നരേന്ദ്ര മോദിയും കൂട്ടരും ലിംഗസമത്വം എന്ന ആശയത്തെ അംഗീകരിക്കുന്നവരാണോ? ഒരിക്കലുമല്ല, അവർ സനാതന ധർമത്തിലും വേദകാല മാഹാത്മ്യങ്ങളിലും ബ്രാഹ്മണരുടെ വംശീയ ശ്രേഷ്ഠതയിലും അഭിരമിക്കുന്നവരാണ്. ഇക്കൂട്ടരുടെ ആദർശാത്മക ലോകത്ത് സ്ത്രീകൾക്ക് രണ്ടാംകിട പൗരത്വം പോലും അനുവദനീയമല്ല. സവർണ പുരുഷന്മാർക്ക് അനുരൂപകളായ ഉത്തമ സവർണസ്ത്രീകളെ മാത്രമേ അവർ അംഗീകരിക്കുന്നുള്ളൂ
സെപ്റ്റംബർ 23ാം തീയതി പാർലമെന്റിന്റെ ഇരുസഭകളും പ്രത്യേകം വിളിച്ചുചേർത്ത സമ്മേളനത്തിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം സംസ്ഥാന നിയമസഭകളിലും പാർലമെന്റിലും ഉറപ്പാക്കുന്ന ഭരണഘടനാഭേദഗതി നിയമം കേന്ദ്ര ഭരണകൂടം അവതരിപ്പിക്കുകയുണ്ടായി.
ഇതിന്റെ ആമുഖമായി നരേന്ദ്ര മോദി പറഞ്ഞത് ‘ഇന്ത്യ ലിംഗതുല്യതയുടെ കാര്യത്തിൽ പ്രധാനപ്പെട്ട ഒരു ചുവടുവെപ്പ്’ നടത്തുകയാണെന്നാണ്. ‘ഈ സന്ദർഭം നമ്മുടെ ഏവരുടെയും അഭിമാന മുഹൂർത്തമാണെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല, ‘ഈ നിയമം പാസാകുന്നതിലൂടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വികസിച്ച രാഷ്ട്രങ്ങളുടെ നിരയിലേക്ക് എത്തിച്ചേരുകയാണെന്നും’ അദ്ദേഹം സൂചിപ്പിച്ചു.
1996ലാണ് വനിത സംവരണ നിയമം അവതരിപ്പിക്കാനുള്ള ശ്രമമാരംഭിച്ചത്. 2010ൽ കോൺഗ്രസ് നേതൃത്വം നൽകിയ യു.പി.എ സർക്കാർ അതിനുവേണ്ടി കാര്യമായി ശ്രമിച്ചു. എങ്കിലും അക്കാലത്തെ എസ്.പി, ബി.എസ്.പി, ആർ.ജെ.ഡി കക്ഷികളുടെ എതിർപ്പിന്റെ ഫലമായി അത് അവതരിപ്പിക്കാൻ കഴിഞ്ഞില്ല.
വനിത സംവരണത്തിൽ പിന്നാക്ക-ന്യൂനപക്ഷ സമുദായ സ്ത്രീകൾക്ക് പ്രത്യേക ഉപസംവരണം വേണമെന്ന ആവശ്യമായിരുന്നു അവരുടെ എതിർപ്പിന് കാരണം.ഇപ്പോൾ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതിലൂടെ വനിതാ സംവരണം നിയമമായിരിക്കുകയാണ്. എങ്കിലും അടുത്ത സെൻസസിനുശേഷം പാർലമെന്റ് മണ്ഡലങ്ങളുടെ പുനഃക്രമീകരണം നടത്തിയാൽ മാത്രമേ നിയമം പ്രായോഗികമാവുകയുള്ളൂവെന്നാണ് അമിത്ഷാ പാർലമെന്റിൽ പറഞ്ഞത്.
മുൻകാലത്ത് പിന്നാക്കക്കാർക്കും ന്യൂനപക്ഷങ്ങൾക്കും ഉപസംവരണം വേണമെന്ന ആവശ്യത്തെ കോൺഗ്രസ് അംഗീകരിച്ചിരുന്നില്ല. ഇപ്പോൾ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മല്ലികാർജുൻവൊർഗെയും അതിനെ അനുകൂലിക്കുന്നു. പ്രതിപക്ഷ നിരയിലെ പ്രധാനപ്പെട്ട കക്ഷികളും ചുരുക്കം ചില ഭരണകക്ഷി അംഗങ്ങളും ഇതേ അഭിപ്രായമുള്ളവരാണ്.
