'ആൾക്കൂട്ടം ഞങ്ങൾ തങ്ങുന്ന ജാഫരി സാബിന്റെ വീടിനുനേരെ വന്നു. സൊസൈറ്റിയിലെ മറ്റു വീടുകളെല്ലാം കൊള്ളയടിച്ച് അഗ്നിക്കിരയാക്കിയിരുന്നു. തീപ്പന്തങ്ങളും പെട്രോൾ ബോംബുകളുമായി അവർ താണ്ഡവമാടി. കുട്ടികളും സ്ത്രീകളും കരച്ചിലും പ്രാർഥനയുമായി. അകത്തെ കോണി കയറി ഞങ്ങൾ ഇരുപത്തഞ്ചോളം ചെറുപ്പക്കാർ ഒരുവിധം മുകളിൽ കയറിപ്പറ്റി. അപ്പോൾ പുറത്തുനിന്ന് കല്ലേറു വന്നുകൊണ്ടിരുന്നു. ഞങ്ങളുടെ സൊസൈറ്റിയിലെ ഏക പാഴ്സി കുടുംബത്തിലെ പയ്യനെ അതിനിടയിൽ കാണാതായി.
ജീവനോടെയോ അല്ലാതെയോ അവനെ ഇന്നും കണ്ടെത്താനായിട്ടില്ല. മുകളിൽ പേടിച്ചുകഴിഞ്ഞ സകിയ്യ ആന്റിയടക്കമുള്ളവരെ ഞങ്ങൾ ഒന്നാംനിലയിലെ മുറിയിലെത്തിച്ചു. അപ്പോഴേക്കും തീവെപ്പ് തുടങ്ങിയിരുന്നു. പെട്ടെന്ന് അടുക്കളയിലെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് തീ ആളിപ്പടർന്നു. മുകളിൽ ഞങ്ങൾ നിന്ന തറയിലെ ടൈലുകൾ ചൂടായിത്തുടങ്ങി. പതിനഞ്ചു മിനിറ്റു കഴിഞ്ഞുകാണും, അടുത്ത ഗ്യാസ് കുറ്റിയും പൊട്ടിത്തെറിക്കുന്നതു കേട്ടു. വീടാകെ കുലുങ്ങി. ഒന്നാം നിലയിലെ ടൈലുകൾ പൊട്ടിപ്പിളർന്നു. ജീവനോടെ ഞങ്ങൾ ചുട്ടെരിക്കപ്പെടുകയാണെന്ന് തീർച്ചപ്പെടുത്തി. താഴെ ആർക്ക്, എന്തുപറ്റി എന്നൊന്നുമറിയുന്നില്ല.
വൈകീട്ട് അഞ്ചരയോടെ പൊലീസിന്റെ വാഹനം വിസിൽ മുഴക്കി ഗുൽബർഗ് സൊസൈറ്റി ഭാഗത്തുകൂടി കടന്നുപോയി. അത്രനേരം ആക്രോശവും അട്ടഹാസവും കൊലവിളിയുമായി മുഖരിതമായിരുന്ന പ്രദേശമാകെ പൊടുന്നനെ ശാന്തമായി. ഞങ്ങൾ നോക്കുമ്പോൾ സൊസൈറ്റിയിലെ വീടുകളൊന്നാകെ കത്തിയെരിയുകയായിരുന്നു. മിനിറ്റുകൾക്കകം പൊലീസ് സ്ഥലത്തെത്തി സൊസൈറ്റി വളപ്പിൽ കയറി.
