ആദ്യ പകുതിയിൽ ലീഡ് പിടിച്ച് കൊളംബിയ; തിരിച്ചടിയായി ചുവപ്പുകാർഡ്

നോർത്ത് കരോലിന: ലാറ്റിനമേരിക്കയിലെ കരുത്തരായ കൊളംബിയയും ഉറുഗ്വായിയും തമ്മിലുള്ള വാശിയേറിയ കോപ അമേരിക്ക സെമി പോരാട്ടത്തിന്റെ ആദ്യപകുതിയിൽ കൊളംബിയ ഒരു ഗോളിന് മുന്നിൽ. ജെഫേഴ്സൺ ലെർമയാണ് നിർണായക ഗോൾ നേടിയത്. എന്നാൽ, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ എതിർ താരത്തെ ഇടിച്ചിട്ടതിന് ഡാനിയൽ മുനോസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് കൊളംബിയൻ പ്രതീക്ഷകൾക്ക് തിരിച്ചടിയായിരിക്കുകയാണ്.

കളിയുടെ ആദ്യ മിനിറ്റുകളിൽ കൊളംബിയയുടെ മുന്നേറ്റമായിരുന്നെങ്കിലും ഉറുഗ്വായ് പതിയെ നിലയുറപ്പിച്ചതോടെ ഇരുപകുതിയിലും പന്ത് അതിവേഗം കയറിയിറങ്ങി. 15ാം മിനിറ്റിൽ കൊളംബിയയുടെ മികച്ച മുന്നേറ്റം കണ്ടെങ്കിലും മുനോസ് അവസരം പാഴാക്കി. തൊട്ടുടനെ ഉറുഗ്വായ് ഗോളിനടുത്തെത്തി. ലിവർപൂൾ സ്ട്രൈക്കർ ഡാർവിൻ നൂനസിന്റെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്തുപോയത്. തുടർന്നും രണ്ട് അവസരങ്ങൾ നൂനസ് പുറത്തേക്കടിച്ചത് ലീഡ് നേടാനുള്ള അവസരം നഷ്ടമാക്കി.

31ാം മിനിറ്റിൽ അരൗജോയെ ഫൗൾ ചെയ്തതതിന് കൊളംബിയൻ താരം മുനോസ് മത്സരത്തിലെ ആദ്യ മഞ്ഞക്കാർഡ് വാങ്ങി. തൊട്ടുടൻ കൊളംബിയക്ക് മികച്ച അവസരം ലഭിച്ചെങ്കിലും റോഡ്രിഗ്രസ് നൽകിയ ക്രോസിൽ കൊർദോബയുടെ ഹെഡർ പുറത്തേക്കായിരുന്നു. കൊളംബിയ മികച്ച മുന്നേറ്റം നടത്തുന്നതിനിടെ ഉറുഗ്വായ് താരം റോഡ്രിഗോ ബെന്റാൻകർ പരിക്കേറ്റ് പുറത്താകുന്നതിനും മത്സരം സാക്ഷിയായി. ഗില്ലർമോ വരേലയാണ് പകരമെത്തിയത്.

40ാം മിനിറ്റിൽ കൊളംബിയ ലീഡ് പിടിച്ചു. ജെയിംസ് റോഡ്രിഗ്രസ് എടുത്ത കോർണർ കിക്കിൽ മനോഹര ഹെഡറിലൂടെ ജെഫേഴ്സൺ ലെർമയാണ് ഉറുഗ്വായ് വല കുലുക്കിയത്. ഇതോടെ ഏറ്റവും കൂടുതൽ ഗോളുകൾക്ക് അസിസ്റ്റ് നൽകിയ താരമെന്ന ലയണൽ മെസ്സിയുടെ റെക്കോഡ് റോഡ്രിഗസിന്റെ പേരിലായി. 2021ലെ കോപ ടൂർണമെന്റിൽ അഞ്ച് അസിസ്റ്റ് നൽകിയ റെക്കോഡാണ് റോഡ്രിഗ്രസ് ആറാക്കി ഉയർത്തിയത്.

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ കൊളംബിയ ലീഡ് ഇരട്ടിപ്പിക്കേണ്ടതായിരുന്നു. എന്നാൽ, ബോക്സിനുള്ളിൽനിന്ന് മുനോസ് തൊടുത്ത ഷോട്ട് ഗോൾകീപ്പർ റോഷറ്റ് തടഞ്ഞിട്ടു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് എതിർ താരം യുഗാർട്ടെയെ ഇടിച്ചിട്ടതിന് ഡാനിയൽ മുനോസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകുന്നത്. ആളെണ്ണം കുറഞ്ഞിട്ടും അവസാന നിമിഷത്തിൽ കൊളംബിയ ഗോളിനടുത്തെത്തിയെങ്കിലും ഉറുഗ്വായ് ​ഗോൾകീപ്പറെ മറികടക്കാനായില്ല. ഇതോടെ ഇടവേളക്കായി റഫറിയുടെ വിസിലും ഉയർന്നു. 

Tags:    
News Summary - Colombia took the lead in the first half; Red card as a setback

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.