അന്തരിച്ച ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്, ഒരു സെമിനാറിലുന്നയിച്ച ചോദ്യത്തിനുത്തരമായി പറഞ്ഞു: "ഫലപ്രദമായ ആർട്ടിഫിഷൽ ഇന്റലിജൻസ് (നി൪മിത ബുദ്ധി) സൃഷ്ടിക്കുന്നതിൽ വിജയിക്കുക എന്നത് ഒന്നുകില്‍ മനുഷ്യ നാഗരികതയുടെ ചരിത്രത്തിലെ ഏറ്റവും മഹത്തായ സംഭവമായി പരിണമിച്ചേക്കാം. അല്ലെങ്കിൽ അതുതന്നെ ഏറ്റവും മോശമായ ചരിത്രസംഭവവും ആയേക്കാം. തെളിച്ചുപറഞ്ഞാല്‍, നി൪മിത ബുദ്ധി മുഖേന അന്തിമമായി നാം സഹായിക്കപ്പെടുകയാണോ, അപ്രസക്തമാക്കപ്പെടുകയാണോ, അരികുവത്കരിക്കപ്പെടുകയാണോ, അതല്ല പരിപൂർണമായി നശിപ്പിക്കപ്പെടുകയാണോ എന്ന് ഇപ്പോൾ അറിയുക സാധ്യമല്ല''.
20 വർഷം മുമ്പ് ഇന്റർനെറ്റ് എങ്ങനെ ആയിരുന്നുവോ ആ ഘട്ടത്തിലാണ് നി൪മിത ബുദ്ധി ഇപ്പോഴുള്ളത്. അടുത്ത 10 വർഷത്തിനുള്ളിൽ അത് മനുഷ്യജീവിതത്തിൽ വരുത്താൻ പോകുന്ന മാറ്റങ്ങൾ പ്രവചനാതീതമായിരിക്കും. ഇപ്പോൾ തന്നെ അതിന്റെ പ്രകടമായ ലക്ഷണങ്ങൾ ദൃശ്യമാണ്. ഗൂഗ്ളിൽ സെർച്ച് ചെയ്യുമ്പോൾ ഇന്ന് ലഭിക്കുന്ന ഉത്തരങ്ങൾ, അഞ്ചുവർഷം മുമ്പത്തേതിനേക്കാളും എത്രയോ മാറിയിരിക്കുന്നുവെന്ന് കാണാനാകും. ശബ്ദം ഉപയോഗപ്പെടുത്തിയുള്ള ടൈപ്പിങ്, ഗൂഗ്ള്‍ അസിസ്റ്റന്റ്, സിരി എന്നിവപോലെ ശബ്ദം ഉപയോഗപ്പെടുത്തിയുള്ള ഇന്റ൪നെറ്റ് ബ്രൗസിങ് തുടങ്ങി പല മേഖലകളിലും ഇപ്പോൾ തന്നെ നി൪മിത ബുദ്ധി കാര്യമായി സ്വാധീനം ചെലുത്തുന്നു.
കമ്പ്യൂട്ടറുകളെ മനുഷ്യനെപ്പോലെ ചിന്തിപ്പിക്കാൻ പരിശീലിപ്പിക്കുന്നു എന്നതാണ് നി൪മിത ബുദ്ധിയുടെ ഏറ്റവും വലിയ സവിശേഷത. പൊതുസേവനങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോഴും ഇന്റ൪നെറ്റും സമൂഹ മാധ്യമങ്ങളും ഉപയോഗിക്കുമ്പോഴും പൊതുജനങ്ങളില്‍നിന്ന് ശേഖരിച്ചുകൊണ്ടിരിക്കുന്ന അതിവിപുലമായ വ്യക്തിഗത വിവരങ്ങളെ (ബിഗ് ഡേറ്റ) കമ്പ്യൂട്ടറുകളില്‍ ഫീഡ് ചെയ്തശേഷം വിവിധ സാഹചര്യങ്ങള്‍ക്കനുസരിച്ച് അവ വിശകലനം ചെയ്ത് അതിൽനിന്ന് ആല്‍ഗരിതത്തിന്റെ സഹായത്തോടെ വ്യത്യസ്ത സമവാക്യങ്ങൾ സ്വയംതന്നെ കണ്ടെത്താൻ കമ്പ്യൂട്ടറുകളെ പരിശീലിപ്പിക്കുകയെന്നതാണ് നി൪മിത ബുദ്ധി എന്നതുകൊണ്ട് സാമാന്യമായി ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് ഒരു വ്യക്തി നേരത്തെ നടത്തിയ ഷോപ്പിങ്ങിന്റെ അടിസ്ഥാനത്തിൽ അയാള്‍ക്ക് അനുയോജ്യമായ പുതിയ ഉപകരണങ്ങളോ വസ്തുക്കളോ പർച്ചേസ് ചെയ്യാൻ നിർദേശിക്കുന്ന ഒരു ഷോപ് അല്ലെങ്കിൽ സർവിസ് സെന്റർ, അവരുടെ ഉപഭോക്തൃവൃന്ദം വിശാലമാക്കുന്നതിനുവേണ്ടി നി൪മിത ബുദ്ധിയെ ഉപയോഗപ്പെടുത്തുന്നു. വൈദ്യശാസ്ത്ര രംഗത്ത് ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയുള്ള രോഗനിർണയത്തിനും ചികിത്സക്കും മറ്റുമായി നൂതന സാങ്കേതിക പദ്ധതികളാണ് രൂപകല്പന ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്.
ഒരുവശത്ത് ധാരാളം പ്രയോജനം നി൪മിത ബുദ്ധി കൊണ്ട് ലഭിക്കുമ്പോൾ മറുവശത്ത് വലിയ അപകടങ്ങൾക്കും ഇതിന് സാധ്യതയുണ്ട്. അടുത്ത ഒന്നോ രണ്ടോ ദശകങ്ങൾക്കുള്ളിൽ കോടിക്കണക്കിന് മനുഷ്യ൪ സാമ്പത്തികമായി അപ്രസക്തമാകുമെന്ന് ഇതുസംബന്ധിച്ച ചില പഠനങ്ങള്‍ പറയുന്നു (1). യന്ത്രവത്കരണം മൂലം തൊഴില്‍നഷ്ടം സംഭവിക്കുന്നത് വ്യവസായിക വിപ്ലവം മുതൽ നാം കേട്ടുപോരുന്നതാണ്. അന്നൊക്കെ നഷ്ടപ്പെട്ടിരുന്ന ജോലിക്കുപകരം ധാരാളം ജോലികൾ അതേ യന്ത്രങ്ങൾ മുഖേന ഉണ്ടായിവന്നിരുന്നു. മനുഷ്യർ ശാരീരികമായി ചെയ്തിരുന്ന ജോലികളാണ് മുമ്പ് യന്ത്രങ്ങൾ ഏറ്റെടുത്തത്. ബുദ്ധിപരമായ കഴിവുകൾ ഉപയോഗിക്കുന്നതിന് മനുഷ്യർതന്നെ ജോലിയിൽ തുടരേണ്ടിയിരുന്നു.
ഉദാഹരണത്തിന് പുതിയവ പഠിക്കുക, കാര്യങ്ങള്‍ താരതമ്യം ചെയ്യുക, ആശയ വിനിമയം നടത്തുക, മാനുഷിക വികാരങ്ങൾ മനസ്സിലാക്കുക തുടങ്ങിയവ. എന്നാൽ, ഇപ്പോൾ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി ഇത്തരം ബുദ്ധിപരമായ കഴിവുകൾ ഉപയോഗപ്പെടുത്തിയുള്ള ജോലികള്‍ പോലും യന്ത്രങ്ങൾ ഏറ്റെടുത്തുചെയ്യുന്നു. മനുഷ്യരുടെ സ്വഭാവങ്ങളും പെരുമാറ്റങ്ങളും ഒക്കെ മനസ്സിലാക്കുന്ന കമ്പ്യൂട്ടറുകൾ ഉപയോഗപ്പെടുത്തി ഡ്രൈവർമാരുടെയും ബാങ്കർമാരുടെയും നിയമജ്ഞരുടെയുമൊക്കെ ജോലി മെഷീനുകൾ ഏറ്റെടുക്കുന്ന കാലമാണ് വരാനിരിക്കുന്നത്.
മനുഷ്യർ പലപ്പോഴും തീരുമാനമെടുക്കുന്നത് നമ്മുടെ തലച്ചോറിലുള്ള കോടിക്കണക്കിന് ന്യൂറോണുകൾ വ്യത്യസ്തങ്ങൾ ആയിട്ടുള്ള സാധ്യതകളെ പഠിച്ചുമനസ്സിലാക്കിയാണ്. സെക്കൻഡിന്റെ ഒരംശത്തിൽ നടക്കുന്ന പ്രക്രിയയാണിത്. മനുഷ്യന്റെ ഈ സ്വഭാവത്തെയാണ് ആർട്ടിഫിഷൽ ഇന്റലിജൻസ് അതിവിദഗ്ധമായി ഉപയോഗപ്പെടുത്തുന്നത്. സാധാരണ മനുഷ്യർ വരുത്താറുള്ള തെറ്റുകൾപോലും ഒഴിവാക്കി കൃത്യമായ തീരുമാനങ്ങളെടുക്കാൻ യന്ത്രങ്ങൾക്ക് കഴിയുമെന്നതിനാൽ ജോലി നഷ്ടത്തിന് സാധ്യത ഏറെയാണ്.
അതായത്, മനുഷ്യ ചിന്തകളെ അടിസ്ഥാനപ്പെടുത്തി ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി കൃത്യമായ തീരുമാനങ്ങളെടുക്കാൻ യന്ത്രങ്ങൾക്ക് സാധിക്കും. ഇങ്ങനെ നോക്കുമ്പോൾ തിരക്കുള്ള വഴിയിലൂടെ വാഹനമോടിക്കുന്ന ഡ്രൈവർക്കുപകരം വളരെ കൃത്യമായ തീരുമാനങ്ങളെടുക്കാൻ കഴിയുന്ന യന്ത്രം ആ പണി നിർവഹിക്കുന്നത് റോഡപകടങ്ങള്‍ കുറക്കാ൯ സഹായിക്കും. തിരിച്ചടവ് മുടക്കാൻ സാധ്യതയുള്ളതാര് എന്നുകണ്ടെത്തി ആർക്ക് വായ്പ അനുവദിക്കണം, നിഷേധിക്കണമെന്ന് ഇതേ യന്ത്ര സാധ്യതകൾ ഉപയോഗപ്പെടുത്തി ബാങ്കുകൾക്ക് സാധിക്കും-മനുഷ്യവിഭവം ആവശ്യമില്ലാതെ. നിയമസ്ഥാപനത്തിന് ആളുകൾക്കിടയിലെ ത൪ക്കങ്ങളില്‍ വ്യത്യസ്ത നിയമവശങ്ങള്‍ അപഗ്രഥിച്ച് പ്രശ്നങ്ങളില്ലാതെ മധ്യസ്ഥത വഹിക്കണമെന്നതും കൃത്രിമബുദ്ധി ഉപയോഗിച്ച് എളുപ്പം സാധിക്കും.
ഏതാനും വ൪ഷം മുമ്പുവരെ ആഗോളീകരണത്തെ അവതരിപ്പിച്ചിരുന്നത്, അത് മനുഷ്യർക്കിടയിലെ അസമത്വത്തിന് നിലവിലുള്ള ഏറ്റവും നല്ല പരിഹാരമെന്ന നിലയിലായിരുന്നു. എന്നാൽ സംഭവിച്ചത് നേരെ മറിച്ചാണ്. മുമ്പന്നെത്തേക്കാളും പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള വിടവ് വർധിക്കുകയാണ് ചെയ്തത്. അതെത്രത്തോളം എത്തിയെന്ന് ചോദിച്ചാല്‍, ഇപ്പോൾ ലോക ജനസംഖ്യയുടെ ഏതാണ്ട് ഒരുശതമാനം ആളുകൾ ലോകത്തെ മുഴുവൻ സമ്പത്തിന്റെയും പകുതി കൈയടക്കിവെച്ചിരിക്കുന്നു. അതിനേക്കാൾ ഭീകരമായ വസ്തുതയെന്തെന്നാൽ ലോകത്തെ ഏറ്റവും ധനികരായ 100 പേരാണ് പാവപ്പെട്ട നാല് ബില്യൺ ജനങ്ങൾക്കുള്ളതിനേക്കാൾ കൂടുതൽ സമ്പത്ത് കൈയടക്കിവെച്ചിരിക്കുന്നത്. നി൪മിത ബുദ്ധി പ്രചാരം നേടുമ്പോള്‍ ഈ സാമ്പത്തിക വിടവ് ഇനിയും വർധിക്കുമെന്നതാണ് നിരാശജനകമായ കാര്യം.
