ഏതു കൂരിരുളിലും മുഴങ്ങുന്നുണ്ട് പ്രത്യാശയുടെ പാട്ടുകള്‍. പുലരി വരുംമുേമ്പ ഇരുളിലിരുന്നു പാടുന്ന പക്ഷിയാണ ് വിശ്വാസമെങ്കില്‍ എനിക്ക് ആ പക്ഷിയെ ഇന്ത്യയുടെ കാമ്പസുകളിലും തെരുവുകളിലും മുഴുവന്‍ കേള്‍ക്കാനാകുന്നുണ്ട്. നാം ആ പാട്ട് കേട്ടിരുന്നു, പിനോഷെയുടെ ചിലിയില്‍, വിപ്ലവാനന്തര റഷ്യയിലെ യുക്രെയ്നിലെ കര്‍ഷക കലാപത്തില്‍, സിയാറ്റിലില്‍ ലോകവാണിജ്യ സംഘടനയുടെ ഉച്ചകോടിക്കെതിരെ മുഴങ്ങിയ യുവശബ്ദങ്ങളില്‍, ചൈനയിലെ ടിയാെനന്മെന് സ്ക്വയറിലെ പീരങ്കികള്‍ക്കും ചതച്ചരയ്ക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ പ്രക്ഷോഭത്തില്‍, വാള്‍സ്ട്രീറ്റ് കൈയടക്കിയ പ്രക്ഷോഭകാരികളില്‍, പശ്ചിമാഫ്രിക്കയിലും പൂർവയൂറോപ്പിലും അരങ്ങേറിയ പുഷ്പവിപ്ലവങ്ങളില്‍, നർമദാതീരത്തും കൂടംകുളത്തും പ്ലാച്ചിമടയിലും ചെങ്ങറയിലും മൂന്നാറിലും എന്മകജെയിലും ഉയര്‍ന്ന കറുപ്പുകൊടികളില്‍, നിര്‍ഭയയുടെയും തുടര്‍ന്ന് ഉന്നാവിലും മറ്റുമുണ്ടായ ക്രൂരമായ ബാലാത്സംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന സ്ത്രീശബ്ദങ്ങളില്‍, ജിഗ്നേഷ് മേവാനിയും ചന്ദ്രശേഖര്‍ ആസാദും ആനന്ദ് തെല്‍തുംബ്ടെയും പാർശ്വവത്കൃതരായ ദലിതർക്കുവേണ്ടി ഉയര്‍ത്തിയ മുദ്രാവാക്യങ്ങളില്‍, പ്രകാശ് അംബേദ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ നയിച്ച ഭീമ- കൊറേഗാവ് പ്രതിഷേധത്തില്‍, മഹാരാഷ്ട്രയിലെയും തമിഴ്നാട്ടിലെയും കര്‍ഷകര്‍ നടത്തിയ റാലികളിലും പ്രതിഷേധങ്ങളിലും, സ്വന്തം നാട്ടില്‍ ഭ്രഷ്ടരാക്കപ്പെട്ട ഫലസ്തീനികളുടെയും റോഹിങ്ക്യകളുടെയും ഉയ്ഗൂറുകളുടെയും രോഷാകുലമായ ദൈന്യതയില്‍, ഹോങ്കോങ്ങിലെയും കശ്മീരിലെയും സ്വാതന്ത്ര്യപ്രിയരായ മനുഷ്യരുടെ എതിര്ശബ്ദങ്ങളില്, എല്‍.ജി.ബി.ടി സമൂഹത്തിെൻറ വിവേചന വിരുദ്ധസമരങ്ങളില്‍, തല്ലിക്കൊലകള്‍ നടത്തുന്ന ഗോരക്ഷകര്‍ക്കെതിരെ പൊങ്ങിയ എതിര്ശബ്ദങ്ങളില്, ന്യൂനപക്ഷപീഡനത്തിനെതിരെ മുഴങ്ങുന്ന മതേതരമനുഷ്യത്വത്തിെൻറ ഭാഷണങ്ങളില്‍. ഇപ്പോഴിതാ, ഇന്ത്യയിലെ പൗരത്വബില്ലിനെതിരെ, മുേമ്പ തന്നെ ദുരധികാരത്തിന്നെതിരെ കലാപങ്ങളുടെ ഒരു പരമ്പര അരങ്ങേറിയിരുന്ന ജാമിഅയിലും അലീഗഢിലും ജെ.എന്‍.യുവിലും ഐ.ഐ.ടികളിലും മുതല്‍ ഇന്ത്യയെമ്പാടുമുള്ള തെരുവുകളില്‍ വരെ, പ്രതിഷേധിക്കുന്ന യുവതീയുവാക്കള്‍ അധികാരോന്മുഖ ഭരണകൂടത്തെ വിറപ്പിച്ചുകൊണ്ട്, മരിക്കാന്‍വരെ തയാറായി അണിചേരുന്നു.
