പ്രതീകാത്മക ചിത്രം

ആംബുലൻസ് ചീറിപ്പായുകയാണ്... മോന്റെ നിറം കറുപ്പായിരുന്നു അപ്പോൾ; ഓക്സിജൻ അളവും കുറഞ്ഞു -പിഞ്ചുമകന്റെ ഓർമകൾ പങ്കുവെച്ച് ഒരമ്മ

''അന്നാണ് ഞാൻ ആദ്യമായി ആംബുലൻസിൽ കയറുന്നത്. അവന്റെ ശരീരം കറുപ്പ് നിറമായിരുന്നു. ഓക്സിജൻ കുറഞ്ഞുപോയത് കൊണ്ടാണത്രെ അത്. ആംബുലൻസ് ചീറിപ്പായുകയാണ്. ഇടക്ക് ആംബുലൻസിലെ ഓക്സിജനും തീർന്നു പോയി. ഞങ്ങളുടെ ആധി കൂടി...​പിഞ്ചു മകന്റെ ഓപറേഷനു ശേഷം വീണ്ടും ആശുപത്രിയിലെത്തിയ അനുഭവം വിവരിക്കുകയാണ് ബ്ലോഗർ സീനത്ത് നിഷാദ്.

പൂർണ ആരോഗ്യമുള്ള ഒരു കുഞ്ഞിനായാണ് അമ്മമാർ പ്രാർഥിക്കുക. ജനിച്ചാൽ കുഞ്ഞിന് കുഴപ്പമൊന്നുമില്ലല്ലോ എന്ന ചോദ്യമാണ് അവരിൽ നിന്ന് ആദ്യമുയരുക. ചിലപ്പോഴെങ്കിലും ചില പരീക്ഷണങ്ങൾ അമ്മമാർ നേ​രിടേണ്ടി വരാറുണ്ട്. അത്തരത്തിൽ ത​ന്റെ മകനെ കുറിച്ചുള്ള ഓർമകളാണ് സീന പങ്കുവെക്കുന്നത്. അമ്മയായതിനു ശേഷം താൻ നേരിട്ട പരീക്ഷണങ്ങളെ കുറിച്ച് പലപ്പോഴായി സീന എഴുതിയിട്ടുണ്ട്. ജനിച്ച് മാസങ്ങൾ പോലും തികയുന്നതിനു മുമ്പ് തൊട്ടിലിൽ കിടത്തിയ കുഞ്ഞിന് അപസ്മാരം വന്നപ്പോഴുണ്ടായ അനുഭവമാണ് അവർ എഴുതുന്നത്.

കുറിപ്പിന്റെ പൂർണ രൂപം:

മോന് ഓപ്പറേഷൻ ഒക്കെ കഴിഞ്ഞ് ഡിസ്ചാർജ് വാങ്ങി വീട്ടിൽ പോകാൻ നേരം ഡോക്ടർ ഓർമ്മിപ്പിച്ചു, തൂക്കം കൂടിയാൽ ബി സി ജി അടുത്ത ആഴ്ച കൊടുക്കാമെന്ന്. തൂക്കം കൂടാനായി പാൽ നേരിട്ട് കുടിപ്പിക്കുന്നതിലും നല്ലത് പിഴിഞ്ഞു കൊടുക്കുന്നതാണ്. അതൊക്കെ കേട്ട് ഞാൻ വീട്ടിൽ എത്തി. ഒരാഴ്ച രാവും പകലും ഇല്ലാതെ മോനെ നോക്കി. ഓരോ മണിക്കൂറിലും പാൽ കൊടുത്തു. ഒരു പ്രാവശ്യം നേരിട്ട് കുടിപ്പിക്കുകയാണെങ്കിൽ അടുത്ത പ്രാവശ്യം പിഴിഞ്ഞു കൊടുത്തു.