അതോടെ ഞങ്ങൾ പുറത്തിറങ്ങാൻ നോക്കി. ജാഫരി സാബിന്റെ ഭാര്യയെ പതുക്കെ മുകളിൽനിന്ന് താഴേക്ക് കൊണ്ടുവരുമ്പോൾ വീടാകെ കത്തിക്കരിഞ്ഞിരുന്നു. ചുമരുകൾ അടർന്നുവീഴാവുന്ന നിലയിലാണ്. അവശേഷിച്ച കുട്ടികളെയും സ്ത്രീകളെയും താഴേക്കു കൊണ്ടുവന്നു. ഞാൻ ജാഫരി സാബിന്റെ മുറിക്കടുത്തു ചെന്നു. അവിടെ നിന്നിരുന്ന എന്റെ കുടുംബത്തെ തിരക്കി. ഉപ്പയെയും അമ്മായിയെയും കണ്ടെത്തി. ഉമ്മയെ കണ്ടില്ല. വല്യുപ്പയുടെ ജഡം കരിഞ്ഞനിലയിൽ കണ്ടു, വികലാംഗനായ മൂത്താപ്പയുടെയും. തൊട്ടയൽപക്കത്തെ രണ്ടു വീടുകളിലെ സ്ത്രീകളെ വെട്ടിക്കൊലചെയ്ത് കത്തിച്ചിരുന്നു.'
'എല്ലായിടവും നടന്ന് മൃതശരീരങ്ങൾ തിരിച്ചറിയുകയായിരുന്നു അടുത്ത പണി. രാവിലെ വന്ന പൊലീസ് ഉദ്യോഗസ്ഥരെല്ലാം വൈകീട്ട് സ്ഥലത്തെത്തി, സ്ഥിതിഗതികൾ പരിശോധിക്കാൻ. ഞാൻ ജോയന്റ് കമീഷണറെ കണ്ട് പറഞ്ഞു: 'സാബ്, ഈ മൃതശരീരങ്ങൾ ഞങ്ങൾക്കു മറവുചെയ്യണം'. 'നിങ്ങൾ സ്വന്തം ജീവൻ രക്ഷിക്കാൻ നോക്കൂ, ബാക്കിയൊക്കെ വിട്ടേക്കൂ' എന്നു മറുപടി. ജാഫരി സാബിന്റെ വീട്ടിൽ ഇനിയും ആളുകൾ ബാക്കിയിരിപ്പുണ്ടെന്നും രക്ഷപ്പെടുത്തിയില്ലെങ്കിൽ അവരെല്ലാം വെന്തെരിയുമെന്നും പറഞ്ഞുനോക്കി. അവിടെനിന്നു പിന്നെയും ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടു.
രക്ഷപ്പെട്ട ഞങ്ങളെയെല്ലാം പൊലീസ് വണ്ടിയിൽ കയറ്റി. അവിടെനിന്ന് 15 മിനിറ്റ് കാൽനടദൂരത്തിലുള്ള ക്യാമ്പിലെത്താൻ ഒരു മണിക്കൂറോളമെടുത്തു. റോഡു മുഴുവൻ കല്ലും മരവും തീക്കുണ്ഡവുമായി മാർഗതടസ്സമായിരുന്നു. ആളുകൾ ഞങ്ങളുടെ വണ്ടിക്കുനേരെയും കല്ലേറു തുടർന്നപ്പോൾ ആക്രമികളെ പിരിച്ചുവിടാൻ വെടിവെച്ചുകൂടേ എന്നു ചോദിച്ചപ്പോൾ അതിന് ഓർഡറില്ല എന്ന് പൊലീസ് കൈമലർത്തി. പിന്നീട് ശാഹിബാഗിലെ പൊലീസ് അകമ്പടിയായെത്തി. അവരും ഓർഡറില്ലെന്നു പറഞ്ഞെങ്കിലും ഒടുവിൽ പൊലീസിനും ഏറുവരാൻ തുടങ്ങിയതോടെ വെടിവെച്ചു. ആക്രമികൾ ചിതറിയോടി. അതോടെ ഒന്നു തീർച്ചയായി. രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചര മണിയോളം വംശവെറിയന്മാർക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുകയായിരുന്നു പൊലീസ്. എല്ലാം മതിയായി എന്നുവന്നപ്പോൾ അവർ ഫൈനൽ വിസിൽ മുഴക്കി, എല്ലാം നിർത്തി പിരിഞ്ഞുപൊയ്ക്കൊള്ളാൻ.