പൗരത്വ ഭേദഗതിനിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ തുടങ്ങിയ വിവേചനപരവും ഭരണഘടനയുടെ മൂലതത്ത്വങ്ങള്‍ക്ക് വിരുദ്ധവുമായ നീക്കങ്ങള്‍ക്കെതിരെ ഇപ്പോള്‍ നാടെമ്പാടും നടക്കുന്ന പ്രക്ഷോഭം മോദി സര്‍ക്കാറിനെ മുെമ്പങ്ങുമില്ലാത്തവിധം ഭയപ്പെടുത്തുന്നുണ്ടെന്നുവേണം കരുതാന്‍. ആ പരിഭ്രമമാണ് ഡല്‍ഹിയിലെ പൊലീസ് ബാരിക്കേഡുകളിലും മെട്രോ സ്റ്റേഷനുകള്‍ അടച്ചിടുന്നതിലും പ്രകടനങ്ങള്‍ തടയുന്നതിലും പൊതുസ്ഥലങ്ങളിലെ യോഗങ്ങള്‍ തടയാനായി നടപ്പാക്കുന്ന 144 ലും ജാമിഅയിലും മറ്റും നടന്ന പോലുള്ള നിർദയമായ പൊലീസ് ആക്രമണങ്ങളിലും ആദിത്യനാഥിെൻറ ഉത്തര്‍പ്രദേശില്‍ അധികവും സര്‍ക്കാറിെൻറ പിണിയാളുകള്‍ തന്നെ നടത്തിയ, അക്രമങ്ങളുടെ പേപറഞ്ഞു നടത്തിയ അരുംകൊലകളിലും (ഞാന്‍ ഇതെഴുതുമ്പോള്‍ 44 പേര്‍ വെടിവെപ്പില്‍ മരിച്ചു കഴിഞ്ഞു) വീട് കയറിയുള്ള നിരപരാധികളായ വൃദ്ധര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങളിലും കൂടി ആവിഷ്കരിക്കപ്പെടുന്നത്. ഈ നിയമങ്ങളെക്കുറിച്ച് ഇതിനകംതന്നെ സര്‍ക്കാര്‍ അനേകം നുണകള്‍ പറഞ്ഞുകഴിഞ്ഞു; അവയെല്ലാം ഉടനുടന്‍ തുറന്നു കാട്ടപ്പെടുകയും ചെയ്തു.
