നല്ല വില ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ ഇല്ലാതാകുന്നതോടെ, അടുത്ത ഉന്നം മിനിമം താങ്ങുവില തന്നെയായിരിക്കും. കർഷകർക്ക് താങ്ങുവില നൽകുന്നതിന് എതിരുനിൽക്കുന്നതിൽ മുമ്പിൽ രാജ്യത്തെ കോർപറേറ്റുകൾക്കുവേണ്ടി ശബ്ദിക്കുന്ന നയ, സാമ്പത്തികവിദഗ്ധരും നവലിബറൽ നേതാക്കന്മാരുമാണ്. താങ്ങുവിലയും സംഭരണവും വർധിപ്പിക്കുന്നത് രാജ്യത്തിന് ഭാരമാണെന്ന് കരുതുന്നവർ. വർഷാവർഷം അവരുടെ വ്യവസായമേഖലക്ക് കിട്ടുന്ന കോടിക്കണക്കിന് രൂപയുടെ ഇൻസെൻറിവ് എന്നറിയപ്പെടുന്ന സബ്സിഡിയോ കടം എഴുതിത്തള്ളുന്നതോ അവർ ഭാരമായി കാണുന്നില്ല താനും. വൻകിട കാർഷിക വിപണന കമ്പനികൾ കുറഞ്ഞ വിലയ്ക്ക് ഉൽപന്നങ്ങൾ വാങ്ങിക്കൂട്ടാനും ആഭ്യന്തര വിപണി മാത്രമല്ല, ആഗോളവിപണിയിലും മത്സരിക്കാനും ആഗ്രഹിക്കുന്നു. ഡബ്ല്യു.ടി.ഒയിൽ ഇന്ത്യയുടെ താങ്ങുവില സംവിധാനത്തോട് എതിർപ്പുണ്ടെന്നും ഏതു സമയത്തും അമേരിക്ക ഇതിനെതിരെ പ്രശ്നമുണ്ടാക്കുമെന്നും നമുക്കറിയാം. ഈ കാരണങ്ങൾകൊണ്ടുതന്നെ പ്രധാനമന്ത്രിയുടെ ഉറപ്പ് വിലയ്ക്കെടുക്കാൻ കഴിയില്ല. ഒരുഘട്ടത്തിൽ ഇതുപോലൊരു സർജിക്കൽ സ്ട്രൈക്ക് താങ്ങുവിലക്കു മുകളിലും ഉണ്ടായേക്കാം. സർക്കാറിെൻറ മൃഗീയഭൂരിപക്ഷം ഉപയോഗിച്ച് ബി.ജെ.പി ഇത്രയൊക്കെ ചെയ്ത സ്ഥിതിക്ക് ഇനി വിശ്വസിക്കാൻ കർഷകർക്ക് ബുദ്ധിമുട്ടുണ്ട്.
താങ്ങുവില ഒരു തന്ത്രപ്രധാന പ്രശ്നംതന്നെയാണ്. ബി.ജെ.പി മന്ത്രിസഭയിലെ ഏറ്റവും വിശ്വാസയോഗ്യനായി ഗണിക്കപ്പെടുന്ന നിതിൻഗഡ്കരി തുറന്നുപറഞ്ഞു, താങ്ങുവില കൂട്ടുന്നത് അഭികാമ്യമല്ലെന്ന്. സമ്മർദങ്ങൾ കൂടിയപ്പോൾ പറഞ്ഞതിൽനിന്നു അദ്ദേഹം പിന്മാറി. താങ്ങുവില തുടരുമെന്ന് പ്രധാനമന്ത്രിയുടെ വാക്കുകൾ വ്യക്തമാക്കുന്നു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് ഇൗ ഉറപ്പ് നിയമത്തിൽ ഉൾപ്പെടുത്തിയില്ലെന്നാണ് യൂനിയനുകളുടെ ചോദ്യം. 2018 ൽതന്നെ പാർലമെൻറിൽ മിനിമം താങ്ങുവില നിയമപരമായ അവകാശമാക്കാനുള്ള ബിൽ അവതരിപ്പിച്ചിരുന്നതാണ്.