ഒരാഴ്ച്ച കടന്നു പോയി. ഡോക്ടർ തൂക്കം നോക്കിയപ്പോൾ തൂക്കം നന്നായി കൂടിയിട്ടുണ്ട്. അങ്ങനെ ബിസിജി കൊടുത്തു. മോന് നല്ല കരച്ചിൽ ആയിരുന്നു. വീട്ടിൽ എത്തീട്ടും കരച്ചിൽ നിൽക്കുന്നില്ല. രാത്രി ഏറെ വൈകിട്ടും മോന് ഉറങ്ങുന്നില്ല. മോനെ തൊട്ടിലിൽ ഇട്ട് ആട്ടിയിട്ടും ഉറങ്ങാതായപ്പോൾ ഞാൻ ഒന്ന് വെള്ളം കുടിക്കാൻ അടുക്കള വരെ പോയതാണ്. ഒരു ഞെട്ടലിൽ ആണ് ഞാൻ ആ വിറക്കുന്ന മോന്റെ ശബ്ദം കേട്ടത്. ആദ്യം കരുതിയത് എന്തോ പാമ്പ് തൊട്ടിലിൽ കേറി എന്നാണ്. ചുറ്റിലും ഇരുട്ട് ആണ്. ഒരു നിമിഷം ഞാൻ ആലോചിച്ചു പോയി. പിന്നെ ഓടി പോയി എന്റെ മോനെ എടുത്തു. മോന് ആകെ മരവിച്ചത് പോലെ. മോനെ മോനെ എന്ന് ഞാൻ ഉറക്കെ വിളിച്ചു. എന്റെ ആങ്ങള ഓടി വന്നു. മോനെയും എടുത്ത് ഞങ്ങൾ ഹോസ്പിറ്റലിൽ പോയി.

മോന് അപസ്മാരം വന്നതാണ് എന്ന് ഡോക്ടർ പറഞ്ഞു. ആ ഹോസ്പിറ്റലിൽ കൂടുതൽ സൗകര്യം ഇല്ലാത്തത് കൊണ്ട് ഞങ്ങളോട് പി വി എസ് ഹോസ്പിറ്റലിലേക്ക് പോകാൻ പറഞ്ഞു. അതും ആംബുലൻസിൽ. ബേജാറോടെ അന്ന് ആദ്യമായി ആംബുലൻസിൽ കേറി. മോന് ഓക്സിജൻ കൊടുക്കുന്നുണ്ട്. മോന്റെ ശരീരം ആകെ കറുപ്പ് കളർ ആയിരുന്നു. ഓക്സിജൻ കുറഞ്ഞു പോയത് കൊണ്ടാണ് അങ്ങനെ ആയത്. ആംബുലൻസ് ചീറി പായുകയാണ്.

ഇടക്ക് ആംബുലൻസിൽ ഓക്സിജൻ തീർന്നു പോയി. വീണ്ടും വല്ലാത്ത ബേജാറായി. തൊട്ടടുത്ത ഹോസ്പിറ്റലിൽ കേറി ഓക്സിജൻ കൊടുത്തു. അവിടെ നിന്ന് മോനെ ഡോക്ടർസ് ചെക്ക് ചെയ്തു. ആംബുലൻസിൽ തന്നെ പിവിസ് ഹോസ്പിറ്റലിലേക്ക് പോകാൻ ഡോക്ടർ പറഞ്ഞു. അങ്ങനെ മറ്റൊരു ആംബുലൻസിൽ പിവിസ് ഹോസ്പിറ്റലിലേക്ക്. അവിടെ എത്തിയപ്പോൾ മോനെ അവര് എൻ ഐ സി യൂ വിൽ അഡ്മിറ്റ്‌ ചെയ്തു. ഞാനും ആങ്ങളയും പുറത്ത് കാത്തിരുന്നു. മോന്റെ കരച്ചിൽ ഇങ്ങനെ കേൾക്കുന്നുണ്ട്. അവനെ ഓടി പോയി എടുക്കാൻ മനസ്സ് വെമ്പുന്നു. അപ്പോഴേക്കും എന്റെ നല്ല പാതിയും എത്തി. പിന്നെ ഡോക്ടർ പുറത്തേക്ക് വന്നു. മോന് അപസ്മാരം ആണ് ഉണ്ടായത്. ഇത് ഏത് ടൈപ്പ് അപസ്മാരം ആണ് വന്നത് എന്ന് ചെക്ക് ചെയ്യണം. മോന് നീരീക്ഷണത്തിൽ ഇരിക്കട്ടെ പറഞ്ഞു. പാൽ പിഴിഞ്ഞു കൊടുത്താൽ മതി എന്നും പറഞ്ഞു.

