മതനിരപേക്ഷതയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുകയും നാനാമത വിഭാഗത്തിൽപ്പെട്ടവർ ഒരുമിച്ച് ജീവിക്കുകയും ചെയ്യുന്ന നമ്മുടെ രാജ്യത്ത് മതസ്പർധയും വൈരവും വഴിവെക്കുന്ന ശ്രമങ്ങൾ ചുറ്റുനിന്നും കേൾക്കുന്നു. ഉത്തർപ്രദേശിലെ വിദ്യാലയത്തിൽ ഒരു കുട്ടിയുടെ മുഖത്ത് മറ്റുമതസ്ഥരുടെ കുട്ടികളെക്കൊണ്ട് അടിപ്പിക്കുന്നത് നാം കണ്ടു. വളരെ ആസൂത്രിതമായി വിദ്യാഭ്യാസത്തെ വർഗീയതയുമായി സമരസപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന ആക്ഷേപമുണ്ട്. അതെല്ലാം ശരിവെക്കുന്ന നടപടികളും ദേശീയതലത്തിൽനിന്ന് ഉണ്ടാകുന്നുണ്ടോ എന്നതും നോക്കേണ്ടതുണ്ട്.
ചരിത്ര വിദ്യാഭ്യാസവും ശാസ്ത്ര വിദ്യാഭ്യാസവും വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നു. മുമ്പെല്ലാം ചില പ്രദേശങ്ങളിൽ ചില അധ്യാപകർ അവരവരുടെ താൽപര്യത്തിനനുസരിച്ച് ചില കാര്യങ്ങൾ ചെയ്യുമായിരുന്നു. എന്നാൽ, ഇന്ന് ഭരണഘടന ഉയർത്തിപ്പിടിക്കേണ്ട ഭരണഘടനാസ്ഥാപനങ്ങൾതന്നെ അടിസ്ഥാനതത്ത്വങ്ങളെ പരസ്യമായി ലംഘിക്കുന്ന അവസ്ഥയുണ്ടായിവരുന്നു. അതിന്റെ ഭാഗമായി തങ്ങൾക്കിഷ്ടമില്ലാത്ത പാഠഭാഗങ്ങൾ ഒരു അക്കാദമിക നീതീകരണവുമില്ലാതെ വെട്ടിമാറ്റുന്നു. വിദ്യാഭ്യാസമെന്നത് ഇന്നലെകളിൽ നടന്ന സമൂഹചലനങ്ങളെ മനസ്സിലാക്കൽ കൂടിയുള്ളതാണ്. അതിന്റെ പിൻബലത്തിൽ ഇന്നത്തെ സമൂഹചലനങ്ങളെ യുക്തിയുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യലും നാളത്തെ സമൂഹപരിവർത്തനങ്ങളെക്കുറിച്ചുള്ള അനുമാനങ്ങൾ മുന്നോട്ടുവെക്കലും വിദ്യാഭ്യാസ പ്രക്രിയയുടെ അനിവാര്യ ഭാഗമാണ്. ഇതിനുള്ള കുട്ടികളുടെ കഴിവിനെ പ്രായവും പ്രകൃതവും പരിഗണിച്ച് വളർത്താനും വികസിപ്പിക്കാനുമുള്ള പൊതുയിടങ്ങളാണ് വിദ്യാലയങ്ങൾ.
പ്രകൃതിയിലെയും സമൂഹത്തിലെയും വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും അംഗീകരിക്കുകയും അവക്കുള്ളിൽ ഒരുമിച്ച് പരസ്പരം സഹകരിച്ചും അംഗീകരിച്ചും സഹവർത്തിച്ചും അധിവസിക്കാനുള്ള മാനസികവും വൈകാരികവും വൈചാരികവുമായ സജ്ജമാകൽ പ്രക്രിയയാണ് വിദ്യാലയങ്ങളിൽ നടക്കേണ്ടത്. മത, ജാതി വിദ്വേഷങ്ങൾ വളർത്താൻ ഇടനൽകുന്ന ഒരു പ്രവർത്തനവും വിദ്യാലയങ്ങളിൽ പാടില്ലാത്തതാണ്.