ഈ നിയമം ഇന്ത്യന്‍ മുസ്ലിംകള് ഉള്‍പ്പെടെയുള്ള ജനങ്ങളെ ബാധിക്കില്ല, തടവുകേന്ദ്രങ്ങള്‍ എങ്ങും തുറന്നിട്ടില്ല, ഇത് പുറത്തുനിന്നുള്ള അഭയാര്‍ഥികള്‍ക്ക് ഇന്ത്യ നല്‍കുന്ന സൗജന്യമാണ്, പഴയ സര്‍ക്കാറുകളുടെ തീരുമാനം നടപ്പിലാക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നത്, പൗരത്വം തെളിയിക്കാന്‍ രേഖകള്‍ ഒന്നും ചോദിക്കുകയില്ല, ഇങ്ങനെ എത്രയോ അസത്യങ്ങള്‍ പ്രതിരോധത്തിലായ സര്‍ക്കാറിന് പറയേണ്ടി വന്നു. അസമില്‍ എന്‍.ആര്‍.സി നടപ്പാക്കിയപ്പോള്‍ പൗരത്വം നഷ്ടപ്പെട്ടവരില്‍ ഭൂരിപക്ഷവും ഹിന്ദുക്കളായിരുന്നു എന്നും അപ്പോഴാണ് നിയമം പുനര്‍വിചാരത്തിന് വിധേയമാക്കിയതെന്നും അവര്‍ ജനങ്ങളോട് പറഞ്ഞില്ല. ഇപ്പോഴുള്ള തിരിച്ചറിയല്‍ രേഖകള്‍ - ആധാര്‍, വോട്ടര്‍ ഐഡൻറിറ്റി കാര്‍ഡ്, പാസ്പോര്‍ട്ട് , ഡ്രൈവിങ് ലൈസന്‍സ്- ഇതൊന്നും പൗരത്വം തെളിയിക്കാന്‍ മതിയാവില്ലെന്നു പറയുന്നതിെൻറ യുക്തി അവര്‍ വിശദീകരിച്ചില്ല. മാതാപിതാക്കളുടെ ജനനരേഖകള്‍ കാണിക്കുകയെന്നത് എല്ലാ മതങ്ങളിലും പെട്ട പാവങ്ങള്‍ക്കു മാത്രമല്ല, മധ്യവർഗത്തില്‍ പെട്ട ഇന്ത്യക്കാർക്കു പോലും എത്ര പ്രയാസമാണെന്ന്, ഇന്ത്യന്‍ ഓഫിസുകളിലെ രേഖസൂക്ഷിപ്പ് എത്ര ദയനീയമാണെന്ന്, സര്‍ക്കാര്‍ പറഞ്ഞില്ല.
എങ്ങനെയാണ് ഇന്ത്യയുടെ ‘തൊട്ടുകിടക്കുന്ന പ്രദേശങ്ങളെ’ തിരഞ്ഞെടുത്തതെന്ന്, നേപ്പാളും ശ്രീലങ്കയും ചൈനയും മ്യാന്മറും അവയില്‍നിന്ന് ഒഴിവാകുകയും അഫ്ഗാനിസ്താന് അവയില്‍ ഉള്‍പ്പെടുകയും ചെയ്തതെന്ന്, എങ്ങനെയാണ് മറ്റെല്ലാ മതങ്ങളുടെയും പേരുപറഞ്ഞ് മുസ്ലിംകളെ മാത്രം അഭയാര്‍ഥിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതെന്ന്, പാകിസ്താനില്‍നിന്നു വരുന്ന അഹ്മദികള്ക്കും ശിയാക്കള്‍ക്കും മ്യാന്മറില്‍നിന്നു വരുന്ന റോഹിങ്ക്യകള്‍ക്കും ശ്രീലങ്കയില്‍നിന്നു വരുന്ന തമിഴര്‍ക്കും വംശം, ഭാഷ, രാഷ്ട്രീയം മുതലായ മതപരമല്ലാത്ത കാരണങ്ങളാല്‍ അഭയംതേടേണ്ടി വരുന്നവര്‍ക്കും എന്തുകൊണ്ട് പൗരത്വം നിഷേധിക്കപ്പെടണമെന്ന് അവര്‍ വിശദീകരിച്ചില്ല. ദേശം മുഴുവന്‍ പൗരത്വപ്പരീക്ഷ നടത്താന്‍ എത്ര കോടി രൂപ വേണ്ടിവരും എന്നുപറഞ്ഞില്ല.
