ധവളപത്രം അവതരിപ്പിക്കുന്നതിനിടയിൽ കേന്ദ്രം കേരളത്തിന് നൽകിയ ആകെ തുകയുടെ കണക്കിൽ വർധനയുണ്ടായിട്ടുണ്ടെന്ന ധനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണ്. പത്തു വർഷം മുമ്പ് യു.പി.എ ഭരണകാലത്ത് നിലനിന്നിരുന്ന സാമ്പത്തിക അവസ്ഥയും ആവശ്യങ്ങളുമല്ല ഇന്നുള്ളത്
അഞ്ചു വർഷത്തെ കേന്ദ്ര സർക്കാറിെൻറ ഭരണനേട്ടങ്ങൾ അവതരിപ്പിക്കുന്നതിനായി കേന്ദ്ര ധനകാര്യവകുപ്പ് ഇറക്കിയ ധവളപത്രം പാർലമെൻറിലും മാധ്യമങ്ങളിലും ചർച്ചാവിഷയമായിരിക്കുകയാണ്. മുൻ സർക്കാറിനെ താരതമ്യപ്പെടുത്തി ഈ സർക്കാറിെൻറ ഭരണകാലത്തെ രാജ്യത്തിെൻറ സാമ്പത്തിക പുരോഗതി എടുത്തുകാണിക്കേണ്ട ഈ റിപ്പോർട്ടിൽ, താരതമ്യം നടത്തിയിരിക്കുന്നത് പത്തുവർഷം മുമ്പ് ഭരിച്ച യു.പി.എ സർക്കാറുമായാണ്. തെരഞ്ഞെടുപ്പ് സമയമടുത്തപ്പോൾ പ്രസിദ്ധീകരിച്ച ഈ ധവളപത്രം രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടുള്ളതാണോ എന്ന് സംശയിക്കേണ്ടവിധമുള്ള കണക്കുകളാണ് നിരത്തുന്നത്. ലഭ്യമായ കണക്കുകളെ മുൻനിർത്തി ധവളപത്രത്തിെൻറ ഉദ്ദേശ്യശുദ്ധിയെയും സുതാര്യതയെയും പരിശോധിക്കാം.
കണക്കിലെ പൊരുത്തക്കേടുകൾ
2004-2014 കാലഘട്ടത്തിലെ ശരാശരി പണപ്പെരുപ്പ നിരക്കായ 8.2 ശതമാനത്തിൽ നിന്ന് 2014-2023 കാലത്ത് അഞ്ച് ശതമാനമായി കുറഞ്ഞു എന്ന് ധവളപത്രം പറയുന്നു. എന്നാൽ ഒന്നാം എൻ.ഡി.എ സർക്കാറിന്റെ കാലഘട്ടവുമായി തട്ടിച്ചുനോക്കുമ്പോൾ രണ്ടാം എൻ.ഡി.എ സർക്കാറിെൻറ കാലത്ത് ശരാശരി പണപ്പെരുപ്പ നിരക്ക് 2.75 ശതമാനമാണ് കൂടിയത്. അതുപോലെ ശരാശരി കറൻറ് അക്കൗണ്ട് ജി.ഡി.പിയുടെ 1.1ശതമാനമായി കുറഞ്ഞു എന്നുപറയുമ്പോൾ 2022 സാമ്പത്തിക വർഷം 1.2 ശതമാന മായിരുന്ന കറൻറ് അക്കൗണ്ട് ഡെഫിസിറ്റ് 2023ൽ 2.7 ശതമാനമായതിനെക്കുറിച്ച് ധവളപത്രം മൗനം പാലിക്കുകയാണ്.