എന്താണ് ഈ അപസ്മാരം? ഞാൻ പലരും പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ആദ്യമായി ആണ് അപസ്മാരം കാണുന്നത്. ഡോക്ടറോട് ഞാൻ കാര്യങ്ങൾ ചോദിച്ചു മനസിലാക്കാൻ തീരുമാനിച്ചു. "ഡോക്ടർ എന്താണ് ഈ അപസ്മാരം?" ഡോക്ടർ എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കീട്ട് ഒപി യിലേക്ക് ചെല്ലാൻ പറഞ്ഞു. ഞാൻ അവിടെ ചെന്നപ്പോൾ ഡോക്ടർ എനിക്ക് വിശദമായി പറഞ്ഞു തന്നു. തലച്ചോറിലെ വൈദ്യുതി പ്രവാഹത്തിന്‍റെ തോതിലുള്ള വ്യത്യാസത്തിനനുസരിച്ച് ശരീരം പ്രകടിപ്പിക്കുന്ന മാറ്റങ്ങളാണ് അപസ്മാരം. ആണോ? ഞാൻ പറഞ്ഞു, ഇത് ജിന്ന് കൂടിയതാണ് എന്നാണ് ഉമ്മ പറഞ്ഞത്.

അതെ ഇത് പ്രേതബാധമൂലമാണെന്ന് ഇപ്പോഴും കരുതുന്ന ആളുകളുണ്ട്. ഇത് ശരീരത്തെ മുഴുവനും ബാധിക്കുന്നതോ ഏതെങ്കിലും ഒരു ഭാഗത്തെ ബാധിക്കുന്നതോ ആകാം. അപൂർവ അവസരങ്ങളിൽ സാധാരണ കാണുന്നതുപോലെ ശരീരത്തിെൻറ ചലനത്തെ ബാധിക്കാതെ മറ്റുവിധത്തിലും ഇത് കണ്ടുവരാറുണ്ട്.

ഞാൻ ഡോക്ടർ പറയുന്നത് ശ്രദ്ധിച്ചു കേട്ടിരുന്നു. കുട്ടികളിലാണ് അപസ്മാര രോഗം കൂടുതൽ. 60 വയസ്സ് കഴിഞ്ഞവരിലും ഇത് കണ്ടുവരാറുണ്ട്. കുട്ടികളിലെ തലച്ചോറിന്റെ പ്രവർത്തനത്തിന്റെ പ്രത്യേകത മൂലമാണ് അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിൽ കൂടുതലായി രോഗം കാണാൻ കാരണം.

കുട്ടികളിൽ കാണുന്നത് ഒരു പ്രധാനതരത്തിലുള്ള അപസ്മാരരോഗമാണ്. പനിയുടെ കൂടെയുണ്ടാകുന്ന ഞെട്ടൽ. അഞ്ചു ശതമാനം കുട്ടികളിൽ വരെ ഇത് കാണാം. ഇതിൽ 30 ശതമാനത്തിൽപരം കുട്ടികളിൽ ഒന്നിൽകൂടുതൽ തവണ ഈ ഞെട്ടൽ കാണാം. ഇത് അപസ്മാരം പോലെ തോന്നാമെങ്കിലും സാധാരണയായി ഇത് അപസ്മാര രോഗമായി മാറാറില്ല. കുട്ടികളുടെ തലച്ചോറിെൻറ വളർച്ച പൂർത്തിയാവുന്നതിനാൽ അഞ്ചുവയസ്സിനുശേഷം ഈ രോഗം കാണാറില്ല.

അപസ്മാരരോഗം വന്ന കുട്ടിയെ ഒരു വശത്തേക്ക് തിരിച്ചു കിടത്തണം. മുഖവും വായയും മൂടാതെ ശ്രദ്ധിക്കണം. പറ്റുമെങ്കിൽ പനിയുടെ മരുന്ന് വായിലൂടെയോ മലദ്വാരത്തിലൂടെയോ വെക്കാം. ഇളംചൂടുവെള്ളത്തിൽ ശരീരം മുഴുവൻ ഒരു തോർത്തുമുണ്ടുകൊണ്ട് തുടച്ചാൽ പനി പെട്ടെന്ന് കുറക്കാൻ സാധിക്കും.

