കേരള രാഷ്ട്രീയത്തിലെ അപൂർവതകളിലൊന്നാണ് ഉമ്മൻ ചാണ്ടി. അങ്ങനെയൊരാളെയോ അതിനടുത്തുനിൽക്കാൻ പറ്റുന്ന മറ്റൊരാളെയോ ചൂണ്ടിക്കാണിക്കാനില്ല. മടുപ്പില്ലാത്ത പൊതുജീവിതത്തിന്റെ വിസ്മയമായിരുന്നു അത്. 53 വർഷം ഒരു നിയമസഭാ മണ്ഡലത്തെ പ്രതിനിധാനംചെയ്ത സാമാജികൻ. ഒരു മനുഷ്യായുസ്സ് മുഴുവൻ ജനങ്ങൾക്കുവേണ്ടി മാറ്റിവെച്ച പൊതുപ്രവർത്തകൻ. അധികാരം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ജനങ്ങൾക്കിടയിൽ ഇടപഴകിയ നേതാവ്. ഉമ്മൻ ചാണ്ടി ഒരു വിശേഷണത്തിലും ഒതുങ്ങുന്ന ആളല്ല.
പുതുപ്പള്ളി സെൻറ് ജോർജ് ഹൈസ്കൂളിൽ കെ.എസ്.യു പ്രവർത്തകനായി വിദ്യാർഥി രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിച്ച ഉമ്മൻ ചാണ്ടി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചാണ് കോൺഗ്രസ് നേതൃനിരയിലേക്കെത്തുന്നത്. 1970ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കെ പുതുപ്പള്ളിയിൽ മത്സരിച്ച് നിയമസഭയിലെത്തി. തുടർന്ന് 11 തെരഞ്ഞെടുപ്പുകളിൽ അതേ മണ്ഡലത്തിൽ മത്സരിച്ച് ജയിച്ച് നിയമസഭാംഗമായി.
കെ. കരുണാകരൻ, എ.കെ. ആന്റണി എന്നിവരുടെ മന്ത്രിസഭകളിൽ തൊഴിൽ, ആഭ്യന്തരം, ധനകാര്യ വകുപ്പുകൾ വഹിച്ച ഉമ്മൻ ചാണ്ടി 2004ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരു സീറ്റിൽപോലും കോൺഗ്രസിന് ജയിക്കാൻ കഴിയാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എ.കെ. ആന്റണി രാജിവെച്ച ഒഴിവിലാണ് ആദ്യം മുഖ്യമന്ത്രിയായത്. 2006ലെ തെരഞ്ഞെടുപ്പിൽ പക്ഷേ, 42 സീറ്റോടെ യു.ഡി.എഫ് പ്രതിപക്ഷത്തായി. പ്രതിപക്ഷ നേതാവിന്റെ റോളിൽ തിളങ്ങിയ ഉമ്മൻ ചാണ്ടിക്ക് 2009ലെ ലോക്സഭ തെരഞ്ഞടുപ്പിൽ 20ൽ 16 സീറ്റിലേക്ക് യു.ഡി.എഫിനെ എത്തിക്കാൻ കഴിഞ്ഞു. എന്നാൽ, 2011 നിയമസഭ തെരഞ്ഞെടുപ്പിൽ ഈ വിജയം ആവർത്തിക്കാൻ കഴിഞ്ഞില്ല. യു.ഡി.എഫിന് ഭരണം കിട്ടിയെങ്കിലും വെറും രണ്ടു സീറ്റിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. എന്നിട്ടും ഒരു സർക്കസ് അഭ്യാസിയുടെ മെയ്വഴക്കത്തോടെ ആ സർക്കാറിന്റെ കാലാവധി തികക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞു.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായ രണ്ടു തവണയും വിവാദങ്ങൾക്ക് നടുവിലായിരുന്നു യു.ഡി.എഫ് സർക്കാർ. ആദ്യം ഐസ്ക്രീം പാർലർ കേസ്. അതിന് വിരാമമായപ്പോൾ സോളാർ കേസ്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മന്ത്രിസ്ഥാനത്തുനിന്നുള്ള രാജിയോടെയാണ് ഐസ്ക്രീം പാർലർ കേസ് കെട്ടടങ്ങിയത്. സോളാർ കേസിൽ ഉമ്മൻ ചാണ്ടി അടക്കം പ്രതി ചേർക്കപ്പെട്ടവരെ കോടതി പൂർണമായി കുറ്റമുക്തരാക്കിയപ്പോഴേക്കും അദ്ദേഹം ആശുപത്രിക്കിടക്കയിലായിക്കഴിഞ്ഞിരുന്നു.