ധവളപത്രത്തിൽ പരാമർശിക്കുന്ന മറ്റൊരു കണക്ക് രാജ്യത്തിന്റെ മൂലധന-ആസ്തി ചെലവുകളിലുണ്ടായ വ്യത്യാസമാണ്. ധവളപത്രത്തിൽ വിമർശിക്കപ്പെട്ട യു.പി.എ സർക്കാറിന്റെ കാലത്തുള്ള റവന്യൂ ചെലവ് എൻ.ഡി.എ സർക്കാർ കുറക്കുകയും പകരം മൂലധന ചെലവുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയുമുണ്ടായി. 2013-14 സാമ്പത്തിക വർഷത്തെ കണക്കിനെ അപേക്ഷിച്ച് അഞ്ചുമടങ്ങ് വർധനയുണ്ടായി എന്നാണ് പറയപ്പെടുന്നത്. എന്നാൽ, കണക്കുകൾപ്രകാരം എൻ.ഡി.എ സർക്കാറിന്റെ പത്തുവർഷത്തെ മൂലധന ചെലവിന്റെ ശതമാനത്തിലുണ്ടായ ശരാശരിയിലും 0.79ശതമാനം കുറവാണ് കഴിഞ്ഞ പത്തു വർഷത്തെ അതേ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല, മൊത്തം ചെലവിൽ യു.പി.എ കാലത്തുണ്ടായിരുന്ന ചെലവിൽനിന്ന് കഴിഞ്ഞ പത്തുവർഷം മൊത്തം ചെലവിൽ വന്നിട്ടുള്ള കുറവും മൂലധന ചെലവിൽ വന്നിരിക്കുന്ന സംശയജനകമായ വർധനയും വിശദമായി വിശകലനം ചെയ്യേണ്ടതുണ്ട്.
പ്രതിസ്ഥാനത്ത് നിർത്തപ്പെടുന്ന കേരളം
ധവളപത്രം അവതരിപ്പിക്കുന്നതിനിടയിൽ കേന്ദ്രം കേരളത്തിന് നൽകിയ ആകെ തുകയുടെ കണക്കിൽ വർധനയുണ്ടായിട്ടുണ്ടെന്ന ധനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണ്. പത്തു വർഷം മുമ്പ് യു.പി.എ ഭരണകാലത്ത് നിലനിന്നിരുന്ന സാമ്പത്തിക അവസ്ഥയും ആവശ്യങ്ങളുമല്ല ഇന്നുള്ളത്. പണപ്പെരുപ്പം, രൂപയുടെ മൂല്യം, സംസ്ഥാനങ്ങളുടെ വികസനസ്ഥിതി എന്നിവയെല്ലാം കണക്കിലെടുക്കേണ്ടതുണ്ട്.15ാം സാമ്പത്തിക കമീഷൻ പ്രകാരം കേരളത്തിന് വർഷംതോറും കിട്ടിവരുന്ന കേന്ദ്ര നികുതി വിഹിതം ആകെ മൊത്തം ലഭിക്കുന്നതിന്റെ 1.92 ശതമാനം മാത്രമാണ്. ഇത് മുൻ കമീഷനുകളുടെ ശിപാർശയേക്കാൾ കുറയുകയാണ് ചെയ്തിട്ടുള്ളത്. എന്നിരുന്നാലും ഇതിനൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കേന്ദ്രം സംസ്ഥാനങ്ങൾക്ക് വീതിക്കുന്ന ആകെ മൊത്തം നികുതിയുടെ ശതമാനം കുറഞ്ഞിട്ടുണ്ട്. ഫിച്ച് ഗ്രൂപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപ്പു സാമ്പത്തിക വർഷത്തിലെ കേന്ദ്ര നികുതിയുടെ ബജറ്റ് എസ്‌റ്റിമേറ്റിന്റെ 35.5 ശതമാനം വിഹിതം മാത്രമാണ് സംസ്ഥാനങ്ങൾക്ക് പോകുന്നത്. എന്നാൽ ഇത് 15ാം സാമ്പത്തിക കമീഷന്റെ ശിപാർശയായ 41ശതമാനത്തേക്കാൾ കുറവാണ്. ഇത് വെളിപ്പെടുത്തുന്നത് കേരളത്തിന് ലഭിക്കേണ്ട തുകയിൽ വരുന്ന വൻ അന്തരത്തെയാണ്.
