2024ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വം നൽകുന്ന ഭരണസഖ്യത്തിനെതിരായി മാറിയ മധ്യഘട്ടം വിധി നിർണയിച്ചേക്കുമെന്നാണ് സൂചന. ഏഴു ഘട്ട മാരത്തണായ പൊതുതെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലെ 93 സീറ്റുകളിൽ വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ മൊത്തം പാർലമെന്റ് സീറ്റുകളിൽ പകുതിയിലേറെയും (കൃത്യമായി പറഞ്ഞാൽ 283) പ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു. നമ്മുടെ കണക്കുകൂട്ടലിൽ ആദ്യ രണ്ടു ഘട്ടങ്ങളിൽ അഞ്ചു വർഷം മുമ്പ് നേടിയ 111 സീറ്റുകളിൽ 20ഓളം സീറ്റുകൾ ഇതിനകം ബി.ജെ.പിക്ക് നഷ്ടമായിട്ടുണ്ട്. മൂന്നാം ഘട്ടത്തിൽ 20 സീറ്റുകൾ കൂടി എൻ.ഡി.എ കൈവിടും. ഈ നഷ്ടം മൊത്തം ചിത്രംതന്നെ മാറ്റിമറിച്ച് ബി.ജെ.പിയെ കേവല ഭൂരിപക്ഷത്തിനു താഴെ നിർത്തും. അജയ്യ ലീഡിലേക്കെത്താൻ ഈ ഘട്ടത്തിൽ ബി.ജെ.പിയും സഖ്യകക്ഷികളും മികച്ച പ്രകടനംതന്നെ നടത്തേണ്ടതുണ്ട്.
രണ്ടാം ഘട്ടത്തിലെന്നപോലെ മൂന്നിലും ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയുടെ വിഷയം അതിന് നിലനിർത്താൻ വലിയ സീറ്റ് പ്രാതിനിധ്യമുണ്ട് എന്നതാണ്- അഥവാ, വോട്ടു ചെയ്യുന്ന 93 സീറ്റിൽ 80 എണ്ണം. (മത്സരമില്ലാതെ ജയിച്ച സൂറത്ത് കൂടി ചേർത്താൽ 94). ഇവിടെ പാർട്ടിക്ക് പ്രതീക്ഷയാകുന്ന പ്രധാന ഘടകം 10 സംസ്ഥാനങ്ങളിൽ ഗുജറാത്ത് അടക്കം എട്ടിടത്തും ഭരണം എൻ.ഡി.എക്കാണെന്നതാണ്. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 12 സീറ്റുകൾ മാത്രം നേടിയ ഇൻഡ്യ സഖ്യത്തിന് പലതും നേടാനുണ്ട്. ഇടക്കു നടന്ന നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ പരിഗണിച്ചാൽ ചുരുങ്ങിയത് 15 സീറ്റുകളെങ്കിലും അധികമായി അതിന് സ്വന്തമാക്കാനാകും. എന്നുവെച്ചാൽ എൻ.ഡി.എയുടെ മേൽക്കൈ 80:12ൽനിന്ന് 65:27 ആയി ചുരുങ്ങും. കൂടുതൽ ആധിപത്യമുറപ്പിക്കാൻ പക്ഷേ, പ്രതിപക്ഷത്തിന് കൂടുതൽ വോട്ടുകൾ സ്വന്തമാക്കാനാകണം.