ഇന്ത്യ അവര്‍തന്നെ നോട്ടു പിന്‍വലിക്കലും ജനങ്ങളുടെ പണമെടുത്തു കോർപറേറ്റുകളുടെ വായ്പ എഴുതിത്തള്ളലും മറ്റും വഴി സൃഷ്ടിച്ച കഠിനമായ സാമ്പത്തികപ്രതിസന്ധിയിലും രൂക്ഷമായ തൊഴിലില്ലായ്മയിലും വിദ്യാഭ്യാസത്തകര്‍ച്ചയിലും കൂടി കടന്നുപോകുമ്പോള്‍ ബുള്ളറ്റ് ട്രെയിനുകളും കൂറ്റന്‍ പ്രതിമകളും പോലെ തന്നെ ഈ പൗരത്വക്കണക്കെടുപ്പും എത്ര അശ്ലീലവും അപകടകരവുമാണെന്ന് അവര്‍ നമ്മോടു പറഞ്ഞില്ല. ഇപ്പോള്‍, ആറു വര്‍ഷത്തെ ദുര്‍ഭരണത്തില്‍ സഹികെട്ട ജനങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങുമ്പോള്‍ തോക്കും ലാത്തിയുമായി അവരെ നേരിടാമെന്ന് ജനവിരുദ്ധസര്‍ക്കാര്‍ വ്യാമോഹിക്കുന്നു. ഇപ്പോള്‍ നടക്കുന്ന യുവജനകമ്പനം പ്രത്യക്ഷത്തില്‍ പൗരത്വ രജിസ്റ്ററിനു എതിരായിരിക്കെത്തന്നെ ഈ സര്‍ക്കാര്‍ ഇന്ത്യക്കു വരുത്തിവെച്ച പലതരം കെടുതികള്‍ക്കും ജനാധിപത്യ-പൗരാവകാശ നിഷേധങ്ങളിലൂടെയും വ്യക്തികളെപ്പോലും ഭീകരവാദികളാക്കുന്ന കരിനിയമങ്ങളിലൂടെയും വിവരാവകാശനിഷേധത്തിലൂടെയും ഉണ്ടാക്കിയ സാർവദേശീയ മാനക്കേടിനും ഭൂരിപക്ഷവാദത്തിനും ഫാഷിസ്റ്റ് പ്രവണതകള്‍ക്കും എതിരായ പ്രതിഷേധം കൂടിയാണ്.
ഇത് സങ്കുചിത പ്രത്യയശാസ്ത്രങ്ങൾക്കെല്ലാം കുറുകെപ്പോകുന്ന, എല്ലാ സ്വാതന്ത്ര്യപ്രേമികള്‍ക്കും ഭരണഘടനവിശ്വാസികള്‍ക്കും ഇടമുള്ള, ഗാന്ധിയന്‍ നിസ്സഹകരണത്തിലും സർവമത സാഹോദര്യത്തിലും ജനകീയ ജനാധിപത്യസങ്കൽപത്തിലും അടിയുറച്ച ജനതതിയുടെ ജൈവരാഷ്ട്രീയമാണ്. ചിലിയന്‍ പ്രസിഡൻറ് പിനോഷെക്കും തുര്‍ക്കിയിലെ ഉർദുഗാനും അമേരിക്കയിലെ ട്രംപിനും ഇംഗ്ലണ്ടിലെ ബോറിസ് ജോണ്‍സണും ഹംഗറിയിലെ വിക്തോര്‍ ഓര്‍ബാനും പോലെ ജനവിരുദ്ധ രാഷ്ട്രീയം നടപ്പാക്കുന്ന എല്ലാ ജനവിരുദ്ധരാഷ്ട്രീയക്കാര്ക്കും എതിരായ ഒരു താക്കീതാണ്; വിദ്വേഷത്തിെൻറ രാഷ്ട്രീയത്തിനെതിരെ സ്നേഹത്തിെൻറയും ഐക്യത്തിെൻറയും ജനാധിപത്യത്തിെൻറയും സ്വാതന്ത്ര്യത്തിെൻറയും രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന, സ്വേച്ഛാധിപതികളുടെ ഉറക്കംകെടുത്തുന്ന, ഈ യുവകലാപമാണ് അടുത്ത ദശകത്തിെൻറ ലോകഗതി തീരുമാനിക്കാന്‍ പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.