മാട്ടിറച്ചി വിൽപന എന്ന മഹാപരാധം

ഇറച്ചി -തുകൽ വ്യാപാരങ്ങൾക്കുമേൽ ചുമത്തപ്പെടുന്ന നിബന്ധനകളും പുതിയ നിയമങ്ങളും ഗോരക്ഷാ ഗുണ്ടകളുടെ മേൽക്കോയ്മയും ഈ മേഖലയിലെ ചെറുകിട കച്ചവടക്കാരുടെയും തൊഴിലാളികളുടെയും ഉപജീവനത്തിന് കനത്ത പ്രഹരവുമാണ് സൃഷ്ടിക്കുന്നത്. ഇതേക്കുറിച്ച് രാജ്യത്ത് ഏറ്റവുമധികം മാംസം കയറ്റുമതി നടത്തുന്ന യു.പി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ അലീഗഢ്, കാൺപുർ, ലഖ്നോ, ഉന്നാവ്, മുംബൈ നഗരങ്ങളിൽ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകൻ ശാരിക് ലാലി വാല, മാധ്യമപ്രവർത്തക സബാ ഗുർമത്, നിയമ ഗവേഷകൻ പ്രൺവ് ധവാൻ എന്നിവർ നടത്തിയ പഠനത്തിന്റെ സംഗ്രഹ വിവർത്തനം

ശാരിക് ലാലി വാല, സബാ ഗുർമത്, പ്രൺവ് ധവാൻ

യു.പി അലീഗഢ് ജില്ലയിലെ ദോധ്പുരിൽ സാമാന്യം നല്ല രീതിയിൽ ഇറച്ചിക്കവടം നടത്തിയിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു (പേര് ഒഴിവാക്കുന്നു). മാതാപിതാക്കളും ആറ് മക്കളുമടങ്ങുന്ന കുടുംബത്തെ നല്ല രീതിയിൽ പരിപാലിക്കാനും രണ്ടു പേർക്ക് തൊഴിൽ നൽകാനും ഈ കച്ചവടം കൊണ്ട് സാധിച്ചിരുന്നു. മാംസ-തുകൽ വ്യവസായ മേഖലയിലെ മറ്റ് അനേകമാളുകളെപ്പോലെ ഇദ്ദേഹത്തിന്റെ ജീവിതം മാറിമറിയാൻ തുടങ്ങിയത് 2015ലെ ഒരു ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിനെ തുടർന്നാണ്. രണ്ടു വർഷങ്ങൾക്കുശേഷം യോഗി ആദിത്യനാഥിന്റെ ബി.ജെ.പി സർക്കാർ ഉത്തർപ്രദേശിൽ അധികാരമേറ്റതോടെ നിയന്ത്രണങ്ങൾ കുതിച്ചുയരാൻ തുടങ്ങി.

ഫ്രീസറും ഗീസറും വേണം, കർട്ടനിടണം, ചുമരുകൾ വെള്ളപൂശണം, പൊലീസ് മുതൽ ഭക്ഷണ-ഔഷധ വിഭാഗം വരെ വിവിധ വകുപ്പുകളിൽനിന്ന് അനുമതിപത്രങ്ങൾ വേണം എന്നിങ്ങനെ കുറഞ്ഞത് പത്തു നിബന്ധനകളെങ്കിലും മാംസവ്യാപാരികൾക്കുമേൽ ചുമത്തി. ലൈസൻസിനും ഫ്രീസറുൾപ്പെടെയുള്ള ഉപകരണങ്ങൾക്കുമെല്ലാം പണം മുടക്കാൻ നിർബന്ധിതനായതോടെ കച്ചവടക്കാരൻ സാമ്പത്തിക തളർച്ചയിലുമായി. കടയിലുണ്ടായിരുന്ന രണ്ടു ജോലിക്കാരെയും ഒഴിവാക്കി ഇറച്ചിവെട്ടലും വിതരണം ചെയ്യലുമെല്ലാം ഇപ്പോൾ സ്വയം ചെയ്യുന്നു. ​ജോലിയിൽനിന്ന് ഒഴിവാക്കപ്പെട്ടവരിൽ ഒരാൾക്ക് ഒരു പഴക്കടയിൽ ജോലി കിട്ടി. 65 വയസ്സ് പിന്നിട്ട രണ്ടാമത്തെയാൾക്ക് മറ്റു ജോലിയെന്തെങ്കിലും കണ്ടുപിടിക്കൽ എളുപ്പമായിരുന്നില്ല, അയാളിപ്പോൾ ആളുകൾക്ക് മുന്നിൽ കൈനീട്ടി ജീവിക്കുന്നു.