ഈ മൂന്നു നിയമങ്ങൾ അവതരിപ്പിച്ചപ്പോൾതന്നെ, കാർഷിക നയവിദഗ്ധനായ ദേവീന്ദർ ശർമ താങ്ങുവില നിയമപരമായ അവകാശമാക്കി മാറ്റുന്ന നാലാമത്തെ നിയമവും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പല കർഷകയൂനിയനുകളും രാഷ്ട്രീയനേതാക്കളും ഈയാവശ്യത്തെ പിന്തുണച്ചു. ഇപ്പോൾ നടക്കുന്ന കർഷകസമരങ്ങളിൽ ഏറ്റവും ശക്തമായി ഉയർന്നുവരുന്ന ആവശ്യവും ഇതാണ്. താങ്ങുവില നിയമപരമായ അവകാശമാക്കിയാൽ കർഷകർ എവിടെ വിൽപന നടത്തിയാലും ഒരു വ്യാപാരിക്കും വിലയിടിച്ചു ചൂഷണം ചെയ്യാൻ പറ്റില്ല. സർക്കാർ വാങ്ങിയാലും ഏതെങ്കിലും ചന്തയിൽ കൊണ്ടു വിറ്റാലും ഈ നിയമമനുസരിച്ചുള്ള 'തുറന്ന വ്യാപാരമേഖലകളി'ലോ, ഇ-മാർക്കറ്റുകൾ വഴിയോ വിറ്റാലും കിട്ടുന്ന വിലക്ക് സ്ഥിരതയുണ്ടാവും. അത് താങ്ങുവിലയോ അതിനു മുകളിലോ ആയിരിക്കും.
മുകളിലുള്ള രണ്ടാമത്തെ നിയമം കരാർ കൃഷി സുഗമമാക്കുകയെന്ന ലക്ഷ്യമിട്ടുള്ളതാണ്. മാത്രമല്ല, കരാർ അടിസ്ഥാനത്തിൽ ഫ്യൂച്ചർ ട്രേഡിങ്ങിൽ നേരിട്ട് കരാറുണ്ടാക്കാനും കർഷകരെ പ്രോത്സാഹിപ്പിക്കുന്നു. വലിയ എതിർപ്പ് ഇല്ലാത്തതും എന്നാൽ, കരാറുകാർ സ്വീകരിക്കാൻ സാധ്യത കുറഞ്ഞതുമായ നിയമമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. കരാർകൃഷി ഇന്ത്യയിൽ ഇതിനകം നിലവിലുണ്ട്, അവ കൂടുതലും അലിഖിതവും വിത്തുകൾക്കും കരിമ്പ് പോലുള്ള ഉൽപന്നങ്ങൾക്കും ചിപ്സ് ഉണ്ടാക്കാനുള്ള ഉരുളക്കിഴങ്ങിനും പുഷ്പകൃഷി പോലുള്ള ഉയർന്ന മൂല്യമുള്ള ഉൽപന്നങ്ങൾക്കുമാണ്. അത്തരം കരാറുകളിൽ പലപ്പോഴും കർഷകരാണ് കരാറുകാരിൽ ദുർബലർ. ഒരേയിനം വിളകൾ, കാർഷികരീതികൾ, രാസവള ഉപയോഗം, വൈദഗ്ധ്യം എന്നിവയിൽ കരാർസ്ഥാപനത്തിെൻറ നിബന്ധനകൾ അംഗീകരിക്കേണ്ടിവരുന്നുണ്ട്. അതിൽ ചെറിയ മാറ്റങ്ങൾ സംഭവിച്ചാലും കരാറുകാർ പിന്മാറും. കരാർ നൽകുന്ന സ്ഥാപനങ്ങൾ ഇടത്തരം, വലിയ കർഷകരെയാണ് ഇഷ്ടപ്പെടുന്നത്. ഭൂരിപക്ഷം വരുന്ന ചെറുകിട, നാമമാത്രക്കാരെയല്ല. യഥാർഥത്തിൽ ഏറ്റവും വെല്ലുവിളി നേരിടുന്നവരാണ് ഈ വിഭാഗം. ഈ നിയമത്തിൽപോലും താങ്ങുവില ഉറപ്പാക്കാനുള്ള വ്യവസ്ഥ ഇെല്ലന്നത് ശ്രദ്ധേയമാണ്. വില നിശ്ചയിക്കുന്ന കാര്യം കരാർ ചെയ്യുന്ന കക്ഷികൾക്ക് വിട്ടുകൊടുക്കുന്നത് മനസ്സിലാക്കാം. എന്നാൽ, സർക്കാർ വാഗ്ദാനം നൽകുന്ന താങ്ങുവില പരിരക്ഷ ഈനിയമത്തിൽഎന്തുകൊണ്ട് ഉറപ്പാക്കുന്നില്ല?
