ബിൽ അടച്ചില്ല; കാര്യവട്ടത്തിന്‍റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി

തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 ക്രിക്കറ്റ് മത്സരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സ്റ്റേഡിയത്തിലെ വൈദ്യുതി കണക്ഷൻ കെ.എസ്.ഇ.ബി വിച്ഛേദിച്ചു. സ്റ്റേഡിയത്തിന്‍റെ നിർമാണ നടത്തിപ്പുകാരായ ഐ.എൽ.ആൻഡ്.എഫ്.എസ് മൂന്ന് വർഷത്തിനിടെ വരുത്തിയ 2.36 കോടി രൂപയുടെ കുടിശ്ശിക ചൂണ്ടിക്കാട്ടിയാണ് കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ഫ്യൂസ് ഊരിയത്.

വാടകക്കെടുത്ത ജനറേറ്ററുകൾ ഉപയോഗിച്ചാണ് നാല് ദിവസമായി സ്റ്റേഡിയത്തിലെ അറ്റകുറ്റപ്പണികൾ കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്നത്. വൈദ്യുത ബില്ലിന് പുറമേ രണ്ടുകോടി 85 ലക്ഷം നികുതി ഇനത്തിൽ കോർപറേഷനും 64.86 ലക്ഷം ജല അതോറ്റിക്കും കമ്പനി കൊടുക്കാനുണ്ട്. പണം അടച്ചില്ലെങ്കിൽ വെള്ളം വിച്ഛേദിക്കുമെന്ന് ജല അതോറിറ്റിയും മുന്നറിയിപ്പ് നൽകി. സംഭവം നാണക്കേടായതോടെ വിഷയം അടിയന്തരമായി പരിഹരിക്കാൻ കായികവകുപ്പ് നീക്കം ആരംഭിച്ചു.

കെ.എസ്.ഇ.ബിക്ക് നൽകേണ്ട പണം സംസ്ഥാന സർക്കാർ കമ്പനിക്ക് നൽകിവരുന്ന വാർഷിക വേതനത്തിൽ (ആന്വിറ്റി ഫണ്ട്) നിന്ന് നൽകാൻ ശനിയാഴ്ച കായികമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. എട്ടുകോടിയാണ് സംസ്ഥാന സർക്കാർ ഇനി ഐ.എൽ.ആൻഡ്.എഫ്.എസിന് നൽകേണ്ടത്. കമ്പനി ബാധ്യത തീർക്കാൻ തയാറാകാത്ത സാഹചര്യത്തിൽ ഈ തുകയിൽ 2.36 കോടി കെ.എസ്.ഇ.ബിക്ക് നൽകുമെന്ന് കായിക വകുപ്പ് സെക്രട്ടറി എം. ശിവശങ്കർ കെ.എസ്.ഇ.ബിയെ അറിയിച്ചു.

മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവിസസിനാണ് (ഐ.എൽ ആന്‍ഡ് എഫ്.എസ്) കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റീസ് ലിമിറ്റഡ് (കെ.എസ്.എഫ്.എൽ) ഉപകമ്പനിക്ക് കീഴിൽ സ്പോർട്സ് ഹബ്ബിന്‍റെ മേൽനോട്ടം. കേരള സർവകലാശാലയുടെ 37 ഏക്കർ സ്ഥലത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെയാണ് 161 കോടി ചെലവഴിച്ച് സ്റ്റേഡിയം നിർമിച്ചത്. 15 വർഷത്തെ പാട്ടക്കരാറാണ് കമ്പനിയുമായി സംസ്ഥാന സർക്കാർ ഉണ്ടാക്കിയത്. പ്രതിവർഷം നിശ്ചിതതുക ആന്വിറ്റി ഫണ്ടായും സർക്കാർ നൽകുമെന്ന് ധാരണയുണ്ടായിരുന്നു.

എന്നാൽ കോവിഡിന് മുമ്പേ സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനി നാല് വർഷമായി സ്റ്റേഡിയത്തിൽ അറ്റകുറ്റപ്പണി നടത്താറില്ല. പാപ്പരായ കമ്പനി കേന്ദ്ര സർക്കാർ നിയമിച്ച ബോർഡിന്‍റെ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. നൂറിലേറെ ഉപകമ്പനികൾ പ്രവർത്തിപ്പിക്കുന്ന ഐ.എൽ ആൻഡ് എഫ്.എസ് ഗ്രൂപ്പിന്‍റെ കടം 94,000 കോടിയിലേറെ വരുമെന്നാണ് 2019ലെ കണക്കുകൾ.

സ്റ്റേഡിയവും ഗ്രൗണ്ടും നാശത്തിന്‍റെ വക്കിലായതോടെ കേരള ക്രിക്കറ്റ് അസോസിയേഷനാണ് കോടികൾ മുടക്കി സ്റ്റേഡിയം നിലവിൽ പരിപാലിക്കുന്നത്. സ്റ്റേഡിയത്തിലെ വൈദ്യുതി വിേച്ഛദിക്കാതിരിക്കാൻ ഗഡുകളായി തുക തിരിച്ചടക്കണമെന്ന് കെ.എസ്.ഇ.ബി ദിവസങ്ങൾക്ക് മുമ്പേ കമ്പനിക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതിനിധികൾ കൈമലർത്തുകയായിരുന്നു. ഇതിനെതുടർന്നാണ് 13ന് കണക്ഷൻ വിച്ഛേദിച്ചത്.

Tags:    
News Summary - bill not paid; Karyavattom stadium fuse is pulled by KSEB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.