പൊതുവിദ്യാഭ്യാസ ഡയറക്ടറായും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായും വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും നിരവധി കലോത്സവങ്ങൾക്ക് ചുക്കാൻ പിടിച്ച എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ് സ്കൂൾ കലോത്സവ ഓർമകളും പ്രതീക്ഷകളും പങ്കുവെക്കുന്നു
എന്റെ സ്കൂൾ കാലത്ത് സംസ്ഥാന കലോത്സവം എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് മാത്രമുള്ളതായിരുന്നു. അതിന് താഴെയുള്ളവർക്ക് അന്നുമിന്നും ജില്ല തലത്തിൽ അവസാനിക്കുന്ന ബാല കലോത്സവമാണുള്ളത്. എട്ടിലും ഒമ്പതിലും ജില്ല കലോത്സവത്തിൽ പ്രസംഗത്തിന് രണ്ടാം സ്ഥാനം കിട്ടി മടങ്ങേണ്ടിവന്ന എനിക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ കഴിയാഞ്ഞതിന്റെ ദുഃഖം ഇന്നുമുണ്ട്. 2008ൽ എറണാകുളം കലക്ടർ ആയിരിക്കെ തീർത്തും അപ്രതീക്ഷിതമായാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ചുമതലയിലെത്തുന്നത്. മൂന്നുവർഷവും മൂന്നുമാസവും ആ കസേരയിലിരുന്നു.
വെവ്വേറെ തുരുത്തുകളായി നിന്നിരുന്ന ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി കലോത്സവങ്ങൾ സംയോജിപ്പിക്കുന്ന സുപ്രധാന തീരുമാനം യാഥാർഥ്യമാകുന്നത് 2008-09 അധ്യയന വർഷത്തിലാണ്. പതിനയ്യായിരത്തോളം വിദ്യാർഥികൾക്ക് എങ്ങനെ സൗകര്യമൊരുക്കാനാകും എന്നതുൾപ്പെടെ ഒരുമിച്ച് നടത്തുന്നതിനെച്ചൊല്ലി ഒരുപാട് ആശങ്കകളുണ്ടായിരുന്നു. പക്ഷേ, വിദ്യാഭ്യാസ വകുപ്പ് ധൈര്യസമേതം ആ ഉത്തരവാദിത്തം ഏറ്റെടുത്ത് ഏകീകൃത കലോത്സവ മാന്വലിന് രൂപംകൊടുത്തു. അന്നത്തെ വകുപ്പ് സെക്രട്ടറി ജയിംസ് വർഗീസ് പൂർണ പിന്തുണയുമായി ഒപ്പം നിന്നു. ആദ്യ എഡിഷന് തലസ്ഥാനത്ത് തന്നെയാകാം വേദി എന്നത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയുടെ നിർദേശമായിരുന്നു. കലോത്സവത്തിന്റെ തത്സമയ സംപ്രേഷണം ടെലിവിഷൻ ചാനലുകൾ ആരംഭിക്കുന്നത് ആ തവണയായിരുന്നു.
