മഴയും ശൈത്യവുമായിട്ടും, പതിനായിരക്കണക്കിന് കർഷകരാണ് ആറാഴ്ചയായി ന്യൂഡൽഹി അതിർത്തികളിൽ തമ്പടിച്ചുനിൽക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ അവസാനത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ തിരക്കിട്ട് ഇന്ത്യൻ പാർലമെൻറിൽ പുതിയ കാർഷിക നിയമങ്ങൾ പാസാക്കിയെടുക്കുന്നത്. വൈകാതെ, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. രാജ്യത്തിെൻറ മൂന്നു ശതമാനമേ ഭൂപ്രദേശമുള്ളൂവെങ്കിലും മിച്ച അരിയുടെയും ഗോതമ്പിെൻറയും 50 ശതമാനവും വിളയുന്നത് ഇവിടങ്ങളിലാണ്.
പഞ്ചാബിലൊതുങ്ങിയ സമരത്തെ തുടക്കത്തിൽ കേന്ദ്രം അവഗണനയിൽ മുക്കിയതോടെ നവംബർ അവസാനം പ്രക്ഷോഭകർ ഡൽഹിയിലേക്ക് നീങ്ങി. ഉയർത്തിനിർത്തിയ ബാരിക്കേഡുകളും കുഴിച്ചുവെച്ച കിടങ്ങളുകളും കടന്ന് ട്രാക്ടറുകളിലായിരുന്നു അവരുടെ യാത്ര. എത്തിയിടത്ത് താൽക്കാലിക ടൗൺഷിപ്പുകൾ തീർത്ത് അവിടെ അന്തിയുറങ്ങി. നിർത്തിയിട്ട ട്രാക്ടറുകളിലും ട്രോളികളിലുമിരുന്ന് ഭക്ഷണം കഴിച്ചു. താൽക്കാലിക ശുചിപ്പുരകളും സജ്ജമായി. നടന്നുതളർന്ന കാലുകൾ മസ്സാജ് ചെയ്യാൻ പോലും ആളുകൾ റെഡി.
മാന്യമായി ഉറപ്പുനൽകാൻ സർക്കാറുകൾ സ്ഥാപിച്ച മാർക്കറ്റിങ് ബോർഡുകളെ നോക്കുകുത്തിയാക്കി കർഷകരിൽനിന്ന് നേരിട്ട് വിളകൾ വാങ്ങാൻ സ്വകാര്യ വ്യാപാരികൾക്ക് ചട്ടം നിർണയിക്കുന്നതാണ് നിയമം. അധികം വരുന്ന വിളകൾ വാങ്ങി സഹായിക്കുന്ന സർക്കാർ മാർക്കറ്റിങ് ബോർഡുകളെ തകർക്കുന്നതാണ് ഈ നിയമങ്ങളെന്ന് കർഷകർ വിശ്വസിക്കുന്നു.
രാജ്യം മുഴുക്കെ പ്രചാരണ സംവിധാനങ്ങൾ ശംഖൊലി മുഴക്കിയിട്ടും ആറു വർഷത്തിനിടെ ആദ്യമായി എതിർത്തുതോൽപിക്കാനാവാത്ത പ്രതിഷേധത്തെയാണ് മോദി മുഖാമുഖം നിൽക്കുന്നത്. പ്രതിഷേധക്കാർക്കു നേരെ തുടക്കത്തിൽ മുഴങ്ങിയ വാക്ശരങ്ങൾ മയപ്പെടുത്തി എട്ടാം റൗണ്ട് ചർച്ചകളിലെത്തി കാര്യങ്ങൾ. എന്നിട്ടുമില്ല കാര്യമാത്ര പുരോഗതി.
15 വർഷം മുമ്പ് സമാന നിയമം പാസാക്കിയ ബിഹാറിലേക്കാണ് കർഷകർ വിരൽ ചൂണ്ടുന്നത്. അന്നത്തെ നിയമങ്ങൾ സർക്കാർ തല മാർക്കറ്റിങ് സംവിധാനം സമ്പൂർണമായി തകർത്തു. 87 ശതമാനം വിൽപന കേന്ദ്രങ്ങളും അത് ഇല്ലാതാക്കി. മാത്രമല്ല, ഉൽപന്നങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട വിലയുടെ അടുത്തെങ്ങും കർഷകർക്ക് ലഭിച്ചുമില്ല. 100 കിലോ ധാന്യങ്ങൾക്ക് 1800 രൂപയെന്ന് തറവില നിശ്ചയിച്ചിട്ടും വില പകുതിയോളമായി കുറഞ്ഞ് 1100 രൂപക്ക് വിൽക്കാൻ കർഷകർ നിർബന്ധിതരായി.
