രാജ്യത്തെ അതി പിന്നാക്ക മേഖലയായ നൂഹ് ജില്ലയിൽ ഈയിടെ നടമാടിയ കലാപവും തുടർനടപടികളും ആസൂത്രിതമായ ഒരു സ്റ്റേജ് മാനേജ്ഡ് ഷോ ആയിരുന്നുവെന്നും, അനാവശ്യമായ ഒരു ഘോഷയാത്രയാണ് കുഴപ്പങ്ങൾക്ക്വ ഴിവെച്ചതെന്നും ചൂണ്ടിക്കാട്ടുന്നു, തലസ്ഥാനത്തെ മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ.
നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ ഡയറക്ടർ ജനറൽ, ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ വൈസ്ചാൻസലർ, ഇന്ത്യൻ ചരിത്ര കോൺഗ്രസ് അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന യശഃശരീരനായ പ്രഫ. മുഷീറുൽ ഹസൻ ‘ഇന്ത്യൻ എക്സ്പ്രസ്’ പത്രത്തിൽ കോളമെഴുതിയിരുന്നു. അൽപം അക്കാദമികമെങ്കിലും ഏറെ ആകർഷകമായിരുന്ന ആ കോളം എനിക്ക് വളരെ ഇഷ്ടമായിരുന്നു. ഒരു തവണ അദ്ദേഹമെഴുതിയത് ഹരിയാനയിലെ മേവാത്തിൽ നടത്തിയ സന്ദർശനവും അവിടെക്കണ്ട കാഴ്ചകളുമായിരുന്നു. അതായിരുന്നു ആ പ്രദേശത്തെ സംസ്കാരത്തെക്കുറിച്ച് എനിക്കു കിട്ടിയ ആദ്യ കാഴ്ച.
മേവുകൾ എന്നറിയപ്പെട്ടിരുന്ന മേവാത്തിലെ മുസ്ലിംകളുടെ സമ്മിശ്ര സംസ്കാരത്തെക്കുറിച്ചാണ് അദ്ദേഹം എഴുതിയിരുന്നത്. പണ്ട് ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവയുടെ ഭാഗങ്ങൾ ചേർന്ന മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു ഇത്. ഈ നാടിെൻറ മുക്കുമൂലകളിലൂടെയാണ് പതിനാറാം നൂറ്റാണ്ടിൽ സന്ത് മീരാഭായ് കൃഷ്ണ സ്തുതികൾ പാടിനടന്നത്. സൂഫിവര്യന്മാരിൽ ആകൃഷ്ടരായാണ് ഈ മേഖലയിലെ വലിയൊരു ശതമാനം ആളുകൾ ഇസ്ലാം ആശ്ലേഷിച്ചത്. വിശ്വാസം മാറിയപ്പോഴും അവർ തനതു സംസ്കൃതി കൈയൊഴിഞ്ഞില്ല. അതുകൊണ്ടുതന്നെ അവരിപ്പോഴും ഹിന്ദു നാമങ്ങൾ തുടരുന്നതിലും അതിശയമില്ല.
നാടോടിപ്പാട്ടുകളും പാട്ടുകാരും മേവാത്തിൽ വ്യാപകമായുണ്ട്. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും പ്രാദേശിക വ്യാഖ്യാനങ്ങൾ പാടുന്ന മുസ്ലിം ഗായകരെ ഇവിടെ കാണാം. രാജസ്ഥാനിലെ ആൽവറിൽനിന്നുള്ള ഒരു മേവ് മുസ്ലിമിനെ ഒരിക്കൽ കാണാനിടയായി. ഗായകനായ പിതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് പുരസ്കാരം വാങ്ങുന്ന ചിത്രങ്ങൾ അദ്ദേഹം എനിക്ക് കാണിച്ചു തന്നു. ഹിന്ദു-മുസ്ലിം മതങ്ങളിലെ മൗലികവാദികൾ നിരുത്സാഹപ്പെടുത്തുന്നതിന്റെ ഫലമായി ഇവിടത്തെ പാട്ടുപാരമ്പര്യം പട്ടടയിലേക്ക് നീങ്ങുന്ന അവസ്ഥയിലാണ്.