ആ കലോത്സവത്തിൽ മറക്കാനാവാത്ത ഒരു ഓർമയുണ്ട്. നൃത്തമത്സരത്തിൽ പങ്കെടുത്ത വയനാട്ടിൽനിന്നുള്ള പാവപ്പെട്ട കുടുംബത്തിൽനിന്നുള്ള ഒരു മോളും അമ്മയും രാത്രി പത്തുമണിയോടെ സംഘാടക സമിതി ഓഫിസിലെത്തി. പണം കെട്ടിവെച്ച് അപ്പീലിലൂടെയാണ് അവർ മത്സരത്തിൽ പങ്കെടുത്തത്. ദൗർഭാഗ്യവശാൽ മത്സരത്തിൽ മുന്നേറാനുമായില്ല. തിരിച്ചുപോകാനുള്ള വണ്ടിക്കൂലിപോലും അവരുടെ കൈയിലുണ്ടായിരുന്നില്ല. അപ്പീലിനായി അവർ കെട്ടിവെച്ച കാശ് തിരികെ നൽകാൻ നിയമം അനുവദിക്കുമായിരുന്നില്ല. അന്നെന്റെ കൂടെ ഉണ്ടായിരുന്ന വിദ്യാഭ്യാസ വകുപ്പ് അഡീഷനൽ ഡയറക്ടർ, ഒറ്റപ്പാലത്തുകാരനായ കെ. കൃഷ്ണൻകുട്ടി എന്നെ നോക്കി ‘‘നമുക്ക് വഴിയുണ്ടാക്കാം സാർ’’ എന്ന് പറഞ്ഞു. പോക്കറ്റിൽനിന്ന് അപ്പോൾ തന്നെ 5,000 രൂപ എടുത്തുകൊടുത്ത് അവരെ യാത്രയാക്കി. മത്സരത്തിൽ വിജയിച്ചില്ലെങ്കിലും മാനുഷികത തോറ്റിട്ടില്ല എന്ന സമാശ്വാസവുമായി അവർ മടങ്ങി.
കോഴിക്കോട്ട് നടന്ന 2010ലെ സുവർണ ജൂബിലി കലോത്സവമായിരുന്നു അടുത്ത ദൗത്യം. കലോത്സവത്തിന് മാസങ്ങൾക്കുമുമ്പേ തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് നിരന്തരം യാത്ര ചെയ്ത ഞാൻ 15 ദിവസം അവിടെത്തന്നെ ക്യാമ്പ് ചെയ്തു. രാവിലെ എട്ടിന് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലെ ഉപ്പുമാവ് കഴിച്ച് തുടങ്ങുന്ന എന്റെ കലോത്സവ ദിനം രാത്രി 12 മണിയും കഴിഞ്ഞാണ് അവസാനിച്ചിരുന്നത്. അതിനിടയിൽ ഇളനീർ മാത്രമാണ് ആഹാരം. രാത്രി എല്ലാ പണിത്തിരക്കും കഴിഞ്ഞ് കോഴിക്കോട്ടെ ഹോട്ടലുകളിലെ അവസാന അതിഥിയായി ഭക്ഷണവും കഴിച്ചാണ് റൂമിലേക്ക് പോവുക.
‘സർഗസനാതന മുകുളം വിടരും സമുദ്രതീരം’ എന്ന് തുടങ്ങുന്ന കലോത്സവത്തിന്റെ മനോഹര സ്വാഗത ഗാനം രചിച്ചത് പ്രശസ്ത കവി പി.കെ. ഗോപിയായിരുന്നു. ശയ്യാവലംബിയായി കോഴിക്കോട് മെഡിക്കൽ കോളജിനടുത്ത് താമസിച്ചിരുന്ന പ്രശസ്ത ഹിന്ദുസ്താനി സംഗീതജ്ഞൻ ശരത് ചന്ദ്ര മറാഠെയെ വീട്ടിൽ പോയി ആദരിച്ചതും ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ളയെ നേരിട്ട് അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ പോയി ക്ഷണിച്ചതുമുൾപ്പെടെ ഒട്ടേറെ ഹൃദ്യമായ ഓർമകൾ ആ കലോത്സവവുമായി ബന്ധപ്പെട്ടുണ്ട്.
