നല്ല മാധ്യമപ്രവർത്തനത്തിന് അവശ്യംവേണ്ട രണ്ട് അടിസ്ഥാന വ്യവസ്ഥകളുണ്ട്: ധൈര്യവും ചോദ്യങ്ങളുന്നയിക്കലും. ധൈര്യമില്ലാതെ നിങ്ങൾക്ക് ചോദ്യം ചെയ്യാൻ കഴിയില്ല. ചോദ്യങ്ങളില്ലാതെ ധൈര്യത്തിന് അർഥമില്ല- ജനകീയ മാധ്യമ പ്രവർത്തകനും മഗ്സസെ അവാർഡ് ജേതാവുമായ രവിഷ് കുമാർ പറയുന്നു.
‘‘മോദിയിലുള്ള വിശ്വാസം പത്ര തലക്കെട്ടുകളിൽനിന്നോ ടി.വിയിലെ തിളങ്ങുന്ന മുഖങ്ങളിലൂടെയോ ഉടലെടുത്തതല്ല. ഞാൻ എന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും ഈ രാജ്യത്തെ ജനങ്ങൾക്കുവേണ്ടിയാണ് നൽകിയത്.’’
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഹിൻഡൻബർഗ് റിപ്പോർട്ടിനെയും ഗൗതം അദാനിയെയും സംബന്ധിച്ച് പ്രതിപക്ഷം മറുപടി ആവശ്യപ്പെട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെക്കുറിച്ച് പറഞ്ഞതാണിത്.
മാധ്യമങ്ങൾ അദ്ദേഹത്തിന്റെ മൗനത്തെ ചോദ്യംചെയ്യുകയും അദ്ദേഹം ഉത്തരം നൽകുകയും ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ, പ്രധാനമന്ത്രിയുടെ പൊങ്ങച്ചംപറച്ചിലിൽ സത്യത്തിന്റെ ചെറുതരികളെങ്കിലുമുണ്ടാകുമായിരുന്നു. അതിനുപകരം, മണിപ്പൂരിൽ മോദിയും മാധ്യമങ്ങളും മൗനം പാലിച്ച സമീപകാല ഉദാഹരണമാണ് നമുക്ക് മുന്നിലുള്ളത്. ഹിൻഡൻബർഗ് പ്രതിസന്ധി ഘട്ടത്തിൽ അദ്ദേഹം ലോക്സഭയിൽ നടത്തിയ പ്രസംഗം നമ്മൾ കേട്ടതാണ് - “ഈ രാജ്യത്തെ സൗജന്യ റേഷൻ ലഭിക്കുന്ന 80 കോടി ജനങ്ങൾ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവരെ എന്നെങ്കിലും വിശ്വസിക്കുമോ?” ഈ ഒരൊറ്റ പ്രസംഗംകൊണ്ട്, ഉത്തരവാദിത്തത്തിനായുള്ള എല്ലാ ആവശ്യങ്ങളും പ്രധാനമന്ത്രി തള്ളിക്കളഞ്ഞു.
കഴിഞ്ഞ 10 വർഷമായി, ‘ഗോഡി മീഡിയ’ അവതാരകർ പ്രധാനമന്ത്രിക്കുവേണ്ടി സേവനം ചെയ്യുകയാണ്, ഈ പ്രക്രിയയിൽ മാധ്യമപ്രവർത്തനത്തെ അവർ അഴുക്കുചാലിൽ തള്ളുന്നു. എന്നിട്ടും അതേ പ്രധാനമന്ത്രി പറയുന്നു, താൻ അവരോട് ലവലേശം കടപ്പെട്ടിട്ടില്ലെന്ന്. ഒമ്പതു വർഷത്തിനിടെ ഒരൊറ്റ വാർത്തസമ്മേളനംപോലും നടത്താത്ത, ഒമ്പതു വർഷമായി ‘ഗോഡി മീഡിയ’യാൽ ചോദ്യം ചെയ്യാത്ത നേതാവിന്റെ പൊങ്ങച്ചം പറച്ചിലാണിത്.
