ശബരിമല മേൽശാന്തി നിയമനവും സാമൂഹിക നീതിയും

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിൽ മേൽശാന്തി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. മേൽശാന്തി തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതകളിൽ ഏറ്റവും പ്രധാനപ്പെട്ടതായി ദേവസ്വം ബോർഡ് നിശ്ചയിച്ചിട്ടുള്ളത് അപേക്ഷകൻ മലയാള ബ്രാഹ്മണനായിരിക്കണം എന്നാണ്.

ഇതനുസരിച്ച് താന്ത്രികവിദ്യ അഭ്യസിച്ച യോഗ്യരായ ഈഴവരാദി പിന്നാക്ക ജാതിവിഭാഗങ്ങളിലെ ഉദ്യോഗാർഥികൾക്കാർക്കുംതന്നെ ശബരിമല, മാളികപ്പുറം മേൽശാന്തി തസ്തികകളിലേക്ക് അപേക്ഷിക്കാൻ സാധ്യമല്ല. ഇത് ജാത്യവഹേളനവും അയിത്തമാചരിക്കലുമാണ്.

'ഹിന്ദുമത' തത്ത്വശാസ്ത്ര വ്യാഖ്യാതാക്കളുടെ സ്ഥിരം പല്ലവി, കർമംകൊണ്ടാണ് ഒരു വ്യക്തി ബ്രാഹ്മണനാവുക എന്നാണ്. 'തത്ത്വമസി' മുതലായ ഉപനിഷദ് വാക്യങ്ങൾ വ്യാഖ്യാനിച്ചുകൊണ്ട് എല്ലാവരും പരബ്രഹ്മത്തിന്റെ അംശസ്വരൂപരാണെന്ന് സ്ഥാപിക്കാൻ വെമ്പുന്ന പാരമ്പര്യത്തിന്റെ പതാകാവാഹകർ ദലിത്-പിന്നാക്ക ജാതി വിഭാഗങ്ങളെ പുറന്തള്ളുന്നത് ഏത് അദ്വൈതയുക്തിയുടെ അടിസ്ഥാനത്തിലാണാവോ?

ഭരണഘടനാവാഴ്ച നിലനിൽക്കുന്ന ഇന്ത്യയിൽ മറ്റൊരു രീതിയിൽ അയിത്തം കടത്തിവിടാൻ ശ്രമിക്കുന്നത് ഇന്ത്യൻ ഭരണഘടനയെയും അതിന്റെ ജനാധിപത്യമൂല്യങ്ങളെയും വെല്ലുവിളിക്കുന്നതിന് തുല്യമാണ്; ഭരണഘടന മുന്നോട്ടുവെക്കുന്ന തുല്യതയുടെയും പ്രാതിനിധ്യാവകാശങ്ങളുടെയും ലംഘനമാണ്.ഈശ്വരന്റെ മുന്നിൽ എല്ലാവരും തുല്യരാണെന്ന് ഉപദേശ സാഹസ്രി ചൊല്ലുന്നവർതന്നെയാണ് മലയാള ബ്രാഹ്മണർ സവിശേഷ തുല്യതക്കർഹരാണെന്ന് അവകാശപ്പെടുന്നത്. ഇതാകട്ടെ സാമൂഹിക നീതിയുടെ തത്ത്വങ്ങൾക്ക് സമ്പൂർണമായി എതിരായ ഒന്നാണ്.

പൗരോഹിത്യം ജനാധിപത്യവത്കരിക്കപ്പെടണം

പൗരോഹിത്യം ജനാധിപത്യവത്കരിക്കുന്നതിലൂടെ മാത്രമേ ബ്രാഹ്മണ്യത്തിന്റെ സവിശേഷ മൂല്യപദവികളെ സമ്പൂർണമായി റദ്ദ് ചെയ്യാൻ കഴിയുകയുള്ളൂ. ശബരിമല മേൽശാന്തി തസ്തികകളിലേക്ക് ബ്രാഹ്മണേതര വിഭാഗങ്ങളിൽപെട്ടവർ അപേക്ഷിക്കേണ്ടതില്ലെന്ന് പ്രസ്താവിക്കുന്നതിലൂടെ ആ 'തൊഴിൽ' മലയാള ബ്രാഹ്മണർ എന്ന പ്രത്യേക ജാതിവിഭാഗത്തിനായി പാരമ്പര്യബദ്ധമായി മാറ്റിവെക്കപ്പെട്ടിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.