സാംസ്കാരിക സായാഹ്നം എന്ന പ്രത്യേക പരിപാടി കോഴിക്കോട് കലോത്സവത്തിന്റെ കണ്ടെത്തലായിരുന്നു. പ്രമുഖ മാധ്യമ സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ ആയിരുന്ന ഗംഗാധരേട്ടനും എഴുത്തുകാരൻ എ.കെ. അബ്ദുൽ ഹകീമുമായുള്ള ചർച്ചയിൽനിന്നാണ് ആ ആശയം ഉടലെടുത്തത്. കോംട്രസ്റ്റ് മൈതാനിയിലെ വേദിയിൽ എം.ടി, യു.എ. ഖാദർ, പുനത്തിൽ, പി. വത്സല അടക്കമുള്ള കോഴിക്കോടിന്റെ സാംസ്കാരിക നായികാനായകരെല്ലാം സന്നിഹിതരായി. ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയും തിരക്കഥാകൃത്ത് ടി.എ. റസാഖും പല വേദികളിലും സ്ഥിരമായി ഉണ്ടാകുമായിരുന്നു. രാത്രി പിരിയാറാകുമ്പോൾ ‘‘ഇന്നെല്ലാം ഉഷാറായി, നാളെ കാണാം’’ എന്നുപറഞ്ഞ് ഒരു നുള്ളും തന്നാണ് ഗിരീഷ് പുത്തഞ്ചേരി പോവുക. ഒന്നോ രണ്ടോ മാസം കഴിഞ്ഞ് അദ്ദേഹം ഈ ലോകത്തോട് തന്നെ യാത്ര പറഞ്ഞു. അന്നത്തെ കോഴിക്കോട് കലക്ടർ പി.ബി. സലീം അദ്ദേഹത്തിന്റെ സ്മരണിക എത്തിച്ചുതന്നപ്പോൾ എന്റെ കണ്ണുകൾ നനഞ്ഞു.
കലോത്സവം സമ്പൂർണ ഹൈടക് രീതിയിലേക്ക് മാറുന്നതും അന്നാണ്. മിനിറ്റുകൾക്കുള്ളിൽ ഫലം പുറത്തുവരുന്ന രീതി എല്ലാവർക്കും വിസ്മയമായിരുന്നു. കൈറ്റ് എന്ന് പേരുമാറ്റിയ ഐ.ടി അറ്റ് സ്കൂൾ ആയിരുന്നു അതിന് മുൻകൈയെടുത്തത്. നിലവിലെ കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്തിന്റെ നേതൃത്വത്തിൽ നടന്ന ആ പ്രവർത്തനത്തിന് നാരായണസ്വാമിയെ പോലുള്ള പ്രഗത്ഭരായ സാങ്കേതിക വിദഗ്ധരുടെ പിന്തുണയുമുണ്ടായിരുന്നു.
ജനുവരി 15ന് കലോത്സവം കഴിഞ്ഞ് പതാക താഴ്ത്തി മടങ്ങുമ്പോൾ എനിക്കും സഹപ്രവർത്തർക്കുംനേരെ പൂക്കളും വർണക്കടലാസുകളും വിതറിയാണ് കോഴിക്കോട് യാത്രയയച്ചത്. സമാപന സമ്മേളനത്തിലെ മുഖ്യാതിഥിയായെത്തിയ യേശുദാസിന്റെ എഴുപതാം പിറന്നാൾ ആ വേദിയിൽ ആഘോഷമാക്കി. എഴുപത് റോസാപ്പൂക്കൾ എഴുപത് കുട്ടികൾ അദ്ദേഹത്തിന് സമ്മാനിച്ചു. ജീവിതത്തിലെ ഏറ്റവും വർണശബളമായ പിറന്നാൾ ആഘോഷമെന്നാണ് ദാസേട്ടൻ പിന്നീട് അതേക്കുറിച്ച് പറഞ്ഞത്.
2011ൽ കോട്ടയം കലോത്സവം മനോഹരമായി നടത്താൻ സാധിച്ചത് ഇന്നത്തെ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിലെ സംഘാടക സമിതിയുടെ മികവായിരുന്നു. കോവിഡിനുശേഷം കഴിഞ്ഞ ജനുവരിയിൽ കലോത്സവം കോഴിക്കോട്ട് പുനരാരംഭിക്കുമ്പോൾ ഞാൻ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു ഐ.എ.എസും സഹപ്രവർത്തകരുമാണ് 2023 ൽ എനിക്കൊപ്പമുണ്ടായിരുന്നത്. 2010ൽനിന്ന് വ്യത്യസ്തമായി ഒരു കാരണവർ വേഷമായിരുന്നു എനിക്കവിടെ. ഈ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽവെച്ച് പ്രമുഖ നർത്തകിയും ചലച്ചിത്ര താരവുമായ ആശ ശരത്ത്, അടുത്ത വർഷം സ്വാഗതഗാന ശിൽപം ചിട്ടപ്പെടുത്താനും നൃത്തസംവിധാനം ചെയ്യാനും കൂടെയുണ്ടാകുമെന്ന് എനിക്കും സദസ്സിനും വാക്ക് നൽകിയിരുന്നു. ആ വാക്ക് പാലിക്കപ്പെടുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു.