സാധാരണയായി പനികൊണ്ടുള്ള ഞെട്ടലിന് സ്ഥിരമായി മരുന്ന് കൊടുക്കേണ്ട ആവശ്യമില്ല. ഇത്തരം കുട്ടികൾക്ക് രക്തക്കുറവ് ഉണ്ടെങ്കിൽ അതിന് മരുന്ന് കൊടുത്താൽ അപസ്മാരം വരാനുള്ള സാധ്യത കുറവായി കാണുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

അപസ്മാരംപോലെ തോന്നിക്കുന്ന മറ്റുപല രോഗാവസ്ഥകളിൽ 20 ശതമാനം വരെ കുട്ടികളെ അപസ്മാരരോഗികളായി തെറ്റിദ്ധരിച്ച് ചികിത്സിക്കാറുണ്ട്. അതുപോലെത്തന്നെ ചില പ്രത്യേകതരം അപസ്മാര രോഗങ്ങൾ കുട്ടികളുടെ സ്വഭാവവ്യതിയാനം, പഠിക്കാനുള്ള മടിയായി കരുതി ചികിത്സിക്കാതെ വെറുതെ വിടാറുമുണ്ട്. ഉദാഹരണത്തിന്, നാല്–എട്ട് വയസ്സിലുള്ള കുട്ടികളുടെ പ്രത്യേക തരത്തിലുള്ള അപസ്മാരം പലപ്പോഴും ക്ലാസിൽ ശ്രദ്ധക്കുറവും പഠിക്കാനുള്ള മടിയും മൂലമാണെന്ന് മാതാപിതാക്കളും അധ്യാപകരും തെറ്റിദ്ധരിക്കാറുണ്ട്.

"മനസിലായോ?" ഡോക്ടർ എന്നോട് ചോദിച്ചു.

"ഞാൻ എന്തൊക്കെ കാര്യങ്ങൾ ഇനി ശ്രദ്ധിക്കണം?"

ഡോക്ടർ പിന്നെയും പറഞ്ഞു തുടങ്ങി.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

സംശയത്തിന്റെ പേരിൽ ചികിത്സിക്കരുത്. രോഗം ഉറപ്പുവരുത്തിയ ശേഷം മാത്രം ചികിത്സിക്കുക. അഞ്ചുവയസ്സിന് താഴെ പനി വരുമ്പോൾ കണ്ടുവരുന്ന അപസ്മാരത്തിന് സ്ഥിരമായ ചികിത്സ ആവശ്യമില്ല. ഡോക്ടർ പറഞ്ഞ കാലാവധി മുഴുവനും മരുന്ന് കഴിക്കണം. ഇത് 24 മുതൽ 36 വരെ മാസം കഴിക്കേണ്ടി വരും. മരുന്ന് കഴിക്കുമ്പോൾ രണ്ടുമൂന്ന് മാസത്തിനുള്ളിൽ അപസ്മാരം നിൽക്കാം. ഇതോടുകൂടി മരുന്ന് ഒരിക്കലും നിർത്തരുത്. ഇങ്ങനെ പെട്ടെന്ന് മരുന്ന് നിർത്തിയാൽ അപകടകരമായ അപസ്മാരം ഉണ്ടാകുകയും മരണം വരെ സംഭവിക്കുകയും ചെയ്യാം.

അപസ്മാരത്തിനുള്ള കുപ്പി മരുന്നാണെങ്കിൽ നന്നായി കുലുക്കി ഉപയോഗിക്കണം. അല്ലെങ്കിൽ കുപ്പിയുടെ താഴെ മരുന്ന് അടിഞ്ഞു കൂടി മരുന്നിന്റെ അളവ് തെറ്റിപ്പോകാം. സ്കൂളിൽ പോകുന്ന കുട്ടികൾക്ക് മരുന്ന് സമയാസമയം കൊടുക്കാൻ മറക്കരുത്. യാത്ര ചെയ്യുമ്പോഴും മരുന്ന് കൂടെ കൊണ്ടുപോകാൻ മറക്കരുത്. ഡോക്ടർ പറയുന്നതു പോലെ രണ്ടുമൂന്ന് മാസത്തിൽ കുട്ടിയെ ഡോക്ടറെ കാണിക്കണം. ഇത് മരുന്നിെൻന്നിന്റെ അളവ് കുട്ടിയുടെ തൂക്കത്തിനനുസരിച്ച് മാറ്റം വരുത്താനും അപൂർവമായി മരുന്നുകൊണ്ടുള്ള പാർശ്വഫലങ്ങൾ നേരത്തേ മനസ്സിലാക്കാനും സഹായിക്കുന്നു.