ഈ ഘട്ടത്തിൽ ബി.ജെ.പിക്ക് ഏറ്റവും വലിയ തിരിച്ചടിയും ഇൻഡ്യ സഖ്യത്തിന് പ്രതീക്ഷയും നൽകുക നിലവിൽ കോൺഗ്രസ് ഭരിക്കുന്ന കർണാടകയാകും. ഈ ഘട്ടത്തിലും അവസാനത്തിലുമായി വോട്ടിങ് നടക്കുന്ന കർണാടകയുടെ വടക്ക്, മധ്യ മേഖലകളിലെ 14 സീറ്റുകളിൽ ഏറെയും എൻ.ഡി.എക്ക് നഷ്ടമാകും. 2019ൽ 14ഉം അവർ നേടിയതാണ്. 2014ൽ 11 എണ്ണവും. അതിനുംമുമ്പ് 2009ൽ 12ലും അവർ വിജയിച്ചു. എന്നാൽ, കഴിഞ്ഞ വർഷം നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച കോൺഗ്രസ് ഏഴിടത്ത് മേൽക്കൈ നേടി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനത്തേക്കാൾ ഏഴു ശതമാനമെങ്കിലും മികവ് പൊതു തെരഞ്ഞെടുപ്പിലെത്തുമ്പോൾ ബി.ജെ.പി നിലനിർത്തിപ്പോന്നിട്ടുണ്ട്.
പക്ഷേ, ഇത്തവണ ചരിത്രപരമായുള്ള ഈ പ്രവണത മറിച്ചാകും. ഒന്നാമതായി, സിദ്ധരാമയ്യ സർക്കാർ തെരഞ്ഞെടുപ്പ് വാഗ്ദാനമായി നൽകിയ അഞ്ച് ഉറപ്പുകളും പാലിച്ചുകഴിഞ്ഞു. അതിന്റെ പ്രയോജനം ഓരോ വീടകവും വിശിഷ്യ വനിതകൾ അനുഭവിക്കുന്നു. ഇത് കോൺഗ്രസിന് ഭരണാനുകൂല വികാരം പകരുന്നതിൽ നിർണായകമായിട്ടുണ്ട്. രണ്ടാമതായി, പൊതുതെരഞ്ഞെടുപ്പിൽ അലസത കാട്ടാറുള്ള കോൺഗ്രസ് പാർട്ടി പ്രമുഖരൊക്കെയും ഇത്തവണ സജീവമായി രംഗത്തുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. കോൺഗ്രസ് സ്ഥാനാർഥികളിൽ പകുതിപേരും നിലവിലെ സംസ്ഥാന മന്ത്രിമാരുടെ ഉറ്റ ബന്ധുക്കളാണ്. മൂന്നാമതായി, കോൺഗ്രസ് ഒന്നിച്ചൊന്നായി നീങ്ങുമ്പോൾ ബി.ജെ.പിയിൽ പാളയത്തിൽ പടയാണ്. ബി.ജെ.പി തെരഞ്ഞെടുപ്പ് ചുമതല പാർട്ടിയിലെ ഏറ്റവും മിടുക്കനായ നേതാവിനെ -ബി.എസ് യെദിയൂരപ്പയെയും മക്കളെയും- തന്നെ ഏൽപിച്ചിട്ടുണ്ടെങ്കിലും കലാപക്കൊടി ഉയർത്തി തനിക്കു കീഴിൽ ഉപമുഖ്യമന്ത്രിയായിരുന്ന കെ.എസ് ഈശ്വരപ്പതന്നെ രംഗത്ത് സജീവമാണ്. ഒപ്പം, യെദിയൂരപ്പ ഉൾപ്പെടുന്ന മുൻനിര വിഭാഗമായ ലിംഗായത്തുകളുടെ എതിർപ്പ് പരസ്യമാക്കി സന്യാസി പ്രമുഖനും രംഗത്തുണ്ട്.
എൻ.ഡി.എ സാധ്യതകൾക്കു മേൽ ഏറ്റവുംവലിയ തിരിച്ചടിയായത് ജെ.ഡി (എസ്) നേതാവും ഹാസൻ എം.പിയുമായ പ്രജ്വൽ രേവണ്ണ വർഷങ്ങൾക്കിടെ നിരവധി സ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന ആരോപണമാണ്. ബി.ജെ.പിക്ക് ഒരിക്കലും തലയൂരാനാകാത്തതാണ് ഈ കേസ്.
രേവണ്ണക്കുവേണ്ടി -വിഡിയോ പുറത്തുവന്നതിനു പിന്നാലെ ജർമനിയിലേക്ക് നാടുവിട്ടെങ്കിലും അദ്ദേഹം വീണ്ടും മത്സരിക്കുന്നുണ്ട്- പ്രധാനമന്ത്രി മോദി തന്നെ പ്രചാരണം നടത്തുകയും വോട്ടു തേടുകയും ചെയ്തതാണ്. 23കാരിയെ മുസ്ലിമായ മുൻ സഹപാഠി കുത്തിക്കൊന്ന സംഭവം എടുത്തുയർത്തിയാണ് അതിനെതിരെ ബി.ജെ.പി പ്രചാരണമെങ്കിലും അത് എവിടെയുമെത്തുന്ന മട്ടില്ല. ഒ.ബി.സി സംവരണത്തിന്റെ ഭാഗമായി മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള നാലു ശതമാനം മുസ്ലിം സംവരണം (കർണാടകയിൽ എല്ലാ സർക്കാറുകളും ഇത് നടപ്പാക്കിയിരുന്നു. 2023ൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പി എടുത്തുകളഞ്ഞെങ്കിലും) പട്ടിക ജാതി/വർഗങ്ങൾക്ക് ലഭിക്കേണ്ട സംവരണം മുസ്ലിംകൾക്ക് കൈമാറാനുള്ള കോൺഗ്രസ് പദ്ധതിയാണെന്ന പ്രധാനമന്ത്രിയുടെ ആരോപണം ദേശീയ മാധ്യമങ്ങൾ ആഘോഷമാക്കിയിട്ടുണ്ടെങ്കിലും കർണാടകയിൽ അത് ഏറ്റെടുക്കാൻ ആളില്ല.
എന്നുവെച്ചാൽ, ഒരു വർഷം മുമ്പ് നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയ വോട്ടുവിഹിതം നിലനിർത്താനായാൽ ബി.ജെ.പിയുടെ പേരിലുള്ള 14 സീറ്റിൽ ഏഴും കോൺഗ്രസ് പിടിക്കും. ജെ.ഡി (എസ്) വിഹിതം അധികമായി നേടാനായാൽ അത് 11 സീറ്റുവരെയായി ഉയരുകയും ചെയ്യും.
കർണാടകയുടെ വടക്കൻ മേഖലകളോട് അരികുപറ്റി, മഹാരാഷ്ട്രയിലെ അതിസമ്പന്നവും ഒപ്പം പിന്നാക്കവുമായ ചില മേഖലകൾ കൂടി മൂന്നാം ഘട്ടത്തിൽ വോട്ടു ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ മൂന്നാം ഘട്ടത്തിൽ വരുന്ന 11 സീറ്റുകളിൽ 2019ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും അവിഭക്ത സഖ്യകക്ഷിയായ ശിവസേനയും ചേർന്ന് ഏഴു സീറ്റുകൾ പിടിച്ചത് ശരദ് പവാറിന്റെ എൻ.സി.പിക്കും കോൺഗ്രസിനും കനത്ത തിരിച്ചടിയായിരുന്നു. ഇത്തവണ ഈ ഘട്ടത്തിൽ എല്ലാ കണ്ണുകളും മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ മേഖലയിലാകും. അസ്തിത്വ പ്രതിസന്ധി നേരിടുന്ന ശരദ് പവാർ തന്റെ സ്വാധീനമുറപ്പിക്കാൻ ഇവിടെ പുറത്തെടുത്ത വലിയ മിടുക്കും സാഹസവുമാണ് വിഷയം. അജിത് പവാറാകട്ടെ, ബാരാമതി മണ്ഡലത്തിൽ ഒതുങ്ങുകയും ചെയ്തു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.