പൊലീസ് അകമ്പടിയോടെ ഞങ്ങളെ മൂന്നു വണ്ടികളിലായി ശാഹിബാഗ് പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് മൈതാനത്ത് എത്തിച്ചു. സമീപത്തെ പള്ളിയിലെ മൗലവിയും ഒപ്പം ഏതാനും ഹിന്ദുസഹോദരങ്ങളും വെള്ളവുമായെത്തി. ദാഹവും വിശപ്പുമൊക്കെ മറന്നുപോയത് വെള്ളം കണ്ടപ്പോഴാണ് ഓർമവന്നത്. ഉമ്മ, വല്യുമ്മ, മൂത്താപ്പ, അമ്മായിമാർ തുടങ്ങി കുടുംബത്തിലെ ആരെയും കണ്ടുകിട്ടിയില്ല എന്ന് ഓർത്തത് അപ്പോഴാണ്. ഒടുവിൽ പൊലീസിന് നിർദേശം കിട്ടി, എല്ലാവരെയും ഷാ ആലം ക്യാമ്പിലേക്കു കൊണ്ടുപോകാൻ. ഉമ്മയെക്കുറിച്ചോർത്തപ്പോൾ എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അവിടെയിരുന്നു കുറെ നേരം കരഞ്ഞു (ഇരുപതു വർഷങ്ങൾക്കിപ്പുറം അതു പറയുമ്പോഴും ഇംതിയാസ് ഏറെ നേരം വിങ്ങിക്കരയുകയായിരുന്നു).
മാർച്ച് ഒന്നിന് അർധരാത്രി കഴിഞ്ഞ് ഞങ്ങളെ സമീപത്തെ പൊലീസ് സ്റ്റേഷനിൽ മൊഴിയെടുക്കാൻ കൊണ്ടുപോയി. തിരിച്ചെത്തിയത് വെളുപ്പിന്. അന്നു വൈകീട്ട് ഗുൽബർഗിലെ മൃതശരീരങ്ങൾഏറ്റുവാങ്ങാനായി ഞങ്ങളെ കൊണ്ടുപോയി. ഞങ്ങൾ എട്ടു പത്തുപേർ വലിയ ടിപ്പർ ലോറിയിലായിരുന്നു യാത്ര. ആശുപത്രി മോർച്ചറിയിലെത്തി മൃതശരീരങ്ങൾ ചികയുമ്പോൾ എല്ലാം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. രണ്ടുനാൾ മുമ്പ് ഞങ്ങൾ കണ്ട ദേഹങ്ങൾ പോലും ചാമ്പലായ നിലയിൽ.
ആ ദുരന്തരാവിൽ ഞങ്ങളെ അവിടെനിന്ന് മാറ്റിയശേഷം മൃതദേഹങ്ങൾക്കു പിന്നെയും അവർ തീകൊളുത്തി എന്നുറപ്പ്. രണ്ടു ദിവസങ്ങളിലായി ഗുൽബർഗിൽനിന്ന് 38 മൃതശരീരങ്ങൾ ഞങ്ങൾ സംസ്കരിച്ചു. നരോദ പാട്യയിൽ നിന്ന് 99 മൃതദേഹങ്ങളുണ്ടായിരുന്നു. ഓരോ വീട്ടിൽനിന്നും കാണാതായവരുടെ എണ്ണം പൊലീസിനോടു നൽകി. വിലാസമില്ലാതെ ബാക്കിയായത് ബെഡ്ഷീറ്റിൽ വാരിക്കെട്ടി കൊണ്ടുപോയി ഖബറടക്കുകയായിരുന്നു. ഉമ്മയെ, വല്യുപ്പയെ, അമ്മായിയെ... അങ്ങനെ അടുത്ത ചിലരെ ഞങ്ങൾ തിരിച്ചറിഞ്ഞു. 69 ആളുകളാണ് ഗുൽബർഗിൽ നഷ്ടപ്പെട്ടത്. അതിൽ 38 ദേഹങ്ങളാണ് ഞങ്ങൾക്കു കിട്ടിയത്. ഉമ്മയടക്കം പത്തുപേരെ എനിക്കു നഷ്ടമായി'.
