കോഴിക്കോട്: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി രാജ്യത്തിൻ്റെ അഭിമാനമായ താരമാണ് അഞ്ജു ബോബി ജോർജ്. സ്കൂൾ തലം മുതൽ ഓടിയും ചാടിയും മെഡലുകൾ വാരിക്കൂട്ടിയ അത്ലറ്റ്. ലോകം ബഹുമാനിക്കുന്ന താരമായി ഉയർന്ന അഞ്ജുവിൻ്റെ പുതിയ ട്വീറ്റ് കായിക പ്രേമികൾക്ക് അത്ഭുതമായി മാറിയിരിക്കുകയാണ്. 'വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു വൃക്കയുമായി ജീവിച്ച് ലോകതലത്തിൽ മികവിലെത്തിയ താരമെന്ന ഭാഗ്യം ചെയ്തയാളാണ് ഞാൻ ' - ഇതാണ് അഞ്ജുവിൻ്റെ ട്വീറ്റ്.
കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു, അത് ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരെ ടാഗ് ചെയ്താണ് ട്വീറ്റ്. പലരും അത്ഭുതത്തോടെയാണ് കമൻ്റിടുന്നതും റീ ട്വീറ്റ് ചെയ്യുന്നതും.ജനിച്ചപ്പോൾ തന്നെ അഞ്ജുവിന് ഒരു വൃക്ക മാത്രമേയുണ്ടായിരുന്നുള്ളൂ. സ്കൂൾ, കോളജ് തലത്തിലും സീനിയർ ദേശീയ മത്സരങ്ങളിലും നിരവധി മെഡലുകൾ നേടിയപ്പോൾ ഇക്കാര്യമറിയില്ലായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങൾക്ക് പോയപ്പോൾ സ്കാൻ ചെയ്തിരുന്നു. അപ്പോഴാണ് ഒരു വൃക്ക മാത്രമേയുള്ളൂവെന്ന് അറിഞ്ഞതെന്ന് അഞ്ജു 'മാധ്യമ'ത്തോട് പറഞ്ഞു.
രക്തത്തിലെ ചില മാറ്റങ്ങൾക്ക് കാരണം ഇതോടെ മനസിലായി. ഒറ്റ വൃക്കയുള്ള അന്താരാഷ്ട്ര അത്ലറ്റുകൾ അപൂർവമാണ്. ഇത് കൊണ്ട് ഗുരുതരമായ ബുദ്ധിമുട്ടുകൾ അഞ്ജുവിനില്ല. വേദനസംഹാരി അലർജിയാണെന്നതടക്കമുള്ള പ്രശ്നങ്ങളുണ്ടായിരുന്നു. അടുത്തറിയാവുന്ന ചുരുക്കം ചിലർക്ക് മാത്രമറിയാവുന്ന ഈ രഹസ്യം എന്തിന് വെളിപ്പെടുത്തി എന്നാണ് ചോദ്യമെങ്കിൽ ഈ താരത്തിന് ഉത്തരമുണ്ട് - 'യുവതാരങ്ങൾക്ക് പ്രചോദനമാകട്ടെ'.
ലോക ചാമ്പ്യൻഷിപ്പിൽ പരിമിതികൾ മറികടന്നുള്ള പ്രകടനം ഭർത്താവ് കൂടിയായ കോച്ച് റോബർട്ടിൻ്റെ മികവെന്നോ മാജിക്കെന്നോ വിളിക്കേണ്ടതെന്നും അഞ്ജു ട്വിറ്റിൽ സൂചിപ്പിക്കുന്നു.
കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു അഞ്ജുവിനെ അഭിനന്ദിച്ച് റീട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.