1947ൽ രാജ്യം വിഭജിക്കപ്പെട്ടപ്പോൾ ഈ മേഖലയിൽനിന്ന് നന്നേ കുറച്ചു പേരാണ് പാകിസ്താനിലേക്ക് ചേക്കേറിയത്. ഭൂരിഭാഗം ആളുകളും മഹാത്മഗാന്ധിയും ജവഹർലാൽ നെഹ്റുവും നൽകിയ വാഗ്ദാനങ്ങൾ വിശ്വസിച്ച് ഇന്ത്യയിൽ തന്നെ തുടർന്നു.
1857ലെ ഒന്നാം സ്വാതന്ത്ര്യപ്പോരാട്ടക്കാലത്ത് നൂറുകണക്കിന് മേവുകളാണ് നാടിനുവേണ്ടി ജീവൻ നൽകിയത്. സ്വാതന്ത്ര്യ സമരത്തിൽ മേവുകൾ വലിയ രീതിയിൽ പങ്കുവഹിച്ചു. ബ്രിട്ടീഷുകാർക്ക് ദയാഹരജി നൽകി സവർക്കർ മോചനം നേടിയ അതേ അന്തമാനിലെ സെല്ലുലാർ ജയിലിൽ മരിച്ചവരുടെ പട്ടികയിലും അവരിൽ ചിലരുടെ പേരുകളുണ്ട്.
സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിച്ചപ്പോൾ മേവാത്തിന്റെ ഒരു ഭാഗം രാജസ്ഥാനിലായി. പഞ്ചാബ് വിഭജിച്ച് ഹരിയാന രൂപവത്കരിച്ചപ്പോൾ, മേവുകളിൽ ഭൂരിഭാഗവും ഹരിയാനക്കാരായി. ഹിന്ദിയിൽനിന്ന് വ്യത്യസ്തമായ ഒരു ഗ്രാമ്യഭാഷയിലാണ് അവർ സംസാരിക്കുന്നത്. ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് 50 കിലോമീറ്ററിൽ താഴെയേ ദൂരമുള്ളൂ സംസ്ഥാനത്തെ ഏക മുസ്ലിം ഭൂരിപക്ഷ മേഖലയായ മേവാത്തിന്റെ ആസ്ഥാനമായ നൂഹിലേക്ക്.
നെഹ്റു സ്ഥാപിച്ച ആസൂത്രണ കമീഷന് പകരമായി നിലവിൽ വന്ന നിതി ആയോഗിന്റെ രേഖകൾ പ്രകാരം രാജ്യത്ത് ഏറ്റവുമധികം ‘ഉയർച്ച ആഗ്രഹിക്കുന്ന’ ജില്ലയാണ് നൂഹ്. തെറ്റിദ്ധരിക്കരുത്, രാജ്യത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ല എന്നാണ് ഇതുകൊണ്ടർഥമാക്കുന്നത്.
വിദ്യാഭ്യാസം, വരുമാനം, സാക്ഷരത, സ്ത്രീശാക്തീകരണം, മാതൃ-ശിശുമരണ നിരക്ക് എന്നിങ്ങനെ സകല മാനദണ്ഡങ്ങൾ പ്രകാരവും പിന്നാക്കം. ആസൂത്രണ കമീഷന്റെ അസസ്മെന്റ് ആൻഡ് മോണിറ്ററിങ് അതോറിറ്റി അംഗമെന്ന നിലയിൽ ജില്ലയുടെ അവസ്ഥയെക്കുറിച്ച് ഒരു റിപ്പോർട്ട് അവതരിപ്പിക്കാൻ എനിക്ക് അവസരമുണ്ടായി. നൂഹിന്റെ വികസനത്തിനായി വകയിരുത്തിയ പണം മുഴുവൻ ജില്ല ആസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് വിനിയോഗിച്ചതിനാൽ അതൊന്നും തന്നെ ജനങ്ങളിലേക്ക് എത്തിയില്ലെന്ന് ഞങ്ങൾ കണ്ടെത്തി. ഉദാഹരണത്തിന്, വിദ്യാഭ്യാസത്തിനായി പ്രത്യേക ഫണ്ട് അനുവദിച്ചുവെന്നിരിക്കട്ടെ, അധികാരികൾ അത് നൂഹിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ അകലെയായി ഒരു സ്കൂൾ നിർമിക്കുന്നതിന് ചെലവഴിക്കും. ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഇതുകൊണ്ട് ഒരു പ്രയോജനവും ലഭിക്കില്ല. അതുകൊണ്ടാണ് വളർച്ചയുടെ എല്ലാ സൂചികകളിലും ഈ നാട് പിന്നാക്കമായി പോകുന്നത്.
