ഗസ്സയിൽനിന്ന് ഉയരുന്ന ഫലസ്തീനികളുടെ മുറവിളികൾക്ക് മറുപടിയില്ലാതെ വന്നതോടെ ആ ദുഷിച്ച സത്യം വെളിപ്പെട്ടിരിക്കുന്നു. നിലവിലെ ലോകക്രമത്തിന്റെ അടിസ്ഥാനമെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ‘അന്താരാഷ്ട്ര നിയമ’ങ്ങളുടെ പൊയ് മുഖം ഒടുവിൽ പൊളിഞ്ഞുവീണിരിക്കുന്നു, അതിന്റെ യഥാർഥ സ്വഭാവവും ലക്ഷ്യവും സുവ്യക്തം. അന്താരാഷ്ട്ര നീതിയെന്നത് പലപ്പോഴും, സാമ്രാജ്യത്വ താൽപര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ഒരു ഉപകരണം മാത്രമായി ചുരുങ്ങുന്നു, അല്ലാതെ നീതിയല്ല.
യൂറോപ്യർ ആഫ്രിക്കക്ക് മേൽ നടത്തിയ റാഞ്ചലുകൾ മുതൽ അമേരിക്ക സമീപകാലത്ത് ലാറ്റിനമേരിക്കയിൽ നടത്തിയ ഇടപെടലുകൾ വരെ സാമ്രാജ്യത്വത്തിന്റെ ചരിത്രം ചെറുതായൊന്ന് മറിച്ചു നോക്കിയിട്ടുള്ള ആർക്കും ആ ഇരുണ്ട ഭൂതകാലം ഇപ്പോൾ ലോകം പ്രവർത്തിക്കുന്ന രീതിയെ രൂപപ്പെടുത്താൻ സഹായിച്ചതെങ്ങനെയെന്ന് ഏറെ മുമ്പുതന്നെ അറിയാമായിരുന്നു.
അന്താരാഷ്ട്ര നിയമം ഒറ്റനോട്ടത്തിൽ സമാധാനവും മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രയോഗവും രാജ്യങ്ങളുടെ പരസ്പര സഹകരണവും നീതിവാഴ്ചയുമെല്ലാം പ്രോത്സാഹിപ്പിക്കുന്ന ഒരു മഹത്തായ ആശയമാണെന്ന് തോന്നിപ്പോകും. എന്നാൽ, മേൽത്തട്ടിനടിയിൽ ഒന്ന് ചുരണ്ടിനോക്കുമ്പോൾ സാമ്രാജ്യത്വ ഭൂതകാലത്തിന്റെ പ്രേതങ്ങളാൽ രൂപപ്പെട്ട മറ്റൊരു ആഖ്യാനം ഉയർന്നുവരും.
റഷ്യൻ അധിനിവേശത്തിൽനിന്ന് യുക്രെയ്നിയൻ ജനതയെ പ്രതിരോധിക്കാനും അവരുടെ മുറിവുണക്കാനും നീതി ലഭ്യമാക്കാനും അന്താരാഷ്ട്ര നിയമം എത്രമാത്രം ഉത്സാഹത്തോടെ ഉപയോഗിച്ചുവെന്നും ഇപ്പോഴും ഉപയോഗിക്കപ്പെടുന്നുവെന്നും നോക്കൂ. എന്നിട്ട് ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണത്തോടുള്ള പാശ്ചാത്യരുടെ പ്രതികരണത്തിൽ അതേ നിയമങ്ങളും മാനദണ്ഡങ്ങളും തത്ത്വങ്ങളും വെറുംനിർദേശങ്ങളും അടിക്കുറിപ്പുകളും മാത്രമായി ചുരുങ്ങിപ്പോയതെങ്ങനെയെന്ന് താരതമ്യം ചെയ്യുക.
അമേരിക്ക നയിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ അജണ്ടക്ക് അനുയോജ്യമാകുന്ന ഘട്ടത്തിൽ മാത്രമാണ് അന്താരാഷ്ട്ര നിയമങ്ങളും അതിനെ അടിസ്ഥാനമാക്കിയ ആഗോളക്രമവും പാലിക്കുന്നതിൽ ഉറച്ചുനിൽക്കുന്നത്.
