സുപ്രീംകോടതിയുടെ ഭരണഘടനാ സംവിധാനത്തിനെതിരെ പൊട്ടിത്തെറിച്ച് കൊളീജിയത്തിൽ ഉൾപ്പെട്ട നാല് മുതിർന്ന ജഡ്ജിമാർ പരസ്യമായി വാർത്തസമ്മേളനം വിളിച്ച് കോടതിയുടെ പ്രവർത്തനശൈലിക്കെതിരെയുള്ള എതിർപ്പ് പ്രകടിപ്പിച്ച നടപടി സുപ്രീംകോടതിയുടെ പ്രവർത്തനശൈലിയിൽ മാറ്റംവരുത്താൻ ഇടയാക്കുമെങ്കിൽ സ്വാഗതംചെയ്യുന്നു. അല്ലെങ്കിൽ ഇൗ നീക്കത്തെ ശക്തമായി എതിർക്കുന്നു. അരങ്ങേറിയത് അസാധാരണ സംഭവംതന്നെ. സുപ്രീംകോടതിയുടെയും ഹൈകോടതികളുടെയും ചരിത്രത്തിൽ ജഡ്ജിമാർ നാളിതുവരെ മാധ്യമങ്ങളെ കണ്ടതായി കേട്ടിട്ടില്ല; പ്രേത്യകിച്ച് സിറ്റിങ് ജഡ്ജിമാർ. ഇവർക്ക് ജനങ്ങളെ എന്തെങ്കിലും വിഷയങ്ങൾ അറിയിക്കാനുണ്ടെങ്കിൽ അത് സാധാരണയായി സുപ്രീംകോടതി രജിസ്ട്രാർ ജനറലിനെ ചുമതലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഹൈകോടതികളിലും ഇൗ സംവിധാനമാണ് നിലവിലുള്ളത്. എല്ലാ പതിവുകളും മാറ്റിവെച്ച് ജസ്റ്റിസുമാർ മാധ്യമങ്ങളെ കണ്ടതുതന്നെ അസാധാരണമെന്ന് പറയുേമ്പാഴും സുപ്രീംകോടതിയുടെ ഭരണം കുത്തഴിഞ്ഞ അവസ്ഥയിലാണെന്ന് കരുതാനാവില്ല.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ കൊളീജിയത്തിൽ ഉൾപ്പെടുന്ന ജഡ്ജിമാർ പരസ്യനിലപാട് എടുത്തതിനെ ഗൗരവമായിതന്നെ കാണുന്നു. ജസ്റ്റിസ് കർണെൻറ കേസിൽ കൊളീജിയത്തിെൻറ പ്രവർത്തനം സംബന്ധിച്ച് മെമ്മോറാണ്ടം തയാറാക്കാൻ ചീഫ് ജസ്റ്റിസ് ഏഴ് ജഡ്ജിമാരെ നിയോഗിച്ചിരുന്നു. എന്നാൽ, ഇതുവരെ ഇക്കാര്യത്തിൽ വ്യക്തമായ ഒരു നയം അവർ തയാറാക്കിക്കൊടുത്തിട്ടില്ല. പ്രേത്യക മെമ്മോറാണ്ടം തയാറാക്കിയിരുന്നെങ്കിൽ വിവാദ വിഷയങ്ങൾക്ക് അത് പരിഹാരമാകുമായിരുന്നു. ജസ്റ്റിസ് കർണൻ കേസിൽ ഉൾപ്പെട്ട കൊളീജിയം എടുത്ത നിലപാടുകളെ എല്ലാവരും അംഗീകരിച്ചിരുന്നു. എന്നാൽ, ഇൗ വിഷയത്തിൽ സർക്കാറിെൻറ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടുമില്ല.
ഏതു കേസ്, ഏതു ബെഞ്ച് കൈകാര്യം ചെയ്യണമെന്ന കാര്യത്തിലും ബെഞ്ച് മാറ്റുന്നതിലും ചീഫ് ജസ്റ്റിസിന് പൂർണ അധികാരമാണുള്ളത്. ഇതിനു നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനുമുണ്ട്. ഫുട്ബാൾ കളിയിൽ സഹകളിക്കാർ എവിടെ നിൽക്കണമെന്ന് ക്യാപ്റ്റൻ തീരുമാനിക്കുന്നതുപോലെ. അതിൽ മറ്റാർക്കും ഇടപെടാനാവില്ല. ചീഫ് ജസ്റ്റിസായിരുന്ന ജെ.എസ്. വർമക്കെതിരെ രാജസ്ഥാൻ ഹൈകോടതിയിൽ കേസ് വന്നപ്പോൾ ആ കേസ് സുപ്രീംകോടതിയുടെ ബെഞ്ചിലേക്ക് വിളിച്ചുവരുത്തിയ സംഭവവും ഉണ്ട്. പിന്നീട് ചീഫ് ജസ്റ്റിസിനെ ഒഴിച്ചുനിർത്തിയുള്ള മറ്റൊരു ബെഞ്ച് കേസ് പരിഗണിച്ച് തള്ളിയതും ഉദാഹരണമാണ്. രാജ്യത്തെ ഏതു കോടതിയിലുള്ള കേസും സുപ്രീംകോടതിയിലേക്ക് വിളിച്ചുവരുത്താനുള്ള അധികാരം ചീഫ് ജസ്റ്റിസിനുണ്ട്. ഇപ്പോഴത്തെ വിവാദത്തിൽ ഉൾപ്പെട്ട ജഡ്ജിമാർ ചീഫ് ജസ്റ്റിസിന് നൽകിയ കത്തിൽ കീഴ്വഴക്കങ്ങൾ പാലിച്ചിട്ടില്ലെന്നാണ് പറയുന്നത്. കത്ത് കണ്ടിരുന്നു. എന്നാൽ, എന്തു കീഴ്വഴക്കമാണ് ലംഘിച്ചതെന്ന് മനസ്സിലാവുന്നില്ല.