ആൺ-പെൺ അനുപാതം ഏറ്റവും മോശമായ സംസ്ഥാനമാണ് ഹരിയാന. എന്നിരുന്നാലും, നൂഹ് ജില്ലയിൽ ആൺ-പെൺ അനുപാതം ഏതാണ്ട് 50:50 ആണ്. മുസ്ലിംകൾ പെൺഭ്രൂണഹത്യ നടത്താറില്ല എന്നതുതന്നെ കാരണം. കൃഷിയും മൃഗസംരക്ഷണവുമാണ് ജനങ്ങളുടെ പ്രധാന ആശ്രയം. ആളുകൾക്കിടയിൽ പഠിക്കാനുള്ള ആഗ്രഹം ഉണ്ടെങ്കിലും സാക്ഷരതാ നിലവാരം താഴ്ന്ന നിലയിൽ തുടരുന്നു. സർക്കാർ സ്കൂളുകളുടെ അവസ്ഥ അതി പരിതാപകരമാണ്. സാധാരണക്കാർക്ക് താങ്ങാനാവാത്ത ഭീമമായ ഫീസാണ് സ്വകാര്യ സ്കൂളുകൾ ഈടാക്കുന്നത്. ആരോഗ്യ പരിരക്ഷാ മേഖലയിലെ അവസ്ഥയും തൃപ്തികരമല്ല. പ്രദേശത്തുകൂടി കടന്നുപോകുന്ന അരാവലി മലനിരകൾ അനധികൃത ഖനനത്തിലൂടെ തൂർന്നുകൊണ്ടിരിക്കുകയാണ്. ഹരിയാനയിലെ ബി.ജെ.പി സർക്കാർ ഇത്തരം ക്വാറികളെ വലിയൊരളവു വരെ നിയന്ത്രിച്ചുവെങ്കിലും അത് മറ്റൊരു വലിയ പ്രശ്നം സൃഷ്ടിച്ചു. ക്വാറിയിൽ ജോലി ചെയ്തിരുന്ന നിരവധി പേർക്ക് തൊഴിലില്ലാതെയായി. അവർക്ക് മറ്റു ജോലികളൊന്നും കിട്ടാതെയുമായി.
നേരത്തേ നൂറുകണക്കിനാളുകൾ ബീഫ് ബിരിയാണി വിറ്റ് ജീവിതം കഴിച്ചുകൂട്ടിയിരുന്നു. സൈക്കിളിൽ കൊണ്ടുനടന്ന് പ്ലേറ്റൊന്നിന് 20-30 രൂപക്ക് ബിരിയാണി വിൽക്കുന്ന കച്ചവടക്കാരെ മേഖലയിലുടനീളം കാണാമായിരുന്നു. ബി.ജെ.പി സർക്കാർ നിലവിൽവന്ന ശേഷം സ്വീകരിച്ച ആദ്യ നടപടികളിലൊന്ന് ഇത്തരം ബിരിയാണി വിൽപന നിർത്തലാക്കുകയായിരുന്നു. നൂറുകണക്കിനാളുകൾക്ക് ജോലിയില്ലാതെയായി; ആയിരക്കണക്കിനാളുകൾക്ക് താങ്ങാവുന്ന വിലയിലുള്ള ഭക്ഷണം ലഭിക്കാതെയായി. കറവയറ്റ പശുക്കളെ വിൽക്കാനോ അറുക്കാനോ കഴിയാതെ വന്നതോടെ ക്ഷീരമേഖലയിൽ ജോലിചെയ്യുന്നവർക്ക് പശുവളർത്തലും നിർത്തേണ്ടിവന്നു. രാജ്യത്തെ ഏറ്റവും കടുത്ത ഗോവധ വിരുദ്ധ നിയമമുള്ളത് ഹരിയാനയിലാണ്. നരഹത്യക്ക് ലഭിക്കുന്നതിനേക്കാൾ വലിയ ജയിൽശിക്ഷയാണ് ഗോവധത്തിന് കിട്ടുക. ജില്ലയിൽനിന്ന് പശുക്കൾ ഏറക്കുറെ അപ്രത്യക്ഷമായിരിക്കുന്നു. മുസ്ലിംകൾക്ക് അവയെ കൊണ്ടുനടക്കാൻ തന്നെ പേടിയാണിപ്പോൾ.