ചെറുകിട സ്വകാര്യ വ്യാപാരികളെന്നത് മാറി വമ്പൻ കച്ചവട ഭീമന്മാർ കാര്യങ്ങൾ ഏറ്റെടുക്കുമെന്നാണ് കർഷകരുടെ ഭയം. അതോടെ, ഒന്ന് വിലപേശാൻ പോലും അവർക്കാവില്ലെന്ന് വരും. തർക്കങ്ങൾക്ക് പരിഹാരം തേടി കോടതി കയറുന്നതും പുതിയ നിയമങ്ങൾ വിലക്കുന്നത് അവരുടെ നെഞ്ചിടിപ്പേറ്റുന്നു.
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്, മോദിയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന ഗൗതം അദാനിയുടെ അദാനി ഗ്രൂപ് എന്നീ ബഹുരാഷ്ട്ര ഭീമന്മാർക്കെതിരെ പ്രക്ഷോഭകർ രോഷം പരസ്യമാക്കിക്കഴിഞ്ഞു. പഞ്ചാബിൽ റിലയൻസ് ശൃംഖലക്കു കീഴിലെ സെൽഫോൺ ടവറുകൾ തകർക്കുന്നത് തുടർന്നതോടെ പൊലീസ് സംരക്ഷണം നൽകാൻ സർക്കാർ നിർബന്ധിതമായി. കരാർ കൃഷിയിലേക്ക് തങ്ങളില്ലെന്ന് റിലയൻസ് തൊട്ടുപിറകെ വാർത്താകുറിപ്പിറക്കുകയും ചെയ്തു. മാർക്കറ്റിങ് ബോർഡുകളെ ഉപയോഗിച്ച് ധാന്യങ്ങൾ ശേഖരിച്ച് രാജ്യത്തെ വലിയ ജനസംഖ്യക്ക് അന്നമൂട്ടുന്ന പോംവഴിയാണ് നിലവിലെ സംവിധാനമെന്നും അതാണ് സ്വകാര്യ വ്യവസായ ഭീമന്മാർ തകർക്കുന്നതെന്നും കർഷകർ കരുതുന്നു.
1947ൽ സ്വതന്ത്രമാകുേമ്പാൾ ഭക്ഷ്യകമ്മി രൂക്ഷമായ രാജ്യമായിരുന്നു ഇന്ത്യ. കടുത്ത ഭക്ഷ്യക്ഷാമവും പട്ടിണിയും കടന്ന് 1960കളിൽ ഇന്ത്യ ഭേക്ഷ്യാൽപാദന രംഗത്ത് വലിയ പുരോഗതി കൈവരിച്ചു. ഉയർന്ന വിളവ് നൽകുന്ന ഹൈബ്രിഡ് അരി, ഗോതമ്പ് വിത്തുകൾ പരീക്ഷിച്ചായിരുന്നു നേട്ടം. രാസവളം വ്യാപകമായി ഉപയോഗിച്ച് മെഷീനുകൾ കാർഷിക വൃത്തിയെ ത്വരിതപ്പെടുത്തി.
പഞ്ചാബും ഹരിയാനയുമായിരുന്നു ഈ പുതു രീതികൾ നടപ്പാക്കാൻ ഏറ്റവും അനുയോജ്യം. കർഷകർക്കു തന്നെയായിരുന്നു അവിടങ്ങളിൽ ഭൂവുടമസ്ഥാവകാശം. മറ്റു സംസ്ഥാനങ്ങളിൽ പക്ഷേ, അത് കുറവായിരുന്നു. അവിടങ്ങളിൽ ഫ്യൂഡൽ ജന്മിമാർക്കായിരുന്നു ഭൂമിയേറെയും. പഞ്ചാബിലും ഹരിയാനയിലും സർക്കാർ മാന്യമായ വില ഉറപ്പുനൽകിയത് കർഷകർക്ക് കൈത്താങ്ങായിനിന്നു. അടുത്ത പതിറ്റാണ്ടാകുേമ്പാഴേക്ക് രണ്ടു സംസ്ഥാനങ്ങളിലും വിളവ് കാര്യമായി വർധിച്ചു. അരി ഇറക്കുമതിയും അതോടെ അവസാനിച്ചു. മോശം കാലാവസ്ഥ വ്യാപക കൃഷി നാശം വരുത്തിയ ഘട്ടങ്ങളിൽ മാത്രമായിരുന്നു പിന്നെ നിർബന്ധിത ഇറക്കുമതി.