ഹിന്ദുക്കളും മുസ്ലിംകളും വേറിട്ടു ഗലികളായി താമസിക്കുന്ന കാലത്ത് ചമൻപുരയിൽ വിരലിലെണ്ണാവുന്ന മുസ്ലിംവീടുകൾ മാത്രമുള്ള ഗുൽബർഗിൽ താമസമുറപ്പിക്കാൻ എന്തേ കാരണം? ആ ചോദ്യത്തിന് ഇംതിയാസിന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ-'ജാഫരി അങ്കിളിന്റെ സ്വാധീനം'.
അഹ്മദാബാദിലെ തലയെടുപ്പുള്ള നേതാവായിരുന്നു ഇഹ്സാൻ ജാഫരി. മധ്യപ്രദേശിലെ ബുർഹാൻപൂരിൽ ജനിച്ച അദ്ദേഹം മികച്ച വിദ്യാഭ്യാസംകൂടി കണ്ടാണ് അഹ്മദാബാദിലേക്ക് കുടിയേറിയത്. അഭിഭാഷകനായ അദ്ദേഹം മികച്ച ട്രേഡ് യൂനിയനിസ്റ്റും സോഷ്യലിസ്റ്റുമായാണ് ജനശ്രദ്ധ നേടുന്നതെന്ന് നഗരത്തിന്റെ പഴയകാല ചരിത്രമറിയുന്ന എഴുത്തുകാരൻ ഇഖ്ബാൽ മസൂദ് ഖാൻ പറഞ്ഞു. വിപ്ലവപ്രവർത്തനത്തിന് ഒരു വർഷക്കാലം ജയിൽവാസവുമനുഭവിച്ചിട്ടുണ്ട്; 1949ൽ. ഉർദു മാധ്യമരംഗത്ത് ഒരു കൈ നോക്കിയ അദ്ദേഹം പുരോഗമന പത്രാധിപ യൂനിയൻ ജനറൽ സെക്രട്ടറിയായിരുന്നിട്ടുണ്ട്.
1969ൽ അഹ്മദാബാദിൽ ആദ്യത്തെ വൻ വർഗീയകലാപമുണ്ടായപ്പോൾ അദ്ദേഹം താമസിച്ച വീടും അഗ്നിക്കിരയായി. അതേ സ്ഥലത്തു തന്നെ വീട് പുനർനിർമിച്ച അദ്ദേഹം മതേതര രാഷ്ട്രീയത്തിൽ സജീവമാകാൻ ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ ചേർന്നു. 1977ൽ അടിയന്തരാവസ്ഥക്കുശേഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ നാടാകെ ഇന്ദിരവിരുദ്ധ ജനതാ പാർട്ടി തരംഗം ആഞ്ഞടിച്ചപ്പോൾ, അഹ്മദാബാദിൽനിന്ന് ജാഫരി പാർലമെന്റിലേക്കു വിജയിച്ചു. അതിനുമുമ്പോ ശേഷമോ അവിടെനിന്ന് മുസ്ലിം സ്ഥാനാർഥികൾ ജയിച്ചില്ലെന്നത് ചരിത്രം. എം.പി സ്ഥാനമൊഴിഞ്ഞശേഷവും രാഷ്ട്രീയത്തിലും കവിതയെഴുതി സാംസ്കാരികരംഗത്തും സജീവമായിനിന്നു. കോൺഗ്രസിന്റെ ഗുജറാത്തിലെ പ്രധാന മുഖമായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയായി ബി.ജെ.