നൂഹിനോട് തൊട്ടുചേർന്ന് കിടക്കുന്ന ഗുരുഗ്രാം ജില്ലയിൽ നൂറുകണക്കിന് ബഹുരാഷ്ട്ര കമ്പനികൾ പ്രവർത്തിക്കുന്ന അത്യാധുനിക ബഹുനില കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു. നാലുപാടു നിന്നും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഗുരുഗ്രാം അധികം വൈകാതെ നൂഹിനെ സ്പർശിക്കും. ഗുരുഗ്രാമിലും നൂഹിലും സംഘ്പരിവാർ പ്രവർത്തകർ മുസ്ലിംകളുടെ ജീവിതം ദുരിതപൂർണമാക്കുന്നുണ്ട്. വെള്ളിയാഴ്ചകളിൽ പൊതുസ്ഥലത്ത് നമസ്കരിക്കുന്നതിനെ അവർ തടയുന്നു. സംഘടിത നമസ്കാരത്തിനായി അനുവദിക്കപ്പെട്ട സ്ഥലങ്ങളിൽപോലും വിലക്കേർപ്പെടുത്തുന്നു. പ്രാർഥനക്കായി എത്തുന്ന മുസ്ലിംകളെ പൊലീസിന്റെ പിന്തുണയോടെ അവർ ആട്ടിയോടിക്കുന്നു. അവരുടെ പ്രവർത്തനത്തിനു പിന്നിലെ ഉദ്ദേശ്യം വ്യക്തമാണ്. മുസ്ലിം മനസ്സുകളിൽ മനോവിഭ്രാന്തി സൃഷ്ടിക്കാൻ അവർ ആഗ്രഹിക്കുന്നു.
നൂഹിൽ മുസ്ലിംകളെ ആൾക്കൂട്ടക്കൊലക്കിരയാക്കിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നിയമം കൈയിലെടുക്കുന്നവരുടെ സ്ഥാനം ജയിലിലാണെങ്കിലും ഇവർ മുസ്ലിംകളെ പാഠംപഠിപ്പിക്കുമെന്ന് ഭീഷണി മുഴക്കി പുറത്ത് സ്വൈരവിഹാരം നടത്തുകയാണ്. ഇത്തരത്തിൽ ജയിലിൽ കിടക്കേണ്ട, കൈകളിൽ രക്തംപുരണ്ട, പ്രദേശത്ത് ശല്യമായ ഒരു കുപ്രസിദ്ധ കഥാപാത്രം ഈയിടെ ഹിന്ദുത്വ സംഘങ്ങൾ നടത്തിയ മതഘോഷയാത്രയിൽ പങ്കുചേരുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. മുസ്ലിം സമുദായത്തിലെ എടുത്തുചാട്ടക്കാർക്കിടയിൽ ഇതു വലിയ പ്രകോപനം സൃഷ്ടിച്ചു. ജൂലൈ 31 ന് ഘോഷയാത്ര നടത്താൻ പൊലീസ് അനുമതി നൽകി. രണ്ടു വർഷം മുമ്പ് ആരംഭിച്ച ഒരു ആചാരമാണിത്. ഘോഷയാത്രക്ക് മതപരമായ പശ്ചാത്തലമൊന്നുമില്ല. 15-നും 25-നും ഇടയിൽ പ്രായമുള്ള മൂവായിരത്തോളം ചെറുപ്പക്കാരാണ് ഉണ്ടായിരുന്നത്. അവരിൽ പലരുടെയും കൈകളിൽ ലാത്തികളും മുട്ടൻവടികളിൽ കെട്ടിയ കാവിക്കൊടികളും ആയുധങ്ങളുമുണ്ടായിരുന്നു. ചിലരുടെ കൈകളിൽ തോക്കുകളും. മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലൂടെ 40 കിലോമീറ്ററോളം അവർക്ക് സഞ്ചരിക്കേണ്ടതുണ്ടായിരുന്നു. അത്തരം ഘോഷയാത്രകൾക്ക് വിലക്കില്ല. രണ്ടു പേരെ കൊലപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന മോനു മനേസർ ഘോഷയാത്രയിൽ പങ്കുചേരുമെന്ന അഭ്യൂഹമാണ് ആശങ്കയുണ്ടാക്കിയത്.