ഇത്തരം കാര്യങ്ങളിൽ ആത്മപരിശോധന നടത്തേണ്ടതുണ്ട് എന്നാണ് ആനുകാലിക സംഭവവികാസങ്ങൾ നമ്മോട് പറയുന്നത്. അതിനുള്ള അവസരമാക്കി ഈ വർഷത്തെ അധ്യാപകദിനത്തെ നമുക്ക് പ്രയോജനപ്പെടുത്താം. പ്രതിഭാധനനായ അധ്യാപക ശ്രേഷ്ഠനും മികച്ച രാജ്യതന്ത്രജ്ഞനും നമ്മുടെ രണ്ടാമത്തെ പ്രസിഡന്റുമായ ഡോ. എസ്.രാധാകൃഷ്ണന്റെ ജന്മദിനം നമുക്ക് അധ്യാപക ദിനമാണ്. അദ്ദേഹത്തിന്റെ ശിഷ്യർ ഡോ. എസ്.രാധാകൃഷ്ണന്റെ ജന്മദിനം ആഘോഷിക്കാൻ തീരുമാനിച്ചറിയിച്ചപ്പോൾ വ്യക്തിനിഷ്ഠമായ ആചരണത്തിന് അദ്ദേഹം വിസമ്മതിച്ചു. പകരം ആ ദിനം ഇന്ത്യയിലെ അധ്യാപകർക്കായി സമർപ്പിക്കുകയാണ് ചെയ്തത്.
കേരളത്തെ മതനിരപേക്ഷ കേരളമാക്കിമാറ്റിയ മുന്നേറ്റങ്ങളുടെയെല്ലാം മുന്നണിയിൽ എന്നും അധ്യാപകരുണ്ടായിരുന്നു. ഒരു തൊഴിലിനപ്പുറത്തേക്ക് ഇതൊരു സാമൂഹിക പ്രവർത്തനമാണെന്ന നിലപാടാണ് പരിവർത്തനഘട്ടത്തിൽ കേരളത്തിലെ പുരോഗമന പക്ഷത്തുനിന്ന അധ്യാപക ശ്രേഷ്ഠർ കൈക്കൊണ്ടത്. സമൂഹത്തിലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ മുൻകാലങ്ങളിൽ ഉണ്ടായതുപോലെയുള്ള പങ്കാളിത്തം പുതുതലമുറയിലെ അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടോയെന്ന് വിലയിരുത്തേണ്ടതുണ്ട്. ഒപ്പം വിദ്യാഭ്യാസരംഗത്തെ നമ്മുടെ മുന്നേറ്റങ്ങളെ സ്ഥായിവത്കരിക്കാൻ എങ്ങനെ കഴിയുമെന്നുള്ള ആലോചനകളും നടക്കണം.
മുഴുവൻ കുട്ടികളുടെയും കഴിവിനെ അംഗീകരിക്കാനും അവരെ ഏറ്റവും ഉന്നതിയിലേക്ക് എത്തിക്കുന്നതിനുള്ള തുല്യാവസരം ഉറപ്പാക്കാനും കഴിയണം. എങ്കിലേ വിദ്യാഭ്യാസരംഗത്ത് സാമൂഹികനീതി ഉറപ്പാക്കാൻ കഴിയൂ. പരീക്ഷക്ക് ഉന്നതവിജയം നേടുന്നത് മാത്രമായി വിദ്യാഭ്യാസത്തെ പരിമിതപ്പെടുത്താൻ കഴിയില്ല. സമൂഹത്തിന്റെ സമഗ്രമുന്നേറ്റത്തിൽ സ്കൂൾ വിദ്യാഭ്യാസം എന്തു പങ്കുവഹിക്കണം എന്നതും സജീവമായി ചർച്ച ചെയ്യപ്പെടണം. ഇത്തരം സംവാദങ്ങൾ ജനാധിപത്യ മതനിരപേക്ഷ നവകേരളത്തിന്റെ രൂപവത്കരണത്തിൽ നിർണായകമാകും. നാനാത്വത്തിൽ ഏകത്വം എന്നതിൽ നിന്നുമാറി നാനാത്വം വേണ്ട ഏകത്വം മാത്രം മതി എന്ന നിലപാടുകൾ ഉയർന്നുവരുമ്പോൾ അതിനെതിരെ നിലപാടെടുക്കാനും ബഹുസ്വരതയിലെ സൗന്ദര്യത്തെ, ദൃഢതയെ, ഐക്യബോധത്തെ എങ്ങനെയെല്ലാം കൂടുതൽ കൂടുതൽ ശകതിപ്പെടുത്താം എന്ന ചർച്ച കൂടി ഈ വർഷത്തെ അധ്യാപക ദിനവുമായി ബന്ധപ്പെടുത്തി നടക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.