ഉമ്മൻ ചാണ്ടി എന്ന വികാരമാണ് യു.ഡി.എഫിന്റെ തുറുപ്പുശീട്ടെങ്കിലും അവർ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായാണ് കാണുന്നത്. സർക്കാറിന്റെ ജനകീയത ഇടിഞ്ഞത് പ്രധാന വിഷയമാകുമെന്ന് അവർ കരുതുന്നു. പി.ടി. തോമസിന്റെ മരണശേഷം, തൃക്കാക്കരയിൽ മത്സരിച്ച ഉമ തോമസിനെ തോൽപിക്കാനാകുമെന്ന തികഞ്ഞ പ്രതീക്ഷയിലായിരുന്നു ഇടതുപക്ഷം. അന്ന് സർക്കാറിനെതിരെ വലിയ ആരോപണങ്ങൾ ഉയർന്നിരുന്നില്ല. കിറ്റിന്റെയും കോവിഡ് നിയന്ത്രണത്തിന്റെയും ക്രെഡിറ്റ് സർക്കാറിന് അവകാശപ്പെടാനുണ്ടായിരുന്നു. വികസനം സംബന്ധിച്ച അവകാശവാദങ്ങളും എടുത്തുപറഞ്ഞിരുന്നു. എന്നിട്ടും കാൽലക്ഷത്തിലേറെ വോട്ടിന് ഉമ തോമസ് വിജയിച്ചു. പുതുപ്പള്ളിയിൽ അതിലേറെ പ്രസക്തമാണ് ഉമ്മൻ ചാണ്ടി ഫാക്ടർ
പുതുപ്പള്ളിയിൽ യു.ഡി.എഫ് ചാണ്ടി ഉമ്മനിലൂടെ ആഗ്രഹിക്കുന്നത് ഒരു സഹതാപ വിജയമല്ല, സർക്കാറിനെതിരായ വിജയമാണ്. ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള സഹതാപത്തിൽ യു.ഡി.എഫ് സ്ഥാനാർഥി എങ്ങനെയും വിജയിക്കുമെന്ന പരിപൂർണ വിശ്വാസം അവർക്കുണ്ട്. ചെറുവിജയമാണ് പുതുപ്പള്ളി നൽകുന്നതെങ്കിൽ അത് പരാജയതുല്യമാണെന്ന് കരുതേണ്ടിവരുമെന്ന് യു.ഡി.എഫ് നേതാക്കൾ ഭയക്കുന്നു. ഭൂരിപക്ഷം ഇരുപതിനായിരത്തിൽ താഴുന്നപക്ഷം, അത് ഉമ്മൻ ചാണ്ടിയോടുള്ള അനുഭാവ വിജയം മാത്രമായി മാറുമെന്നും അവർ ആശങ്കപ്പെടുന്നുണ്ട്. ഇടതുപക്ഷവും ആത്മവിശ്വാസത്തിലാണ്. അതിനവർ പറയുന്ന കാരണവും വിശ്വസനീയമാണ്. ഉമ്മൻ ചാണ്ടിയുടെ വ്യക്തിപ്രഭാവം ഒന്നുകൊണ്ട് മാത്രമാണ് കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലം പുതുപ്പള്ളി ഇടതുപക്ഷത്തിന് അന്യമായിരുന്നത്. സി.പി.എമ്മിന് അടിത്തറയുള്ള മണ്ഡലമാണത്. എട്ടു പഞ്ചായത്തുകളിൽ ആറിലും ഇടതുഭരണമാണ്. അവയിൽ തന്നെ, അയർക്കുന്നം, അകലക്കുന്നം പഞ്ചായത്തുകൾ മാണി ഗ്രൂപ്പിന്റേതാണ്. റോമൻ കത്തോലിക്ക വിഭാഗം നിർണായക സ്വാധീനം പുലർത്തുന്ന ഈ പഞ്ചായത്തുകളിൽ പണ്ടുമുതലേ മാണി ഗ്രൂപ് മേൽക്കൈ നേടിവരുന്നു.
ഉമ്മൻ ചാണ്ടിയുടെ വ്യക്തിപ്രഭാവത്തിലുപരി സംഘടന എന്ന നിലക്ക് വ്യവസ്ഥാപിതമായ സംവിധാനമോ തലയെടുപ്പുള്ള നേതാക്കളോ കോൺഗ്രസിനിവിടില്ല. ഉമ്മൻ ചാണ്ടിയുടെ ഏറ്റവും അടുപ്പക്കാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി. ജോസഫുമാണ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. യു.ഡി.എഫിലെ മറ്റൊരു പാർട്ടിക്കും ഇവിടെ ഒരു പ്രസക്തിയുമില്ല.
സി.പി.എമ്മിന്റെ അവസ്ഥ അതല്ല. എല്ലാ പഞ്ചായത്തിലും അവർക്ക് പാർട്ടി സംവിധാനമുണ്ട്. തുടർച്ചയായി മത്സരിക്കുന്ന ജെയ്ക് സി. തോമസ് മണ്ഡലത്തിന് സുപരിചിതനുമാണ്. 2008 ലെ മണ്ഡലം പുനർ നിർണയം മണ്ഡലത്തിന് ഇടതുപക്ഷ സ്വാധീനം വർധിക്കുംവിധമാണ് നടപ്പായതെങ്കിലും ഉമ്മൻ ചാണ്ടി എന്ന മഹാമേരുവിനു മുന്നിൽ അതൊന്നും ഏശിയില്ല. ഇക്കുറി ഉമ്മൻ ചാണ്ടിയില്ലെന്നതാണ്, ഇടതു പ്രതീക്ഷക്ക് ആധാരം.