സാധാരണ സാഹചര്യത്തിൽ ഇത്തരമൊരു ഘോഷയാത്രക്ക് പൊലീസ് അനുമതി നൽകിക്കൂടാ. അന്ന് ജില്ല പൊലീസ് മേധാവി അവധിയിലായിരുന്നു എന്നതാണ് കൗതുകകരമായ കാര്യം. എന്തുകൊണ്ടാണ് അദ്ദേഹം അവധിയിൽ പോയതെന്നതിന് വ്യത്യസ്ത ആഖ്യാനങ്ങളുണ്ട്. ഘോഷയാത്രക്ക് അനുമതി നൽകുന്നതിന് അദ്ദേഹം എതിരായിരുന്നുവെന്നാണ് ഒരു വിവരം, എന്നാൽ, അധികാരബലത്തിൽ അത് മറികടക്കപ്പെട്ടുവെന്നും. അയൽജില്ലയിലെ എസ്.പിക്കാണ് സർക്കാർ ചുമതല നൽകിയത്. നൂഹിനടുത്ത ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര ആരംഭിച്ചപ്പോഴും സുരക്ഷ വർധിപ്പിക്കുന്നതിന് അദ്ദേഹം കാര്യമായൊന്നും ചെയ്തില്ല. സംഘാടകരിലൊരാളുടെ പ്രകോപനപരമായ പ്രസംഗം കേട്ട് തലതെറിച്ച കക്ഷികൾ തെരുവിലിറങ്ങി മുദ്രാവാക്യങ്ങൾ വിളിക്കാൻ തുടങ്ങി.
ഇരു സമുദായത്തിലെയും സമൂഹമാധ്യമ പോരാളികൾ ഏറ്റുമുട്ടലിന് സർവസജ്ജരായിരുന്നു. പ്രതീക്ഷിച്ചതുപോലെത്തന്നെ ഏകദേശം 500-600 മുസ്ലിം യുവാക്കളുടെ സംഘം ഘോഷയാത്ര തടയാൻ ശ്രമിച്ചതോടെ അക്രമം പൊട്ടിപ്പുറപ്പെട്ടു. ഒരു സംഘർഷാവസ്ഥയെ നേരിടാനുള്ള തയാറെടുപ്പിലല്ലായിരുന്ന പൊലീസ് തെരുവുകൾ കലാപകാരികൾക്ക് വിട്ടുകൊടുത്ത് സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയി. തങ്ങളെ അപമാനിക്കാൻ ശ്രമിച്ചയാളെ തിരയുകയായിരുന്നു മുസ്ലിംകൾ. അവിടെയുണ്ടായിരുന്ന വാഹനങ്ങളിലൊന്നിൽ അയാൾ ഒളിച്ചിരിക്കുന്നുണ്ട് എന്ന ധാരണയിലാണ് ചില വാഹനങ്ങൾക്ക് തീവെച്ചതെന്നാണ് സ്ഥലം സന്ദർശിച്ച് വസ്തുതാന്വേഷണം നടത്തിയ ഒരു കമ്മിറ്റി റിപ്പോർട്ട് ചെയ്തത്. അത് ശരിയായാലും തെറ്റായാലും അഞ്ചു മനുഷ്യർ കൊല്ലപ്പെട്ടുവെന്നത് യാഥാർഥ്യമാണ്. കലാപം സംഘടിതവും ആസൂത്രിതവുമായിരുന്നുവെന്ന് ആദ്യം പറഞ്ഞത് സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ വിജ് ആണ്. ഒരു പക്ഷേ, അദ്ദേഹം മുസ്ലിംകളെ ഉന്നംവെച്ചാവും ഇതു പറഞ്ഞതെങ്കിലും അനാവശ്യമായ ഒരു ഘോഷയാത്രയാണ് സകല കുഴപ്പങ്ങൾക്കും കാരണമായത്. വിദ്വേഷത്തിന്റെ അതിരുവിട്ട പ്രകടനമായിരുന്നു അതെന്ന് ഘോഷയാത്രയുടെ വിഡിയോകളിൽ നിന്ന് ബോധ്യമാവും.
ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഫയൽ ചെയ്ത എഫ്.ഐ.ആറുകളെല്ലാം മുസ്ലിംകളെ ലക്ഷ്യം െവച്ചുള്ളതാണെന്ന് ജൻഹസ്താക്ഷേപ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു, പ്രകോപനം സൃഷ്ടിച്ചവർ അതിൽനിന്ന് രക്ഷപ്പെടുകയും ചെയ്തു. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ പ്രസ്താവനകൾ എരിതീയിൽ എണ്ണ പകരാനേ ഉപകരിച്ചുള്ളൂ.
ജൂലൈ 31 ന്റെ അക്രമങ്ങളെ തുടർന്ന് നടന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. തങ്ങളുടെ വീഴ്ച മുസ്ലിംകളുടെ തലയിലിട്ട് നികത്താൻ ശ്രമിച്ച പൊലീസ് അവരുടെ കെട്ടിടങ്ങളും സ്ഥാപനങ്ങളും ഇടിച്ചുനിരത്താൻ ബുൾഡോസർ പ്രയോഗിച്ചു. ആ കെട്ടിടങ്ങൾ സർക്കാർ ഭൂമിയിലാണെന്നും അനധികൃതമാണെന്നും മറ്റുമുള്ള ന്യായങ്ങളാണ് ഉന്നയിക്കപ്പെട്ടത്. അനധികൃതമാണെങ്കിൽപോലും അവ പൊളിക്കാൻ പൊലീസിന് അധികാരമില്ല. ന്യൂനപക്ഷങ്ങൾക്ക് നേരെ ബുൾഡോസർ ഇടിച്ചുകയറ്റുന്നതിന് യു.പിയിലെ തന്റെ തുണക്കാരന്റെ മാതൃക പിൻപറ്റുകയായിരുന്നു ഖട്ടർ.
കലാപബാധിത പ്രദേശം സന്ദർശിക്കാനെത്തിയ എന്റെ സുഹൃത്തും രാജ്യസഭാംഗവുമായ ബിനോയ് വിശ്വവും മറ്റു നേതാക്കളും വഴിയിൽ തടയപ്പെട്ടു. എന്നാലോ വർഗീയ ചിന്താഗതിക്കാരായ ക്രിമിനലുകൾ നടുറോഡിലിറങ്ങി പേശിബലം കാണിക്കുന്നതിൽ പൊലീസിന് ഒരു പ്രശ്നവുമില്ലതാനും. പൽവൽ, ഗുരുഗ്രാം തുടങ്ങിയ സമീപ ജില്ലകളിലേക്കും ഫരീദാബാദിനോട് അതിർത്തി പങ്കിടുന്ന ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിലേക്കും അക്രമം വ്യാപിച്ചിരുന്നു. തുടർ ദിവസങ്ങളിൽ ക്രമസമാധാനപാലനത്തിന്റെ പേരിൽ അഞ്ഞൂറോളം വീടുകളും കെട്ടിടങ്ങളുമാണ് ഇടിച്ചു നിരത്തിയത്. നിയമപരമായ അനുമതിയില്ലാതെയായിരുന്നു ഈ ബുൾഡോസർ പ്രയോഗങ്ങൾ.