കേശവാനന്ദ ഭാരതി കേസിൽ സുപ്രീംകോടതി എടുത്ത നിലപാട് ഇവിടെ നിർണായകമാണ്. ചീഫ് ജസ്റ്റിസ് സിക്രി ഉൾപ്പെടെയുള്ള 13 അംഗ ബെഞ്ച് ഏതു ഭരണഘടനാ ഭേദഗതിയും ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങൾ ലംഘിക്കരുതെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു. ഇത്തരം വിവാദ വിഷയങ്ങളില്‍ ഫുള്‍കോര്‍ട്ട് വിളിച്ചു തീരുമാനമെടുക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിലും അടിയന്തരമായി ഫുൾകോർട്ട് വിളിച്ചുകൂട്ടണം. ജനങ്ങളുടെ വിശ്വാസ്യതയാണ് പ്രധാനം. എല്ലാ ദിവസവും ചീഫ് ജസ്റ്റിസിെൻറ സാന്നിധ്യത്തിൽ ജഡ്ജിമാർ രാവിലെ യോഗം ചേരാറുണ്ട്. അന്നത്തെ കേസുകളും വിവാദ വിഷയങ്ങളുമൊക്കെ ഇൗ യോഗത്തിൽ ചർച്ചചെയ്യാറുമുണ്ട്. എന്തെങ്കിലും വിഷയം പ്രത്യേകമായി ചർച്ചചെയ്യണമെങ്കിൽ അന്നുതന്നെ വീണ്ടും യോഗം ചേരണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടാൽ മുഴുവൻ ജഡ്ജിമാരും യോഗത്തിന് എത്താറുമുണ്ട്. കേസുകൾ ജഡ്ജിമാർക്ക് കൈമാറുന്നതും ബെഞ്ച് രൂപവത്കരിക്കുന്നതുമൊക്കെ ചീഫ് ജസ്റ്റിസിെൻറ സാന്നിധ്യത്തിലുള്ള ഇൗ യോഗത്തിലാണ്. നിയമവ്യവസ്ഥയുടെ കാതലും അതാണ്‍. ഈ വിശ്വാസ്യതയില്‍ പോറലുണ്ടാകാൻ പാടില്ല. വിശ്വാസ്യത കാത്തുസൂക്ഷിച്ചേ പറ്റൂ.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര
വാർത്തസമ്മേളനം വിളിച്ചുചേര്‍ത്ത ജഡ്ജിമാരുടെ തീരുമാനത്തെ കുറ്റപ്പെടുത്തുന്നില്ല. ചര്‍ച്ചകളിലൂടെ പരിഹാരങ്ങളുമുണ്ടാകണം. സുപ്രീംകോടതിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാൽ, ഇൗ പ്രവണത നല്ലതല്ല. അധികാരത്തർക്കങ്ങൾ സുപ്രീംകോടതിക്ക് അകത്തുണ്ടാകുന്ന പ്രവണത അനുവദിക്കാനും പാടില്ല. ഇക്കാര്യത്തിൽ ആദ്യം പരിഹാരം പറയേണ്ടത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെയാണ്. ഫുൾകോർട്ട് വിളിച്ച് ചർച്ചചെയ്ത് പ്രശ്നം പരിഹരിക്കാനാവും. ഇത് ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന സംഭവമൊന്നുമല്ല. ഭരണഘടനയുടെ 21ാം വകുപ്പ് അനുസരിച്ച് നിയമങ്ങൾ ന്യായവും നീതിയുക്തവുമാകണമെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. കീഴ്വഴക്കങ്ങൾ കാറ്റിൽ പറത്തുന്നത് കോടതിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് കത്തിൽ പറയുന്നു. എന്നാൽ, ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിെൻറ പരാമർശങ്ങളൊന്നും കത്തിലില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.