കേന്ദ്രസർക്കാറിന് ആരോടാണ് ഇത്ര വാശി? ആരോടാണ് ഇത്ര വൈരാഗ്യം? ആരെയാണ് ഇവർ വെല്ലുവിളിക്കുന്നത്? ആരോടാണ് ശീതസമരം പ്രഖ്യാപിച്ചിരിക്കുന്നത്? ഒരു രാജ്യത്തിെൻറ നട്ടെല്ലായ കർഷകർ എന്ന വർഗം കഴിഞ്ഞ കുറച്ചു മാസങ്ങളായി നിലനിൽപിനായുള്ള സമരത്തിലാണ്. അവരുടെ സ്വന്തം നിലനിൽപിനേക്കാൾ, രാജ്യത്തിെൻറ നിലനിൽപെന്നു പറയുന്നതാകും ഉചിതം. ഡൽഹിയിൽ ഡിസംബറിെൻറ മരംകോച്ചുന്ന തണുപ്പിലും പൊലീസിെൻറ ലാത്തിക്ക് ഇരയാകുമ്പോഴും തികഞ്ഞ നിശ്ചയദാർഢ്യത്തോടെ നെഞ്ചുവിരിച്ചു നിൽക്കുന്നുണ്ടെങ്കിൽ സർക്കാറിെൻറ കർഷകനയം അവരെ എത്രമാത്രം ബുദ്ധിമുട്ടിലാക്കിയിട്ടുണ്ടാവുമെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത് കർഷകർക്ക് പ്രയോജനപ്രദമായ നിയമമാണെന്ന് നമ്മുടെ പ്രധാനമന്ത്രി പലതവണ വിളിച്ചുപറയുമ്പോഴും അത് രാജ്യത്തെ കോടിക്കണക്കിന് കർഷകർക്ക് സ്വീകാര്യമല്ല. എങ്കിൽ അവരെ ഇങ്ങനെ സ്നേഹിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. കർഷകർക്ക് ആവശ്യമില്ലാത്ത കർഷകനിയമം അവർക്ക് എന്തിനാണ് എന്നത് അത് നടപ്പാക്കാൻ വെമ്പൽകൊള്ളുന്നവർ കാര്യകാരണസഹിതം പറയാത്തിടത്തോളം അത് കർഷകദ്രോഹനയം മാത്രമാണ്.
ഇത് തികഞ്ഞ ധാർഷ്ട്യമാണ്. രാജ്യത്തിെൻറ പരമാധികാരം കൈകളിൽ ഉണ്ടെന്നുകരുതി ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുകയും അത് രാഷ്ട്രീയാധികാരത്തിെൻറ മുഷ്കിൽ നടപ്പാക്കുകയും ചെയ്യും എന്ന ഒരുതരം വാശി. പക്ഷേ, ഈ അധികാരത്തിനു പിന്നിൽ തലമുറകൾ കൈമാറിവന്ന രാജവാഴ്ചയുടെ പിൻബലമല്ലെന്നും പകരം സാധാരണക്കാരായ ജനങ്ങൾ വെയിലത്ത് ക്യൂ നിന്ന് വിനിയോഗിച്ച സമ്മതിദാനാവകാശത്തിെൻറ ഔദാര്യം മാത്രമാണെന്ന് തിരിച്ചറിയാതെ പോകുന്നതിെൻറ പ്രശ്നമാണെങ്കിൽ ഇവരെ കാത്തിരിക്കുന്നത് വലിയ വീഴ്ചതന്നെയായിരിക്കും.
പഞ്ചാബിനും ഹരിയാനക്കും പിറകെ രാജസ്ഥാനും ഡൽഹിയിലേക്ക് മാർച്ചുചെയ്യുമ്പോൾ; അതുപോലെ തന്നെ ഉൽപാദകസംസ്ഥാനങ്ങളായ കേരളവും തമിഴ്നാടും ഇപ്പോഴും കർഷകസമരത്തിന് വേണ്ടവിധം പിന്തുണ നൽകിയിട്ടില്ല എന്നത് ദുഃഖകരമാണ്. കേവലം കവലപ്രസംഗത്തിലും പത്രക്കുറിപ്പിലും ഒതുങ്ങുകയാണ് ഇവിടങ്ങളിലെ കർഷകപിന്തുണകൾ. അല്ലെങ്കിലും പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരെപ്പോലെ കഠിനാധ്വാനം ചെയ്യുന്ന 'യഥാർഥ കർഷകർ' നമ്മുടെ നാട്ടിൽ വിരളമാണല്ലോ.