ഇങ്ങനെ താന്ത്രികകർമങ്ങൾ ചെയ്യുന്ന ഒരു മേഖല (തൊഴിൽ മേഖല) പാരമ്പര്യബദ്ധമായി നിലനിർത്തുന്നത് പൗരോഹിത്യത്തെ പാരമ്പര്യാധിഷ്ഠിതമായി ശാശ്വതവത്കരിക്കുന്നതിലാവും കലാശിക്കുക. ഡോ. ബി.ആർ. അംബേദ്കർ അനിഹിലേഷൻ ഓഫ് കാസ്റ്റ് എന്ന വിഖ്യാത ഗ്രന്ഥത്തിൽ നിരീക്ഷിക്കുന്നത് ഇപ്രകാരമാണ്: ''ഹിന്ദുക്കളിലെ പൗരോഹിത്യം അവസാനിപ്പിക്കുന്നതാവും നല്ലത്.

പക്ഷേ, അത് അസാധ്യമായി കരുതുന്നതിനാൽ പൗരോഹിത്യം പാരമ്പര്യാധിഷ്ഠിതമാക്കുന്നത് അവസാനിപ്പിക്കണം. ഹിന്ദുമതം അംഗീകരിക്കുന്ന ഏതൊരാളിനും പുരോഹിതനാകാൻ അർഹതയുണ്ടായിരിക്കണം.'' ഒരു പ്രത്യേക ജാതിയിൽ ജനിക്കുന്നതാണ് പൗരോഹിത്യത്തിനുള്ള മാനദണ്ഡമെന്ന് വരുന്നത് ആധുനിക കാലത്തും നിലനിൽക്കുന്ന ജാതിവരേണ്യ യുക്തികളെയാണ് വെളിപ്പെടുത്തുന്നത്.

മനുസ്മൃതിയുടെയും ശാങ്കരസ്മൃതിയുടെയും യുക്തികളാണ് ദേവസ്വം ബോർഡിന്റെ വിജ്ഞാപനത്തെ നിർണയിക്കുന്നതെന്ന് വന്നാൽ അത് ജനാധിപത്യ തത്ത്വങ്ങൾക്ക് ഒട്ടും ഭൂഷണമല്ല.അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയതിലൂടെ താന്ത്രികവിദ്യയുടെയും പ്രതിഷ്ഠാദി കർമങ്ങളുടെയും അധികാരം ബ്രാഹ്മണരിൽ മാത്രം നിക്ഷിപ്തമായ ഒന്നല്ലെന്നാണ് നാരായണഗുരു വിളംബരം ചെയ്തത്. ജാതിഭേദവും മതദ്വേഷവും ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായാണ് ജനസമൂഹത്തെയും ജീവിതമണ്ഡലത്തെയും ഗുരു ഭാവന ചെയ്തത്.

ഗുരുവിന്റെ നവോത്ഥാന പാരമ്പര്യം സംവഹിക്കുന്ന പൊതുമണ്ഡലം ശബരിമലയിൽ മേൽശാന്തിയാകുവാൻ അധികാരം മലയാള ബ്രാഹ്മണർക്കു മാത്രമാണെന്ന് പ്രഖ്യാപിക്കുന്നത് നവോത്ഥാന പാരമ്പര്യത്തെതന്നെ തമസ്കരിക്കലാണ്. എന്തുകൊണ്ടാണ് ശബരിമല, മാളികപ്പുറം മേൽശാന്തി തസ്തികകളിൽ മലയാള ബ്രാഹ്മണർ എന്നൊരു പ്രത്യേക ജാതിസംവർഗം പരിഗണിക്കപ്പെടുന്നതെന്ന് കാര്യകാരണസഹിതം വ്യക്തമാക്കാനുള്ള ബാധ്യത ദേവസ്വം ബോർഡിനുണ്ട്.