പി കേന്ദ്രനേതൃത്വം നേരിട്ടയച്ചതായിരുന്നല്ലോ നരേന്ദ്ര മോദിയെ. അദ്ദേഹം നിയമസഭയിലേക്കു മത്സരിച്ച 2002 ഫെബ്രുവരിയിലെ ഉപതെരഞ്ഞെടുപ്പിൽ രാജ്കോട്ട് രണ്ടിൽ ശക്തമായ എതിർ പ്രചാരണവുമായി ജാഫരി ഉണ്ടായിരുന്നു. ആർ.എസ്.എസുകാരനായ മോദിയെ ജയിപ്പിക്കരുതെന്ന് അദ്ദേഹം പൊതുയോഗങ്ങളിൽ പ്രസംഗിച്ചു. ആഴ്ചകൾക്കുശേഷം ഗോധ്ര തീവെപ്പിന്റെ പേരിൽ ഗുജറാത്ത് കത്താൻ തുടങ്ങിയപ്പോൾ വംശീയഘാതകർ ആദ്യം ടാർഗറ്റ് ചെയ്തത് അദ്ദേഹത്തിന്റെ തട്ടകമായ ഗുൽബർഗ് സൊസൈറ്റിയായതും വെറുതെയല്ല എന്ന് സ്വതന്ത്ര അന്വേഷണസംഘങ്ങളെല്ലാം പറയുന്നു.
മുൻ കലാപങ്ങളുടെ സമയത്ത് കോൺഗ്രസായിരുന്നു ഭരണത്തിൽ. 1985ലെ കലാപകാലത്ത് അദ്ദേഹത്തിന് ഉന്നത ഉദ്യോഗസ്ഥർ പ്രത്യേക പരിരക്ഷ നൽകി. 1992ൽ ബാബരിധ്വംസന സമയത്തു പോലും അങ്ങിങ്ങായി കല്ലേറും തീവെപ്പുമൊക്കെ നടന്നതൊഴിച്ചാൽ ചമൻപുര ശാന്തമായിരുന്നു. ജാഫരിയുടെ സൊസൈറ്റിയും പരിസരവും സുരക്ഷിതമാണെന്ന ഈ പൊതുധാരണയിൽ നിന്നാണ് സമീപവാസികൾ പോലും അങ്ങോട്ട് ഓടിച്ചെന്നത്.
ഫെബ്രുവരി 27ന് സബർമതി എക്സ്പ്രസ് കത്തിയ വാർത്ത കേട്ട ഉടൻ അദ്ദേഹം പൊലീസിനോട് പ്രദേശത്തിന്റെ സുരക്ഷക്ക് വേണ്ടതു ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവരെല്ലാം സുരക്ഷിതരായിരിക്കുമെന്ന് പൊലീസ് ഉറപ്പുനൽകിയ കാര്യം അദ്ദേഹം സൊസൈറ്റിയിലുള്ളവരെ അറിയിച്ചു. കാലം മാറിയതറിയാതെ, പണ്ടേപോലെ അധികാരികളുടെ വാക്ക് വിശ്വസിക്കാമെന്നു ധരിച്ചതാണ് അദ്ദേഹത്തിനു സംഭവിച്ച ദുരന്തമെന്ന് ഗുൽബർഗിൽ തീകൊളുത്തിയ അപരാധികളുമായി അഭിമുഖം നടത്തിയ മാധ്യമപ്രവർത്തകൻ ആശിഷ് ഖേതാൻ.
അത് ഇംതിയാസ് ശരിവെക്കുന്നു: മുമ്പത്തേതിൽനിന്നു വ്യത്യസ്തമായി 2002ലേത് മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നു. അവർ ജാഫരിയെയും ഗുൽബർഗിനെയും ഉന്നമിട്ടുതന്നെ വന്നു.