അപസ്മാരത്തിന്റെ എല്ലാ മരുന്നിനും ചെറിയ തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ട്. അതിനാൽ, അപ്രതീക്ഷിതമായ പല മാറ്റങ്ങളും (തൊലിയിൽ തടിപ്പ്, ചൊറിച്ചിൽ, പെട്ടെന്നുള്ള നീര് എന്നിവ) കണ്ടാൽ മരുന്ന് ഉടൻ നിർത്തി ഡോക്ടറെ സമീപിക്കണം. അപസ്മാരം ഉണ്ടായാൽ പ്രഥമശുശ്രൂഷ നൽകി ഉടനെ ഡോക്ടറെ കാണിക്കേണ്ടതാണ്. ഒരു അപസ്മാര ഡയറി (Epilepsy Diary) എഴുതിക്കുന്നത് നല്ലതാണ്. ഇതിൽ കുട്ടികൾക്ക് അപസ്മാരം വരുന്ന തീയതി, സമയം, അപസ്മാരത്തിന്റെ സമയപരിധി (Duration) തുടങ്ങിയവ രേഖപ്പെടുത്താം. ഡോക്ടറെ വേറെ അസുഖത്തിനു വേണ്ടി കാണിക്കാൻ കൊണ്ടുപോകുമ്പോൾ കുട്ടി കഴിക്കുന്ന അപസ്മാരത്തിെൻറ മരുന്നിെൻറ കുറിപ്പും കൊണ്ടുപോകണം.

മറ്റുചില മരുന്നുകൾ അപസ്മാരത്തിനുള്ള മരുന്നിന്റെ കൂടെ കഴിക്കുമ്പോൾ പാർശ്വഫലങ്ങൾ കൂടുമെന്നതിനാലാണ് ഇത്. സ്കൂളിലെ ക്ലാസ് ടീച്ചറെ കുട്ടിയുടെ രോഗവിവരത്തെക്കുറിച്ച് അറിയിക്കുന്നത് നല്ലതാണ്. അപകടം ഉണ്ടാകാൻ സാധ്യതയുള്ള ചുറ്റുപാടിൽ കുട്ടിയെ തനിച്ച് വിടരുത്. ഉദാ. തിരക്കേറിയ റോഡുകൾ, നീന്തൽക്കുളം. അപസ്മാര രോഗത്തിെൻറ മരുന്നുകൾ അമ്മ എടുത്തു കൊടുക്കണം. കുട്ടി സ്വയം എടുത്തുകഴിക്കാൻ പാടുള്ളതല്ല.

അപസ്മാരരോഗം സാധാരണയായി കുട്ടിയുടെ ബുദ്ധിവളർച്ചയെ ബാധിക്കാറില്ല. ബുദ്ധിവളർച്ചയിലെ മാറ്റങ്ങൾ കൂടുതലായും തലച്ചോറിന്റെ വളർച്ചയുടെ അപാകതകൾ കൊണ്ടായിരിക്കാം. അപസ്മാര രോഗത്തിെൻറ മരുന്ന് കഴിക്കുമ്പോൾ തുടക്കത്തിൽ അൽപം ക്ഷീണം അനുഭവപ്പെടാം. ഇപ്പോൾ വിപണിയിൽ ഇത്തരം പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നുകളും ലഭ്യമാണ്.

കുട്ടിയുടെ നവജാതകാലം (ജനിച്ച ദിവസം മുതൽ 28 ദിവസം വരെ) അപസ്മാര രോഗത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്നതാണ്. സുഗമമായ പ്രസവം, ആവശ്യമായ തൂക്കം (2.5–4 കി.ഗ്രാം), പ്രസവിച്ച ഉടനെയുള്ള ശിശുവിന്റെ കരച്ചിൽ, സാധാരണ തോതിൽ രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് തുടങ്ങിയവ ഉറപ്പുവരുത്തണം. മെച്ചപ്പെട്ട നവജാതശിശു പരിപാലനം കൊണ്ട് ഇത്തരത്തിലുള്ള അപസ്മാരരോഗം ഗണ്യമായി കുറഞ്ഞുവരുന്നുണ്ട് എന്നത് ആശ്വാസകരമാണ്. യഥാസമയം കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം. അഞ്ചാംപനി തുടങ്ങിയ പ്രതിരോധ കുത്തിവെപ്പുകൾ തലച്ചോറിനെ ബാധിക്കുന്ന മാരകമായ അസുഖങ്ങളിൽനിന്ന് സംരക്ഷണം നൽകുകയും അവമൂലമുണ്ടാകുന്ന അപസ്മാരം (Secondary Epilepsy) കുറക്കുകയും ചെയ്യും.