ഹരിയാനയിലും പഞ്ചാബിലും കൃഷി സമൃദ്ധമായി വിളഞ്ഞത് പൊതുവിതരണ സംവിധാനം സ്ഥാപിച്ച് രാജ്യത്തിെൻറ വിശപ്പു മാത്രമല്ല, പോഷണക്കുറവും നേരിടുന്നതിൽ നിർണായകമായി. കർഷകർക്ക് മിച്ചമായി വന്ന ധാന്യം അവർക്ക് മാന്യമായ വില നൽകി മാർക്കറ്റിങ് ബോർഡുകൾ വഴി സർക്കാർ സ്വന്തമാക്കി. തുച്ഛ വിലക്ക് രാജ്യത്തുടനീളം വിതരണം ചെയ്യുകയും ചെയ്തു. ഇരു സംസ്ഥാനങ്ങളിലും ഭൂഗർഭ ജലം കൂടുതലായി ആവശ്യമുള്ള അരികൃഷി വ്യാപിച്ചത് ജല വിതാനം കൂടുതൽ താഴോട്ടാക്കുന്നതിൽ നിർണായകമായിട്ടുണ്ട്. രാസവളങ്ങളും കീടനാശിനികളും മണ്ണിനെ വിഷമയവുമാക്കിയിട്ടുണ്ട്. ഇതിന് പരിഹാരമുണ്ടാകേണ്ടത് വ്യവസായ ഭീമന്മാരിൽനിന്നല്ല, സർക്കാറിൽനിന്നാണ്. പക്ഷേ, പുതിയ നിയമങ്ങൾ സർക്കാർ ഇടപെടൽ പിന്നെയും കുറച്ച് എല്ലാം വ്യവസായ ഭീമൻമാരെ ഏൽപിക്കുകയാണ്. അതാണ് അവരെ ഡൽഹിയിലെത്തിച്ചത്. മോദി സർക്കാറിനെ മുനയിൽ നിർത്തുന്നതും.
സിഖുകാർ കൂടുതലായുള്ള ഇൗ സമരത്തെ അപമാനിച്ച് മാറ്റിനിർത്താനായിരുന്നു മോദി സർക്കാറിെൻറ തുടക്കത്തിലെ ശ്രമം. സമരക്കാർ ഖലിസ്ഥാനികളാണെന്ന് കേന്ദ്ര മന്ത്രിമാർ കുറ്റപ്പെടുത്തുന്നത് അതിെൻറ ഭാഗമായിരുന്നു. മുസ്ലിംകളെയും ക്രിസ്ത്യാനികളെയും അരികിൽ നിർത്തി സിഖുകാരെ കൂടെകൂട്ടാനുള്ള ഹിന്ദുത്വ ദേശീയതയുടെ ശ്രമം ഒരുകാലത്തും സിഖുകാരെ തൃപ്തിപ്പെടുത്തിയിട്ടില്ല. എന്നുമാത്രമല്ല, കാർഷിക വിഷയങ്ങളിൽ സിഖ് സമരങ്ങൾക്ക് ഒരു നൂറ്റാണ്ടിെൻറ പഴക്കമുണ്ട്. അതുകഴിഞ്ഞ് 1970കളിൽ ഇന്ദിര ഗാന്ധി കൂടുതൽ ഏകാധിപത്യ പ്രവണത പ്രകടിപ്പിച്ചപ്പോൾ എതിർപ്പുമായി രംഗത്തുണ്ടായിരുന്നവരിൽ സിഖുകാരുമുണ്ടായിരുന്നു.
നിലവിലെ പ്രതിഷേധങ്ങൾ മരിച്ചൊടുങ്ങുമെന്ന് മോദി സർക്കാർ കരുതുന്നുണ്ടെങ്കിൽ അത് സംഭവിക്കില്ലെന്നുറപ്പാണ്. രണ്ടു മാസം മുമ്പ് ഗോതമ്പ് വിത്തിടൽ കഴിഞ്ഞതിനാൽ സമരക്കാർ താരതമ്യേന സ്വതന്ത്രരാണ്. മാർച്ച് കഴിഞ്ഞും അവർക്ക് സമരം തുടരാം. മാത്രവുമല്ല, ഡൽഹിയിലെത്തിയും അവർക്ക് അന്നം നൽകാൻ ഭക്ഷ്യ വിതരണ ശൃംഖലയും സജ്ജം.
സുപ്രീം കോടതിയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. വിഷയം സർക്കാറുമായും കർഷകരുമായും ചർച്ച ചെയ്ത് നിർദേശം സമർപ്പിക്കാൻ ഒരു സമിതിയെ വെച്ചിട്ടുണ്ട്. പക്ഷേ, ഇൗ പ്രക്രിയയുടെ ഭാഗമാകില്ലെന്ന് കർഷകർ കട്ടായം പറഞ്ഞുകഴിഞ്ഞു. ഇനി ഉത്തരവാദിത്വം മോദിയുടെ തലയിലാണ്. ഒരിക്കലും മുഖം നഷ്ടപ്പെടാതെ മുന്നോട്ടുപോകാനുള്ള ശേഷി എത്രത്തോളം ഈ വിഷയത്തിൽ പാലിക്കാനാകുമെന്നതാണ് ഇനി ലോകം ഉറ്റുനോക്കുന്നത്.
കടപ്പാട്: nytimes.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.