മാധ്യമങ്ങളെ മോദിയിൽനിന്നും മോദിയെ മാധ്യമങ്ങളിൽനിന്നും വേർപെടുത്തുക അസാധ്യമാണ്. ഈ വിഭാഗം മാധ്യമങ്ങൾ മോദിക്കുവേണ്ടി മൗനം ദീക്ഷിക്കുന്നു, അവർ സംസാരിക്കുകയാണെങ്കിൽ അദ്ദേഹത്തിനുവേണ്ടി മാത്രം സംസാരിക്കുന്നു. ഏതെങ്കിലും മാധ്യമപ്രവർത്തകർക്കോ സാമൂഹിക പ്രവർത്തകർക്കോ വിദേശത്തുനിന്ന് ആദരവും ബഹുമാനവും ലഭിച്ചാൽ അത് ‘ഇന്ത്യ വിരുദ്ധ’ ഗൂഢാലോചനയാണ് എന്ന് അവർ പറയും. അതേസമയം, ഇതേ രാജ്യങ്ങളിൽനിന്ന് മോദിക്ക് ബഹുമാനവും ആദരവും ലഭിച്ചെന്നിരിക്കിലോ, അവർ പറയും ഇന്ത്യയുടെ കീർത്തി, മോദിയുടെ കീർത്തി ലോകമെമ്പാടും മുഴങ്ങുന്നുവെന്ന്.
2014 മുതൽ 2024 വരെയുള്ള പത്തുവർഷം മോദിയുടേതെന്നപോലെ തന്നെ ‘ഗോഡി മീഡിയ’യുടേതു കൂടിയാണ്. ഈ ചാനലുകൾക്ക് പേരുകൾ പലതാണെങ്കിലും ഉള്ളടക്കം ഒന്നുതന്നെ.
2014ന് മുമ്പ്, പണമില്ലാത്ത പ്രശ്നം ടി.വി ജേണലിസത്തെ വേട്ടയാടുന്നുവെന്ന് നമ്മൾ വിശ്വസിച്ചിരുന്നു. സാധാരണഗതിയിൽ മാധ്യമപ്രവർത്തകരല്ലാത്ത വാർത്താചാനൽ മുതലാളിമാരുടെ കൈയിലെ ഫണ്ട് തീരുകയും ബിസിനസ് മോഡൽ പാളുകയും ചെയ്തു. ടി.ആർ.പി പ്രതീക്ഷയിലാണ് അവർ എല്ലാം ചെയ്തത്; ചാനൽ പൂർണമായി അടച്ചുപൂട്ടുകയായിരുന്നു അവർക്കുമുന്നിലെ മറ്റൊരു വഴി. ഉടമകൾ മാധ്യമപ്രവർത്തനത്തെക്കുറിച്ച് ഗൗനിച്ചതേയില്ല. വ്യവസ്ഥാപിത ചാനലുകളുടെ ‘നിസ്സഹായരായ’ ഉടമകൾ പോലും ആ വഴി പിന്തുടർന്നു, അല്ലാത്തപക്ഷം അവർക്ക് പരസ്യം ലഭിക്കില്ല. മോശം ഉള്ളടക്കത്തിന് മാർക്കറ്റിൽനിന്നുതന്നെ ഒരു മിത്ത് സൃഷ്ടിക്കപ്പെട്ടത് അങ്ങനെയാണ്.