കേരളത്തിന്റെ അടിസ്ഥാന വികസനത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ച മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. കൊച്ചി മെട്രോക്കും വിഴിഞ്ഞം തുറമുഖ പദ്ധതിക്കും ജീവൻവെപ്പിച്ചത് അദ്ദേഹമാണ്. വിഴിഞ്ഞം പദ്ധതിക്ക് 1995ൽ ആലോചന ആരംഭിച്ചെങ്കിലും തർക്കങ്ങളിൽപെട്ട് മുടങ്ങിക്കിടക്കുകയായിരുന്നു. രണ്ടാം ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് 2015ലാണ് നിർമാണം തുടങ്ങിയത്. പ്രതിപക്ഷത്തുനിന്ന് മാത്രമല്ല, സ്വന്തം പാർട്ടിയിൽനിന്നും ഇതിനെതിരെ എതിർപ്പുണ്ടായി. എന്നാൽ, ഉമ്മൻ ചാണ്ടി മുന്നോട്ടുപോയി. എന്നാൽ പിണറായി സർക്കാർ തന്നെ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതാണ് പിന്നീട് കണ്ടത്. കൊച്ചി മെട്രോക്ക് 2012ൽ ഉമ്മൻ ചാണ്ടി തുടക്കമിട്ടെങ്കിലും നിർമാണം നീണ്ടുപോയതിനാൽ 2017ൽ ഉദ്ഘാടനം ചെയ്തത് പിണറായി വിജയൻ മുഖ്യമന്ത്രി ആയപ്പോഴാണ്. കണ്ണൂർ വിമാനത്താവള നിർമാണം ആരംഭിച്ചത് 2014ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ്. മുടങ്ങിക്കിടന്ന ദേശീയപാത ബൈപാസ് നിർമാണം പുനരാരംഭിക്കുന്നതും കൊച്ചിയിൽ സ്മാർട്ട് സിറ്റി പദ്ധതി ഒന്നാം ഘട്ടം പൂർത്തിയാകുന്നതും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. തൊഴിലില്ലായ്മ വേതനം നടപ്പാക്കിയതാര് എന്ന ചോദ്യത്തിന് ഉത്തരവും ഉമ്മൻ ചാണ്ടിയെന്നാണ്. ചുമട്ടു തൊഴിലാളി നിയമം നടപ്പാക്കിയതും അദ്ദേഹത്തിന്റെ കാലത്തായിരുന്നു.
മന്ത്രി ആയിരുന്നപ്പോഴും മുഖ്യമന്ത്രി ആയിരുന്നപ്പോഴും അധികാരത്തിന്റെ അലങ്കാരങ്ങളൊന്നും ഇല്ലാതിരുന്ന കാലത്തും ആർക്കും ഒരു തടസ്സവും കൂടാതെ അദ്ദേഹത്തെ കാണാൻ കഴിയുമെന്നതായിരുന്നു പ്രത്യേകത. ആഭ്യന്തരമന്ത്രി ആയിരുന്നപ്പോഴും മുഖ്യമന്ത്രി ആയിരുന്നപ്പോഴും പൊലീസിന്റെ അകമ്പടിയിൽ രമിച്ച നേതാവായിരുന്നില്ല അദ്ദേഹം.
എതിർ ചേരിയിലുള്ള നേതാക്കന്മാരെയോ അവരുടെ കുടുംബാംഗങ്ങളെയോ ആക്ഷേപിക്കുന്ന രീതി അദ്ദേഹം ഒരിക്കലും സ്വീകരിച്ചില്ല. ഒരാൾക്ക് താങ്ങാവുന്നതിനപ്പുറം ആരോപണ ശരങ്ങൾ ഏറ്റിട്ടും ഉമ്മൻ ചാണ്ടി അതേ നാണയത്തിൽ ആർക്കുമെതിരെ ഒരിക്കൽപോലും പ്രതികരിച്ചിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.