നൂറ്റാണ്ടുകളായി, വിഭവങ്ങൾക്കും ഭൗമരാഷ്ട്രീയ ആധിപത്യത്തിനും വേണ്ടിയുള്ള ആർത്തിയാൽ നയിക്കപ്പെടുന്ന കൊളോണിയൽ വിപുലീകരണവും ചൂഷണവുമാണ് പാശ്ചാത്യ ചരിത്രത്തെ നിർവചിച്ചുപോരുന്നത്. ഭൂമി പിടിച്ചടക്കിയും വിഭവങ്ങൾ കൊള്ളയടിച്ചും മനുഷ്യരെ ക്രൂരമാംവിധം അടിമകളാക്കിയും
ഒരുപറ്റം യൂറോപ്യൻ രാജ്യങ്ങൾ ലോകത്തെ തങ്ങൾക്കിടയിൽ കൊത്തിനുറുക്കി വീതംവെച്ചു. ഈ കൊളോണിയൽ ആധിപത്യ കാലഘട്ടത്തിലുടനീളം, പാശ്ചാത്യ രാജ്യങ്ങൾ പരമാധികാരവും സ്വയം നിർണയാവകാശവും മറ്റാർക്കും ലഭ്യമല്ലാത്ത തങ്ങളുടെ സ്വാഭാവിക അവകാശവും പദവിയുമാണെന്നമട്ടിൽ പ്രവർത്തിച്ചു. രണ്ട് ലോക യുദ്ധങ്ങൾ, യൂറോപ്യൻ ശക്തികളെ ക്ഷയിപ്പിക്കുകയും പല കൊളോണിയൽ പ്രദേശങ്ങളിലും അവരുടെ നിയന്ത്രണം അതിവേഗം ദ്രവിപ്പിക്കുകയും ചെയ്തു
1940-കളുടെ ഒടുക്കത്തിൽ, യൂറോപ്യൻ രാജ്യങ്ങൾ രാഷ്ട്രപുനർനിർമാണത്തിന് പണിപ്പെടുകയും ആഫ്രിക്കയിലും മറ്റും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾ ശക്തിപ്പെടുകയും ചെയ്തതോടെ പുതിയ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു അന്താരാഷ്ട്ര ക്രമം രൂപപ്പെടാൻ തുടങ്ങി. മനുഷ്യാവകാശങ്ങളും രാഷ്ട്രങ്ങളുടെ സ്വയം നിർണയാവകാശവും പോലുള്ള ആശയങ്ങളും നിയമങ്ങളായി ക്രോഡീകരിക്കപ്പെട്ടു.
ഐക്യരാഷ്ട്രസഭ രൂപവത്കരിക്കപ്പെടുകയും അന്താരാഷ്ട്ര നീതിന്യായകോടതി, യു.എൻ രക്ഷാസമിതി തുടങ്ങിയ സ്ഥാപനങ്ങൾ സ്ഥാപിക്കപ്പെടുകയും ചെയ്തതോടെ, ഈ പുതിയ നിയമങ്ങൾ എല്ലാവർക്കുമായി - ശക്തമായ പാശ്ചാത്യ രാജ്യങ്ങൾക്കും അവരുടെ (മുൻ) കോളനികൾക്കും തുല്യമായും സ്ഥിരമായും ബാധകമാണെന്ന ഒരു മിഥ്യാധാരണയും ഉദയംകൊണ്ടു.
പുറമേക്ക് രാഷ്ട്രങ്ങളുടെ പരമാധികാരം, മനുഷ്യാവകാശങ്ങൾ പോലുള്ള ആശയങ്ങൾ പ്രോത്സാഹിപ്പിക്കുമ്പോഴും മറ്റ് രാജ്യങ്ങളെ നിയന്ത്രിക്കുകയും കൊള്ളയടിക്കുകയും ചൂഷണത്തിനിരയാക്കുകയും ചെയ്യുന്ന അവരുടെ പാശ്ചാത്യശക്തികൾ ശീലം തുടർന്നുപോന്നു.
തങ്ങളുടെ കൊളോണിയൽ നയങ്ങൾ രഹസ്യമായി മുന്നോട്ടുകൊണ്ടുപോകാനും എതിരാളികളുടെ സമാന ശ്രമങ്ങളെ തടസ്സപ്പെടുത്താനും അവർ പുതുതായി തയാറാക്കിയ ‘നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള’ ഉത്തരവ് പ്രയോഗിക്കാൻ തുടങ്ങി. 1950-കളുടെ തുടക്കത്തിലുണ്ടായ ആംഗ്ലോ-ഇറാനിയൻ ഓയിൽ കമ്പനി കേസ് അന്താരാഷ്ട്ര നിയമത്തിന്റെയും അത് സംരക്ഷിക്കാൻ സ്ഥാപിച്ച സ്ഥാപനങ്ങളുടെയും ഒരു പ്രാരംഭ പരീക്ഷണമായിരുന്നു.