വംശീയ ഉന്മൂലനത്തിനാണോ പൊലീസ് ശ്രമിക്കുന്നതെന്ന് ചോദിച്ച് പഞ്ചാബ്-ഹരിയാന ഹൈകോടതി ഇടപെട്ട് തടഞ്ഞില്ലായിരുന്നെങ്കിൽ ബുൾഡോസിങ് പിന്നെയും തുടരുമായിരുന്നു. അതിനിടെ, മുസ്ലിം കച്ചവടക്കാർ തങ്ങളുടെ ഗ്രാമങ്ങളിൽ പ്രവേശിക്കുന്നത് തടഞ്ഞ് തീട്ടൂരമിറക്കിയിരിക്കുകയാണ് ചില ഗ്രാമമുഖ്യന്മാർ.
സമാന്തര സായുധ സേനയുടെ സകല ലക്ഷണങ്ങളുമൊത്ത ഒരു സംഘടനയിലൂടെ വളർന്നു വന്ന ഖട്ടർ സർക്കാർ പക്ഷപാത രഹിതമായി നിലകൊള്ളുമെന്ന് സൂചിപ്പിക്കുന്ന ഒരു വാക്കു പോലും പറഞ്ഞില്ല. ഐക്യരാഷ്ട്ര സഭയുടെ അഭയാർഥി സഹായ സംവിധാനത്തിന്റെ ഭാഗമായി അവിടെ താമസിക്കുന്ന ഒരു കൂട്ടം റോഹിങ്ക്യകൾ ആക്രമിക്കപ്പെട്ടു, അവരുടെ വസ്തുവകകളെല്ലാം നശിപ്പിക്കപ്പെട്ടു. ഐക്യരാഷ്ട്ര സഭ നൽകിയ തിരിച്ചറിയൽ കാർഡുള്ള മനുഷ്യരാണവർ എന്ന ചിന്തപോലും പൊലീസിനെ അലോസരപ്പെടുത്തിയില്ല.
മേവ് കർഷകരുടെ നേതാക്കളിൽ ഒരാളായ സഫർ മേവാതി യദുവൻഷി ഒന്നാം സ്വാതന്ത്ര്യസമരത്തിന് നാനൂറിലധികം രക്തസാക്ഷികളെ സംഭാവന ചെയ്ത പൽവൽ ജില്ലയിലെ രൂപ്രക ഗ്രാമത്തെക്കുറിച്ച് സന്ദർശക സംഘങ്ങൾക്ക് വിവരിച്ചു നൽകുന്നു. ഒന്നാം സ്വാതന്ത്ര്യസമരം സംബന്ധിച്ച് മംഗൾ പാണ്ഡെയെ മാത്രം കേന്ദ്രീകരിച്ച് നിർമിക്കുന്ന ഹിന്ദുത്വ ആഖ്യാനത്തിന് യോജിക്കുന്നതല്ല ഇത്തരം കഥകൾ. അക്രമത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ ഹോംഗാർഡ് നീരജ് ഖാനാണ്. പത്രങ്ങൾ അദ്ദേഹത്തിന്റെ ആദ്യപേരു മാത്രം പരാമർശിച്ചു. മേവാത്തി സംസ്കാരത്തിന്റെ മുൻനിരക്കാരനായ അദ്ദേഹത്തിന്റെ കസിന്റെ പേര് സുഖ്ദേവ് എന്നാണ്, ഭാര്യയുടെ പേര് വക്കീല, ഒമ്പതുവയസ്സുള്ള മകളുടെ പേര് നിതിക എന്നാണ്. അത്തരം പേരുകളിൽ പൊരുത്തക്കേടൊന്നുമില്ല. എന്നിട്ടും, അവർ അപരിഷ്കൃതരായി മുദ്രകുത്തപ്പെടുന്നു, വിദ്വേഷത്തിന്റെ ഉന്നങ്ങളായി മാറുന്നു. ജൂലൈ 31 മുതൽ അഞ്ചു ദിവസം നൂഹും സമീപ ജില്ലകളും സാക്ഷ്യംവഹിച്ച സ്റ്റേജ് മാനേജ്മെന്റ് ഷോയുടെ നിഗൂഢതകൾ ജുഡീഷ്യൽ അന്വേഷണത്തിലൂടെ മാത്രമേ അനാവരണം ചെയ്യാനാവൂ. ആരാണ് അതിന് കളമൊരുക്കുക?
ajphilip@gmail.com
(കടപ്പാട്: www.indiancurrents.org)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.