ചെറുകിട ഇറച്ചിവെട്ടുകാർക്കും വിൽപനക്കാർക്കും പുതുനിയമങ്ങൾ അതി ദുർഘടമാണ്. അവ ഇറച്ചിക്കച്ചവടത്തെ മാന്യതയില്ലാത്ത ജോലിയാക്കി പൊതുസമൂഹത്തിന് മുന്നിൽ തരംതാഴ്ത്തി. ഈ ജോലിചെയ്യുന്ന കീഴാള മുസ്‍ലിംകൾ ഗോരക്ഷാസംഘങ്ങൾ, പൊലീസ്, ഉദ്യോഗസ്ഥർ എന്നിവരിൽനിന്ന് നിരന്തര പീഡനത്തിന് വിധേയരാകുകയും ചെയ്യുന്നു.

കന്നുകാലികളെ അധികൃതമായി അറക്കണമെന്നുണ്ടെങ്കിൽ പുതുതായി ഏർപ്പെടുത്തിയ ഫീസുകളും കൈക്കൂലിയും നൽകിയേ തീരൂ. അറക്കുന്ന മൃഗങ്ങളുടെ തോലും കുടലും ഈ വ്യാപാര മേഖലയിലെ പുതിയ ഇടനിലക്കാരായി വളർന്നു വന്നിരിക്കുന്ന സ്വകാര്യ അറവുശാലകൾക്ക് നൽകണമെന്നതിനാൽ വരുമാനം തീരെ പരിമിതമായി. ഫീസുകളും കൈക്കൂലി നിരക്കും പത്തു മടങ്ങ് വർധിച്ചിരിക്കുന്നുവെന്നാണ് ചില ഇറച്ചിവെട്ടുകാർ പറഞ്ഞത്. പണ്ട് 1000 കൊടുത്തിരുന്ന സ്ഥാനത്ത് പതിനായിരം രൂപ നൽകണമിപ്പോൾ.

ഈ കുറിപ്പിന്റെ തുടക്കത്തിൽ പറഞ്ഞയാൾ ഇപ്പോഴും കച്ചവടം തുടരുന്നുണ്ട്. പക്ഷേ, കഷ്ടി കഴിഞ്ഞുപോകാനുള്ള വരുമാനമേയുള്ളൂ. ഗീസറും ഫ്രീസറുമെല്ലാം വാങ്ങാൻ പണം മുടക്കിയാൽ ജീവനക്കാർക്ക് കൂലി കൊടുക്കാൻ എന്തുണ്ടാവാനാണ്? പണിക്കാരില്ലാത്തതിനാൽ സ്വന്തമാണ് ഇറച്ചി മുറിച്ചു കൊടുക്കുന്നത്. കട നടത്തിക്കൊണ്ടുപോകാനുള്ള സഹായത്തിന് ഒരു അമ്മാവനും അനന്തരവനുമെത്തുന്നു. മുമ്പൊക്കെ രാവിലെ കട തുറന്നശേഷം പുറത്തുപോയി മറ്റു ജോലികൾ ചെയ്യാനും മാംസ വിതരണത്തിന്റെ കാര്യങ്ങൾ നോക്കാനുമൊക്കെ സാധിക്കുമായിരുന്നു. പണ്ട് മൂന്നു മണിക്കൂർ കടയിൽനിന്നിരുന്നതെങ്കിൽ ഇപ്പോഴത് 12 മണിക്കൂറായി. മാറിനിൽക്കാൻ പറ്റാത്ത അവസ്ഥ- അദ്ദേഹം പരിതപിക്കുന്നു.

