‘മഹാത്മാക്കൾ രണ്ടു പ്രാവശ്യം മരിക്കുന്നു. ഒന്നാമത് അവരുടെ ഭൗതിക ജീവിതം നമ്മെ വിട്ടുപോകുമ്പോൾ. രണ്ടാമത് അവർ സമൂഹത്തിന് നൽകിയ സംഭാവനകൾ ചരിത്രത്തിൽ അപ്രസക്തമാകുമ്പോൾ’ -ഈവോ ആൻഡ്രിച്
ഉത്തർപ്രദേശിലെ രാജകുടുംബാംഗമായിരുന്ന വിശ്വനാഥ് പ്രതാപ് സിങ് 1957ലെ ഭൂദാന പ്രസ്ഥാന കാലത്ത് തന്റെ പേരിലുള്ള മുഴുവൻ ഭൂസ്വത്തുക്കളും ദാനംചെയ്യുകയും രാജകീയ സൗഭാഗ്യങ്ങളെല്ലാം പരിത്യജിച്ച് സാധാരണക്കാരുടെ ഉന്നമനത്തിനായി രാഷ്ട്രീയജീവിതം തിരഞ്ഞെടുക്കുകയും ചെയ്തതുമൂലമാകണം തമിഴ്നാട് മുഖ്യമന്ത്രി അദ്ദേഹത്തെ ‘ആധുനിക സിദ്ധാർഥൻ’ എന്നു വിശേഷിപ്പിച്ചത്
രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രി വി.പി. സിങ്ങിന്റെ പൂർണകായ പ്രതിമ ചെന്നൈ നഗരത്തിൽ സ്ഥാപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 2023 ഏപ്രിൽ 24ന് പ്രഖ്യാപിക്കുകയുണ്ടായി. പ്രഖ്യാപിച്ചതുപോലെത്തന്നെ അദ്ദേഹത്തിന്റെ പതിനഞ്ചാം ചരമദിനമായ നവംബർ 27ന് (ഇന്നലെ) നഗരത്തിലെ അതിപ്രശസ്തമായ പ്രസിഡൻസി കോളജിന്റെ മുറ്റത്ത് പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടു. ഒരു വർഷം മാത്രം ഇന്ത്യയുടെ പ്രധാനമന്ത്രിയും കുറച്ചുകാലം ഉത്തർപ്രദേശിലെ മുഖ്യമന്ത്രിയുമായിരുന്ന ഒരു നേതാവിന്റെ പ്രതിമ മറ്റൊരു സർക്കാർ അവരുടെ സംസ്ഥാനത്ത് സ്ഥാപിക്കുന്നത് ഒരുപക്ഷേ, അപൂർവ സംഭവമായിരിക്കാം.
ഇന്ത്യയിൽ സാമൂഹിക നീതിക്കും താഴ്ന്നതട്ടിലുള്ള ജനങ്ങളുടെ ഉന്നമനത്തിനുമായി നിലകൊണ്ട ബഹുജന നേതാവും ഭരണാധികാരിയും എന്നതിലുപരി ‘ആധുനിക സിദ്ധാർഥൻ’ എന്നും വി.പി. സിങ്ങിനെ സ്റ്റാലിൻ വിശേഷിപ്പിക്കുകയുണ്ടായി. ഉത്തർപ്രദേശിലെ രാജകുടുംബാംഗമായിരുന്ന വിശ്വനാഥ് പ്രതാപ് സിങ് 1957ലെ ഭൂദാന പ്രസ്ഥാന കാലത്ത് തന്റെ പേരിലുള്ള മുഴുവൻ ഭൂസ്വത്തുക്കളും ദാനംചെയ്യുകയും രാജകീയ സൗഭാഗ്യങ്ങളെല്ലാം പരിത്യജിച്ച് സാധാരണക്കാരുടെ ഉന്നമനത്തിനായി രാഷ്ട്രീയജീവിതം തിരഞ്ഞെടുക്കുകയും ചെയ്തതുമൂലമാകണം തമിഴ്നാട് മുഖ്യമന്ത്രി അദ്ദേഹത്തിന് ഇത്തരമൊരു വിശേഷണം നൽകിയത്.