അതിന്റെ ഫലങ്ങൾ സാമ്രാജ്യത്വ താൽപര്യങ്ങൾ നിറവേറ്റുന്നതല്ലെന്ന് കണ്ടപ്പോൾ, അമേരിക്കയും യു.കെയും ഇറാനിലെ ജനാധിപത്യ സർക്കാറിനെ അട്ടിമറിച്ച് പാവഭരണകൂടത്തെ സ്ഥാപിച്ച് ‘ഓപറേഷൻ അജാക്സ്’ നടപ്പാക്കി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റുകളെ വീഴ്ത്തിയും, കൊലപാതകികളായ മിലിഷ്യകളെ ആയുധമണിയിച്ചും തങ്ങളുടെ അജണ്ടക്ക് അനുകൂലമായ സ്വേച്ഛാധിപതികളെ പ്രതിഷ്ഠിച്ചും 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ അമേരിക്ക ലാറ്റിനമേരിക്കയിലെമ്പാടും നാശം വിതച്ചു.
അന്താരാഷ്ട്ര നിയമങ്ങൾ നഗ്ന മായി ലംഘിക്കുകയും ദേശീയ പരമാധികാര സങ്കൽപത്തെ പരിഹസിക്കുകയും ദശലക്ഷക്കണക്കിന് ആളുകളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ തകർക്കപ്പെടുകയും ചെയ്ത ഈ പ്രവർത്തനങ്ങൾക്ക് ഒരു ഉപരോധവും ഒരിക്കലും നേരിടേണ്ടി വന്നില്ല.
ഓപറേഷൻ അയൺ സോഡ്സ് എന്ന പേരിൽ ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണവും അതിനുള്ള പാശ്ചാത്യ ലോകത്തിന്റെ പിന്തുണയും അന്താരാഷ്ട്ര നിയമത്തിന്റെ കാപട്യം സംബന്ധിച്ച ഏറ്റവും പുതിയതും ഒരുപക്ഷേ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്.
ഫലസ്തീന്റെ ഭൂമി അനധികൃതമായി കൈയടക്കുകയും ഫലസ്തീനികളെ പതിറ്റാണ്ടുകളായി വർണവിവേചനത്തിന് വിധേയമാക്കുകയും ചെയ്ത ഇസ്രായേൽ ഇപ്പോൾ ഗസ്സയിൽ രണ്ട് ദശലക്ഷത്തിലധികം ഫലസ്തീനികളെ (അതിൽ പകുതിയും കുട്ടികൾ) സമ്പൂർണ ഉപരോധത്തിന് വിധേയമാക്കുകയും മുന്നുംപിന്നും നോക്കാതെ ബോംബെറിയുകയും ചെയ്യുന്നു.
അന്താരാഷ്ട്ര നിയമങ്ങൾ ഇവ്വിധത്തിൽ അതിഹീനമാംവിധം ലംഘിക്കപ്പെടുകയും ഇനിയും പലതും ചെയ്യുമെന്ന് പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്ന ഘട്ടത്തിൽ സ്വയംപ്രഖ്യാപിത മനുഷ്യാവകാശ സംരക്ഷകരായ അന്താരാഷ്ട്ര സമൂഹത്തിലെ പാശ്ചാത്യ നേതാക്കൾ എങ്ങനെ പ്രതികരിച്ചു?
അവർ ഇസ്രായേലിന് അടിയുറച്ച പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തത്.
എണ്ണയും പ്രകൃതിവാതക ശേഖരങ്ങളുംകൊണ്ട് സമ്പന്നമായ ഈ പ്രദേശത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം ഊർജ താൽപര്യങ്ങൾ സുരക്ഷിതമാക്കാൻ ശ്രമിക്കുന്നവരെ കാന്തംപോലെ ആകർഷിക്കുന്നു, അത് ഈ മേഖലയിലെ പാശ്ചാത്യ നയങ്ങളെയും ചരിത്രപരമായി സ്വാധീനിച്ചിട്ടുണ്ട്.