ആദിത്യനാഥിന്റെ നീക്കങ്ങൾ

ഭൂഗർഭ ജലവും നദീജലവും മലിനമാക്കുന്ന അറവുശാലകൾ അടച്ചുപൂട്ടണമെന്നാവശ്യപ്പെടുന്ന ഒരു പരാതി ദേശീയ ഹരിത ട്രൈബ്യൂണൽ മുമ്പാകെ എത്തിയിരുന്നു. തുടർന്ന് യു.പിയിൽ സ്വകാര്യ-സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന അറവുശാലകൾ അടച്ചുപൂട്ടാൻ 2015 മേയ് മാസം ട്രൈബ്യൂണൽ ഉത്തരവിട്ടു. 2019ൽ നടന്ന 20ാമത് കന്നുകാലി സെൻസസ് പ്രകാരം രാജ്യത്തെ കന്നുകാലികളുടെ പത്തുശതമാനവും എരുമകളുടെ 25 ശതമാനവുമുള്ള യു.പി ഇന്ത്യയിലെ ഏറ്റവും വലിയ മാംസ ഉൽപാദക സംസ്ഥാനവുമാണ്. യു.പി മലിനീകരണ നിയന്ത്രണ ബോർഡ് പരാമർ​ശിച്ച 44 അറവുശാലകൾക്ക് 2017 മാർച്ചിൽ ആദിത്യനാഥ് സർക്കാർ പൂട്ടിട്ടു. പ്രാദേശിക അറവുകാർക്ക് (ഭൂരിഭാഗവും മുസ്‍ലിംകൾ) താങ്ങാവുന്ന നിരക്കിൽ സുരക്ഷിതമായി മൃഗങ്ങളെ അറക്കാൻ സൗകര്യമൊരുക്കി നഗരസഭകളുടെ കീഴിൽ പ്രവർത്തിക്കുന്നവയായിരുന്നു ഇതിൽ 39 എണ്ണവും.

ആഗ്ര മുനിസിപ്പൽ കോർപറേഷന് കീഴിലുള്ളതൊഴികെയുള്ള അറവുശാലകൾ സർക്കാർ നവീകരിച്ചില്ല. പിന്നീട് ആദിത്യനാഥ് സർക്കാർ മാംസക്കച്ചവടത്തിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അറവുശാലകളും മാംസം വിൽപന കേന്ദ്രങ്ങളും അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തു.

ഇന്ത്യയിൽനിന്ന് ഏറ്റവുമധികം മാട്ടിറച്ചി കയറ്റുമതി ചെയ്യുന്ന മേഖലയാണ് യു.പി. പ്രതിവർഷം 10,000 കോടിയിലധികം രൂപയുടെ കയറ്റുമതിയും 25,000 കോടി രൂപ വാർഷിക വിറ്റുവരവുള്ള തുകൽ വ്യവസായവും ഇവിടെയുണ്ട്. രാജ്യത്തെ മറ്റനേകം അനൗപചാരിക, അസംഘടിത വ്യവസായങ്ങളെയും പോലെ കാലമിത്രയും അവ ഭാഗികമായി മാത്രമേ നിയന്ത്രിക്കപ്പെട്ടിരുന്നുള്ളൂ യു.പി സർക്കാർ ഇപ്പോൾ നിഷ്കർഷിക്കുന്ന വിധത്തിലെ പശ്ചാത്തല സൗകര്യങ്ങളും കടലാസുകളുമൊന്നും നേരത്തേ വേണ്ടിയിരുന്നില്ല.