ആ മിത്ത് ഇപ്പോൾ പൊളിഞ്ഞിരിക്കുന്നു. മുകേഷ് അംബാനിയും ഗൗതം അദാനിയും ആണ് ബിഗ് മീഡിയയുടെ പുതിയ ഉടമകൾ. അദാനി ഈ വർഷം നിരവധി വാർത്താ ചാനലുകൾ ആരംഭിക്കാൻ പോകുന്നു, അംബാനി ഇതിനകംതന്നെ നിരവധി ചാനലുകൾ സ്വന്തമാക്കിക്കഴിഞ്ഞു. ചാനലുകളുടെ വ്യാപ്തിയും അവക്കിടയിൽ അവരിരുവരും മുടക്കുന്ന പണവും കണക്കിലെടുക്കുമ്പോൾ, ഇക്കാലം വരെ മാധ്യമങ്ങളെ വേട്ടയാടിയ ഫണ്ടിന്റെ അഭാവം എന്ന പ്രശ്നം ഇല്ലാതാവണം.
എന്നാൽ, എന്തുകൊണ്ടാണ് ഈ ഫണ്ടുകളുടെ സ്വാധീനം ഉള്ളടക്കത്തിൽ നമുക്ക് കാണാൻകിട്ടാത്തത്? എന്തുകൊണ്ടാണ് അവരുടെ സമ്പത്തും വ്യാപാര മികവും ദൃശ്യമാധ്യമ പ്രവർത്തനത്തിന്റെ മോശം അവസ്ഥക്ക് മാറ്റംവരുത്താത്തത്? അതിനുവേണ്ടി വരുന്ന ചെലവുകൾ അവരുടെ മറ്റു ബിസിനസുകളേക്കാൾ ഏറെ കുറവായിരുന്നിട്ടുപോലും?
അംബാനിയുടെയും അദാനിയുടെയും ചാനലുകൾ മാധ്യമ പ്രവർത്തനത്തിൽ എന്ത് മാതൃകകളാണ് സ്ഥാപിച്ചത്? പുതുമ, അല്ലെങ്കിൽ ഗംഭീരം എന്നുപറയാൻ എന്താണ് അവർക്കുള്ളത്?
ഇതാണ് എന്റെ ചോദ്യം, അതിനുള്ള ഉത്തരങ്ങൾ അതീവ ലളിതമാണ്.
നല്ല മാധ്യമപ്രവർത്തനത്തിന് അവശ്യം വേണ്ട രണ്ട് അടിസ്ഥാന വ്യവസ്ഥകളുണ്ട്: ധൈര്യവും ചോദ്യങ്ങളുന്നയിക്കലും. ധൈര്യമില്ലാതെ നിങ്ങൾക്ക് ചോദ്യം ചെയ്യാൻ കഴിയില്ല. ചോദ്യങ്ങളില്ലാതെ ധൈര്യത്തിന് അർഥമില്ല.
അതായത്, വ്യാപാര മികവും പണവുംകൊണ്ട് മാത്രം ‘ഗോഡി മീഡിയ’യുടെ ഉള്ളടക്കം മാറ്റാൻ കഴിയില്ല - അതിന് ധൈര്യം ആവശ്യമാണ്, ചോദ്യം ചെയ്യാൻ കഴിയേണ്ടതുണ്ട്. പകരം, അരുൺ പുരി, സുഭാഷ് ചന്ദ്ര, ജഗദീഷ് ചന്ദ്ര, രജത് ശർമ എന്നിവർ ഉൾപ്പെടുന്ന ക്യൂവിൽ അംബാനിയും അദാനിയും ചേരുന്നു.
കഴിഞ്ഞ പത്തുവർഷത്തിനിടെ മുഖ്യധാരാ മാധ്യമരംഗത്ത് സംഭവിച്ച ഏറ്റവും വലിയ മാറ്റം ഇതാണ്. അവയുടെ ഉള്ളടക്കം ഉടമകളാലല്ല സ്വാധീനിക്കപ്പെടുന്നത്, മറിച്ച് ആ ഉടമകളുടെ ‘അജ്ഞാതനായ ഉടമ’യാലാണ് സ്വാധീനിക്കപ്പെടുന്നത്. ദ ടെലിഗ്രാഫ് ഉന്നയിക്കുന്നതുപോലുള്ള ചോദ്യങ്ങൾ ഈ ചാനലുകൾ ഉന്നയിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല.