കലാപം കനത്തുവരുന്നതുകണ്ട് മുനിസിപ്പൽ കോർപറേഷനിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ കോൺഗ്രസ് നേതാവ് ബദ്റുദ്ദീൻ ശൈഖിനെ വിളിച്ചു ജാഫരി. അദ്ദേഹം കോൺഗ്രസിന്റെ പ്രതിപക്ഷനേതാവ് അമർസിങ് ചൗധരിയെ വിളിച്ചു. അദ്ദേഹം എല്ലാ പൊലീസ് സീനിയർ ഓഫിസർമാരെയും വിളിച്ചു. എല്ലാം നിഷ്ഫലമായപ്പോഴാണ് മോദിയെത്തന്നെ അദ്ദേഹം നേരിട്ട് വിളിച്ചതും നിരാശയോടെ നിസ്സഹായനായി നിഷ്ഠുരമായ കൊലക്കിരയായതും.
ഗുൽബർഗ് കൂട്ടക്കൊലക്കുശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ കോൺഗ്രസിൽ നിന്നാരും തിരിഞ്ഞുനോക്കിയില്ലെന്ന് ഇംതിയാസ്. 'സോണിയ ഗാന്ധിയുടെ വിശ്വസ്തനായിമാറിയ ഗുജറാത്തിൽ നിന്നുള്ള നേതാവായ അഹ്മദ് പട്ടേൽപോലും അഹ്മദാബാദിലേക്ക് കണ്ണയച്ചില്ല. 2004 മുതൽ 2014 വരെ കേന്ദ്രം കോൺഗ്രസ് ഭരിച്ച കാലത്തും ജാഫരിയുടെ കുടുംബത്തിനു വല്ലതും ചെയ്തുകൊടുക്കാൻ അദ്ദേഹം ശ്രമിച്ചില്ല.
സോണിയ ഗാന്ധിയും മൻമോഹൻ സിങ്ങും ആദ്യം ദുരിതാശ്വാസ ക്യാമ്പുകളിൽ ഒന്നു വന്നുപോയതല്ലാതെ രാഷ്ട്രീയക്കാർ ആരും മുസ്ലിംകളെ ഗൗനിച്ചില്ല. ആദ്യമായി ഇവിടെ വന്നത് സി.ജെ.പിയുടെ ടീസ്റ്റ സെറ്റൽവാദ് ആണ്. കേസ് നടത്താൻ വേണ്ട എല്ലാം അവർ ചെയ്തു. മാർച്ച് രണ്ടിന് പൊലീസിനു മൊഴി നൽകിയപ്പോൾ സൂചിപ്പിച്ച 27 പേരുകളും ഞാൻ ടീസ്റ്റയോട് പറഞ്ഞു.
കേസ് സി.ബി.ഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് സെഷൻസ് കോടതിയെ സമീപിച്ചു; കാര്യമുണ്ടായില്ല. തുടർന്ന് ടീസ്റ്റ സുപ്രീംകോടതിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു. 2008ൽ സുപ്രീംകോടതി പ്രത്യേകാന്വേഷണ സംഘം രൂപവത്കരിച്ചു. ഗോധ്ര തീവെപ്പു മുതലുള്ള കേസുകൾ അന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. അഹ്മദാബാദിലെത്തിയ സംഘം പന്ത്രണ്ടു മണിക്കൂർ നേരം വിസ്തരിച്ചു. നേരത്തേ പൊലീസിനു നൽകിയിരുന്ന അതേ മൊഴിതന്നെ വിശദമായി ഞാൻ നൽകി. മുഖ്യമന്ത്രിയെ ജാഫരി വിളിച്ച വിവരം മൊഴിയിൽ പറയുകയും അവർ അത് രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ, പിന്നീട് അത് ഒഴിവാക്കിയാണ് അവർ കുറ്റപത്രം തയാറാക്കിയത്'.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.