നൂറുശതമാനം ബ്രാഹ്മണർക്കായി മാത്രം സംവരണം ചെയ്തിരിക്കുന്ന ഈ മേൽശാന്തി തസ്തികകളിലേക്കുള്ള വിജ്ഞാപനം കേരളീയ പൊതുബോധത്തെ അൽപംപോലും ഉലക്കുന്നില്ല എന്നത് കേരളീയ പൊതുമണ്ഡലം സംവഹിക്കുന്ന ബ്രാഹ്മണ്യ ലോകവീക്ഷണത്തിന്റെ ഒരു നിദർശനം മാത്രമാണ്. ''ജാതിഭേദം മതദ്വേഷമേതുമില്ലാതെ...'' എന്ന നാരായണ ഗുരുവിന്റെ വചനകാവ്യം സദസ്സുകളിൽ ഉരുവിടാവുന്ന ഒന്നായി മാത്രം കാണുകയും കാര്യത്തോടടുക്കുമ്പോൾ ബ്രാഹ്മണ്യമൂല്യ വ്യവസ്ഥ ഹൃദയഭാവമാവുകയും ചെയ്യുന്ന പ്രത്യേക പ്രതിഭാസമായി 'കേരള നവോത്ഥാനം' മാറിത്തീർന്നിട്ടുണ്ട്.

സംവരണ തത്ത്വങ്ങൾ പാലിക്കപ്പെടണം

ശബരിമല-മാളികപ്പുറം മേൽശാന്തി തസ്തികകളിൽ മാത്രമല്ല, ദേവസ്വം ബോർഡിന്റെ സ്കൂളുകളിലും കോളജുകളിലും മറ്റനുബന്ധ സ്ഥാപനങ്ങളിലും 90 ശതമാനത്തിലധികം തൊഴിൽ തസ്തികകളും സവർണ-മുന്നാക്ക ജാതി വിഭാഗങ്ങളിൽപെട്ടവർ കൈയടക്കിവെച്ചിരിക്കുകയാണ്. ഇത് സംവരണ തത്ത്വങ്ങളുടെ സമ്പൂർണമായ ലംഘനമാണ്.

മേൽശാന്തി തസ്തികകളിൽ മാത്രമല്ല, ദേവസ്വം ബോർഡിന്റെ എല്ലാ തസ്തികകളിലും സംവരണ മാനദണ്ഡം പാലിക്കപ്പെടണമെങ്കിൽ പൊതുജനങ്ങളിൽനിന്നും ശക്തമായ അവബോധവും ജനാധിപത്യ സമരമാർഗങ്ങളും ഉണ്ടായിവരേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

ദലിതർക്കും പിന്നാക്ക ജാതി വിഭാഗങ്ങൾക്കും പ്രവേശനമില്ലാത്ത, അവരെ പുറന്തള്ളുന്ന ഒരു വ്യവസ്ഥിതിയുടെ ആന്തരവത്കരണത്തിൽനിന്ന് മുക്തമായാൽ മാത്രമേ അവിടം ജനാധിപത്യവത്കരിക്കപ്പെടുകയുള്ളൂ. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും തത്ത്വങ്ങൾ ഉൾക്കൊള്ളുന്ന ഭരണഘടന നിലനിൽക്കുന്ന ഈ രാജ്യത്ത് തുല്യതയുടെയും പ്രാതിനിധ്യത്തിന്റെയും അവകാശാധികാരങ്ങളെ നിഷേധിക്കുന്ന പ്രവണത ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ല.