വനിതാ സംവരണം നിയമമായെങ്കിലും ഇനിയും പരിശോധിക്കപ്പെടേണ്ട വസ്തുതയും ബാക്കി നിൽക്കുകയാണ്.ഈ നിയമം പാസാക്കിയതിന്റെ പേരിൽ മേനി നടിക്കുന്ന നരേന്ദ്ര മോദിയും കൂട്ടരും ലിംഗസമത്വം എന്ന ആശയത്തെ അംഗീകരിക്കുന്നവരാണോ? ഒരിക്കലുമല്ല, അവർ സനാതന ധർമത്തിലും വേദകാല മാഹാത്മ്യങ്ങളിലും ബ്രാഹ്മണരുടെ വംശീയ ശ്രേഷ്ഠതയിലും അഭിരമിക്കുന്നവരാണ്.
ഇക്കൂട്ടരുടെ ആദർശാത്മക ലോകത്ത് സ്ത്രീകൾക്ക് രണ്ടാംകിട പൗരത്വം പോലും അനുവദനീയമല്ല. സവർണ പുരുഷന്മാർക്ക് അനുരൂപകളായ ഉത്തമ സവർണ സ്ത്രീകളെ മാത്രമേ അവർ അംഗീകരിക്കുന്നുള്ളൂ. ബാക്കിയുള്ളവരെല്ലാം അവരെ സംബന്ധിച്ച് പുറന്തള്ളപ്പെടേണ്ടവരാണ്.
ഇത്തരക്കാർ ലിംഗസമത്വം എന്ന ആദർശത്താൽ പ്രചോദിതരായിട്ടാണ് വനിതാ സംവരണം നടപ്പിലാകുന്നതെന്ന് പറയുന്നതിനെ വിരോധാഭാസം എന്നല്ല കാപട്യം എന്നാണ് വിളിക്കേണ്ടത്.ഈ നിയമം പുതുകാല സ്ത്രീവാദങ്ങളോട് നീതി പുലർത്തുന്നുണ്ടോ? ഇല്ലെന്നതാണ് വസ്തുത.
സമകാലീനാവസ്ഥയിൽ സ്ത്രീ-പുരുഷൻ എന്ന ഇരട്ട വിഭജനത്തെ അടിസ്ഥാനപ്പെടുത്തിയ കേവല സ്ത്രീവാദം അപ്രസക്തമായി കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള ദ്വന്ദ്വവാദം യൂറോപ്പിൽ വെളുത്ത സ്ത്രീകൾക്കും ഇന്ത്യ പോലുള്ള നാടുകളിൽ വരേണ്യ സവർണ സ്ത്രീകൾക്കും അയഥാർഥമായ പ്രാധാന്യവും ആധികാരികതയും നൽകും. അതിനപ്പുറം സ്ത്രീകളിലെതന്നെ വിഭിന്ന ഗണങ്ങളെ ഉൾക്കൊള്ളാൻ പര്യാപ്തമല്ല.
അതുകൊണ്ടാണ് സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ടവർ അടക്കമുള്ള വിവിധ മണ്ഡലങ്ങളിൽനിന്ന് വിഭിന്ന സ്ത്രീവാദങ്ങൾ ഉയർന്നുവരുന്നതും നിലനിൽക്കുന്നതും. അതിനാൽ തന്നെ, സ്ത്രീകൾക്കിടയിലുള്ള വൈവിധ്യങ്ങളെ പരിഗണിക്കാത്ത ഈ നിയമം പ്രതിനിധാനത്തിന്റെ വിഷയത്തിൽ കൃത്രിമമായ ആധികാരികത മാത്രമേ പുലർത്തുന്നുള്ളൂ എന്നു കാണാം.
ഇത്തരത്തിലുള്ള പ്രശ്നങ്ങളെ അവഗണിച്ചുകൊണ്ട് ‘ചരിത്ര മുഹൂർത്തം’ ഉണ്ടാക്കിയവരുടെ യഥാർഥ ഉദ്ദേശ്യമെന്താണെന്നാണ് പരിശോധിക്കേണ്ടത്.
ഹിന്ദുത്വ ഭരണകൂടം വൻ പ്രതീക്ഷയോടെ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം വമ്പിച്ച ബഹുജന പ്രക്ഷോഭം മൂലം നടപ്പിലാക്കാനായില്ല. മുസ്ലിം വ്യക്തി നിയമം എടുത്തുകളയാനുള്ള ശ്രമവും പരാജയപ്പെട്ടു. പുതുകാർഷിക നയപ്രഖ്യാപനവും സമരങ്ങൾ മൂലം തടസ്സപ്പെട്ടു.