അസമത്വത്തിന്റെ തെളിവുകൾ
സംസ്ഥാനങ്ങൾക്കിടയിലുള്ള സാമ്പത്തിക അസമത്വം പരിഹരിക്കാൻ ഉപയോഗിക്കേണ്ടുന്ന കേന്ദ്രസഹായം പക്ഷപാതപരമായാണ് വീതംവെക്കുന്നതെന്ന്, സംസ്ഥാനങ്ങൾക്ക് 2022-2023 സാമ്പത്തിക വർഷം ലഭിച്ച നികുതി-നികുതിയിതര വരുമാനത്തിന്റെയും കേന്ദ്രത്തിൽനിന്ന് ലഭിച്ച ഗ്രാൻറിെൻറയും കണക്കുകളിൽനിന്ന് വ്യക്തമാണ്. എന്നാൽ കൂടുതൽ നികുതി ലഭിക്കുന്ന സംസ്ഥാനങ്ങൾ അത് കാര്യക്ഷമമായി ഉപയോഗിക്കുന്നുണ്ടോ എന്നുള്ളത് സംശയമാണ്. ഈയിടെ പ്രസിദ്ധീകരിച്ച ലക്ഷ്മി ശുക്ലയുടെ പഠനത്തിൽ ഉത്തർപ്രദേശിലെ ആളോഹരി വരുമാനം കുറവുള്ള ജില്ലകളിൽ ബഹുതല ദാരിദ്ര്യം (Multidimensional Poverty) നിലനിൽക്കുന്നുവെന്ന വസ്തുത പരാമർശിക്കപ്പെട്ടിട്ടുണ്ട്. എന്നാലോ, എൻ.ഡി.എ സർക്കാറിൽനിന്നുള്ള ഗ്രാൻഡുകളുടെ വലിയ പങ്ക് യു.പിക്കാണ് ലഭിക്കുന്നത്. ലഭിക്കുന്ന ഗ്രാൻഡുകൾ ചെലവഴിക്കുന്നതിലെ കാര്യക്ഷമതയില്ലായ്മയാണ് ഇവിടെ വെളിപ്പെടുന്നത്. അതേസമയംതന്നെ കേരളം, കർണാടക പോലെയുള്ള സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിവരുന്ന തുകപോലും നിഷേധിക്കപ്പെടുന്നു.
ചെലവ് വിഹിതത്തിലെ പൊരുത്തക്കേടുകൾ
2024ലെ ഇടക്കാല ബജറ്റ് അടുത്ത വർഷത്തെ വർധനക്ക് വിരുദ്ധമായി ഒരു വർഷത്തെ കുറക്കലിനുള്ള ന്യായീകരണങ്ങൾ പരസ്പരവിരുദ്ധമാണ്. ഉദാഹരണത്തിന്, സ്ട്രാറ്റജിക് ക്രൂഡ് ഓയിൽ റിസർവുകൾക്കുള്ള വിഹിതവും എണ്ണ വിപണന കമ്പനികൾക്കുള്ള മൂലധന പിന്തുണയും കുറച്ചതിനാൽ പെട്രോളിയത്തിന്റെ മൂലധനച്ചെലവിൽ കഴിഞ്ഞ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിൽനിന്ന് പുതുക്കിയ എസ്റ്റിമേറ്റിൽ ഗണ്യമായ കുറവുണ്ടായി. എന്നാൽ, അടുത്ത വർഷത്തേക്കുള്ള ബജറ്റ് നീക്കിയിരിപ്പ് വർധിപ്പിച്ചത് ഇതേ കാരണങ്ങളിലുള്ള വർധന ഉന്നയിച്ചാണ്. വ്യക്തമായ വിശദീകരണങ്ങളില്ലാതെ ഇത്തരം മാറ്റങ്ങൾ കൊണ്ടുവരുന്നത് കേന്ദ്രത്തിന്റെ സുതാര്യതയെ ദുർബലപ്പെടുത്തുന്നു.
കേന്ദ്ര സർക്കാറിന്റെ ഭരണനേട്ടങ്ങളെ ഉയർത്തിപ്പിടിക്കുന്ന ധവളപത്രത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഓരോ കണക്കും വിശദ വിശകലനത്തിനു വിധേയമാക്കേണ്ടതുണ്ട്. ഉദാഹരണമായി, കേന്ദ്ര പദ്ധതികളുടെ ഫലങ്ങളോടൊപ്പം ചെലവാക്കപ്പെട്ട പണത്തിന്റെ സംസ്ഥാനങ്ങൾക്കിടയിലുള്ള വിതരണത്തെക്കുറിച്ചും നാണയ വിനിമയനിരക്കിൽ കഴിഞ്ഞ പത്തു വർഷമുണ്ടായ മാറ്റത്തെക്കുറിച്ചുമൊക്കെ സുതാര്യവും വിശദവുമായ അവലോകനം ആവശ്യമുണ്ട്. ലഭ്യമായ കണക്കുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന വിവരണം എന്നുമാത്രമേ ഈ ധവളപത്രത്തെക്കുറിച്ച് ചുരുക്കത്തിൽ പറയാനുള്ളൂ.
(കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. പി.കെ. സന്തോഷ് കുമാർ, ഡോ. ഹസീന സി. അക്ബർ, നീനു റേച്ചൽ, അഞ്ജലി, അജയ് എന്നിവർ ചേർന്ന് തയാറാക്കിയ റിപ്പോർട്ടിൽ നിന്ന്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.