മൂന്നാമത്തെ നിയമം 1955 ലെ അവശ്യവസ്തുനിയമ ഭേദഗതിയാണ്. ഈ ഭേദഗതിയിലൂടെ സംഭരണവും മൂല്യവർധനയും നടത്തുന്ന കമ്പനികൾക്കു എത്രവേണമെങ്കിലും സംഭരിച്ചുസൂക്ഷിക്കാനുള്ള നിലവിലെ നിയന്ത്രണങ്ങൾ നീക്കുന്നു. ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതു തന്നെ അവശ്യവസ്തുക്കളുടെ പൂഴ്ത്തിവെപ്പ് തടയുന്നതിനാണ്. ഈ ഭേദഗതിയിലൂടെ ധാന്യങ്ങൾ, പയർവർഗങ്ങൾ, ഉരുളക്കിഴങ്ങ്, ഉള്ളി, ഭക്ഷ്യ എണ്ണ വിത്തുകൾ, എണ്ണകൾ എന്നിവ ഒരു നിയന്ത്രണവും ഇല്ലാതെ ഇനി വാങ്ങി സൂക്ഷിക്കാം. ആകെയുള്ള നിയന്ത്രണം വിലസൂചിക കൂടുമ്പോൾ മാത്രമാണ്. ഹോർട്ടികൾചറൽ ഉൽപന്നങ്ങളുടെ കാര്യത്തിൽ ചില്ലറ വിൽപന വില ഇരട്ടിയാകുകയും ഈ പട്ടികയിൽ നശിക്കാത്തവയുടെ കാര്യത്തിൽ 50 ശതമാനം വരെ ഉയരുകയും ചെയ്താൽ മാത്രമേ ഈ ചരക്കുകളുടെ സംഭരണം നിയന്ത്രിക്കൂ. എന്നാൽ, മൂല്യവർധന നടത്തുന്ന കമ്പനികൾക്കും കയറ്റുമതിക്കാർക്കും ഈ നിയന്ത്രണം ബാധകമല്ല. അവരുടെ പ്രോസസിങ് യൂനിറ്റിെൻറ ശേഷി അല്ലെങ്കിൽ കയറ്റുമതി ആവശ്യകതയാണ് സ്റ്റോക്കിെൻറ പരിധിയായി അവർക്ക് നിശ്ചയിക്കാവുന്നത്!
ലളിതമായി പറഞ്ഞാൽ, വലിയ സംഭരണ, പ്രോസസിങ് കമ്പനികൾക്ക് കഴിയുന്നത്ര അവശ്യ ഭക്ഷ്യവസ്തുക്കൾ പൂഴ്ത്തിവെക്കാൻ പൂർണമായും അനുവദിച്ചിരിക്കുന്നു! ഈ നിയമത്തെ ആദ്യനിയമവുമായി കൂട്ടിവായിക്കണം. നിയന്ത്രിത വിപണികളുടെ പുറത്തേക്ക് സംഭരണം വ്യാപിപ്പിക്കാനും അതിൽ എത്രവേണമെങ്കിലും വാങ്ങി പൂഴ്ത്തിവെക്കാനുമുള്ള അനുവാദമാണ് വൻകിട കുത്തകകൾക്ക് നൽകിയിരിക്കുന്നത്. കാർഷിക ഉൽപന്നങ്ങളുടെ ശേഖരണവും അനിയന്ത്രിതമായ കയറ്റുമതിയും എല്ലായ്പോഴും രാജ്യത്തെ ഭക്ഷ്യവിലക്കയറ്റത്തിന് പ്രധാന കാരണമായിട്ടുണ്ട്. ഇന്ത്യയിൽ ഭക്ഷ്യവിലക്കയറ്റം ഉണ്ടാകുമ്പോഴെല്ലാം പൂഴ്ത്തിവെപ്പുകാരെയും സ്റ്റോക്കിസ്റ്റുകളെയും നിയന്ത്രിക്കുന്നതിനും അവശ്യഭക്ഷ്യവസ്തുക്കൾ വിപണിയിൽ എത്തിക്കുന്നതിനുമായി എല്ലാകാലത്തുമുള്ള ധനമന്ത്രിമാർ നടപടികൾ എടുക്കാറുണ്ട്. ഇനി ഇത് ഫലപ്രദമായി നടക്കണമെന്നില്ല. ഈ നിയമത്തിലൂടെ കേന്ദ്രസർക്കാർ പൂഴ്ത്തിവെക്കലിന് നിയമപരിരക്ഷ നൽകിയെന്നുമാത്രമല്ല, സംസ്ഥാനങ്ങൾക്ക് അതിനെ നിയന്ത്രിക്കാനുള്ള അധികാരവും ഇല്ലാതാക്കി.
