിച്ച അനുഭവത്തിൽ ബാങ്ക് എന്ന പദത്തിന് നിക്ഷേപം ആകർഷിക്കാനുള്ള മാസ്മരികശക്തിയുണ്ടെന്ന് ലേഖകന് നേരിട്ട് ബോധ്യമുള്ളതാണ്. എന്നാൽ, സംഘം എന്ന വാക്കിന് അതില്ല.
1600ൽപരം പ്രാഥമിക സഹകരണ ബാങ്കുകളടക്കം മൊത്തം പ്രാഥമിക സഹകരണ സംഘങ്ങളിൽ ഒരു ലക്ഷം കോടി രൂപ നിക്ഷേപമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതിന്റെ 70 ശതമാനമെങ്കിലും വായ്പയായി വിതരണം ചെയ്തിട്ടുണ്ടാകാം. ബാങ്കുകളുടെ വിശ്വാസ്യത നിരന്തരം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിലും റിസർവ് ബാങ്ക് വിജ്ഞാപനത്തിലെ ജാഗ്രത നിർദേശങ്ങളുടെ പ്രത്യാഘാതമായും കൂട്ടത്തോടെ ചെക്കുകൾ വന്നാൽ പണം നൽകാൻ ബാങ്കുകൾക്ക് ഉടനടി സാധിച്ചുകൊള്ളണമെന്നില്ല. അത്തരം ഒരവസ്ഥ ബാങ്കുകളെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കും എന്ന കാര്യം തീർച്ചയാണ്. നിലവിലെ റിസർവ് ബാങ്ക് നയപ്രകാരം അർബൻ സഹകരണ ബാങ്കുകൾക്കേ ബാങ്കിങ് ലൈസൻസ് നൽകാൻ ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം സാധിക്കുകയുള്ളൂ.
എന്നാൽ, കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ നിലവിലുള്ള 1600ൽപരം പ്രാഥമിക സർവിസ് സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായി ബാങ്കിങ് ലൈസൻസ് നൽകാൻ റിസർവ് ബാങ്ക് തയാറാവേണ്ടതാണ്. അതുപ്രകാരം ബാങ്കുകൾക്ക് ലൈസൻസ് ലഭിക്കുന്നതു വരെ 1949ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വകുപ്പ് ഏഴ് പ്രകാരം സംഘങ്ങൾ അവരുടെ പേരിനൊപ്പം ബാങ്ക് എന്ന പദം ഉപയോഗിക്കുന്നതിനും ബാങ്കിങ് പ്രവർത്തനം നടത്തുന്നതിനും എതിരെ ഏതെങ്കിലും നടപടി സ്വീകരിക്കുന്നത് തൽക്കാലം മരവിപ്പിച്ചു നിർത്തേണ്ടതാണ്. ആർ.ബി.ഐ വിജ്ഞാപനം പത്രങ്ങളിൽ വന്നതിനെ തുടർന്ന് ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ പ്രസ്താവിച്ചിരുന്നു. ക്രിയാത്മകമായ നടപടികൾ കേരള സർക്കാറിൽനിന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
(റിട്ട. സഹകരണ ജോയന്റ് രജിസ്ട്രാറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.