രാജ്യത്തെ മുൻനിര ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതിനുള്ള പ്രഥമ കടമ്പയായ ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ(ജെ.ഇ.ഇ മെയിൻ)ഫലം പുറത്തുവന്നിരിക്കുന്നു. ഇക്കുറി പരീക്ഷക്കിരുന്ന 11.26 ലക്ഷം വിദ്യാർഥികളിൽ 2.49 ലക്ഷം പേരാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷക്കിരിക്കാൻ അർഹത നേടിയത്. 90.77 ശതമാനമോ അതിന് മുകളിലോ മാർക്ക് നേടിയവർക്കാണ് ജനറൽ വിഭാഗത്തിൽ ജെ.ഇ.ഇ അഡ്വാൻസ്ഡിന് യോഗ്യത. ക്രീമിലെയർ വിഭാഗത്തിൽപെടാത്ത മറ്റു പിന്നാക്ക സമുദായ (ഒ.ബി.സി) വിദ്യാർഥികൾക്ക് 73.61ശതമാനം, പട്ടികജാതി വിദ്യാർഥികൾക്ക് 51.97 ശതമാനം, പട്ടികവിഭാഗ വിദ്യാർഥികൾക്ക് 37.23 ശതമാനം എന്നിങ്ങനെയാണ് യോഗ്യത മാർക്ക്. കട്ട്ഓഫ് മാർക്കിലെ ഈ വ്യതിയാനം, സംവരണം അന്യായമാണ് എന്ന് വാദിക്കാനും സ്ഥാപിക്കാനും സമൂഹത്തിലെ സംവരണ വിരുദ്ധർക്ക് ബലമേകിയേക്കും.
എന്നാൽ, ദലിതരുൾപ്പെടെ സമൂഹത്തിലെ പാർശ്വവത്കൃത വിഭാഗങ്ങൾക്ക് ഗുണമേന്മയുള്ള ഉന്നത സാങ്കേതിക വിദ്യാഭ്യാസം നേടാൻ സാധ്യത തുലോം കുറവാണെന്ന കാര്യം മനസ്സിലാക്കപ്പെടുന്നില്ല.ഉദാഹരണത്തിന് രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തിന്റെ കാര്യമെടുക്കുക. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ദരിദ്രരിൽ ദരിദ്രരായ അവർക്ക് പ്രവേശനത്തിൽ സംവരണം നിഷേധിക്കപ്പെട്ടതിനാൽ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ പൊതുവെയും ഉന്നത സ്ഥാപനങ്ങളിൽ പ്രത്യേകിച്ചും അവരുടെ പങ്കാളിത്തം വളരെ കുറവാണ്; കൂടുതൽ കൃത്യമായി പറഞ്ഞാൽ പട്ടികജാതി സമൂഹത്തേക്കാൾ കുറവ്.
മെറിറ്റ് യഥാർഥത്തിൽ ഒരു സാമൂഹിക നിർമിതിയാണ്. സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ നിരവധി ഘടകങ്ങൾ മെറിറ്റിൽ സുപ്രധാന പങ്കുവഹിക്കുന്നു. ദരിദ്രരും അധഃസ്ഥിതരും പിന്നാക്കക്കാരുമായ മനുഷ്യർക്ക് അവരുടെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക അവസ്ഥയും സാഹചര്യങ്ങളും കാരണം പലപ്പോഴും മുഴുവൻ കഴിവുകളും തിരിച്ചറിയാനോ പ്രകാശിപ്പിക്കാനോ കഴിയാറില്ല.
ഫലപ്രഖ്യാപനത്തിന് പിറകെ കൂടുതൽ വിജയികളെ സൃഷ്ടിച്ചത് ഞങ്ങളാണെന്ന അറിയിപ്പുമായി പരിശീലന കേന്ദ്രങ്ങളുടെ ഹോർഡിങ്ങുകൾ നാടാകെ ഉയരുന്നു, പത്രങ്ങളിൽ മുഴുപ്പേജ് പരസ്യങ്ങൾ വരുന്നു. നിയന്ത്രണങ്ങളേതുമില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം പരിശീലനകേന്ദ്രങ്ങൾ വിദ്യാർഥികളിൽ നിന്ന് കനത്ത നിരക്കാണ് ഈടാക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ് പരിശീലനകേന്ദ്രങ്ങൾ. മറ്റു പല അത്യാവശ്യങ്ങളും മാറ്റിവെച്ച് പണം സ്വരൂപിച്ചാണ് ഇടത്തരക്കാർ പോലും മക്കളെ പരിശീലനത്തിനയക്കുന്നത്. അതുകൊണ്ടുതന്നെ, മികച്ച പരിശീലനകേന്ദ്രങ്ങൾ അപ്രാപ്യമായതിനാൽ പരീക്ഷയിൽ കുറഞ്ഞ സ്കോർ നേടിയവരെല്ലാം അയോഗ്യരാണെന്ന് പറയാൻ കഴിയുമോ?
രാജ്യത്തെമ്പാടുമായി ഏകദേശം അമ്പത് സ്കൂൾ വിദ്യാഭ്യാസ ബോർഡുകളെങ്കിലുമുണ്ട്. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ) അതിലൊന്നാണ്. ഇന്ത്യയൊട്ടുക്ക് സാന്നിധ്യമുണ്ടെങ്കിലും രാജ്യത്ത് പ്ലസ് ടു പഠനം പൂർത്തിയാക്കുന്നവരിൽ പത്തു ശതമാനം മാത്രമെ വരൂ സി.ബി.എസ്.ഇ വിദ്യാർഥികൾ. എന്നാൽ, ഒട്ടുമിക്ക പ്രവേശന പരീക്ഷകളും സി.ബി.എസ്.ഇ സിലബസിനനുസൃതമായി ചിട്ടപ്പെടുത്തുന്നതിനാൽ ആ വിദ്യാർഥികൾക്ക് അത് ഗുണകരമാവുന്നു. സംസ്ഥാന വിദ്യാഭ്യാസ ബോർഡുകൾക്ക് കീഴിൽ പഠിച്ചു വളരുന്ന കുട്ടികളുടെ വിജയശതമാനം പലപ്പോഴും വളരെ കുറവാണ്. സംസ്ഥാന വിദ്യാഭ്യാസ ബോർഡുകൾ മോശമായതുകൊണ്ടല്ല, സിലബസിലെ വ്യതിയാനം കാരണമാണിത് സംഭവിക്കുന്നത്.