കർഷകർ പാവങ്ങളാണ്. അവരെ പറഞ്ഞു പറ്റിക്കാൻ എളുപ്പമാണ്. ഏതു സാഹചര്യങ്ങളിലും അവർക്കറിയാവുന്നത് മണ്ണിെൻറ സത്യവും സഹനവും മാത്രമാണ്. അവർക്ക് ഭൂമിയോളം ക്ഷമിക്കാനുമറിയാം. പക്ഷേ, നാടിനെപ്പോറ്റുന്ന ആ കരങ്ങളോട് നെറികേട് കാണിച്ചാൽ അവർ സഹിച്ചെന്നുവരില്ല. ജീവിക്കാൻ അനുവദിച്ചില്ലെങ്കിൽ തങ്ങളുടെ നാടും മണ്ണും കഷ്ടപ്പാടും രാജ്യത്തിന് വേണ്ടവിധം പ്രയോജനപ്പെടാതെ നഷ്ടപ്പെട്ടുപോകുമെന്ന ഭയം അവരെ വല്ലാതെ പ്രതികരിക്കാൻ പ്രേരിപ്പിക്കും. ഗത്യന്തരമില്ലാത്തവർ പ്രതികരിക്കുമ്പോൾ അതിന് ശക്തിയുമേറും. പിന്നെ ആ അഗ്നിയെ കെടുത്താൻ മണ്ണിനോ മഴക്കോ, മനുഷ്യനോ കഴിഞ്ഞെന്നുവരില്ല. രാജ്യതലസ്ഥാനം ഇന്ന് സാക്ഷ്യംവഹിക്കുന്നതും ആ ഗതികേടിെൻറ ഫലമായുണ്ടായ ചൂണ്ടുവിരലിെൻറ ശക്തിയാണ്.
കർഷകർക്കുപകരം, കോർപറേറ്റുകൾക്കുവേണ്ടി തയാറാക്കിയ കർഷകനിയമം നടപ്പാക്കേണ്ടി വരുമ്പോൾ ഒരു പ്രത്യേകതയുണ്ട്. കൃത്യമായി നടപ്പാക്കുന്നതിനിടയിൽ അൽപമൊന്ന് പാളിയാൽ ഇരുവശത്തുനിന്നും ഒരുപോലെ പഴികേൾക്കേണ്ടി വരും. സർക്കാറിനാണെങ്കിൽ തീരുമാനിച്ചത് നടപ്പാക്കിയേ പറ്റൂ. കാരണം, ഇത് കർഷകർക്ക് ഗുണകരമാകുമെന്നു നൂറ്റൊന്നാവർത്തിച്ചാണ് തുടക്കമിട്ടത്. മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിെൻറ സർക്കാറിെൻറ അഭിമാനപ്രശ്നമാണത്. കോർപറേറ്റുകളുടെ തിരക്കഥയിൽ വിവരവും വിദ്യാഭ്യാസവുമില്ലെന്ന് കരുതപ്പെടുന്ന കർഷകർ അതിെൻറ പുറംമോടിയിൽ കണ്ണ് മഞ്ഞളിച്ചു ജയ് വിളിക്കുമെന്നാണ് അവർ കരുതിയത്. പക്ഷേ, നല്ലതുമാത്രം ചിന്തിച്ചുശീലിച്ച കർഷകർ യാഥാർഥ്യം മനസ്സിലാക്കി കൃത്യമായി പ്രതികരിച്ചു. കർഷകരല്ലേ, എന്ത് പ്രതിഷേധം! ചെമ്മീൻ ചാടിയാൽ മുട്ടോളം, പിന്നേം ചാടിയാൽ ചട്ടിയോളം എന്ന് കേന്ദ്രം കരുതി. പക്ഷേ, അവർ ചാടിയത് മുട്ടോളമല്ല. തലക്കൊപ്പമാണ്. അവർ ചാടി തലയുടെ ഉച്ചിയിൽതന്നെ ഇരിപ്പുറപ്പിക്കുകയും ചെയ്തു. സർക്കാർ അവരുടെ നയം നടപ്പാക്കുന്നതിൽനിന്ന് ഇനി പിന്നോട്ടുപോയാൽ അതിൽ പ്രശ്നങ്ങൾ രണ്ടാണ്. ഒന്ന് കോർപറേറ്റുകൾക്കു വേണ്ടി പറഞ്ഞുറപ്പിച്ച കച്ചവടം ഉപേക്ഷിക്കേണ്ടിവരും.