തങ്ങളുടെ നയപരിപാടികളിൽത്തന്നെ ഉണ്ടായ ഇത്തരം തിരിച്ചടികളുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സിവിൽ സമൂഹത്തെയും ലിബറൽ ചിന്താഗതിക്കാരെയും കബളിപ്പിക്കാനാണ് അവർ വനിതാ സംവരണ നിയമം പുറത്തെടുത്തത്.
വനിതാ സംവരണത്തോട് ഭരണ-പ്രതിപക്ഷ കക്ഷികൾക്കൊപ്പം സിവിൽ സമൂഹത്തിനകത്തും വലിയ തോതിലുള്ള എതിർപ്പുകൾ രൂപപ്പെടാൻ നിർവാഹമില്ല. എന്തെങ്കിലും തരത്തിലുള്ള വിരുദ്ധാഭിപ്രായം ഉണ്ടാവുക പിന്നാക്ക-ന്യൂനപക്ഷ സമുദായ നേതൃത്വങ്ങളിൽനിന്നും മാത്രമായിരിക്കും.
ലിംഗസമത്വം പോലുള്ള സാർവ ലൗകിക ആദർശത്തെ നിരാകരിക്കുന്നവർ എന്ന പേരിൽ അവരെ സ്ത്രീവിരുദ്ധരായും പുരുഷാധിപത്യത്തിന്റെ വക്താക്കളായും ചിത്രീകരിക്കാൻ എളുപ്പവുമാണ്. പിന്നാക്ക-ന്യൂനപക്ഷ നിശ്ശബ്ദതയെ ഉപാധിയാക്കി ബി.ജെ.പി നേതൃത്വം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നതിൽ സംശയമില്ല.
ഇതിനെല്ലാം ഉപരിയായി കാണേണ്ട മറ്റൊരു വിഷയമുണ്ട്. ഇന്ത്യയിൽ ജനസംഖ്യാപരമായും പ്രാതിനിധ്യപരമായും ഭൂരിപക്ഷം ദലിതരും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളുമാണ്. എന്നാൽ, ഇവരുടേത് സാമുദായിക ഭൂരിപക്ഷം മാത്രമാണ്. ഇതേസമയം സവർണരും സമൂഹത്തിലെ നവ ആഭിജാത വിഭാഗങ്ങളും ജനസംഖ്യയിലും പ്രതിനിധാനത്തിലും ന്യൂനപക്ഷ സ്ഥാനത്താണുള്ളത്. എങ്കിൽപോലും അവരാണ് രാഷ്ട്രീയ ഭൂരിപക്ഷമായിരിക്കുന്നത്.
പലപ്രാവശ്യം ദലിത്-പിന്നാക്ക അടിത്തറയുള്ള രാഷ്ട്രീയ കക്ഷികൾ അധികാരത്തിലേറിയ ഉത്തർപ്രദേശിലും ദീർഘകാലമായി കമ്യൂണിസ്റ്റുകൾ ഭരിക്കുന്ന കേരളത്തിലും സവർണരും നവ ആഭിജാത വിഭാഗങ്ങളും തന്നെയാണ് രാഷ്ട്രീയ ഭൂരിപക്ഷമായി തുടരുന്നത്. ഇത്തരത്തിലുള്ള രാഷ്ട്രീയ ഭൂരിപക്ഷത്തെ കേവല സ്ത്രീവാദം കൊണ്ട് മറക്കാനും ശക്തിപ്പെടുത്താനും മാത്രമേ ഇപ്പോഴത്തെ വനിതാ സംവരണം കൊണ്ട് സാധ്യമാകൂ.
ഈ അവസ്ഥക്ക് മാറ്റം വരണമെങ്കിൽ വനിതാ സംവരണം പോലുള്ള ഘടനാപരമായ പൊളിച്ചെഴുത്തുകൾ നടത്തുമ്പോൾ ദലിത് സ്ത്രീകൾക്ക് മാത്രം കുറച്ചു കിഴിവുകൾ നൽകിയാൽ മതിയാവില്ല. മറിച്ച്, ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക-ന്യൂനപക്ഷ സ്ത്രീകൾക്കും അർഹമായ പ്രാതിനിധ്യം ലഭിക്കുകതന്നെ വേണം. അതിനുവേണ്ടിയുള്ള സമരങ്ങളും സമ്മർദങ്ങളും ഇനിയും തുടരാൻ കഴിയണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.