കൊളംബിയൻ കുളമ്പടി; ഉറുഗ്വായിയെ കീഴടക്കി കോപ കലാശപ്പോരിന്

നോർത്ത് കരോലിന: ലാറ്റിനമേരിക്കയിലെ കരുത്തുറ്റ ടീമുകൾ തമ്മിലുള്ള വാശിയേറിയ കോപ അമേരിക്ക സെമി പോരാട്ടത്തിൽ ഉറുഗ്വായിക്കെതിരെ എതിരില്ലാത്ത ഒറ്റ ഗോളിന് ജയിച്ചുകയറി കൊളംബിയ ഫൈനലിൽ. ജെഫേഴ്സൺ ലെർമയാണ് നിർണായക ഗോൾ നേടിയത്. ഫൈനലിൽ നിലവിലെ ജേതാക്കളായ അർജന്റീനയാണ് കൊളംബിയയുടെ എതിരാളികൾ. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ എതിർ താരത്തെ ഇടിച്ചിട്ടതിന് ഡാനിയൽ മുനോസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായിട്ടും ഉറുഗ്വായിയെ ഗോളടിക്കാൻ അനുവദിക്കാതെ പിടിച്ചുകെട്ടിയാണ് കൊളംബിയ ഫൈനലിലേക്ക് മാർച്ച് ചെയ്തത്.

ആദ്യ പകുതിയിലെ ഗോളും ചുവപ്പുകാർഡും

കളിയുടെ ആദ്യ മിനിറ്റുകളിൽ കൊളംബിയയുടെ മുന്നേറ്റമായിരുന്നെങ്കിലും ഉറുഗ്വായ് പതിയെ നിലയുറപ്പിച്ചതോടെ ഇരുപകുതിയിലും പന്ത് അതിവേഗം കയറിയിറങ്ങി. 15ാം മിനിറ്റിൽ കൊളംബിയയുടെ മികച്ച മുന്നേറ്റം കണ്ടെങ്കിലും മുനോസ് അവസരം പാഴാക്കി. തൊട്ടുടനെ ഉറുഗ്വായ് ഗോളിനടുത്തെത്തി. ലിവർപൂൾ സ്ട്രൈക്കർ ഡാർവിൻ നൂനസിന് ലഭിച്ച അവസരം ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്തുപോയത്. തുടർന്നും രണ്ട് അവസരങ്ങൾ നൂനസ് പുറത്തേക്കടിച്ചത് ലീഡ് നേടാനുള്ള അവസരം നഷ്ടമാക്കി.

31ാം മിനിറ്റിൽ അരൗജോയെ ഫൗൾ ചെയ്തതതിന് കൊളംബിയൻ താരം മുനോസ് മത്സരത്തിലെ ആദ്യ മഞ്ഞക്കാർഡ് വാങ്ങി. തൊട്ടുടൻ കൊളംബിയക്ക് മികച്ച അവസരം ലഭിച്ചെങ്കിലും റോഡ്രിഗ്രസ് നൽകിയ ക്രോസിൽ കൊർദോബയുടെ ഹെഡർ പുറത്തേക്കായിരുന്നു. കൊളംബിയ മികച്ച മുന്നേറ്റം നടത്തുന്നതിനിടെ ഉറുഗ്വായ് താരം റോഡ്രിഗോ ബെന്റാൻകർ പരിക്കേറ്റ് പുറത്താകുന്നതിനും മത്സരം സാക്ഷിയായി. 

40ാം മിനിറ്റിൽ കൊളംബിയ ലീഡ് പിടിച്ചു. ജെയിംസ് റോഡ്രിഗ്രസ് എടുത്ത കോർണർ കിക്കിൽ മനോഹര ഹെഡറിലൂടെ ജെഫേഴ്സൺ ലെർമയാണ് ഉറുഗ്വായ് വല കുലുക്കിയത്. ഇതോടെ ഏറ്റവും കൂടുതൽ ഗോളുകൾക്ക് അസിസ്റ്റ് നൽകിയ താരമെന്ന ലയണൽ മെസ്സിയുടെ റെക്കോഡ് റോഡ്രിഗസിന്റെ പേരിലായി. 2021ലെ കോപ ടൂർണമെന്റിൽ അഞ്ച് അസിസ്റ്റ് നൽകിയ റെക്കോഡാണ് റോഡ്രിഗ്രസ് ആറാക്കി ഉയർത്തിയത്.

