എന്താണ് ഹലാൽ? വിപണി തന്ത്രങ്ങളും വിവാദവും

എറണാകുളം കുറുമശേരിയിലെ ബേക്കറിയിൽ ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്ക൪ നീക്കണമെന്ന ഭീഷണിയുമായി ഹിന്ദു ഐക്യവേദി പ്രവർത്തകരെത്തിയതും കേന്ദ്ര വാണിജ്യ മന്ത്രാലത്തിന് കീഴിലെ അഗ്രികൾച്ചറൽ ആൻറ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്റ്റ്സ് ആൻറ് എക്സ്പോർട്ട് ഡവലപ്മെൻറ് അതോറിറ്റി (APEDA) യുടെ മാന്വലിൽ നിന്ന് ഹലാൽ എന്ന വാക്ക് ഒഴിവാക്കിയതും സംഘ്പരിവാറിൻെറ ഹേറ്റ് കാമ്പയിൻ എങ്ങനെയൊക്കെയാണ് സമൂഹത്തിൽ പ്രവർത്തിക്കുന്നതെന്നതിൻെറ ഉദാഹരങ്ങളാണ്.

ഏതാണ്ട് മാസങ്ങളായി സോഷ്യൽ മീഡിയയിലും മറ്റുമായി സംഘ്പരിവാറും ചില തീവ്ര ക്രൈസ്തവ വിഭാഗങ്ങളും ഹലാൽ വിരുദ്ധ കാമ്പയിൻ ആരംഭിച്ചിട്ട്. രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിൽ വിദ്വേഷത്തിൻെറയും അവിശ്വാസത്തിൻെറയും തീ ആളിക്കത്തിച്ച് വർഗീയ വംശീയ മോഹങ്ങൾ സഫലമാക്കുന്നതിന് സംഘ്പരിവാർ ചരിത്രത്തിലങ്ങോളമിങ്ങോളം അപകടകരമായ നീക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ബാബരി മസ്ജിദ് നിലനിന്നത് രാമജന്മഭൂമിയിലാണെന്ന വാദവും അതേ തുടർന്ന് മസ്ജിദ് ധ്വംസനത്തിലേക്കും കോടതി വിധികൾ അതിനെ സാധൂകരിക്കുന്നതിലേക്കുമൊക്കെ നയിച്ച കാര്യങ്ങൾ സംഘ്പരിവാറിൻെറ വംശീയ പദ്ധതിയുടെ ബൃഹത്തായ ആവിഷ്കാരങ്ങളായാണ് പരിഗണിക്കേണ്ടത്. അധികാരത്തിൻെറ ആശിർവാദത്തോടെ നടത്തപ്പെടുന്ന ഇത്തരം നീക്കങ്ങൾ രാജ്യത്തെ ജനതയിലുണ്ടാക്കുന്ന ദുസ്സ്വാധീനത്തെകുറിച്ച ആവലാതികളൊന്നും അക്കൂട്ടർക്കില്ല.

ഹലാലിനെതിരായ സംഘ്പരിവാർ പടയൊരുക്കം രാജ്യത്തെ ജനവിഭാഗങ്ങൾക്കിടയിൽ ആഴമേറിയ വിഭജനം ലക്ഷ്യം വെച്ചുള്ളതാണെന്നത് തർക്കരഹിതമാണ്. ബാബരി മസ്ജിദ് മുസ്ലിംകൾക്ക് ആരാധനാലയം എന്ന നിലക്ക് അവരുടെ ദൈനംദിന ജീവിതത്തെയോ അതിൽ പുലർത്തേണ്ട വിശ്വാസരീതികളെയോ തദ്സംബന്ധ യുക്തികളെയോ ചോദ്യംചെയ്യുന്നതായിരുന്നില്ല. എന്നാൽ, ഹലാൽ ഹേറ്റ് കാമ്പയിനിലൂടെ, മുസ്ലിം സാധാരണ ജീവിതംപോലും അപകടകരമാണെന്ന്  വരുത്തിത്തീർക്കുകയാണ് സംഘ്പരിവാർ ലക്ഷ്യം.