പശുക്കളെ ‘നിയമവിരുദ്ധമായി’ കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കുമെന്നും മാംസക്കച്ചവടത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും ആദിത്യനാഥ് ആവർത്തിക്കുന്നു. അനധികൃത അറവുശാലകളെല്ലാം അടച്ചുപൂട്ടുന്നത് ഉറപ്പാക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയാകുന്നതിന് ഒരു മാസം മുമ്പ് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്തെ വൃത്തിഹീന സാഹചര്യങ്ങളും മാലിന്യങ്ങളും കൈകാര്യം ചെയ്യാൻ ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശിച്ചതിനാലാണ് അനധികൃത അറവുശാലകൾ അടപ്പിക്കുന്നതെന്ന കാരണം പറഞ്ഞ് നിയന്ത്രണങ്ങളുടെ ആവശ്യകത ആദിത്യനാഥ് പലപ്പോഴും ആവർത്തിച്ചു. അതിനു പുറമെ പൊതുവികാരം കണക്കിലെടുത്ത് മഥുരയിലും അയോധ്യയിലും, കൻവാർ യാത്രപോകുന്ന വഴിയിലും മാംസത്തിന്റെയും മദ്യത്തിന്റെയും വിൽപന നിരോധിക്കണം എന്നും വാദിക്കുന്നുണ്ടദ്ദേഹം. ഗോമാംസം കടത്തി എന്ന് ആരോപിക്കപ്പെടുന്നവർക്കെതിരെ 1980ലെ ക്രൂരമായ ദേശീയ സുരക്ഷ നിയമം (എൻ.എസ്.എ) ആണ് യു.പി സർക്കാർ ചുമത്തുന്നത്, അതിൻപ്രകാരം ഒരു വ്യക്തിയെ കുറ്റപത്രം കൂടാതെ ഒരു വർഷം വരെ തടങ്കലിലിടാം.

2020 വർഷം ആ​ഗസ്റ്റ് വരെ മാത്രം ദേശീയ സുരക്ഷ നിയമം ചുമത്തപ്പെട്ട139 കേസുകളിൽ 76 എണ്ണവും പശുക്കശാപ്പുമായി ബന്ധപ്പെട്ടായിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ഏതാണ്ട് ഇതേസമയം കൊണ്ടുതന്നെ യു.പിയിലെ ഗോഹത്യാ നിരോധ നിയമം1955 പ്രകാരം നാലായിരത്തിലേറെപ്പേരെ പശുക്കടത്ത്/ കശാപ്പ് ആരോപിച്ച് അറസ്റ്റു ചെയ്തു.

സംസ്ഥാന സർക്കാർ ആ നിയമം കൂടുതൽ കടുപ്പിക്കുന്നതിനായി 2020 ജൂണിൽ, ഒരു ഓർഡിനൻസ് പുറത്തിറക്കി: പശുക്കളെയും കിടാങ്ങളേയും കടത്തുകയോ കശാപ്പ് നടത്തുകയോ ചെയ്താൽ നേരത്തേ ഏഴു വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കിൽ അവ രണ്ടും ആയിരുന്നു ശിക്ഷ. അത് ഇപ്പോൾ മൂന്നു മുതൽ 10 വർഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയുമായി ഉയർത്തി.

കൻവാർ യാത്ര കടന്നുപോകുന്ന വഴിയോരങ്ങളിലെ ഇറച്ചിക്കടകൾ 2023 ജൂലൈ മുതൽ ഏകദേശം രണ്ടു മാസത്തേക്ക് അടച്ചുപൂട്ടാൻ ഉത്തരവിട്ടതിലൂടെ യു.പി സർക്കാറിന്റെ മനോഭാവം ആദിത്യനാഥിന്റെ പ്രത്യയശാസ്ത്രവുമായി ഒത്തുപോകുന്നുവെന്ന് വ്യക്തമാണ്. ഈ അടച്ചുപൂട്ടൽ ചർച്ച ചെയ്യാൻ പൊലീസ് വിളിപ്പിച്ച 114 ഇറച്ചിക്കടക്കാരെ ‘സമാധാനം തകർക്കുന്നു’ എന്നാരോപിച്ച് മുസഫർനഗറിൽ കസ്റ്റഡിയിലെടുത്തു.

(തുടരും)  

Tags:    
News Summary - The great sin of selling beef

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT