ഭരണമാറ്റത്തിനായി ഏകദേശം അറുപതിലധികം രാഷ്ട്രങ്ങളിലും അതോടൊപ്പം യൂറോപ്യൻ യൂനിയനിലേക്കും നിർണായക വോട്ടെടുപ്പുകൾ നടക്കുന്ന വർഷമാണിത്. 2024 ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വർഷമായി മാറും. ഇന്ത്യ, അമേരിക്ക, റഷ്യ, ബംഗ്ലാദേശ്, പാകിസ്താൻ, മെക്സികോ, ദക്ഷിണാഫ്രിക്ക, ഇറാൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളോടൊപ്പം വലിയ തീവ്ര വലതുപക്ഷ വിജയത്തിന് കളമൊരുങ്ങുമോ എന്ന ഭീതിയുള്ള യൂറോപ്യൻ യൂനിയൻ പാർലമെന്റ് തെരഞ്ഞെടുപ്പും ലോകം ഉറ്റുനോക്കുന്നു.
ലോകത്തെ എണ്ണംപറഞ്ഞ ജനാധിപത്യ രാജ്യങ്ങളിലൂടെ കണ്ണോടിച്ചാൽ ആർക്കും മനസ്സിലാകുന്ന ഒരു വസ്തുതയുണ്ട്: ഭൂമിയുടെ ചരിവ് ഇടത്തോട്ടാണെങ്കിലും ഭൂഗോള രാഷ്ട്രീയ ഭൂപടം ഒന്നാകെ വലത്തേക്ക് മാറിയിരിക്കുന്നു. വലതു ചേർന്നുചേർന്ന് ലോകം സമ്പൂർണമായും തീവ്ര വലതു വിചാരങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ കാര്യംതന്നെ എടുക്കുക. കഴിഞ്ഞ പത്തു വർഷത്തോളമായി രാജ്യവും അതിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിച്ചുകൊണ്ടിരിക്കുന്നത് തീവ്ര വലതുപക്ഷത്തിന്റെ വക്താക്കളാണ്. മൃദുഹിന്ദുത്വവാദികളെന്നും കാപിറ്റലിസ്റ്റ് അനുകൂലികളെന്നും വിശേഷിപ്പിക്കപ്പെട്ടിരുന്ന ഭരണകൂടമിപ്പോൾ, തീവ്ര ഹിന്ദുത്വയിലധിഷ്ഠിതമായ ഉന്മാദരാഷ്ട്രീയത്തിന്റെ പ്രയോക്താക്കളായി മാറിയിരിക്കുന്നു. ജനാധിപത്യത്തിന്റെ സങ്കേതങ്ങളും സൗകര്യങ്ങളുമുപയോഗിച്ചാണ് ഈ രാഷ്ട്രീയമാറ്റമെന്ന് കാണാതിരുന്നുകൂടാ.
ഇത് ഇന്ത്യയിൽ മാത്രം സംഭവിച്ചതല്ല. ലോകത്തെല്ലായിടത്തുമുണ്ട് ഈ പ്രതിഭാസം. യൂറോപ്പിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ അവലോകനം ചെയ്താൽ പല രാജ്യങ്ങളിലും ഹിറ്റ്ലർ ‘പുനർജനി’ച്ചുകൊണ്ടിരിക്കുകയാണ്. കുടിയേറ്റ വിരുദ്ധതയും ഇസ്ലാമോഫോബിയയുമാണ് ഈ പാർട്ടികളുടെ മുഖമുദ്ര. പൊതുവിൽ ഇക്കൂട്ടർ ഗൂഢാലോചന സിദ്ധാന്തക്കാരുമായിരിക്കും. പലയിടങ്ങളിലും അവർ അധികാരത്തിലെത്തിനിൽക്കുന്നു; ചില രാജ്യങ്ങളിൽ വോട്ടുവിഹിതം വർധിപ്പിച്ച് നിർണായക ശക്തിയായി മാറിയിരിക്കുന്നു. ജർമനിയിലെ ‘ആൾട്ടർനേറ്റിവ് ഫോർ ജർമനി’ (എ.എഫ്.ഡി), സ്വീഡനിലെ ഡെമോക്രാറ്റ്സ് (എസ്.ഡി), എസ്തോണിയയിലെ കൺസർവേറ്റിവ് പീപ്ൾസ് പാർട്ടി (ഇ.കെ.ആർ.ഇ), ഫിൻലൻഡിലെ ഫിൻസ് പാർട്ടി (എഫ്.പി), ഫ്രാൻസിലെ നാഷനൽ റാലി പാർട്ടി (ആർ.എൻ) തുടങ്ങിയ രാഷ്ട്രീയകക്ഷികൾ അതത് രാജ്യങ്ങളിലെയും യൂറോപ്യൻ യൂനിയന്റെയും പാർലമെന്റുകളിൽ ഇതിനകം സാന്നിധ്യമറിയിച്ചുകഴിഞ്ഞു. പലയിടങ്ങളിലും നേരിയ വോട്ടിനാണ് അവർക്ക് ഭരണം നഷ്ടമായത്. ഉദാഹരണമായി, 2020ലെ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം നോക്കുക. മിതവാദിയായ ഇമ്മാനുവൽ മാക്രോൺ വിജയിച്ചുവെങ്കിലും എതിർസ്ഥാനാർഥി നാഷനൽ റാലിയുടെ ലീ പെൻ 42 ശതമാനം വോട്ട് നേടി. 2000ത്തിലാണ് ആദ്യമായി ഒരു തീവ്ര വലതുകക്ഷി യൂറോപ്പിൽ ഭരണകൂടത്തിന്റെ ഭാഗമാകുന്നത് -ഓസ്ട്രിയയിൽ. 2010 മുതൽ ഹംഗറിയിൽ ഭരണം നടത്തുന്നത് പ്രധാനമന്ത്രിയായി വിക്ടർ ഓർബന്റെ ഫിഡെസ് (Fiderz) ആണ്. ആഴ്ചകൾക്കു മുമ്പ് ഇറ്റലിയിലും നവ നാസികൾ അധികാരത്തിൽവന്നു. അമേരിക്കൻ ഭൂഖണ്ഡങ്ങളിലും സമാനമാണ് അവസ്ഥ. ഏതാനും മാസങ്ങൾക്കു മുമ്പാണ് അർജന്റീനയിൽ തീവ്ര വലതുപക്ഷം ഭരണത്തിലേറിയത്. അമേരിക്കയിൽ ഡോണാൾഡ് ട്രംപ് അധികാരത്തിൽ വന്നപ്പോൾ ലോകരാഷ്ട്രീയത്തിലെ ഈ വലതുപക്ഷ ധാര കൂടുതൽ ശക്തവും പ്രത്യക്ഷവുമായി. കുടിയേറ്റ-ഇസ്ലാംവിരുദ്ധ നയങ്ങളും പല രാജ്യങ്ങളുടെയും ഔദ്യോഗിക പരിപാടിയായി മാറി.
ആഗോള രാഷ്ട്രീയത്തിലുണ്ടായ ഈ ചരിവ് പിന്നെയും വലത്തോട്ടുനീങ്ങുമോ എന്നാണ് 2024ൽ ലോകം ഉറ്റുനോക്കുന്നത്. അറുപതോളം രാജ്യങ്ങളിലാണ് ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ജനുവരി ഏഴിന് ബംഗ്ലാദേശിൽ ഈ മാമാങ്കത്തിന് തുടക്കമാകും. ലോകത്തെ ഏറ്റവും പഴക്കംചെന്ന ജനാധിപത്യ രാജ്യമായ അമേരിക്കയും വലിയ ജനാധിപത്യ ദേശമായ ഇന്ത്യയും ജനാധിപത്യത്തിന്റെ കളിത്തൊട്ടിലായ ബ്രിട്ടനും പിന്നെ റഷ്യയും പോർചുഗലും മെക്സികോയും പാകിസ്താനും ദക്ഷിണാഫ്രിക്കയുമെല്ലാം ഈ മാമാങ്കത്തിന്റെ വേദിയാകും. ആഭ്യന്തര കലഹവും പട്ടിണിയും ഒരുപോലെ ദുരിതംവിതച്ച ദക്ഷിണ സുഡാൻ, സോമാലിയ, റുവാണ്ട തുടങ്ങിയ രാജ്യങ്ങളിലും തെരഞ്ഞെടുപ്പ് അരങ്ങേറും. അറബ് വസന്തത്തിന് നാന്ദികുറിച്ച തുനീഷ്യയിലും പുതിയ ജനാധിപത്യ പരീക്ഷണങ്ങൾ നടക്കും. ഇത്തരത്തിൽ എണ്ണംപറഞ്ഞ അറുപത് രാജ്യങ്ങളാണ് ‘ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി’യിൽ പങ്കാളികളാവുക.
പക്ഷേ, ഈ മാമാങ്കത്തെ നമുക്ക് ‘ആഘോഷം’ എന്നു വിളിക്കാനാകുമോ? ജനാധിപത്യത്തിന്റെ ആഘോഷം എന്നതിനപ്പുറം ഉന്മാദരാഷ്ട്രീയത്തിന്റെയും അതിന്റെ വക്താക്കളുടെയും ആഘോഷമായിട്ടാകും ഇത് മാറുകയെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. തീവ്ര വലതുപക്ഷം ഭൂപടത്തിന്റെ പുതിയ കോണുകളിലും ഇടം പിടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പ്രവചിച്ചിരിക്കുന്നത്. എന്നാൽ, തീവ്ര വലതുപക്ഷത്തെ പ്രതിരോധിക്കാൻ ‘ഇൻഡ്യ’ സഖ്യം മാതൃകയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ രാഷ്ട്രീയ പരീക്ഷണങ്ങൾ നടക്കുന്നുവെന്നതും ആശാവഹമാണ്. ഏതായാലും, നടപ്പുവർഷത്തിന്റെ ഒന്നാംപകുതി പിന്നിടുന്നതോടെ ആഗോള രാഷ്ട്രീയ ഭൂപടത്തിന്റെ പുതിയ ചിത്രം തെളിയും. അത് ജനാധിപത്യവാദികൾക്ക് പ്രതീക്ഷാനിർഭരമായിരിക്കട്ടെയെന്നാശംസിക്കാം!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.