ജാതി ചോദിക്കരുതെന്ന് തുടങ്ങുന്ന ശ്രീനാരായണവാക്യം ജാതി ഇല്ലാതാകുന്ന സ്ഥിതി കൈവരുത്താൻ ഉദ്ദേശിച്ച് പറഞ്ഞിട്ടുള്ളതാണെന്നും അത് സാമുദായിക അവശതകൾ പരിഹരിക്കാനുള്ള സംവരണം മുതലായ പരിരക്ഷകൾക്ക് എതിരായി ഉപയോഗിക്കാൻ വേണ്ടി പറഞ്ഞിട്ടുള്ളതല്ലെന്നും സഹോദരൻ അയ്യപ്പൻ പ്രസ്താവിക്കുന്നുണ്ട്. സംവരണമാണ് ദേശീയവാദമെന്നും സംവരണത്തിനെതിരായ ദേശീയവാദം മേൽജാതിക്കാർ നിക്ഷിപ്ത താൽപര്യ സംരക്ഷണാർഥം കൗശലപൂർവം ഉയർത്തുന്ന ജാതിസംരക്ഷണ വാദം മാത്രമാണെന്നും സഹോദരൻ ആവർത്തിച്ചു പറഞ്ഞു.

'സമുദായവാദത്തിൽ അഭിമാനിക്കണം' എന്ന ലേഖനത്തിൽ സഹോദരൻ എഴുതുന്നു: ''സമുദായ പ്രാതിനിധ്യംകൊണ്ട് മാത്രം ജനങ്ങളുടെ ശരിയായ പ്രാതിനിധ്യം സാധിക്കാവുന്ന സ്ഥിതിയിൽ സമുദായക്രമമുള്ള രാജ്യത്ത് സമുദായ പ്രാതിനിധ്യമാണ് യഥാർഥ ദേശീയത്വം. നേരെ മറിച്ച് അവിടെ സമുദായ പ്രാതിനിധ്യത്തോട് കൂടാത്ത ദേശീയം വെറും സമുദായ കുത്തകയായേ വരുകയുള്ളൂ.'' ജാതികൾക്ക് ജനസംഖ്യാനുപാതികമായി എല്ലാ രംഗങ്ങളിലും സംവരണം ഉണ്ടായേ കഴിയൂ. എന്നാൽ, മാത്രമേ ജാതിനിർമാർജനം സാധ്യമാവുകയുള്ളൂ.

'സാമുദായിക സംവരണം എന്റെ രാഷ്ട്രീയ സുവിശേഷമാണെന്ന്' പ്രഖ്യാപിച്ച സഹോദരൻ അയ്യപ്പന്റെ വാക്യങ്ങളെ മുന്നോട്ടെടുക്കേണ്ട ചരിത്രസന്ദർഭംകൂടിയാണിത്. നവോത്ഥാനം, പുരോഗമനം, സംവരണം തുടങ്ങിയവ പ്രബന്ധവിഷയങ്ങളായി തീരുകയും സാമൂഹിക ജീവിതത്തിന്റെ പ്രയോഗസ്ഥാനങ്ങളിൽ അവയെല്ലാം പുറത്തുനിർത്തുകയും ചെയ്യുന്ന സമീപനം ജനാധിപത്യവിരുദ്ധവും വിമോചനാത്മകമായ സമത്വാശയങ്ങളുടെ ലംഘനവുമാണ്. പുറന്തള്ളപ്പെട്ട ജനവിഭാഗങ്ങളെ ഉൾക്കൊണ്ട് മാത്രമേ സാമൂഹികനീതി പുലരുകയുള്ളൂ എന്ന തത്ത്വം പ്രയോഗരൂപമാർജിച്ചാൽ മാത്രമേ ജനാധിപത്യവത്കരണത്തിന്റെ പാത സുദൃഢമാവുകയുള്ളൂ. 

(വേദശാസ്ത്ര-ക്ഷേത്രവിദ്യാ പണ്ഡിതനും സംസ്കൃതം അധ്യാപകനുമാണ് ലേഖകൻ)

Tags:    
News Summary - Sabarimala tantri and social justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.