ഒരു ദേശത്തിനും പകരംവെക്കാൻ കഴിയാത്ത ധന്യമായ സാംസ്കാരിക പാരമ്പര്യമാണ് കേരളത്തിനുള്ളത്. ആ സാംസ്കാരിക സൗരഭ്യത്തിന്റെ വിളംബരമാണ് സ്കൂൾ കലോത്സവങ്ങൾ. കലയെയും സാഹിത്യത്തെയും അങ്ങേയറ്റം സ്നേഹിക്കുന്നവരാണ് മലയാളികൾ എന്നതത്രെ കലോത്സവങ്ങൾ ഇത്രമേൽ ജനകീയ മേളകളാകാൻ കാരണം. നാശോന്മുഖമായിക്കൊണ്ടിരുന്ന പല കലാരൂപങ്ങൾക്കും ഉജ്ജീവനം നൽകിയത് കലോത്സവങ്ങളാണ്. ഇത് നൽകുന്ന ഉണർവ് സൃഷ്ടിപരതയുടേതാണ്. അതിലുപരി സഹവർത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഇഴചേരൽ അവിടെ സംഭവ്യമാകുന്നു.
പഴയകാലത്തെ പ്രഗത്ഭരായ പൊതുവിദ്യാഭ്യാസ ഡയറക്ടർമാർ കലോത്സവങ്ങൾ ജനകീയ ഉത്സവമാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എപ്പോഴും ഓർക്കുന്ന ഒരു പേര്, പിൽക്കാലത്ത് ചീഫ് സെക്രട്ടറിയായി വിരമിച്ച ബഹുമാന്യമായ ആർ. രാമചന്ദ്രൻ നായരുടേതാണ്. നിരവധി പ്രാക്തന കലാരൂപങ്ങൾ കലോത്സവത്തിലെത്തിച്ചത് അദ്ദേഹമായിരുന്നു. സ്വർണക്കപ്പ് ഉൾപ്പെടെയുള്ളവ കൊണ്ടുവന്നത് മുൻ വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബിന്റെ കാലത്താണ്. എല്ലാ വിദ്യാഭ്യാസ മന്ത്രിമാരും അവരവരുടേതായ സംഭാവനകൾ കലോത്സവത്തിന് നൽകിയിട്ടുണ്ട്.
എന്നാൽ, ചില ദുഷിച്ച പ്രവണതകൾ ഏറെക്കാലമായി കലോത്സവത്തിന്റെ നിറംകെടുത്തുന്നുണ്ട്. അപ്പീൽ പ്രളയമാണ് അതിലൊന്ന്. വിധികർത്താക്കളെ കുറിച്ചുള്ള അനാവശ്യ ആരോപണങ്ങളും അതിന്റെ തുടർച്ചയായി വരുന്നു. അനാരോഗ്യകരമായ മത്സരത്തിന്റെയും മാതാപിതാക്കൾ തമ്മിലുള്ള കാലുഷ്യത്തിന്റെയും ഇടങ്ങളാവരുത്, മറിച്ച് സർഗാത്മകതയുടെ പറുദീസകളാവണം നമ്മുടെ കലോത്സവമുറ്റങ്ങൾ. കലയുടെ സമ്മോഹന ഇരവുകൾ എന്നെന്നും നിലനിൽക്കട്ടെ. കൊല്ലത്ത് കൊടിയേറാനിരിക്കുന്ന കലോത്സവത്തിനും മത്സരാർഥികൾക്കും സംഘാടകർക്കും എല്ലാ ഭാവുകങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.