ഹലാൽ ബോർഡിലെ  വിപണി യുക്തി

വിപണിയുടെ യുക്തികൾ മാത്രമാണ് ഹലാൽ എന്ന ബോർഡ് സ്ഥാപിക്കുന്നതിലോ ലോബൽ പതിക്കുന്നതിനോ പിന്നിലുള്ളതെന്ന് വർഗീയ തിമിരം ബാധിച്ചിട്ടില്ലാത്തവർക്ക് ബോധ്യമാകുന്നതാണ്. ആഗോളവൽകരണത്തിൻെറ വിപണിയുക്തികൾ ജനതകളെയും രാജ്യങ്ങളെ തന്നെയും നയിക്കുകയും നിയന്ത്രിക്കുകയും െചയ്യുന്ന സവിശേഷമായ സാഹചര്യമാണിത്. മതപരവും ദേശീയവുമായ ആഘോഷങ്ങളെക്കുറിച്ച് ജനവിഭാഗങ്ങളെ ഓർമിപ്പിക്കുകയും അവരുടെ മനസിൽ അതിൻെറ ആരവം നിലനിർത്തുകും ചെയ്യുന്നത് വിപണിയാണെന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. ഓണമെന്നാൽ പൂവും പൂപ്പൊലിയും സദ്യയും എന്നതിൽനിന്ന് ഓണ വിപണിയും ഓണം മെഗാ സെയിൽസും എന്ന രീതിയിലുള്ള മാറ്റം ഉദാഹരണമായെടുക്കാം. അക്ഷയ തൃതീയയെ സ്വർണ വ്യാപാരത്തിനുള്ള മുഹൂർത്തമായി അവതരിപ്പിച്ചതും മാർക്കറ്റിങ് തന്ത്രങ്ങളുടെ മികച്ച ഉദാഹരണമാണ്.

എന്താണ് ഹലാലും ഹറാമും?

ജീവിതത്തിൽ ഹലാൽ (അനുവദനീയം), ഹറാം (നിഷിദ്ധം) പരിഗണിക്കണമെന്നത് ഇസ്ലാമിൻെറ കണിശമായ അനുശാസനയാണ്. അതനുസരിച്ച് നൂറ്റാണ്ടുകളായി മുസ്ലിംകൾ ദേശ ഭേദമില്ലാതെ അത് പുലർത്തിവരുന്നുമുണ്ട്. തനിക്കർഹതയുള്ളത് മാത്രമേ ഒരാൾ ഉപയോഗിക്കാവൂ / ചെയ്യാവൂ എന്നതാണ് ഇതിൻ്റെ പ്രാഥമിക നിബന്ധന. വ്യക്തിക്കും സമൂഹത്തിനും ഉപദ്രവം ചെയ്യുന്ന എല്ലാ കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ഹലാൽ, ഹറാം വ്യവസ്ഥ വ്യക്തിയെ പ്രേരിപ്പിക്കുന്നു.


മുസ്ലിം വ്യക്തിത്വത്തിൻെറ ജീവിത വിശുദ്ധിയുടെയും സത്യസന്ധതയുടെയും നീതിബോധത്തിൻെറയും ആകെത്തുകയാണ് ഹലാൽ. സ്വാർഥതയിൽനിന്ന് ഹലാൽ എന്ന ബോധം അവനെ മുക്തനാക്കുന്നു.

ആഹാരവിഭവങ്ങളിൽ മാത്രമല്ല, സമ്പാദ്യവും അലങ്കാരങ്ങളും ഉടയാടകളും തുടങ്ങി ഒരാൾ സ്വന്തമാക്കുന്നതെന്തൊക്കെയുണ്ടോ അവയെല്ലാം ഹലാൽ ആയിരിക്കണമെന്നതാണ്. അതിനാൽ തന്നെ ഹലാൽ എന്നത് അക്രമത്തിനും അനീതിക്കും എതിരായ ജാഗ്രതയുടെ പേരാണ്. സാമൂഹ്യവിരുദ്ധമെന്ന് സമൂഹം പേരിട്ടുവിളിക്കുന്ന എന്തൊക്കെയുണ്ടോ അവയുടെ മറുപക്ഷമാണ് ഹലാൽ. സമൂഹത്തിൻെറയോ അധികാരത്തിൻെറയോ നീതിപാലകരുടെയോ ശ്രദ്ധ പതിയാത്തിടത്തും ഹലാൽ ചിന്ത ഒരു വ്യക്തിയിൽ സത്യവും നീതിയും ധർമവും  ഉറപ്പുവരുത്തുമെന്നത് ചെറിയ കാര്യമല്ല. അതിനാൽ ഹലാൽ ഒരു സാമൂഹ്യവിരുദ്ധ നിലപാടല്ല. സുന്ദരവും സമാധാനപൂർണവും അക്രമരഹിതവുമായ സാമൂഹികാന്തരീക്ഷമാണ് ഹലാൽ സൃഷ്ടിക്കുന്നത്.