1948-ന് മുമ്പ്, ഇറാഖിലെ കിർകുക്ക് മുതൽ ഫലസ്തീനിലെ ഹൈഫ വരെ വ്യാപിച്ചുകിടക്കുന്ന ഇറാഖ്-പെട്രോളിയം കമ്പനിയുടെ എണ്ണ താൽപര്യങ്ങളായിരുന്നു അത്. ഇന്നത് ഷെവ്റോണിന്റെയും ബ്രിട്ടീഷ് പെട്രോളിയത്തിന്റെയും മെഡിറ്ററേനിയൻ പ്രകൃതിവാതക താൽപര്യങ്ങളാണ്. അത് മാത്രമാവില്ല ഏക കാരണം. പക്ഷേ എന്നാൽ നിലവിലെ ഭൗമരാഷ്ട്രീയ നിലപാടുകൾ മനസ്സിലാക്കുന്നതിൽ കാര്യമായി പരിഗണിക്കേണ്ട വിഷയമാണ്.
ചരിത്ര സംഭവങ്ങളും സമകാലിക പ്രവർത്തനങ്ങളും തമ്മിലെ സമാനതകൾ ശ്രദ്ധേയമാണ്. ഫലസ്തീൻ പ്രശ്നം ഈ സാമ്രാജ്യത്വ അഭിലാഷങ്ങൾക്ക് ഏറെക്കാലമായി വിലങ്ങുതടി സൃഷ്ടിക്കുന്നുവെന്നതിനാൽ ഇപ്പോൾ അതിന് സ്വന്തമായി ഒരു അന്തിമ പരിഹാരം നിർദേശിക്കാനുള്ള അവസരം കണ്ടെത്തുകയാണ് പാശ്ചാത്യ ശക്തികൾ.
എന്തായാലും ആ മുഖംമൂടി അഴിഞ്ഞു വീണിരിക്കുന്നു.
‘അന്താരാഷ്ട്ര നിയമം’ പരമോന്നതമാണെന്നും എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും പാശ്ചാത്യ ശക്തികൾക്ക് ഇനിമേലിൽ അവകാശപ്പെടാനാവില്ല. ഗസ്സക്കെതിരായ നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ കടന്നാക്രമണങ്ങൾക്ക് ഒരു ലജ്ജയുമില്ലാതെ പച്ചക്കൊടി കാട്ടുമ്പോൾ, അന്താരാഷ്ട്ര നിയമവ്യവസ്ഥയുടെ സമഗ്രതയെ ചോദ്യം ചെയ്യുന്നതിൽനിന്ന് ലോകമെമ്പാടുമുള്ള മനഃസാക്ഷിയുള്ള മനുഷ്യരെ തടയാനാവില്ല. തങ്ങൾ നീതിയുടെ നിഷ്പക്ഷ മധ്യസ്ഥരാണെന്ന ധാരണ വെല്ലുവിളിക്കപ്പെട്ടിരിക്കുന്നു.
ഫലസ്തീൻ മുന്നേറ്റം അധിനിവേശത്തിനും വർണവിവേചനത്തിനും കൊളോണിയലിസത്തിനുമെതിരായ സമരം മാത്രമല്ല; അത് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടമാണ്.
വലുപ്പമോ ഭൗമരാഷ്ട്രീയ പ്രാധാന്യമോ പരിഗണിക്കാതെ, എല്ലാ രാജ്യങ്ങളുടെയും നീതിയുടെയും സമത്വത്തിന്റെയും അവകാശങ്ങൾ ആദരിക്കപ്പെടുന്ന, നീതിയുക്തവുമായ ഒരു അന്താരാഷ്ട്ര ക്രമമാണ് നമുക്കിന്നാവശ്യം, ലോകം അത് അർഹിക്കുന്നുണ്ട്.
അന്താരാഷ്ട്ര നിയമത്തിന്റെ തനിസ്വരൂപവും സാമ്രാജ്യത്വ ആധിപത്യത്തെ ചെറുക്കാൻ ശ്രമിക്കുന്നവർക്ക് നീതിലഭ്യമാക്കുന്നതിൽ അതിന്റെ കഴിവില്ലായ്മയും തുറന്നുപറഞ്ഞുകൊണ്ട് മാത്രമേ, അധികാരത്തിനും മാനവികതക്കും മുകളിൽ നീതി നിലനിൽക്കുന്ന ഒരു ലോകം കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കൂ.
ഏറെ പണിപ്പെടേണ്ട ഒരു യത്നം തന്നെയാണത്. എന്നാൽ ഓരോ വ്യക്തിയുടെയും അവകാശങ്ങളും അന്തസ്സും, ദേശീയത പരിഗണിക്കാതെ, ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു ഭാവി സൃഷ്ടിക്കണമെങ്കിൽ അത് അത്യന്താപേക്ഷിതമാണ്.
(റാമല്ലയിലെ മനുഷ്യാവകാശ പ്രവർത്തകനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.