രണ്ട്, വെറും കർഷകർക്ക് മുന്നിൽ രാജ്യത്തിെൻറ പുകൾപെറ്റ സർക്കാർ മുട്ടുമടക്കേണ്ടി വരും. മാത്രമല്ല, ഇത്രയൊക്കെ ശക്തമായി കർഷകർക്കെതിരെ പ്രതിരോധിച്ചതിെൻറ കാര്യകാരണങ്ങൾ രാജ്യത്തോട് വിളിച്ചുപറയേണ്ടിയും വരും. അങ്ങനെയൊരു കർഷകസ്നേഹം യഥാർഥത്തിൽ ഇല്ലാത്തപക്ഷം അതും പാളും. ഓർക്കുക, പൗരത്വ ബില്ലും രാമക്ഷേത്ര നിർമാണവുമൊക്കെ കേന്ദ്രം നടപ്പാക്കിയെടുത്തത് സമാനരീതിയിലായിരുന്നു. ഒരു ഉത്തരവ് ഒരു സുപ്രഭാതത്തിൽ അവതരിപ്പിക്കുന്നു. അത് ജനദ്രോഹമായതിനാൽ എതിർപ്പുകൾ ഉയർന്നുവരുന്നു. കുറച്ചുനാൾ പ്രതിഷേധങ്ങൾ നടക്കുന്നു. മെല്ലെമെല്ലെ അതിെൻറ ശക്തി കുറഞ്ഞുവരുകയും ഒടുവിൽ അത് ഏകപക്ഷീയമായി നടപ്പാക്കുകയും ചെയ്യുന്നു. പക്ഷേ, ആ കളി വേണ്ടവിധം ഹോം വർക്കില്ലാതെ കർഷകരോട് കളിച്ചപ്പോൾ അൽപം പാളി. പ്രതിഷേധം ഇത്രമാത്രം കടക്കുമെന്ന് ഇൻറലിജൻസ് പോലും കരുതിയില്ല. ഇപ്പോൾ, വല്ല വിധേനയും അടിച്ചൊതുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതൊരു തിരിച്ചറിവായി മാറിയില്ലെങ്കിൽ കേന്ദ്രസർക്കാറിന് അതൊരു വീഴ്ചയുടെ തുടക്കമായിവരെ മാറിയേക്കാം. ജനങ്ങളെയും രാജ്യത്തെയും മനസ്സിലാക്കാതെയുള്ള ഏകപക്ഷീയ തീരുമാനങ്ങൾ ഒരു ജനാധിപത്യരാജ്യത്ത് എത്രമാത്രം ശാശ്വതമാണെന്നും തിരിച്ചറിയാനുള്ള ഒരു വലിയ പാഠമായും ഇതിെന വ്യാഖ്യാനിക്കാം.