വൃക്കസംബന്ധമായ രോഗംമൂലം ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വി.പി. സിങ് മരിക്കുന്നത് 2008 നവംബർ 27നാണ്. അക്കാലത്തെ പത്രമാധ്യമങ്ങളിൽ അതൊരു പ്രധാന വാർത്തയായില്ല. മണ്ഡൽ കമീഷൻ റിപ്പോർട്ട് ഭാഗികമായി നടപ്പാക്കിയതുമൂലം ഇന്ത്യയിലെ കുത്തക മാധ്യമങ്ങളുടെ കണ്ണിലെ കരടായി അദ്ദേഹം മാറിയിരുന്നു. തലേദിവസം എൺപതു പേർ കൊല്ലപ്പെട്ട ബോംബ് സ്ഫോടനം പിറ്റേ ദിവസത്തെ മാധ്യമങ്ങളിൽ നിറയുകകൂടി ചെയ്തതോടെ അദ്ദേഹത്തിന്റെ മരണം പല പത്രങ്ങളുടെയും ഉൾത്താളുകളിലൊതുങ്ങി.
അടിത്തട്ടിലെ ജനതയെ സ്പർശിച്ചിട്ടുള്ളതും അവരുടെ ക്ഷേമത്തിന് വില കൽപിച്ചിട്ടുള്ളതുമായ ഒരു ഭരണകാലഘട്ടം ഇന്ത്യയിൽ ഉണ്ടായിട്ടുണ്ടോ? ഈ ചോദ്യം ഉന്നയിച്ചുകൊണ്ട് ബാബാ സാഹേബ് അംബേദ്കർ നൽകുന്ന ഉത്തരം, മൗര്യരാജാക്കന്മാരുടെ ഭരണകാലം അത്തരത്തിലൊന്നായിരുന്നു എന്നാണ്.
മൗര്യ രാജാക്കന്മാർ ജാതിശ്രേണിയിൽ താണവരായ ശൂദ്രരിൽനിന്ന് ഉയർന്നുവന്നവരാണ്. ചന്ദ്രഗുപ്ത മൗര്യനെപോലുള്ള മഹാരാജാക്കന്മാർ ചാതുർവർണ്യ വ്യവസ്ഥയുടെ നിയമങ്ങളെയും ബ്രാഹ്മണരുടെ വംശീയാധികാരത്തെയും തകർത്തെറിഞ്ഞ്, അടിത്തട്ടിലെ ജനങ്ങൾ മുകളിലേക്ക് ഉയർന്നുവരണമെന്ന് ആത്മാർഥമായി ആഗ്രഹിച്ചുകൊണ്ടുള്ള ഭരണനിർവഹണമാണ് നടത്തിയത്. അതിനാൽത്തന്നെ മൗര്യഭരണകാലത്തെ ഇന്ത്യയുടെ ഇരുണ്ട യുഗമായാണ് സവർണാധികാര ശക്തികൾ വർണിച്ചിട്ടുള്ളത്. അതേസമയം, അത് ഇന്ത്യയുടെ സുവർണകാലമായിരുന്നു എന്നാണ് ഡോ. അംബേദ്കറെപോലുള്ളവർ തിരിച്ചുപറഞ്ഞത്.
കൊളോണിയൽവിരുദ്ധ സമരത്തെ തുടർന്ന് ഇന്ത്യയുടെ ഭരണാധികാരം കൈമാറ്റം ചെയ്യപ്പെട്ടത് കോൺഗ്രസിലേക്കാണ്. ആ പ്രസ്ഥാനത്തിന്റെ പുരോഗമന പക്ഷത്തെ പ്രതിനിധാനംചെയ്ത ജവഹർലാൽ നെഹ്റു തികഞ്ഞ മതേതരവാദിയും ശാസ്ത്രീയ ചിന്തയുടെ വളർച്ചക്കുവേണ്ടി നിലകൊണ്ട വ്യക്തിത്വവുമാണ്. അതേസമയം, സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായിരുന്ന നെഹ്റു ഇന്ത്യയിലെ ജാതിവ്യവസ്ഥയെ കണ്ടത് ഒരു പൂർവാധുനിക സംവിധാനമായിട്ടാണ്. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സമരത്തെ അംഗീകരിച്ച അദ്ദേഹം സാമൂഹികനീതിക്കും ഭരണപങ്കാളിത്തത്തിനും വേണ്ടി കീഴാളർ സംഘടിക്കുന്നത് പഴമയിലേക്കുള്ള മടങ്ങിപ്പോക്കായിരിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു.