വിശ്വാസി സമൂഹത്തെയും അവർ കൂടുതലായി ജീവിക്കുന്ന രാഷ്ട്രങ്ങളെയും സമീപിക്കുന്നതിൽ വിപണി സ്വീകരിക്കുന്ന സ്ട്രാറ്റജിയുടെ ഭാഗമായാണ് ഉൽപ്പന്നങ്ങൾക്കു പുറത്തുള്ള ഹലാൽ പരാമർശങ്ങളും സ്റ്റിക്കറുകളും കടകളിൽ തൂക്കുന്ന ഹലാൽ ബോർഡുകളും. വിശ്വാസം തീവ്രത കൈവരിച്ചതിൻെറ ലക്ഷണമായിട്ടല്ല വിപണി കൂടുതൽ തന്ത്രങ്ങളിലേക്കും അടവുകളിലേക്കും വളരുന്നതിൻെറയും വികസിക്കുന്നതിൻെറയും അടയാളമായിട്ടാണ് ഇവ പരിഗണിക്കപ്പെടേണ്ടത്. അതുകൊണ്ട് തന്നെ മുമ്പൊന്നുമില്ലാത്ത ഒരു ഹലാൽ ഇപ്പോൾ എവിടെന്ന് നിന്ന് വന്നു എന്ന് ചോദിക്കുന്നവർ വിപണി തന്ത്രങ്ങളെയും അതിൽ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന വൈവിധ്യ വൽകരണവും കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്. മുൻ കാലങ്ങളിൽ ഓണം വരുമ്പോൾ പറമ്പുകളിൽ കുട്ടികൾ കൂട്ടത്തോടെ പോയി പൂ പറിച്ചുകൊണ്ടുവന്നാണ് അത്തം മുതൽ പൂക്കളം ഒരുക്കിയിരുന്നത്. എന്നാൽ പുതിയ കാലത്ത് ഓണത്തോടെപ്പം പാതയോരങ്ങളിലും കേമ്പാളങ്ങളിലും പൂക്കടകൾ വ്യാപകമാവുന്നതാണ് കാണുന്നത്. പറമ്പുകളിലേക്ക് പോയിരുന്നത് പഴമക്കാരുടെ കഥകൾ മാത്രമാണിന്ന് കുട്ടികൾക്ക്. അവരിന്ന് പൂ പറിക്കാനല്ല, പൂ വാങ്ങാനാണ് പോവുന്നത്. എന്നാൽ അതിനെ മുമ്പില്ലാത്ത ഒരു ഓണവും പൂവിൽപ്പനയും ഇന്ന് എന്തുകൊണ്ട് എന്ന് ആരും ചോദ്യംചെയ്തിട്ടില്ല. അത് വിപണിയുടെ ഇടപെടലിൻെറ ഭാഗമായി സംഭവിക്കുന്നതാണ്. ശബരിമല സീസണിൽ റോഡരികുകളിൽ വ്യാപകമായി പൊങ്ങിവരുന്ന പലഹാരക്കടകൾ ആ വിശ്വാസികളെ ഉപയോഗപ്പെടുത്തി കച്ചവടം സാധിക്കുന്ന കച്ചവട തന്ത്രമല്ലാതെ വിശ്വാസത്തിൻെറയോ വളർച്ചയോ വൈകല്യമോ ഒന്നുമായും കണക്ട് ചെയ്യാനാവില്ല. സ്കൂളുകൾക്ക് സമീപത്തെ സ്റ്റേഷനറി, പുസ്തക കടകളും വില്ലേജ് ഓഫിസുകൾക്ക് സമീപത്തെ ആധാരമെഴുത്ത് ഓഫിസുകളും ഗുണഭോക്താക്കളുടെ ആവശ്യം മുൻനിർത്തിയുള്ള വ്യാപാര തന്ത്രങ്ങളാണ്. സ്കൂളുകൾക്ക് സമീപം മാംസ വിൽപന ശാലകൾ വേണമെന്നും വില്ലേജ് ഓഫിസുകൾക്ക് സമീപം വ്യാപകമായി തുണിക്കടകൾ വേണമെന്നും വാശിപിടിക്കുന്നതിലെ നിരർഥകത ആർക്കാണ്ബോധ്യമാവാത്തത്.  സ്പെഷ്യലൈസേഷൻ എന്നത് ഇന്ന് വിപണി ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന ഒരു കാര്യമാണ്. വിദ്യഭ്യാസത്തിലും ജോലിയിലും ആരോഗ്യമേഖലയിലുമെല്ലാം സ്പെഷലൈസേഷനെ അംഗീകരിക്കുന്ന നമുക്ക് വിപണി പലതരത്തിൽ അതിനെ ഉപയോഗപ്പെടുത്തുമെന്ന കാര്യത്തിൽ തിരിച്ചറിവുവേണ്ടതുണ്ട്. പുട്ടിനും ദോശക്കും മാത്രമായി ഹോട്ടലുകൾ തുറക്കുകയും അവ വൻ വിപണി വിജയം നേടുകയും ചെയ്യുന്ന കാലമാണിതെന്നോർക്കണം. അതിനാൽ കോഴിക്കോട്ടെയോ ദുബായിയിലേയോ  'ദേ പുട്ടി'ൽ കയറിയിരുന്ന് എനിക്ക് നല്ല സാമ്പാറും ചോറും വേണമെന്ന് ആവശ്യപ്പെടുകയും അത് ലഭിച്ചില്ലെങ്കിൽ എന്തു ഭക്ഷണവും കഴിക്കാനുള്ള തൻെറ സ്വാതന്ത്ര്യത്തിന് എതിരുനിൽക്കലാണെന്നും വാദിക്കുന്നവർക്ക് അവിടെ ഇരുന്ന് വാദിക്കാമെന്നല്ലാതെ ഒരു കാര്യവും ഉണ്ടാവാൻ പോകുന്നില്ല.  വിശ്വാസങ്ങളെ മാത്രമല്ല അക്ഷയ ത്രിതീയ പോലുള്ള അന്ധവിശ്വാസങ്ങളെയും ഉപയോഗപ്പെടുത്തിയാണ് വിപണി വിജയക്കുതിപ്പ് നടത്തുന്നതെന്ന് ഓർക്കുക.