ഞാൻ ഡോക്ടറുടെ റൂമിൽ നിന്നു തിരിച്ചു നടന്നു. വല്ലാത്തൊരു ആശ്വാസം. ഒരു മോളെ പോലെ ഡോക്ടർ എല്ലാം പറഞ്ഞു തന്നു. ഞാൻ ഒന്ന് മോനെ നനച്ചു തുടച്ചാൽ മതിയായിരുന്നു. മോനെ കാണാൻ വല്ലാത്ത ആഗ്രഹം തോന്നി. പലപ്പോഴും അവന്റെ കരച്ചിൽ ഞാൻ കേൾക്കാറുണ്ടായിരുന്നു. ഓടി പോയി എടുക്കാൻ എന്റെ മനസ്സ് വെമ്പുമായിരുന്നു. ഒരു ദിവസം അവന് ഇൻജെക്ഷൻ ഇടാൻ വേണ്ടിട്ട്, ഞരമ്പ് കിട്ടായിട്ട് ഡോക്ടർസ് ഒരു മണിക്കൂറോളം കുത്തി. അപ്പം അവന്റെ കരച്ചിൽ എന്നിലെ ഉമ്മയ്ക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.

ഭർത്താവ് എന്നെ പരമാവധി അശ്വസിപ്പിക്കുന്നുണ്ട്. പക്ഷെ എനിക്ക് അതൊന്നും ആശ്വാസമാകുന്നില്ല. ഇടക്ക് സിസ്റ്റർ വീഡിയോ കാൾ വിളിച്ചു മോനെ കാണിച്ചു തരുന്നുണ്ട്. അവന് എന്നെ മറന്നു പോയോ എന്ന് പോലും എനിക്ക് തോന്നി. അവൻ കളിക്കുന്നു. ചിരിക്കുന്നു. അങ്ങനെ എന്തൊക്കെയോ...വെള്ള വസ്ത്രം ഇട്ട ആരെ കണ്ടാലും അവൻ കരയുന്നുണ്ട് എന്ന് പറഞ്ഞു.

ദിവസങ്ങൾ കടന്നു പോയി. അവനെ ഡിസ്ചാർജ് ചെയ്തു. അവന് ഞാൻ നേരിട്ട് പാൽ കൊടുത്തു. എനിക്ക് ഒരുപാട് സന്തോഷം തോന്നി.പലപ്പോഴും കിതച്ചു കയറുന്ന കയറ്റമാണ് ജീവിതം! ചിലപ്പോഴൊക്കെ , കുത്തനെയുള്ളൊരു ഇറക്കവും.

എന്റെ കുഞ്ഞിനോടൊപ്പമുള്ള ഈ യാത്രയിൽ ആകാശത്തിന്റെ ഒരു കീറ് കൈയിൽ കരുതി. ഇത്തിരി നിലാവും കുറച്ച് നക്ഷത്രങ്ങളും അതിൽ ഉണ്ടായിരിന്നു. അങ്ങനെ എത്ര ദിനരാത്രങ്ങൾ കടന്നു പോയി. നാല് ഓപ്പറേഷൻ. പിന്നീട് തുടർച്ചയായി കുറച്ചു കാലം ഞാനും മോനും കരച്ചിൽ മാത്രമായിരുന്നു. അവൻ ഐ സി യൂ വിലും ഞാൻ പുറത്തും.

ഓരോ തവണ ഹോസ്പിറ്റലിന്റെ പടികൾ കേറി ഇറങ്ങുമ്പോൾ എന്താണാവോ ഇനി ഡോക്ടർസ് പറയുക എന്ന ചിന്തയും, ഇനി എത്ര ടെസ്റ്റുകൾ, അവന്റെ കരച്ചിൽ ഇതൊക്കെ ചിന്തിച്ചു കൊണ്ടുള്ള ആകുലതയും അപസ്മാരം വരാതിരിക്കാൻ രാത്രി പകലാക്കി കാവൽ ഇരുന്നതും ഇന്നലെ കഴിഞ്ഞ വേദനിപ്പിക്കുന്ന അനുഭവങ്ങൾ ആണ്.

എന്നെ സഹായിച്ചവർക്കും അവഗണിച്ചവർക്കും നന്ദി മാത്രം. ഇന്നലെകൾ എന്നത് എനിക്ക് ഓരോ പാഠങ്ങൾ ആയിരുന്നു. ഉൾകൊള്ളേണ്ടവ ഉൾകൊള്ളുകയും തള്ളി കളയേണ്ടവ തള്ളി കളയാനും ഞാൻ പഠിച്ചത് ഇന്നലെകളിൽ നിന്നാണ്. ദൈവം സഹായിച്ചിട്ട് ഇന്ന് എന്റെ മോന് ഏഴ് വയസ്സ് ആയി. മൈൽഡ് ഓട്ടിസം ഉണ്ട്. ഹൃദയത്തിന്റെ ഭാഷ ഞാൻ തിരിച്ചറിയുന്നുണ്ട്. അവനെ എനിക്ക് തന്ന ദൈവത്തിനോട് എന്നും നന്ദി പറയാറുണ്ട്. പിന്നിട്ട വഴികളിൽ അനുഭവിച്ച വേദനകളെല്ലാം ഇന്ന് നടന്നു നീങ്ങാനുള്ള ഊർജം ആയിരുന്നു.

ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ ഞാൻ എന്ന അമ്മ സംതൃപ്തിയിലാണ്. പക്ഷെ ചില രാത്രികളിൽ എന്റെ മോൻ നിർത്താതെ കരഞ്ഞിരുന്നു. പലരും പറഞ്ഞു കുട്ടികളായാൽ കരയും എന്ന്. അത് കൊണ്ട് ഞാൻ ഡോക്ടറിനെ ഒന്നും കാണിച്ചില്ലായിരുന്നു. എനിക്ക് നിങ്ങളോട് പറയാനുള്ളത് ഒരു കുഞ്ഞും വെറുതെ കരയില്ല. കരച്ചിൽ കുഞ്ഞുങ്ങൾക്ക് ദൈവം കൊടുത്ത ജന്മസിദ്ധമായ കഴിവ് ആണ്. അവരുടെ പ്രശ്നങ്ങൾ ഒരു കരച്ചിലിലൂടെ അമ്മയെ അറീക്കുന്നതാണ്. ചിലപ്പോൾ വയറു വേദന കൊണ്ടാവാം. ചെവി വേദന കൊണ്ടാവാം. നിങ്ങൾ കുടിക്കുന്ന നാടൻ മരുന്നുകൾ, നിങ്ങളുടെ ഭക്ഷണ രീതി, ഇതൊക്കെ കുട്ടിക്ക് ചിലപ്പോൾ അസ്വസ്ഥത ഉണ്ടാക്കാം. ചില്ലപ്പോൾ വിശന്നിട്ടാവാം. ഒരു കുഞ്ഞു കരച്ചിൽ പോലും വെറുതെ തള്ളി കളയരുത്. ഡോക്ടറെ കാണിക്കുക. ഒന്നിൽ കൂടുതൽ ഡോക്ടറിനെ കാണിക്കുക.

അമ്മമാരുടെ ജീവിതത്തിൽ കുഞ്ഞുങ്ങൾ എങ്ങനെയൊക്കെയാണ് അടയാളങ്ങൾ തീർത്തിരിക്കുന്നത്? തുടക്കങ്ങളിൽ, തുടർച്ചകളിൽ അവരങ്ങനെ അള്ളിപ്പിടിച്ചിരിക്കുന്നു. നിറഞ്ഞു കവിഞ്ഞു നിൽക്കുന്നു. കൂടുതൽ കൂടുതൽ തിരിച്ചറിവുകൾ തീർത്തുകൊണ്ടിരിക്കുന്നു. ഒടുക്കങ്ങളില്ലാതെ!

Tags:    
News Summary - blogger seena nishad tells her story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.