ഭരണഘടനാപരമായ സാമുദായിക സംവരണം നിർത്തലാക്കി അതിനെ സാമ്പത്തിക മാനദണ്ഡത്തിലാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നെഹ്റു 1958 മുതൽ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തുകൾ എഴുതിയിരുന്നതായുള്ള രേഖകൾ പുറത്തുവന്നിട്ടുണ്ട്. അതേപോലെ ന്യൂനപക്ഷ രാഷ്ട്രീയത്തോടും അദ്ദേഹം വിപ്രതിപത്തിയാണ് കാണിച്ചിട്ടുള്ളത്. നെഹ്റുവിന്റെ അതേ പാരമ്പര്യമാണ് കോൺഗ്രസ് പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും പിന്തുടർന്നത്.
മേൽപ്പറഞ്ഞ പൊതുധാരാ കോൺഗ്രസ് രാഷ്ട്രീയത്തിൽനിന്ന് വിട്ടുമാറി സഞ്ചരിച്ച കോൺഗ്രസുകാരനായിരുന്നു വി.പി. സിങ്. കോൺഗ്രസിന്റെ കുടുംബവാഴ്ചയോടും അഴിമതിയോടും എതിരായ നിലപാടാണ് അദ്ദേഹം തുടക്കംമുതൽ സ്വീകരിച്ചതും. രാജീവ് ഗാന്ധിക്കെതിരെ ബോഫോഴ്സ് അഴിമതി ആരോപണം ഉയർന്നുവന്നപ്പോൾ, അന്ന് പ്രതിരോധ മന്ത്രിയായിരുന്ന വി.പി. സിങ് അന്വേഷണത്തിന് ഉത്തരവിട്ടതിന്റെ ഫലമായാണ് അദ്ദേഹം കേന്ദ്രമന്ത്രിസഭയിൽനിന്ന് പുറത്തായതും തുടർന്ന് ബദൽ രാഷ്ട്രീയ സംഘടന രൂപവത്കരിക്കുന്നതും.
കോൺഗ്രസിൽനിന്ന് ഒട്ടേറെ നേതാക്കൾ ഇപ്രകാരം പുറത്തുപോയിട്ടുണ്ടെങ്കിലും ആ പ്രസ്ഥാനത്തിന് ദേശവ്യാപകമായ തിരിച്ചടിയുണ്ടായത് വി.പി. സിങ്ങിന്റെ ബദൽ രാഷ്ട്രീയത്തിനുശേഷമാണ്. ഇതേകാലത്ത് ഉത്തരേന്ത്യയിലെ ദലിത്-പിന്നാക്ക-ന്യൂനപക്ഷ ബഹുജന രാഷ്ട്രീയവും അതിനോടുള്ള പ്രതിവിപ്ലവ അട്ടിമറിയെന്ന നിലയിൽ ഹിന്ദുത്വവും വളർച്ച നേടി. ഈ ഘട്ടത്തിൽ കീഴാളരാഷ്ട്രീയ ഉണർവുകളോട് ആഭിമുഖ്യം പുലർത്തുകയാണ് വി.പി. സിങ് ചെയ്തത്. തദ്ഫലമായി ദേശീയരാഷ്ട്രീയ രംഗത്തുണ്ടായ നിരവധി അനിശ്ചിതത്വങ്ങളുടെ ഭാഗമായി ഭാരതീയ ജനതാ പാർട്ടിയും ഇടതുപക്ഷങ്ങളും പുറത്തുനിന്നു പിന്തുണച്ച ന്യൂനപക്ഷ സർക്കാർ വി.പി. സിങ്ങിന്റെ നേതൃത്വത്തിൽ കേന്ദ്രത്തിൽ അധികാരത്തിലേറി.
ഈ സർക്കാർ എക്കാലവും സ്മരിക്കപ്പെടുന്നത് മണ്ഡൽ കമീഷൻ റിപ്പോർട്ട് ഭാഗികമായി നടപ്പാക്കാൻ തീരുമാനിച്ചതിന്റെ പേരിലും എൽ.കെ. അദ്വാനിയുടെ രഥയാത്ര തടയാൻ നടപടികൾ എടുത്തതിന്റെ പേരിലുമാണ്.
മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിച്ചതോടെ ഇന്ത്യയിലുണ്ടായ സ്ഥിതിയെപ്പറ്റി പ്രസിദ്ധ മനുഷ്യാവകാശ ചിന്തകനായ ജെ. ബാലഗോപാൽ എഴുതിയിട്ടുള്ളത് ഇപ്രകാരമാണ്. ‘ഹിന്ദു സമുദായത്തിലെ മുന്നാക്ക ജാതികൾ പെട്ടെന്ന് ഉറച്ച ഒരു പാറയായി. മതമൗലിക വാദികളും മതേതരവാദികളും മാർക്സിസ്റ്റുകളും ഗാന്ധിയന്മാരും നഗരവാസികളും ഗ്രാമീണരും എല്ലാവരും മറ്റൊരിക്കലും ഉണ്ടാകാത്തപോലെ ഒന്നിച്ചു. സമൂഹത്തിലെ ശരിയായ വിഭജനം യോഗ്യതയുള്ളവരും കഴിവില്ലാത്തവരും തമ്മിലും സമ്പന്നരും ദരിദ്രരും തമ്മിലുള്ളതും മാത്രമാണെന്ന് അവരെ നയിച്ച ഇടത്- വലത്- മധ്യനിരക്കാരായ അക്കാദമിക് പണ്ഡിതർ പെട്ടെന്ന് കണ്ടുപിടിച്ചു. വോട്ടുനേടുന്നതിനായി കഴിവില്ലാത്ത പിന്നാക്ക വിഭാഗക്കാരെ പ്രീണിപ്പിക്കുന്ന വി.പി. സിങ് ഇന്ത്യയെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അവർ കണ്ടെത്തി.’
ഇത്തരത്തിലുള്ള സാമൂഹിക വിഭജനങ്ങളുടെ ഘട്ടത്തിൽ കീഴാളരുടെ ഒപ്പം നിൽക്കുകയും എൽ.കെ. അദ്വാനിയുടെ രഥയാത്ര തടഞ്ഞുകൊണ്ട് മതേതരത്വത്തിനും ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനുംവേണ്ടി തന്റെ ഭരണാധികാരത്തെ ബലി കൊടുക്കുകയുമാണ് അദ്ദേഹം ചെയ്തത്. ഇന്ന് വി.പി. സിങ് ‘മണ്ഡൽ മിശിഹ’ എന്നാണ് അറിയപ്പെടുന്നത്. മറ്റൊരു പ്രധാനമന്ത്രിക്കും നൽകാത്ത തരത്തിലുള്ള ആദരവ് അദ്ദേഹത്തോട് ബഹുജനങ്ങൾ കാണിക്കുന്നുണ്ട്.
ഇതിനെല്ലാമപ്പുറം അദ്ദേഹത്തിന്റെ ഭരണനടപടികൾ കേവലം ക്ഷേമപ്രവർത്തനമോ പരിരക്ഷയോ എന്നതിലുപരി കീഴാള ജനതയുടെ സാമൂഹികമായ ചലനത്തെയും ശാക്തീകരണത്തെയും നേരിട്ട് സഹായിക്കുന്ന തരത്തിലുള്ളതായിരുന്നു എന്നതാണ് ശ്രദ്ധേയമായിട്ടുള്ളത്. മറവിയിൽ ആഴ്ന്നുപോയ അംബേദ്കർ കൃതികൾ പ്രസാധനം ചെയ്തതും ലക്ഷക്കണക്കിന് സംവരണ ഒഴിവുകൾ നികത്തിയതും ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ദരിദ്ര കർഷകരെ ആത്മഹത്യയിൽനിന്ന് വിമോചിപ്പിച്ചുകൊണ്ട് കാർഷിക കടങ്ങൾ റദ്ദുചെയ്തതും വെറും ഒരു വർഷം മാത്രം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു എന്നത് അവിശ്വസനീയമായി തോന്നിയേക്കാം. ഫൂലൻദേവിയെന്ന ദലിത് സ്ത്രീയെ പുനരധിവസിപ്പിച്ചത് അദ്ദേഹം ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. സർഗാത്മക വ്യക്തിത്വമായിരുന്ന അദ്ദേഹം കവിയും ചിത്രകാരനുമായിരുന്നു.
ചുരുക്കിപ്പറഞ്ഞാൽ, മൗര്യ രാജഭരണകാലത്തിനുശേഷം അടിത്തട്ടിലെ ജനതയെ ഉൾക്കൊള്ളുകയും ജാതിവ്യവസ്ഥയുടെ യുക്തികളെ നിരാകരിക്കുകയും ചെയ്തുകൊണ്ട് ഭരണനിർവഹണം നടത്തിയ ഭരണാധികാരിയും ബഹുജന നേതാവുമായിരുന്നു വി.പി. സിങ്. അദ്ദേഹത്തിന്റെ സ്മരണയെ ഇനിയുള്ള കാലം കീഴാള ബഹുജനങ്ങൾ കൂടുതൽ കൂടുതൽ ഉയർത്തിപ്പിടിക്കുമെന്നുറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.