അന്നം നൽകുന്നവരോട് തോൽക്കുന്നതു അന്തസ്സാണ്. നമ്മുടെ ഇന്ത്യ മറ്റുരാജ്യങ്ങൾക്കുമുന്നിൽ വലിയൊരു ഉൽപാദകരാഷ്ട്രമായി സ്വന്തംകാലിൽ നിൽക്കുന്നു എന്ന ഖ്യാതിയുമായി തലയുയർത്തിനിൽക്കുന്നതിനുപിന്നിൽ കർഷകരുടെ വിയർപ്പിെൻറ നനവുണ്ട്. ഖദറും കാവിയുമിട്ട് കൊടിെവച്ച കാറിൽ രാജ്യസേവനത്തിന് ഇറങ്ങുന്ന രാഷ്ട്രീയക്കാരെക്കൊണ്ട് രാജ്യത്തെ ജനങ്ങളുടെ വിശപ്പുമാറ്റാനാവില്ല.
അതിന് കൊടിയ വെയിലത്തും മഴയത്തും മണ്ണിൽ പണിചെയ്ത് സൂര്യെൻറ കടുത്ത ചൂടിനെ വെല്ലുവിളിച്ചു മണ്ണിൽ വസന്തം വിരിയിക്കുന്ന കർഷകർ മനസ്സുവെക്കണം. ആ വസന്തത്തിന് മാത്രമേ മനുഷ്യന് അന്നമൂട്ടാൻ കഴിയൂ. അങ്ങനെയുണ്ടാകുന്ന ആഹാരത്തിനുമാത്രമേ ശക്തിയും ബുദ്ധിയുമുള്ള ഒരു ശരീരത്തെയും മനസ്സിനെയും സൃഷ്ടിക്കാൻ കഴിയൂ. ആ മനസ്സ് മാത്രമേ രാജ്യത്തിന് മുതൽക്കൂട്ടാവുകയുമുള്ളൂ.
കേന്ദ്രസർക്കാറിെൻറ ലാത്തിക്കും തോക്കിനും ജലപീരങ്കിക്കും മുന്നിൽ ആയുധമില്ലാത്ത കർഷകർക്ക് എത്രനാൾ പിടിച്ചുനിൽക്കാൻ കഴിയും എന്നറിയില്ല. മരണം വരെയെന്ന് അവർ ഉറക്കെ വിളിച്ചുപറയുന്നുണ്ട്. അവരുടെ ശബ്ദം രാജ്യത്തെ ഊട്ടാനുള്ള ഗദ്ഗദമാണെന്ന് നാമെന്നാണ് മനസ്സിലാക്കുക? പഞ്ചാബ് ഡി.ഐ.ജി ലഖ്വിന്ദർ സിങ്ങിനെപ്പോലെയുള്ള ഒറ്റപ്പെട്ട ശബ്ദങ്ങൾ പ്രതീക്ഷയാണ്. എന്നാലും നാം എന്താണ് ഇങ്ങനെ നിശ്ശബ്ദരാവുന്നത്? നാമിന്ന് മൂക്കുമുട്ടെ കഴിക്കുന്ന ആഹാരം ഇന്നലെ മണ്ണിൽ ഉണ്ടാക്കിയിട്ടാണ് കർഷകർ ഇന്ന് പോയി സമരമിരിക്കുന്നത്. അവർ ഇന്ന് പാടത്തിറങ്ങാതെ സത്യഗ്രഹമിരിക്കുമ്പോൾ നമുക്ക് നാളെ അന്നം മുടങ്ങാൻ പോകുകയാണ്. അവരെ തല്ലിയൊതുക്കുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ അന്നദാതാക്കളെയാണ്. സംരക്ഷിക്കണം, കൂടെ നിൽക്കണം. കാരണം അവരുടെ ആവശ്യത്തിൽ സത്യമുണ്ട്. അവർ ആർക്കുവേണ്ടിയാണോ കഷ്ടപ്പെടുന്നത്, അവരുടെ പിന്തുണ ഒരു ശബ്ദമായോ, വാക്കുകൾ ആയെങ്കിലുമോ അവർക്കൊപ്പം ഇല്ലെങ്കിൽ അവർ തളർന്നുപോയേക്കാം. രാജ്യത്തിെൻറ അടിച്ചമർത്തൽ ശക്തികൾക്കു മുന്നിൽ വീണുപോയേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.