പുതിയ കാലത്ത് ഏറ്റവും കൂടുതല്‍ ഡേറ്റ കൈവശംവെക്കുന്നവ൪ കൂടുതല്‍ സ്വാധീനവും അധികാരവുമുള്ളവരായി മാറും. രാഷ്ട്രീയാധികാരം പോലും നിയന്ത്രിക്കപ്പെടുന്നത് ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും. ആഗോള യുദ്ധങ്ങള്‍ വരെ ഡേറ്റക്കുവേണ്ടിയായാല് അത്ഭുതപ്പെടാനില്ല. ഡേറ്റ കൈയിൽ ഉള്ളവനും ഇല്ലാത്തവനും എന്ന രണ്ട് വർഗമായി മനുഷ്യവർഗം വിഭജിക്കപ്പെടും. പൊതുജനങ്ങളുടെ ശരീരവും തലച്ചോറുമൊക്കെ സ്കാ൯ ചെയ്ത് ശേഖരിക്കുന്ന ഡേറ്റ ഉപയോഗപ്പെടുത്തി അവരുടെ മുഴുജീവിതത്തെയും നിയന്ത്രിക്കാ൯ സ൪ക്കാറുകള്‍ക്ക് സാധിക്കും. ഡേറ്റ കൈവശം വെക്കുന്ന കോ൪പറേറ്റുകളുടെമേല് നിയന്ത്രണമുള്ള സ൪ക്കാറുകള്‍ അവ കൈവശപ്പെടുത്തി സ്വേച്ഛാധിപത്യത്തിലേക്ക് വഴുതിനീങ്ങും.
സ്വേച്ഛാധിപത്യ സ്വഭാവമുള്ള ഭരണകൂടങ്ങൾ ഡേറ്റയെ നിഷേധാത്മകമായ രൂപത്തില്‍ ഉപയോഗപ്പെടുത്തുന്നതിന് ഇപ്പോള്‍തന്നെ ധാരാളം ഉദാഹരണങ്ങളുണ്ട്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ നിരീക്ഷണ സംവിധാനമുള്ളത് ചൈനക്കാണ്. ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് പൗരന്മാരുടെ ഓരോ ചലനവും കൃത്യമായി ഒപ്പിയെടുക്കാൻ അവിടെ സംവിധാനങ്ങളുണ്ട്. ഒരാൾ വീട്ടിൽനിന്ന് പുറത്തിറങ്ങുന്നതുമുതൽ തിരിച്ചു വീട്ടിലേക്ക് എത്തുന്നതുവരെയുള്ള സകല നീക്കങ്ങളും നിരീക്ഷണ കാമറകളിലൂടെ ചൈനീസ് ഇന്റലിജൻസിന്റെ പക്കലെത്തും.
കോവിഡ് കാലത്ത് ക്വാറൻറീനിൽ കഴിയുന്നവർ അത് ലംഘിച്ച് മറ്റുള്ളവരുമായി ഇടപഴകുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ചൈനീസ് ഏജൻസികൾ ഉപയോഗിച്ചത് ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനങ്ങളാണ്. ഉയിഗൂർ മുസ്ലിംകൾക്കെതിരെ കനത്ത തോതിലുള്ള നിരീക്ഷണ സംവിധാനങ്ങളാണ് ആർട്ടിഫിഷൽ ഇന്റലിജൻസ് വഴി ചൈനീസ് ഗവൺമെന്റ് ഏർപ്പെടുത്തിയിട്ടുള്ളത്. ഉദാഹരണത്തിന് അവരിലൊരാൾ ഒരാഴ്ച വാങ്ങിക്കുന്ന ഭക്ഷണസാധനത്തിന്റെ തോത് സാധാരണയേക്കാൾ അല്പം കൂടിയാൽ ഉടൻ രഹസ്യ പൊലീസ് വീട്ടിലെത്തും.
ഏതാവശ്യത്തിനാണ് കൂടുതൽ സാധനങ്ങൾ വാങ്ങിയതെന്നും ആരാണ് വീട്ടിൽ സന്ദർശകരായി വന്നതെന്നുമൊക്കെയുള്ള വിവരങ്ങൾ ശേഖരിക്കും. സാങ്കേതിക വിദ്യക്ക് മാനുഷികമായ മുഖം നല്‍കുകയും ഡേറ്റ കൈവശം വെക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കൃത്യമായ മാനദണ്ഡങ്ങള്‍ രൂപപ്പെടുകയും ചെയ്യാത്തപക്ഷം ഹോക്കിങ് നിരീക്ഷിച്ചതുപോലെ മാനവ സമൂഹത്തിന്റെ സ൪വനാശത്തിനാണ് നി൪മിത ബുദ്ധി ഹേതുവാകുക.
Notes: 1. David H. Autor, 'Why Are There Still So Many Jobs? The History and the Future of Workplace Automation', Journal of Economic Perspectives 29:3 (2015), 3-30; Melanie Arntz, Terry Gregory and Ulrich Zierahn, 'The Risk of Automation for Jobs in OECD Countries', OECD Social, Employment and Migration Working Papers 89 (2016); MariacristinaPiva and Marco Vivarelli, 'Technological Change and Employment: Were Ricardo and Marx Right?', IZA Institute of Labor Economics, Discussion Paper No. 10471 (2017).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.