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ കൊളംബിയ ലീഡ് ഇരട്ടിപ്പിക്കേണ്ടതായിരുന്നു. എന്നാൽ, ബോക്സിനുള്ളിൽനിന്ന് മുനോസ് തൊടുത്ത ഷോട്ട് ഗോൾകീപ്പർ റോഷറ്റ് തടഞ്ഞിട്ടു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് എതിർ താരം യുഗാർട്ടെയെ ഇടിച്ചിട്ടതിന് ഡാനിയൽ മുനോസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകുന്നത്. ആളെണ്ണം കുറഞ്ഞിട്ടും അവസാന നിമിഷത്തിൽ കൊളംബിയ ഗോളിനടുത്തെത്തിയെങ്കിലും ഉറുഗ്വായ് ​ഗോൾകീപ്പറെ മറികടക്കാനായില്ല.

ഇരമ്പിയാർത്ത് ഉറുഗ്വായ്

ആളെണ്ണം കുറഞ്ഞ കൊളംബിയക്കെതിരെ രണ്ടാംപകുതിയിലുടനീളം മികച്ച മുന്നേറ്റങ്ങളാണ് ഉറുഗ്വായ് നടത്തിയത്. തുടരെത്തുടരെയുള്ള ആക്രമണങ്ങൾ ഏത് നിമിഷവും കൊളംബിയൻ വലയിൽ പന്തെത്തിക്കുമെന്ന് തോന്നിച്ചു. 66ാം മിനിറ്റിൽ പകരക്കാരനായി എത്തിയ ലൂയി സുവാരസ് ഉടൻ ഗോളിനടുത്തെത്തിയെങ്കിലും പ്രതിരോധ താരങ്ങൾ വിലങ്ങിട്ടു. മിനിറ്റുകൾക്കകം സുവാരസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി വഴിമാറിയത് കൊളംബിയക്ക് ആശ്വാസമായി. വാൽവർദെയുടെ ശ്രമവും ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയി. ഡാർവിൻ നൂനസ്, സുവാരസ്, വാൽവർദെ, ഉഗാർത്തെ സഖ്യം നിരന്തരം കൊളംബിയൻ ഗോൾമുഖം റെയ്ഡ് നടത്തിയെങ്കിലും പ്രതിരാധം കടുപ്പിച്ച് മഞ്ഞപ്പട പിടിച്ചുനിന്നു.

നിശ്ചിത സമയം അവസാനിക്കാൻ മൂന്ന് മിനിറ്റ് ശേഷിക്കെ കൗണ്ടർ അറ്റാക്കിൽ കൊളംബിയ ലീഡ് ഇരട്ടിപ്പിച്ചെന്ന് തോന്നിച്ചെങ്കിലും ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ മറ്റിയൂസ് ഉറിബെ അവസരം അവിശ്വസനീയമായി കളഞ്ഞുകുളിച്ചു. ഇഞ്ചുറി ടൈമിൽ ഉറുഗ്വായി സുവർണാവസരം തുലച്ചതിന് പിന്നാലെ കൗണ്ടർ അറ്റാക്കിൽ കൊളംബിയൻ താരം ഉറിബെയുടെ ഷോട്ട് ഗോൾകീപ്പർ റോഷറ്റിന്റെ ദേഹത്ത് തട്ടി ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. തിരിച്ചടിക്കാനുള്ള ഉറുഗ്വായ് ശ്രമങ്ങൾ വിജയം കാണാതിരുന്നതോടെ കൊളംബിയക്ക് സ്വപ്ന ഫൈനൽ.

Tags:    
News Summary - Colombia defeated Uruguay and marched in to the final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.