ഒരു ചാനൽ തുടങ്ങി എന്നതുകൊണ്ടുമാത്രം ആരും മാധ്യമപ്രവർത്തകരാകില്ല. മോദി സർക്കാറുമായി അവർക്കുള്ള ബന്ധത്തെക്കുറിച്ചാണ് ഈ ചാനലുകളുടെ ഉള്ളടക്കം നമ്മോട് പറയുന്നത്. തങ്ങളുടെ സഹപ്രവർത്തകർക്കുനേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ഡൽഹിയിൽ മാധ്യമപ്രവർത്തകർ പ്രതിഷേധിക്കുകയാണെങ്കിൽ, ഈ ചാനലുകളിൽനിന്നുള്ള എത്ര മാധ്യമപ്രവർത്തകർ ഹാജരുണ്ടാകുമെന്ന് ഒന്ന് നോക്കിനോക്കൂ.
ദ വയർ, കാരവൻ, സ്ക്രോൾ, ന്യൂസ് ലോൺട്രി, ആൾട്ട് ന്യൂസ്, ന്യൂസ് ക്ലിക്ക്, ദ ന്യൂസ് മിനിറ്റ്, ബൂംലൈവ്, ആർട്ടിക്കിൾ 14 എന്നിവയെ മുഖ്യധാരാ മാധ്യമങ്ങൾക്കുള്ള ബദലായി ഞാൻ കണക്കാക്കുന്നില്ല. ‘ഗോഡി മീഡിയ’യെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഇത്തരം മാധ്യമങ്ങളും ഇവിടെയുണ്ട് എന്നു പറഞ്ഞ് അവരുടെ പേരുകൾ എണ്ണിപ്പറയരുത്. ആ ചിന്താഗതി മുഖ്യധാരാ മാധ്യമങ്ങളെ കുറ്റബോധത്തിൽനിന്ന് മോചിപ്പിക്കും. ഈ സ്ഥാപനങ്ങളെ വ്യക്തിപരമായ ശ്രമങ്ങളായി കാണണം. ഈ മാധ്യമങ്ങൾക്ക് സർക്കാർ പരസ്യം നൽകുന്നില്ല, കോർപറേറ്റ് പരസ്യങ്ങൾ അപൂർവമാണ്, ഇവയൊന്നും സർക്കാർ സഹായം ലഭിക്കുന്ന സ്റ്റാർട്ട്അപ്പുകളല്ല.
പരസ്യവരുമാനമായി കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ നേടുന്ന മാധ്യമസ്ഥാപനങ്ങളെക്കുറിച്ചാണ് നമ്മൾ സംസാരിക്കേണ്ടത്. എന്തുകൊണ്ട് അവർ മാധ്യമപ്രവർത്തനം നടത്തുന്നില്ല? മാധ്യമപ്രവർത്തനം സാധ്യമല്ലെങ്കിൽ പിന്നെ എന്തിനാണ് ഇന്ത്യയിലെ അതിസമ്പന്നർ ചാനലുകൾ ആരംഭിക്കുന്നത്?
