മുസ്ലിംലീഗിനെ ഒന്ന് തോണ്ടി നോവിക്കാൻ മുഖ്യമന്ത്രി വീണ്ടും ശ്രമിക്കുന്നത് കണ്ടപ്പോൾ അദ്ദേഹത്തോട് സഹതാപം തോന്നി. പണ്ടൊരിക്കൽ ലീഗില്ലാത്ത ലോക്സഭ ഉണ്ടാകുമെന്ന് അദ്ദേഹം ഗർജിച്ചിരുന്നത് ഒാർത്തു. ചിലർക്ക് അങ്ങനെയാണ്, നേരം പുലരാറില്ല. അത് സൂര്യെൻറ കുഴപ്പമല്ല. രാഷ്ട്രീയ അന്ധതയാണ് പ്രശ്നം.
രാഷ്ട്രീയലക്ഷ്യങ്ങൾക്കായി ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുന്നതും ജനങ്ങൾക്കിടയിൽ അവിശ്വാസം ജനിപ്പിക്കുന്നതും ക്ഷന്തവ്യമല്ല. മലയാളിയുടെ അന്തസ്സിനും പാരമ്പര്യത്തിനും അനുയോജ്യവുമല്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രി നടത്തുന്ന പ്രസ്താവനകളിലെ ദുസ്സൂചനകൾ ഉന്നമിടുന്നത് എന്താണെന്ന് മുമ്പ് വി.എസ്. അച്യുതാനന്ദൻ പറഞ്ഞതുപോലെ അരി ആഹാരം കഴിക്കുന്ന ആർക്കും തിരിയും. അത്തരം രീതികളുമായി മലയാളികൾക്ക് പൊരുത്തപ്പെടാനാവില്ലെന്ന് ഉറപ്പായും പറയാനാവും.
മലയാളിയുടെ ഉന്നത നിലവാരത്തിനും സുചിന്തിതമായ നിലപാടിനും ക്ഷതം വരുത്തുന്ന ഒന്നും ചെയ്യാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം. എതിരഭിപ്രായങ്ങൾ അനാശാസ്യമാണെന്നു പറയുന്നവർ ജനായത്തത്തിെൻറ ബാലപാഠങ്ങൾപോലും അംഗീകരിക്കുന്നവരല്ല. കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രനോട് മുഖ്യമന്ത്രി പറഞ്ഞതെന്തെന്ന് നാം ഓർക്കുന്നുണ്ട്. പത്രക്കാരോട് 'പുറത്ത് കടക്കൂ' എന്ന് കൽപ്പിച്ചതാരാണെന്നും അറിയാം.
യു.ഡി.എഫ് ശക്തമായ ഒരു രാഷ്ട്രീയ യാഥാർഥ്യമാണ്. എൽ.ഡി.എഫിനേക്കാൾ ശക്തമാണ് അതിെൻറ ജനകീയാടിത്തറ.രണ്ടു മുന്നണികളുമായി മാറിമാറി സഹകരിക്കുന്ന ഒരു ഗണ്യമായ ജനവിഭാഗമാണ് ഇരുമുന്നണികളുടെയും വിജയപരാജയം നിർണയിക്കുന്ന ഘടകം. അവരെ നയിക്കുന്നത് സംഘടനാ താൽപര്യങ്ങളാകണമെന്നില്ല. കേരളത്തിലെ മുന്നണി സംവിധാനം തകരരുതെന്ന് അവർക്ക് വാശിയുണ്ട്.
അക്കാര്യത്തിൽ വെല്ലുവിളി ഉയരുന്നുവെന്ന് നിരീക്ഷിച്ചുറപ്പിച്ചാൽ വികസനം അടക്കം മുഴുവൻ പരിഗണനകളും മാറ്റിവെച്ച് അവർ നിലപാടെടുക്കും. അത് തങ്ങൾക്ക് ലഭിക്കുന്ന എന്നന്നേക്കുമുള്ള പിന്തുണയാണെന്ന തെറ്റായ വിലയിരുത്തൽ ഉപേക്ഷിക്കുന്നതാണ് യുക്തിഭദ്രമായ സമീപനം.
പ്രാദേശിക ഭരണകൂടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തിയ അനേകം സംഗതികളുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ അതൊക്കെ അപ്പടി ആവർത്തിക്കുമെന്ന് കരുതുന്നത് വസ്തുതാപരമാവില്ല എന്നു ആർക്കാണറിയാത്തത്! ഭരണപക്ഷമായിരുന്നപ്പോഴും ഇപ്പോൾ പ്രതിപക്ഷത്തും യു.ഡി.എഫ് പ്രകടനം താരതമ്യേന മെച്ചമാണെന്ന് ആരും സമ്മതിക്കും. സഭാ നടപടികൾ നിരീക്ഷിക്കുന്ന ആർക്കും നിരാക്ഷേപം ബോധ്യപ്പെടുന്നതാണിത്. യു.ഡി.എഫ് യുവ അംഗങ്ങളുടെ സഭാനടപടികളിലെ സമർഥമായ ഇടപെടലുകൾ വലിയ പ്രതീക്ഷ നൽകുന്നു. അതൊക്കെ ജനങ്ങൾ കണ്ണടച്ച് അവഗണിക്കുമെന്ന് സി.പി.എം വ്യാമോഹിക്കരുത്.
നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ പരിഗണനക്കെടുക്കുന്ന വിഷയങ്ങളിൽ പ്രായോഗികവും സുതാര്യവും വിശാലവുമായ ജനപക്ഷനയങ്ങൾ സ്വീകരിച്ച് യു.ഡി.എഫ് ജനപിന്തുണ നേടാൻ പ്രതിജ്ഞാബദ്ധമായിരിക്കും. ജനായത്തത്തിെൻറ വിപുല സാധ്യതകൾ ജനങ്ങൾക്ക് അനുഭവിക്കാൻ കഴിയും വിധം തുറന്ന സമീപനം യു.ഡി.എഫ് സ്വീകരിക്കും. അധികാരം കൈകാര്യം ചെയ്യുന്ന സന്ദർഭങ്ങളിൽ ഏകപക്ഷീയത ഒരു കാലത്തും ഉണ്ടായിരുന്നില്ലെന്ന് ജനങ്ങൾക്കറിയാം. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഘടന യു.ഡി.എഫിെൻറ ഏറ്റവും വലിയ സവിശേഷതയുമാണ്. ആരോഗ്യകരമായ ചർച്ചയും തദടിസ്ഥാനത്തിൽ രൂപപ്പെടുത്തുന്ന തീരുമാനങ്ങളും യു.ഡി.എഫ് മുഖമുദ്രയായിരിക്കും.
കൂട്ടുത്തരവാദിത്തവും എല്ലാവർക്കും തുല്യമായ പരിഗണനയും ലഭിക്കുന്ന മികച്ച ജനായത്താടിത്തറയിൽ ഭരണയന്ത്രം തിരിയുന്ന അവസ്ഥ തിരിച്ചുകൊണ്ടുവരാനായിരിക്കും എല്ലാ ശ്രമവും. ജനങ്ങളുടെ വിശ്വാസമാർജിക്കാനായിരിക്കും യു.ഡി.എഫ് ഊന്നൽ നൽകുക.
വിമോചനസമര കാലം മുതൽ മുസ്ലിംലീഗിെൻറ ചരിത്രം മലയാളിക്കറിയാം. സി.പി.എമ്മിനും അത് അജ്ഞാതമാവില്ല. മന്നത്ത് പത്മനാഭനും ആർ.ശങ്കറും പനമ്പിള്ളി ഗോവിന്ദമേനോനും കെ. കരുണാകരനും അരങ്ങിൽ ശ്രീധരനും ഡോ. കെ.ബി.മേനോനും മാത്രമല്ല ആ സൗഹൃദ വലയത്തിലുള്ളതെന്ന് മുഖ്യമന്ത്രിയോട് പറയേണ്ടതില്ലല്ലോ. ജീവിതത്തിെൻറ സകലതുറകളിലും സമചിത്തതയോടെ സമവായവും സഹവർത്തിത്വവും ഉറപ്പുവരുത്താൻ വ്രതശുദ്ധിയോടെ ചടുലമായ നീക്കങ്ങൾ ആവിഷ്കരിച്ച് ഫലപ്രദമായി നടപ്പാക്കുക വഴി എല്ലാവരുടെയും വിശ്വാസം ആർജിച്ച സംഘടനക്ക് ജനങ്ങളുടെ കോടതിയിൽ ആത്മാഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും തലയുയർത്തി നിൽക്കാനാവും.
കേരളനിയമസഭയിൽ അധ്യക്ഷനായി പ്രവർത്തിച്ച കെ.എം. സീതിസാഹിബിനെയും സഭാനേതാവായിരുന്ന സി.എച്ച്. മുഹമ്മദ്കോയയെയും അബ്ദുറഹ്മാൻ ബാഫഖി തങ്ങളെയും മുഹമ്മദലി ശിഹാബ് തങ്ങളെയും അടുത്തറിയുന്ന മലയാളിയുടെ മനസ്സിൽ തിരുത്ത് വരുത്താൻ മുഖ്യമന്ത്രിക്കാവില്ല. പ്രഖ്യാപിതനയങ്ങളിൽനിന്ന് സംഘടനക്ക് വ്യതിചലിക്കാനുമാവില്ല. കേരളത്തിെൻറ പൊതുമണ്ഡലത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ നയമാണത്.
പ്രോജ്ജ്വലമായ രീതിയിൽ ആ നയം തുടരാനും അഞ്ച് പതിറ്റാണ്ടുകാലമായി ഐക്യജനാധിപത്യ മുന്നണി അനുവർത്തിക്കുന്ന ജനപക്ഷരാഷ്ട്രീയം ഗുണപരമായും സജീവമായും പുനരാവിഷ്കരിക്കാനും ഇപ്പോൾ നടക്കുന്ന പരിശ്രമങ്ങൾ ലക്ഷ്യം കാണുന്നു എന്ന് ഈ പരിഭ്രാന്തി വ്യക്തമാക്കുന്നു. കേവല രാഷ്ട്രീയ നീക്കങ്ങൾക്കപ്പുറം സാമൂഹികമായ പാരസ്പര്യത്തിെൻറ വിപുലമായ മേഖലകളാണ് തുറക്കപ്പെടുന്നത്. മലയാളി എന്നും താലോലിക്കുന്ന ആശയഭൂമികയാണത്.
ഐക്യജനാധിപത്യ മുന്നണിയുടെ വികസന നിലപാടുകൾക്ക് സ്വീകാര്യത നേടാനും ജനങ്ങൾക്കൊപ്പം നിൽക്കാനും നടക്കുന്ന ശ്രമങ്ങൾക്ക് കേരളം പിന്തുണ നൽകുമെന്ന് വരുംനാളുകൾ തെളിയിക്കും. ഈ ദിശയിൽ മുന്നണിയുടെ പുനരർപ്പണവും ജനങ്ങളുടെ വിശ്വാസവും താളപ്പൊരുത്തത്തോടെ ഒരുമിക്കുന്നത് സ്വാഭാവികമായ പ്രക്രിയയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.