സംഘ്പരിവാറിൻെറ ഇരട്ടത്താപ്പ്

ഹലാൽ മാംസത്തിന്, മുസ്ലിംകൾ തന്നെ കശാപ്പുകർമ്മങ്ങൾ നിർവഹിക്കണമെന്ന നിബന്ധന ഇന്ത്യയിലെ ഈ തൊഴിൽ മേഖലയിൽ നിന്ന് അമുസ്ലിംകളെ അകറ്റുമെന്നും അതിൻെറ ഫലമായി തൊഴിലില്ലായ്മ ശക്തിപ്പെടുത്തുമെന്നുമാണ് സംഘ്പരിവാർ നേതാക്കൾ പല ചാനൽചർച്ചകളിലും ഉന്നയിക്കുന്ന ആരോപണം. എന്നാൽ ഇവിടെ ആരാണ് ഈ ജോലിയുടെ മേഖലയിൽ നിയന്ത്രണം വേണമെന്ന് പറഞ്ഞിട്ടുള്ളത്? മുസ്ലിംകൾ മാത്രമേ മൃഗങ്ങളെ അറുക്കാവൂ എന്നോ മാംസവിതരണം നടത്താവൂ എന്നോ ആർക്കും വാദമോ വാശിയോ ഇല്ല. മറ്റു നിയമവശങ്ങൾ പരിഗണിച്ച് ഈ ജോലി ആർക്കും എവിടെയും എപ്പോഴും ചെയ്യാവുന്നതാണ്. ഹലാൽ ഹറാം പരിഗണനകൾ ബാധകമല്ലാത്തവരാണ് ഈ ലോകത്ത് അതുള്ളവരേക്കാൾ കൂടുതൽ എന്നതിനാൽ വിപണിയും ചെറുതല്ല. അധികാരം ഉപയോഗിച്ച് ഗോവധ നിരോധനത്തിനുവേണ്ടി നിയമനിർമാണം നടത്തുകയും അറവുശാലകൾ നടത്തുന്നവരെ അടിച്ചുകൊല്ലുകയും ചെയ്യുന്നവരാണ് കശാപ്പുശാലകളിെല തൊഴിൽ നഷ്ടത്തെക്കുറിച്ച് വാചാലമാവുന്നതെന്നതാണ് ഇതിലെ വിരോധാഭാസം.  മാത്രമല്ല സംഘ്പരിവാർ സംഘടനകളുടെ ആൾക്കൂട്ട ആക്രമങ്ങളുടെ ഫലമായി നിരവധി പേരാണ് ദിനേന രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ കന്നുകാലി വിൽപ്പന, കശാപ്പ് മേഖല ഉപേക്ഷിക്കുന്നത്. മുസ്ലിംകളെ സംബന്ധിച്ചടത്തോളം അവരുടെ സമ്പാദ്യവും ഹലാൽ ആയിരിക്കും. എന്നാൽ ഗൾഫ് രാജ്യങ്ങളിലടക്കം േജാലി ചെയ്യുന്ന തീവ്രഹിന്ദുത്വ വക്താക്കൾ ഹലാൽ ശമ്പളം ഞങ്ങൾ സ്വീകരിക്കില്ലെന്ന് പറയാൻ സന്നദ്ധമാവുമോ?