ഉമ്മൻ ചാണ്ടി എന്ന വികാരമാണ് യു.ഡി.എഫിന്റെ തുറുപ്പുശീട്ടെങ്കിലും അവർ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായാണ് കാണുന്നത്. സർക്കാറിന്റെ ജനകീയത ഇടിഞ്ഞത് പ്രധാന വിഷയമാകുമെന്ന് അവർ കരുതുന്നു. പി.ടി. തോമസിന്റെ മരണശേഷം, തൃക്കാക്കരയിൽ മത്സരിച്ച ഉമ തോമസിനെ തോൽപിക്കാനാകുമെന്ന തികഞ്ഞ പ്രതീക്ഷയിലായിരുന്നു ഇടതുപക്ഷം. അന്ന് സർക്കാറിനെതിരെ വലിയ ആരോപണങ്ങൾ ഉയർന്നിരുന്നില്ല. കിറ്റിന്റെയും കോവിഡ് നിയന്ത്രണത്തിന്റെയും ക്രെഡിറ്റ് സർക്കാറിന് അവകാശപ്പെടാനുണ്ടായിരുന്നു. വികസനം സംബന്ധിച്ച അവകാശവാദങ്ങളും എടുത്തുപറഞ്ഞിരുന്നു. എന്നിട്ടും കാൽലക്ഷത്തിലേറെ വോട്ടിന് ഉമ തോമസ് വിജയിച്ചു. പുതുപ്പള്ളിയിൽ അതിലേറെ പ്രസക്തമാണ് ഉമ്മൻ ചാണ്ടി ഫാക്ടർ. സർക്കാറിന്റെ പ്രഭ മങ്ങിനിൽക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഉയർന്ന ആരോപണങ്ങൾ സർക്കാറിനെ വല്ലാതെ അലട്ടുന്നുണ്ട്.
പുതുപ്പള്ളിയിൽ കത്തോലിക്ക വിഭാഗത്തിനു പുറമെ ഓർത്തഡോക്സ് വിഭാഗവും യാക്കോബായ വിഭാഗവും ഈഴവ സമുദായവും നായർ സമുദായവുമാണ് പ്രധാനമായുള്ളത്. മുസ്‍ലിം വോട്ടർമാർ തീരെ കുറവാണ്. ബി.ജെ.പിക്ക് കാര്യമായ ഒരു സ്വാധീനവുമില്ലാത്ത മണ്ഡലവുമാണിത്. 2016ൽ ബി.ജെ.പിക്ക് 15,993 വോട്ടുകൾ ലഭിച്ചിരുന്നു. അത്തവണ ഉമ്മൻ ചാണ്ടിക്ക് ലഭിച്ച ഭൂരിപക്ഷം 27,092 ആയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലാവട്ടെ, ബി.ജെ.പിക്ക് കിട്ടിയ മൊത്തം വോട്ടുകൾ 11,624. ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9044 മാത്രം. ഇക്കുറി ബി.ജെ.പിയുടെ വോട്ട് പതിനായിരത്തിൽ താഴെ മാത്രം ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഉമ്മൻ ചാണ്ടിക്ക് ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ചത് 2011 ലെ തെരഞ്ഞെടുപ്പിലായിരുന്നു. 33,255 വോട്ടുകളാണ് അന്ന് ലഭിച്ചത്. ചാണ്ടി ഉമ്മന് ഇതിൽ കൂടുതൽ ഭൂരിപക്ഷം ലഭിച്ചെങ്കിൽ മാത്രമെ സർക്കാറിനെതിരായ ഫലമായി ഉയർത്തിക്കാണിക്കാൻ യു.ഡി.എഫിന് സാധിക്കൂ.
ഇടതുപക്ഷം മണ്ഡലത്തിൽ എടുത്തുകാട്ടുന്നത് വികസന പ്രശ്നങ്ങളാണ്. പുതുപ്പള്ളിയിൽ വേണ്ടത്ര റോഡുകളും മറ്റു സൗകര്യങ്ങളും ഇല്ലെന്നതാണ് അവരുടെ പ്രചാരണങ്ങളിൽ മുഴച്ചുനിന്നത്. അതിൽ കഴമ്പുമുണ്ട്. എന്നാൽ, അവയെയൊക്കെ കവച്ചുവെക്കുന്നതാണ് ഉമ്മൻ ചാണ്ടി എന്ന വികാരം എന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നു. സഹതാപ തരംഗത്തെ പ്രചാരണശക്തികൊണ്ട് നേരിടാൻ എൽ.ഡി.എഫ് ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങൾ ഗുണത്തേക്കാളുപരി ദോഷം ചെയ്തുവെന്ന് നിരീക്ഷകർ കരുതുന്നുണ്ട്. ഉമ്മൻ ചാണ്ടിയുടെ ചികിത്സ സംബന്ധിച്ച് ഉയർത്തിയ ആരോപണങ്ങൾ തിരിച്ചടിക്കുന്നു എന്നു തോന്നിയതിനാലാകണം, അതിൽനിന്ന് അവർ പിന്തിരിഞ്ഞത്.
ഈ ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. ഇടതുപക്ഷത്തിന്, സർക്കാറിനെയോ ഭരണത്തെയോ നേരിട്ട് ബാധിക്കുന്ന ഒന്നല്ല എന്നതിനാൽ നിർണായകമായ ഒന്നല്ല. പക്ഷേ വിജയിക്കാൻ കഴിഞ്ഞാൽ ഒരു മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയെ തോൽപിക്കാൻ മാത്രമല്ല, ആ മുന്നണിയുടെ ആത്മവിശ്വാസം അപ്പാടെ തകർക്കാൻ അവർക്ക് സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.