ഇങ്ങനെയാണോ മോദി സർക്കാർ കർഷകർക്ക് ആത്മ നിർഭർ ഭാരതും ഇരട്ടി വരുമാനവും സാധിച്ചുകൊടുക്കാൻ പോകുന്നത്? ഇന്ത്യയിലെ ഫെഡറൽ സംവിധാനത്തെ ഇങ്ങനെയാണോ ശക്തിപ്പെടുത്തുന്നത്? ഭക്ഷ്യലഭ്യതയും സുരക്ഷയും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നിർണായകാധികാരങ്ങളുമാണ് ഇന്ന് സംസ്ഥാനങ്ങൾക്ക് നഷ്ടമായിരിക്കുന്നത്.
കഴിഞ്ഞ മാസം സാമ്പത്തികവളർച്ച സൂചികയായ ജി.ഡി.പി രാജ്യത്തെ ഞെട്ടിച്ചു -23.9 ശതമാനം ഇടിഞ്ഞത് ഇന്ത്യ കണ്ടതാണ്. കാർഷികമേഖല ഒഴികെയുള്ള എല്ലാ മേഖലകളും ഏറ്റവും മോശംനിലയിൽ എത്തി. കോവിഡിലും ദൈവത്തിലും പഴിചാർത്തപ്പെട്ട ഈ സാമ്പത്തിക സാഹചര്യത്തിൽപോലും ഇന്ത്യയിലെ 60 ശതമാനം ജനസംഖ്യയുടെ അധ്വാനിക്കുന്ന കൈകളിൽ നിൽക്കുന്ന കാർഷികമേഖല തകരാതെ നിൽക്കുകയും റെക്കോഡ് വിളകൾ ഉൽപാദിപ്പിക്കുകയും സമ്പദ്വ്യവസ്ഥയെ നിലനിർത്തുകയും ചെയ്തു. ഈ അവസാന കച്ചിത്തുരുമ്പിനെതിരെയാണ് മോദി സർക്കാർ നോട്ടുനിരോധനത്തിനും ജി.എസ്.ടിക്കും ശേഷം അടുത്ത വലിയ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. നമ്മുടെ കാർഷികമേഖലയുടെ ശക്തി അതിെൻറ വ്യാപ്തി, വൈവിധ്യം, ആന്തരികബന്ധങ്ങൾ, ഭൂമിയുടെ സ്വഭാവം, കാലാവസ്ഥ, കൃഷിചെയ്യുന്ന ജനസംഖ്യയുടെ ഉപജീവന രീതികൾ എന്നിവയെ അവലംബിച്ചിരിക്കുന്നു. കോർപറേറ്റ് ഇന്ത്യ, 'നിതി ആയോഗി'ലെ വിദഗ്ധർ, ഡൽഹിയിലെ ഇടനാഴികളെ വേട്ടയാടുന്ന സാമ്പത്തിക വിദഗ്ധർ എന്നിവർക്ക് ഒരിക്കലും കാർഷിക വ്യവസ്ഥയുടെ ശക്തിയും ആഴവും മനസ്സിലാക്കാൻ കഴിയില്ല. കർഷകരും കർഷകത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ സ്വഭാവവും ഉൾക്കൊള്ളാനാവില്ല. അവർ വലിയ കാർഷിക-കുത്തക ഇടനിലക്കാരെ ഈ മേഖലയിലേക്ക് കടത്തിവിടുന്നതാണ് പരിഹാരം എന്ന് വിശ്വസിക്കുന്നു. അത് അവരുടെ അജണ്ട കൂടിയാണ്. ഇതു നടത്തിയെടുക്കാൻ അവർക്ക് ശരിയായ ഒരു യുദ്ധപ്രഭുവിനെയും കിട്ടി. സർജിക്കൽ സ്ട്രൈക്ക് നടന്നിരിക്കുന്നു. കർഷകർക്കെതിരെയുള്ള യുദ്ധം ആരംഭിച്ചിരിക്കുന്നു.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.