ലോകത്തെ തന്നെ എണ്ണം പറഞ്ഞ രണ്ടു സമ്പന്ന വണിക്കുകൾ അവരുടെ പണം ഗോഡിമീഡിയയിൽ നിക്ഷേപിച്ചിരിക്കുന്നു. അതിനൊരു മാർക്കറ്റ് ഉണ്ടെന്നാണ് അനുമാനം, അത് വലിയൊരു കച്ചവടമാണ്. എന്നാൽ, ഹൃദയത്തിൽനിന്ന് ഒരു ഉൽപന്നം നിർമിച്ചെടുക്കുന്നതിന്റെ സന്തോഷം അതിലില്ല. ഞാനൊന്ന് ചോദിക്കട്ടെ, സ്റ്റാർട്ട്അപ് ഇൻകുബേറ്ററുകളിൽനിന്നുള്ള മിടുക്കരായ ചെറുപ്പക്കാർ എന്തുകൊണ്ട് ഒരു മീഡിയ സ്റ്റാർട്ട്അപ്പിനെക്കുറിച്ച് ചിന്തിക്കുന്നില്ല? മാധ്യമങ്ങളിൽ സ്വതന്ത്രമായ ഉള്ളടക്കം സൃഷ്ടിക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് അവർക്ക് ബോധ്യമുള്ളതുകൊണ്ടാണ്.
എന്നാൽ, ‘ഗോഡി മീഡിയ’ സ്വന്തമായൊരു മാതൃക വികസിപ്പിച്ചെടുത്തിട്ടുണ്ട് - അവർ മാധ്യമപ്രവർത്തനം എന്ന പേരിൽ പ്രവർത്തിക്കുന്നു, പക്ഷേ അവരുടെ ഉൽപന്നത്തിന് മാധ്യമപ്രവർത്തനവുമായി ഒരു ബന്ധവുമില്ല.
ഫിനാൻഷ്യൽ ടൈംസിനോടോ അൽ ജസീറയോടോ താരതമ്യപ്പെടുത്താനാവുന്ന ഒരു മാധ്യമ ഔട്ട്ലെറ്റ് ഇന്ത്യയിൽ ഇല്ലെന്ന് എൻ.ഡി.ടി.വി ഏറ്റെടുക്കുന്ന സമയത്ത് ഗൗതം അദാനി പറഞ്ഞിരുന്നു. അതിനൊന്നും പണത്തിന് ക്ഷാമമില്ലെന്ന മട്ടിലും അദ്ദേഹം സംസാരിച്ചിരുന്നു.
പക്ഷേ, പണം കൊണ്ട് നയിക്കേണ്ടുന്ന ഒന്നല്ല മാധ്യമപ്രവർത്തനമെന്ന് അദ്ദേഹത്തിനറിയില്ല. തന്റെ സാമ്രാജ്യത്തിന്റെ ‘ഓഫ്ഷോർ ഫണ്ടിങ്ങിനെ’ക്കുറിച്ചുള്ള റിപ്പോർട്ട് നീക്കാൻ അദാനി ആവശ്യപ്പെട്ടതും ഇതേ ഫിനാൻഷ്യൽ ടൈംസിനോടാണ്. എന്നാൽ, തങ്ങൾ തങ്ങളുടെ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നുവെന്നു പറഞ്ഞ് ഫിനാൻഷ്യൽ ടൈംസ് ആ ആവശ്യം നിരസിച്ചു.
ഇത്തരം ധൈര്യത്തിലാണ് പല ആഗോള മാധ്യമസ്ഥാപനങ്ങളും നിർമിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, ഇന്ത്യയിലാവട്ടെ, ചാനൽ മുതലാളിമാർ വിലകൂടിയ കാറുകൾ വാങ്ങും, പക്ഷേ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ടർമാരെ നിയമിക്കില്ല. വിദേശരാജ്യങ്ങളിലേക്ക് പോയിട്ട് ഇതര സംസ്ഥാനങ്ങളിലേക്കുപോലും റിപ്പോർട്ടർമാരെ അയക്കില്ല.
ഒരു ആഗോള മീഡിയ ബ്രാൻഡ് സൃഷ്ടിക്കാൻ അദാനി ആഗ്രഹിക്കുന്നു, മോദിക്കും അത് ഇഷ്ടപ്പെടും, എന്നാൽ ദൂരദർശന് എന്താണ് സംഭവിച്ചതെന്ന് നോക്കൂ. 10 വർഷത്തോടടുക്കുന്ന മോദിയുടെ ഇന്ത്യയിൽ, അത് സജീവമായി ‘ഗോഡി മീഡിയ’ കളിക്കുകയാണ്.