രാജ്യത്തിൻെറ നഷ്ടം

പല അമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങളും ഹലാൽ വിപണിയെ ഉപയോഗപ്പെടുത്താനുള്ള നിയമനിർമാണങ്ങളും നിയമഭേദഗതികളുമായി മുന്നോട്ടുപോവുകയാണ്. ഈ മേഖലയിലെ ദുരുപയോഗസാധ്യത മുൻനിർത്തി കാനഡ 2006 ൽ തന്നെ നിയമഭേദഗതികൾ കൊണ്ടുവന്നിരുന്നു. എന്നാൽ, നമ്മുടെ രാജ്യം ഈ വിപണിയെ തകർക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

2019-20 കാലയളവിൽ 22668.48 കോടി രൂപയുടെ പോത്തിറച്ചിയാണ് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തത്. മലേഷ്യ, ഇന്തോനേഷ്യ, ഈജിപ്ത്  സൗദി അറേബ്യ, യു.എ.ഇ എന്നീ മുസ്ലിം രാജ്യങ്ങളാണ് ഇന്ത്യൻ മാംസ വിപണിയെ ആശ്രയിക്കുന്നത്.


ഓരോവർഷവും ഈ കയറ്റുമതി വർദ്ധിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 2020ൽ ബീഫ് കയറ്റുമതിയിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്. ബ്രസീലും  ഓസ്ട്രേലിയയുമാണ് തൊട്ടുമുന്നിലുള്ളത്. 2020ൽ ലോകത്ത് കയറ്റുമതി ചെയ്യപ്പെട്ട ബീഫിൽ 13.14 ശതമാനവും ഇന്ത്യയിൽ നിന്നാണ്. വിലക്കുറവും ഹലാൽ സർട്ടിഫിക്കേഷനുമാണ് ഇന്ത്യൻ ബീഫിന് ഏഷ്യയിലെയും ആഫ്രിക്കയിലെയും മുസ്ലിം രാജ്യങ്ങളിൽ ഡിമാൻറ് വർദ്ധിക്കാൻ കാരണമെന്നാണ് വിദഗ്ധാഭിപ്രായം.

എന്നാൽ സംഘ്പരിവാർ സംഘടനകളുടെ ഹലാൽ വിദ്വേഷ കാമ്പയിനിനെ തുടർന്ന് വാണിജ്യമന്ത്രാലത്തിന് കീഴിലെ അഗ്രികൾച്ചറൽ ആൻറ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്റ്റ്സ് ആൻറ് എക്സ്പോർട്ട് ഡവലപ്മെൻറ് അതോറിറ്റി (APEDA) യുടെ മാന്വലിൽ നിന്ന് ഹലാൽ എന്ന വാക്ക് ഒഴിവാക്കിയിരിക്കുകയാണ്. The animals are slaughtered strictly according to Halal method to meet the requirement of Islamic countries' എന്നായിരുന്നു നിലവിലുള്ള മാന്വലിൽ ഉപയോഗിച്ചതെങ്കിൽ The animals are slaughtered to the requirement of importing country /importer എന്ന് തിരുത്തുകയാണ് ചെയ്തിരിക്കുന്നത്. ഇൗ തിരുത്ത് ഇന്ത്യൻ മാംസ വിപണിയെ വളരെ ആഴത്തിൽ ബാധിക്കുന്നതാണ്.

സംഘ്പരിവാറിൻെറ വ്യാജ പ്രചാരണങ്ങളുടെയും തദനുസൃമായ ഭരണകൂട നടപടികളുടെയും ഫലമെന്താണെന്ന് വെച്ചാൽ ഇന്ത്യയുടെ പ്രധാനപ്പെട്ട കയറ്റുമതി മേഖലയെ അപ്പാടെ തകർക്കുമെന്നത് മാത്രമാണ്. ഹലാൽ എന്ന പരാമർശം ഒഴിവാക്കിയതിലൂടെ തന്നെ മുസ്ലിം രാജ്യങ്ങളിൽ അതിന് വേണ്ടത്ര സ്വീകാര്യത ലഭിക്കില്ലെന്നത് നിസ്തർക്കമാണ്. ആത്യന്തികമായി അത് പ്രതികൂലമായി ബാധിക്കുന്നത് മുസ്ലിംകൾക്കല്ല, ഈ രാജ്യത്തിൻെറ റവന്യൂ വരുമാനത്തെയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT