കായംകുളം: കളിമികവിൽ സംസ്ഥാന ടീമിൽ ഇടം നേടിയ അൽത്താഫ് ഓണാട്ടുകരയുടെ അഭിമാനമാകുന്നു. ഓൾ ഇന്ത്യ വിജയ് മർച്ചന്റ് ട്രോഫിക്കുള്ള സംസ്ഥാന ടീമിൽ അൽത്താഫ് ഇടം പിടിച്ചത് ട്രാവൻകൂർ ക്രിക്കറ്റ് അക്കാദമിക്കും നേട്ടമായി.
എസ്.ഡി കോളജിൽ നടന്ന അന്തർജില്ല മത്സരത്തിൽ തിരുവനന്തപുരത്തിനെതിരെ 92 റൺസും കൊല്ലത്തിനെതിരെ രണ്ട് ഇന്നിങ്സിലായി അഞ്ച് വിക്കറ്റും നേടിയതാണ് തുടർ സെലക്ഷന് കാരണമായത്. തൊടുപുഴ കെ.സി.എ ഗ്രൗണ്ടിൽ നടന്ന സോൺ മത്സരത്തിൽ മികച്ച ബൗളിങും ബാറ്റിങ്ങും കാഴ്ചവെച്ചത് സംസ്ഥാന ക്യാമ്പിലേക്ക് അവസരം നൽകി. തുടർന്ന് തലശ്ശേരി കോർണർ വയൽ സ്റ്റേഡിയത്തിൽ നടന്ന സ്റ്റേറ്റ് ക്യാമ്പിൽ മികച്ച കായികക്ഷമതയും പരിശീലന മത്സരത്തിൽ പുറത്താകാതെ 60 റൺസും രണ്ട് വിക്കറ്റും നേടിയാണ് ജില്ലയുടെ ഏക പ്രതിനിധിയായി സംസ്ഥാന ടീമിൽ ഇടം പിടിച്ചത്. മിഡിൽ ഓർഡർ വലംകൈയൻ ബാറ്റ്സ്മാനും മീഡിയം പേസ് ബൗളറുമായ അൽത്താഫ് അണ്ടർ 14 കേരള സ്റ്റേറ്റ് ക്യാമ്പിലെ അംഗമായിരുന്നു.
ട്രാവൻകൂർ അക്കാദമിയുടെ പരിശീലന മികവാണ് സംസ്ഥാന ടീമിൽ ഇടം കിട്ടിയതിന് കാരണമെന്ന് കായംകുളം ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അൽത്താഫ് പറഞ്ഞു. കൃഷ്ണപുരം കോട്ടക്കുഴി തെക്കതിൽ ഷാജിയുടെയും അനീഷയുടെയും മകനാണ്. പോണ്ടിച്ചേരിയിൽ നടക്കുന്ന അഖിലേന്ത്യ മത്സരത്തിനുള്ള മുഴുവൻ ചെലവുകളും കേരള ക്രിക്കറ്റ് അസോസിയേഷനാണ് വഹിക്കുന്നത്.
ട്രാവൻകൂർ ക്രിക്കറ്റ് അക്കാദമിയുടെ പരിശീലന കളരിയിൽനിന്ന് നിരവധി പേരാണ് ഇതിനകം സംസ്ഥാന ടീമിൽ ഇടം പിടിച്ചത്. സ്റ്റേറ്റ് ഫസ്റ്റ് റിസർവ്വായി തെരഞ്ഞെടുത്ത ലഗ് സ്പിന്നർ ഫർഹാൻ ഹാപ്പിയും അക്കാദമി അംഗമാണ്. ഐ.പി.എൽ, രഞ്ജി താരമായ എസ്.മിഥുൻ അടക്കം സംസ്ഥാന ടീമിൽ അംഗമാകുന്ന ഏഴാമത്തെ താരമാണ് അൽത്താഫ്. 17 വർഷത്തിനിടെ നൂറിലധികം ജില്ല താരങ്ങളെയും ഇരുപതിലധികം സോൺ താരങ്ങളെയും സംഭാവന ചെയ്യാനും അക്കാദമിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഡയറക്ടർ സിനിൽസബാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.