ഹാങ്ചോ: ചരിത്രത്തിലാദ്യമായി അഞ്ചാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമം. ലോകത്തെ ഏറ്റവും വലിയ ഭൂഖണ്ഡത്തിലെ താരങ്ങൾ പൊൻപതക്കം കഴുത്തിലണിയാൻ കായികക്കരുത്തും പ്രതിഭയും തെളിയിക്കാനിറങ്ങുന്ന ഏഷ്യൻ ഗെയിംസിന് ചൈനയുടെ സംസ്കാര സമ്പന്നമായ ക്വിയാന്റങ് നദീതീരത്തെ ഹാങ്ചോ ഒളിമ്പിക് സ്പോർട്സ് സെന്റർ സ്റ്റേഡിയത്തിൽ ശനിയാഴ്ച ഔദ്യോഗിക തുടക്കമാവും.
താമരയുടെ ആകൃതിയിൽ രൂപകൽപന ചെയ്തതിനാൽ ബിഗ് ലോട്ടസ് എന്നുകൂടി വിളിപ്പേരുള്ള സ്റ്റേഡിയത്തിൽ വർണാഭമായ ഉദ്ഘാടനച്ചടങ്ങുകളാണ് ഇന്ത്യൻ സമയം വൈകീട്ട് 5.30 മുതൽ നടക്കുക. നാല് വർഷം കൂടുമ്പോൾ സംഘടിപ്പിക്കാറുള്ള ഏഷ്യാഡ് കോവിഡ് പ്രതിസന്ധി കാരണം 2022ൽ നിന്ന് 2023ലേക്ക് മാറ്റുകയായിരുന്നു. 45 രാജ്യങ്ങളിലെ 12000ത്തിലധികം താരങ്ങളാണ് 19ാം ഗെയിംസിൽ മാറ്റുരക്കുന്നത്.
നിർമിതബുദ്ധിയുടെയും പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയുടെയും ഘടകങ്ങളുമായി രാജ്യത്തിന്റെ ആധുനിക വീക്ഷണം ആഘോഷിക്കുന്നതിനൊപ്പം ഉദ്ഘാടന ചടങ്ങ് ചൈനയുടെ സമ്പന്നമായ പൈതൃകത്തെയും അടയാളപ്പെടുത്തും. ഡിജിറ്റൽ ദീപശിഖ തെളിയിക്കുന്ന ആദ്യ വൻകര കായികമേള കൂടിയാണ് ഹാങ്ചോ ഏഷ്യൻ ഗെയിംസ്.
ദീപശിഖ വാഹകർ ഡിജിറ്റൽ തീജ്വാലകളെ ക്വിയാന്റങ് നദിയിലെ ഡിജിറ്റൽ മനുഷ്യരൂപമാക്കി മാറ്റും. ത്രീഡി അനിമേഷനും ഓഗ്മെന്റഡ് റിയാലിറ്റിയും പുകയില്ലാത്ത ഇലക്ട്രോണിക് വെടിക്കെട്ടുമായി ഒളിമ്പിക് സ്പോർട്സ് സെന്റർ സ്റ്റേഡിയം 80,000 പേർക്കിരിക്കാവുന്ന ഗാലറിയുടെയും ടി.വിയിൽ ചടങ്ങുകൾ കാണുന്ന ദശലക്ഷക്കണക്കിന് കായികപ്രേമികളുടെയും കരഘോഷം ഏറ്റുവാങ്ങും.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, കംബോഡിയൻ രാജാവ് നൊറോഡോം സിഹാമോണി, സിറിയൻ പ്രസിഡന്റ് ബശർ അൽ അസദ്, ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂ തുടങ്ങിയ രാഷ്ട്രത്തലവന്മാരും വിദേശ പ്രമുഖരും പങ്കെടുക്കും.
ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യക്ക് കീഴിൽ ഒരു വർഷം വൈകി നടക്കുന്ന ഗെയിംസിന് ഹാങ്ചോക്ക് പുറമെ അഞ്ച് ചൈനീസ് നഗരങ്ങൾകൂടി വേദിയാവുന്നുണ്ട്. ഹുഷൂ, നിങ്ബോ, ഷാവോക്സിങ്, ജിനുവ, വെൻഷൂ എന്നിവിടങ്ങളിലും മത്സരങ്ങൾ അരങ്ങേറും.
ഫുട്ബാൾ, ക്രിക്കറ്റ്, വോളിബാൾ, തുഴച്ചിൽ, സെയിലിങ് തുടങ്ങിയവ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഒക്ടോബർ എട്ടിനാണ് സമാപനം. താരങ്ങളുടെ പങ്കാളിത്തത്തിൽ ഇത്തവണത്തേത് റെക്കോഡാണ്. ഇതാദ്യമായാണ് എണ്ണം 12000 കടക്കുന്നത്. 40 കായിക ഇനങ്ങളിലെ 61 വിഭാഗങ്ങളിലായി 481 സ്വർണ മെഡലുകൾ ലക്ഷ്യമിട്ടാണ് പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.