‘ഗോഡി മീഡിയ’ ഫാക്ടറി സർക്കാറിനെതിരായ ചോദ്യങ്ങൾ ഉൽപാദിപ്പിക്കുന്നില്ല. പകരം, ചോദ്യങ്ങൾ ചോദിക്കുന്നവരെ ഉന്നംവെച്ചുള്ള ആയുധങ്ങളാണ് നിർമിക്കുന്നത് - ചോദ്യങ്ങൾ ചോദിക്കുന്നവരെ രാജ്യദ്രോഹികളെന്നോ തീവ്രവാദികളെന്നോ വിളിക്കുന്നു.
എന്നാൽ, പൊതുജനങ്ങൾക്ക് ഇപ്പോൾ കൂടുതൽ കാര്യവിവരമുണ്ട്. ആ ചാനലുകളുടെ കാഴ്ചക്കാർ കുറയുന്നു. ‘ഗോഡി മീഡിയ’ സ്വയം വിളിക്കുന്നത് ദേശസ്നേഹികൾ എന്നായിരിക്കാം, പക്ഷേ യഥാർഥത്തിൽ അവരുടെ പ്രവർത്തനം രാജ്യത്തിന് നല്ലതല്ലെന്ന് ആളുകൾ മനസ്സിലാക്കുന്നു. മാധ്യമങ്ങളിലെ വിദ്വേഷ പ്രസംഗങ്ങൾ നിരീക്ഷിച്ച് കണ്ടെത്താൻ മാത്രം സമർപ്പിതമായ സമൂഹമാധ്യമ അക്കൗണ്ടുകളുണ്ട്. മാധ്യമങ്ങളെയാണ് കാവൽ നായ എന്നു വിളിച്ചിരുന്നത്, പക്ഷേ ഇപ്പോൾ പൊതുസമൂഹം അവയെ നിരീക്ഷിക്കുന്ന അവസ്ഥ വന്നിരിക്കുന്നു. മുൻകാലങ്ങളിൽനിന്നെല്ലാം വ്യത്യസ്തമാണ് മോദി ദശകത്തിൽ മാധ്യമങ്ങൾക്കെതിരായ നിരന്തര വിമർശനം.
ഒറ്റനോട്ടത്തിൽ രംഗം മാറുന്നതായി തോന്നുന്നു. പഴയ മുഖങ്ങൾ ഒരു ചാനലിൽനിന്ന് മറ്റൊന്നിലേക്ക് മാറുന്നു, പുതുമുഖങ്ങളുമായി പുതിയ ചാനലുകൾ വരുന്നു. പക്ഷേ, പുതിയ കുപ്പിയിൽ ലഭിക്കുന്ന പഴയ ഉൽപന്നം തന്നെയാണവയും, ചെയ്യുന്നത് ഒരേ പണി.
സിനിമയുടെ സുവർണ കാലത്തെ മാഫിയ സിനിമകൾപോലെ ഒരു പഴയ സംഘത്തലവൻ ഇല്ലാതാക്കപ്പെടുന്നു, തൊട്ടുപിന്നാലെ പുതിയ ഒരാൾ ആ സ്ഥാനത്ത് എത്തുന്നു. സാമ്രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകുന്നു.
വിശ്വാസ്യത തീരെ കുറവായതിനാൽ മന്ത്രിമാർ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർമാർക്ക് അഭിമുഖങ്ങൾ നൽകുന്നു -മുമ്പ് അക്ഷയ് കുമാറിന് അഭിമുഖം നടത്താൻ മോദി അനുവദിച്ച കാലത്തിലേക്കുള്ള തിരിച്ചുപോക്ക്. അദാനിയുടെയും അംബാനിയുടെയും ചാനലുകളും അവയുടെ അവതാരകരും സ്വയം വിശ്വാസ്യത വളർത്തിയെടുത്തിരുന്നെങ്കിൽ ഇത് വേണ്ടിവരുമായിരുന്നില്ല. മോദിക്ക് ഒരു പുതിയ ‘ഗോഡി മീഡിയ’ ആവശ്യമാണെന്ന് സ്പഷ്ടം.