ഇക്കാലത്ത് കുട്ടികളെ സ്കൂളിൽ അയച്ചാലും പോരല്ലോ. അധ്യാപകർ എടുക്കുന്ന അത്ര തന്നെ പ്രയത്നം കുട്ടികളെ പഠിപ്പിക്കാൻ മാതാപിതാക്കളുമെടുക്കുന്നു. വീട്ടുപാഠങ്ങളിൽ സഹായിക്കാനും മികച്ച കരിയർ ലക്ഷ്യങ്ങളിലേക്കും അവസരങ്ങളിലേക്കും വഴിതിരിച്ചുവിടാനും വേണ്ടത്ര അറിവോ സമ്പത്തോ രക്ഷിതാക്കൾക്ക് ഇല്ലാത്തവരെ മെറിറ്റില്ലാത്തവരെന്നും കഴിവും ശേഷിയുമില്ലാത്തവരെന്നും മുദ്രകുത്താനാകുമോ? കുടുംബത്തിൽ നിന്ന് പിന്തുണ നൽകാൻ സാഹചര്യമുണ്ടായിരുന്നുവെങ്കിൽ അവർ മാർക്കിൽ പിന്നാക്കം പോകുമായിരുന്നുവോ?
കുട്ടികൾക്ക് അനുബന്ധ പഠനസഹായികൾ വാങ്ങുന്നത് സാധാരണമായി മാറിക്കഴിഞ്ഞിരിക്കുന്നു. കുട്ടികൾക്ക് തുടക്കം മുതലേ ട്യൂഷൻ ഏർപ്പെടുത്താൻ കഴിയുന്നവർ അത് ചെയ്യുന്നു. ട്യൂഷൻ ഫീസ് താങ്ങാൻ കഴിയാത്ത കുട്ടികളും പഠനനഷ്ടം സംഭവിച്ച് മത്സര പ്രവേശന പരീക്ഷയിൽ പിറകിലായേക്കാം, അത്തരം വിദ്യാർഥികളെ നമ്മൾ മെറിറ്റില്ലാത്തവർ എന്ന് വിളിക്കണോ?
സാമ്പത്തികശേഷി മെറിറ്റിന്റെ നിർമിതിയിൽ ഘടകമായി മാറുന്ന വേറെയും നിരവധി സന്ദർഭങ്ങളുണ്ട്. മാതാപിതാക്കൾക്ക് ആസ്തിയും സമ്പത്തുമുള്ള കുട്ടികളിൽ പലരും പഠനത്തിന് അവധികൊടുത്ത് ഏതാനും വർഷങ്ങൾ അവരുടെ ശ്രദ്ധയും സമയവുമെല്ലാം പ്രവേശനപരീക്ഷ പരിശീലനത്തിനായി മാത്രം ചെലവിടുന്നു. പരിമിതമായ സാമ്പത്തിക സൗകര്യങ്ങളുള്ളവർക്ക് ഇത്തരം ഒരു റിസ്ക് എടുക്കുക എന്നത് ആലോചിക്കാൻ പോലുമാവില്ല. രണ്ടോ മൂന്നോ വർഷത്തെ സമയവും പണവും പ്രവേശനപരീക്ഷ വിജയത്തിന് വേണ്ടി മാത്രം വിനിയോഗിക്കാൻ സാധിക്കുന്നവരെക്കാൾ കുറവ് മാർക്ക് വാങ്ങുന്ന അവരെ യോഗ്യതയില്ലാത്തവർ എന്ന് വിളിക്കാൻ നമുക്കാകുമോ?
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റും അപേക്ഷകരുടെ എണ്ണവും തമ്മിലെ അനുപാതം വർധിച്ചു വരുന്നതിനാൽ, പ്രവേശനത്തിനുള്ള മത്സരം അതിരൂക്ഷമായിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, ദേശീയ തല പൊതു പ്രവേശന പരീക്ഷ പ്രക്രിയകൾ സമ്പത്തും സ്വാധീനവുമുള്ള, ഉന്നത- മധ്യവർഗത്തിന് മാത്രം ഗുണകരമാവുന്ന രീതിയിലേക്ക് ഒതുക്കപ്പെട്ടിരിക്കുന്നു. ആളും അർഥവും സ്വാധീനവും മെറിറ്റായി മാറുന്ന സാഹചര്യം തികച്ചും നിഷ്ഠുരമാണ്. വിരോധാഭാസമെന്തെന്നുവെച്ചാൽ , സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അവസരങ്ങൾ തുല്യമായി ലഭിക്കാനുള്ള സാഹചര്യത്തിന്റെ അഭാവത്തെക്കുറിച്ച് ഒരു ആശങ്കയുമില്ലാതെയാണ് ഇതൊക്കെയും ഇവിടെ നടമാടുന്നത്.
(ന്യൂഡൽഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയയിൽ പ്രഫസറായ ലേഖകൻ ആസൂത്രണ കമീഷന്റെ വിദ്യാഭ്യാസകാര്യ ഉപദേശകനായിരുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.