കേരളീയ മുസ്ലിം സാമുദായിക ഭൂമികയിൽ സുന്നി പ്രസ്ഥാനങ്ങൾക്കുള്ള അപ്രമാദിത്വം അവിതർക്കിതമാണ്. പതിനായിരത്തിലധികം മഹല്ലുകളുണ്ടവർക്ക് കേരളത്തിൽ. അതുകൊണ്ടുതന്നെ മനുഷ്യനന്മയിലൂന്നിയുള്ള, സാമുദായിക നവോത്ഥാന പ്രവർത്തനങ്ങൾ വികസിപ്പിച്ചെടുക്കേണ്ടത് അവരുടെ ചുമതലതന്നെയാണ്. എണ്ണമറ്റ മത വിദ്യാഭ്യാസ സ്ഥാപനങ്ങളും, പ്രാദേശിക മദ്റസകളുമുൾപ്പെടെയുള്ള സംവിധാനങ്ങളും പ്രവർത്തിക്കുന്നത് സമസ്തക്ക് കീഴിലാണ്. സംയോജിത വിദ്യാഭ്യാസ രീതി ഫലപ്രദമായി ഉപയോഗപ്പെടുത്തി വാഫി/ഹുദവി സംവിധാനമൊരുക്കി ഭൗതിക വിദ്യാഭ്യാസ മേഖലകളിൽകൂടി ശ്രദ്ധേയമായ മുന്നേറ്റങ്ങൾക്കു സമസ്ത തുടക്കമിട്ടതും ചേർത്തുകാണേണ്ടതാണ്. തെക്കൻ കേരളത്തിൽ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമക്കും സമാന സാന്നിധ്യമുണ്ട്.
’80കളിൽ സമസ്തയിൽ സംഭവിച്ച നിർഭാഗ്യകരമായ പിളർപ്പിന്റെ മൗലിക ഹേതു അന്വേഷിക്കുന്ന ഒരു ചരിത്രവിദ്യാർഥി എത്ര ആഴത്തിൽ പരിശോധിച്ചാലും ആ തർക്കത്തിന് മൗലികമായൊരു ഇസ്ലാമിക കാരണം കണ്ടെത്താനാവില്ല. ആ പിളർപ്പിന്റെ ആഘാതം ശരാശരി വിശ്വാസിയുടെ ഇടനെഞ്ചിൽ ഇപ്പോഴും ആധിയായുണ്ട്. ഒന്നിച്ചുനിന്നാൽ നേടാനാവുന്നതിന്റെ പത്തിലൊന്ന് വിഘടിച്ചുനിന്നപ്പോൾ സമാഹരിക്കാനായില്ല. തൊണ്ണൂറുകളിൽ ഇരു വിഭാഗത്തെയും ഐക്യപ്പെടുത്താൻ പി.എം. അബൂബക്കർ നടത്തിയ പരിശ്രമങ്ങൾക്ക് ഈയുള്ളവൻ സാക്ഷിയാണ്. പ്രതീക്ഷകൾ പൂത്തുലഞ്ഞുനിന്ന ആ ശുഭസന്ദർഭങ്ങൾ പൊലിഞ്ഞുപോയത് താൻപോരിമയുടെ കരിമ്പാറക്കെട്ടിൽ തടഞ്ഞുതന്നെയായിരുന്നു.
കേരള മുസ്ലിം സാമുദായിക രംഗത്ത് മാത്രമല്ല, പൊതുമണ്ഡലത്തിലും ജാഗ്രത്തായ കുതിപ്പുകൾ നടത്താൻ സാധിക്കുമായിരുന്ന ഒരു പ്രസ്ഥാനം, വിഘടിച്ചുനിന്ന് പരസ്പരം പൊരുതിയപ്പോൾ വഖഫ് ബോർഡിലും ട്രൈബ്യൂണലുകളിലും മറ്റിതര സിവിൽ ക്രിമിനൽ കോടതികളിലും നൂറുകണക്കിന് കേസുകളുടെ കൂമ്പാരങ്ങളുണ്ടായി എന്നതിനപ്പുറത്ത് മറ്റെന്തെങ്കിലും നേട്ടമുണ്ടാക്കിയതായി കാണുന്നില്ല. വേറിട്ടുനിന്ന് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ആ സ്ഥാപനങ്ങളിലൂടെ പരസ്പര അവിശ്വാസങ്ങളും വൈരതീവ്രതയും കൂടിക്കൂടി വരുന്നു എന്നുമാത്രം.
വാഫി വഫിയ്യ, ദാറുൽ ഹുദാ സ്ഥാപനങ്ങളിൽനിന്ന് പഠിച്ചുയർന്ന് അറബി ഭാഷയിലും ഇതര വിഷയങ്ങളിലും പിഎച്ച്.ഡി നേടിയ ഡസൻ കണക്കിന് പണ്ഡിതന്മാർ മഹല്ലുകൾക്ക് അഭിമാനമായിരുന്നു. വിവാഹപൂർവ പ്രശ്നങ്ങളുടെ മനഃശാസ്ത്ര പരിഹാരതലംകൂടി വാഫി സിലബസുകളിൽ ഇടം തേടിയിട്ടുണ്ടെങ്കിൽ ആയതിന്റെ പിന്നാമ്പുറ അധ്വാനവും ഭാവനയും അഭിനന്ദനം അർഹിക്കുന്നതുതന്നെയാണ്. അത്തരം സ്ഥാപനങ്ങളുടെ വർത്തമാന പരിതോവസ്ഥ ചിന്തിപ്പിക്കേണ്ടതും പഠനവിധേയമാക്കേണ്ടതുമുണ്ട്.
വേറിട്ടുനിന്ന് സ്ഥാപിച്ചെടുക്കുന്ന സ്ഥാപന സമുച്ചയങ്ങൾ ഓരോരുത്തർക്കും അഭിമാനമാവാം. ഇതിനോട് ചേർത്ത് ഓർക്കേണ്ടത്, മഹല്ലുകളുടെ അടിത്തട്ടിലെ വർത്തമാനങ്ങളാണ്. അതു മഹാ ദുരന്താവസ്ഥയിലാണെന്നത് അറിയാതെ പോകുന്നു. യുവജനങ്ങൾ നശിച്ചുപോകുന്നത് നേതാക്കളെ അസ്വസ്ഥപ്പെടുത്തുന്നില്ല. അവർ ഭിന്നിപ്പിന് പുതുകാരണങ്ങൾ ചമയ്ക്കാൻ കർമശാസ്ത്ര പുസ്തകങ്ങൾ തേടി ഓടുകയാണ്. അടിത്തട്ടിൽനിന്ന് തുടങ്ങേണ്ടതാണ് ഈ സംസ്കരണ യജ്ഞങ്ങൾ. ചർമലേപനംകൊണ്ട് ശമനമാകുന്ന നിസ്സാര രോഗമല്ലിത്. വിശ്വാസ ശാക്തീകരണ സംരംഭങ്ങൾ അടിത്തട്ടിൽ രൂപപ്പെട്ടിട്ടില്ലെങ്കിൽ അതിനുത്തരവാദി സാധാരണ വിശ്വാസികളല്ല. മുസ്ലിം നേതൃത്വം തന്നെയാണ്. പരസ്പരം പോരടിച്ചും കലഹിച്ചും പറഞ്ഞുതീർക്കാൻ കഴിയാത്ത ദുരന്തങ്ങൾ ഉണ്ടാക്കിയെടുത്ത അനുഭവങ്ങൾ മുന്നിലുള്ളപ്പോൾതന്നെയാണ്, വീണ്ടുമൊരു ധ്രുവീകരണത്തിന്റെ അശനിപാതം ഗ്രസിക്കാനെത്തുന്നത്. ഇത് സാധാരണ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം വേദനജനകമാണ്. പരസ്പരം കലഹിച്ചും തെറിപറഞ്ഞും നിൽക്കുമ്പോൾ നഷ്ടപ്പെടുന്നത് സമൂഹത്തിന്റെ അന്തസ്സാണെന്ന് തിരിച്ചറിയാത്തത് ഈ നേതാക്കൾക്ക് മാത്രമാണ്.
വർത്തമാനകാലം ആവശ്യപ്പെടുന്നത് ഐക്യപ്പെടലിന്റെ മാർഗമാണ്. ശത്രു തൊട്ടപ്പുറത്തുണ്ട്. കൊമ്പും കോമ്പല്ലും രാകി മൂർച്ചയാക്കിയാണാ നിൽപ്പ്. അവർക്ക് ഈ വഴക്ക് ഇഷ്ടമാവും. അതവരുടെ ജോലി എളുപ്പമാക്കുകയും ചെയ്യും. അങ്ങനെയൊരു ദുരന്തം ഒഴിവാക്കുന്നതാണ് അഭികാമ്യം. മറ്റൊരു ദുരന്തം ചുറ്റും വട്ടമിട്ട് പറക്കുമ്പോൾ ആലോചിച്ച് വേവലാതിപ്പെടാനും അകമുരുകി പ്രാർഥിക്കാനും മാത്രമേ ഒരു സാധാരണ വിശ്വാസിക്ക് സാധിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.