മോദിയുടെ മാധ്യമങ്ങളെ നേരിടേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാൻ പ്രതിപക്ഷം ഏറെ സമയമെടുത്തു. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രക്കിടെ പത്രസമ്മേളനങ്ങൾ വെല്ലുവിളിച്ചു-നിങ്ങൾക്ക് ഈ ചോദ്യങ്ങൾ പ്രധാനമന്ത്രിയോട് ചോദിക്കാൻ സാധിക്കില്ല, പക്ഷേ എന്നോടു ചോദിക്കാം.
അവർ ചോദിക്കുകയും അദ്ദേഹം മറുപടി നൽകുകയും ചെയ്തു. തീർച്ചയായും ‘ഗോഡി മീഡിയ’ രാഹുലിന്റെ യാത്രയെ അവഗണിച്ചു. യാത്ര സമാപിച്ചശേഷം രാഹുൽ തന്റെ പ്രസംഗങ്ങളിൽ ഗോഡി മീഡിയയെ പഴയതുപോലെ പരാമർശിക്കുന്നുമില്ല. രാഹുൽ ശകലം ധൈര്യം കാണിക്കുമ്പോൾപോലും കോൺഗ്രസ് സർക്കാറുകൾ അവരുടെ നേതാവിനെ കൈകാര്യം ചെയ്യുന്ന ഈ ചാനലുകൾക്ക് പരസ്യങ്ങൾ നൽകുന്നു.
വിരോധാഭാസം ഒന്നാലോചിച്ചുനോക്കൂ: കോൺഗ്രസ് സർക്കാറുകൾ പരസ്യങ്ങളുമായി ‘ഗോഡി മീഡിയ’യുടെ പിന്നാലെ കൂടുമ്പോൾ മോദിയുടെ മന്ത്രിമാർ ഇൻഫ്ലൂവൻസർമാരിലേക്ക് ഒഴുകുന്നു. അതിനെല്ലാമിടയിൽ മാധ്യമപ്രവർത്തനത്തിന്റെ അന്ത്യം ആഘോഷിക്കപ്പെടുകയാണ്.
മാധ്യമങ്ങളെ മോദിയിൽനിന്നും മോദിയെ മാധ്യമങ്ങളിൽനിന്നും വേർപെടുത്തുക അസാധ്യമാണ്. ഈ വിഭാഗം മാധ്യമങ്ങൾ മോദിക്കുവേണ്ടി മൗനം ദീക്ഷിക്കുന്നു, അവർ സംസാരിക്കുകയാണെങ്കിൽ അദ്ദേഹത്തിനുവേണ്ടി മാത്രം സംസാരിക്കുന്നു. ഏതെങ്കിലും മാധ്യമപ്രവർത്തകർക്കോ സാമൂഹിക പ്രവർത്തകർക്കോ വിദേശത്തുനിന്ന് ആദരവും ബഹുമാനവും ലഭിച്ചാൽ അത് ‘ഇന്ത്യ വിരുദ്ധ’ ഗൂഢാലോചനയാണ് എന്ന് അവർ പറയും. അതേസമയം, ഇതേ രാജ്യങ്ങളിൽനിന്ന് മോദിക്ക് ബഹുമാനവും ആദരവും ലഭിച്ചെന്നിരിക്കിലോ, അവർ പറയും ഇന്ത്യയുടെ കീർത്തി, മോദിയുടെ കീർത്തി ലോകമെമ്പാടും മുഴങ്ങുന്നുവെന്ന്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.