'ഇത് ഫ്രാഞ്ചൈസി ക്രിക്കറ്റല്ല'; ഗംഭീറിന്‍റെ ഏറ്റവും വലിയ വെല്ലുവിളി ഇതാവും; ദ്രാവിഡിന് വരെ വെല്ലുവിളിയായിരുന്നു

ഇന്ത്യൻ ടീമിന്‍റെ ഹെഡ് കോച്ചായി മികച്ച തുടക്കമാണ് മുൻ ഓപ്പണിങ് ബാറ്റർ ഗൗതം ഗംഭീറിന് ലഭിച്ചത്. ശ്രിലങ്കക്കെതിരെയുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയിൽ ആദ്യ രണ്ട് മത്സരം ഇന്ത്യ വിജയിച്ചതോടെ പരമ്പര സ്വന്തമാക്കിയിരുന്നു.

ടി-20യിലെ പുതിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും ഗംഭീറിനും കീഴിൽ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തുന്നത്. മൂന്നമത്തെയും അവസാനത്തെയും മത്സരം ചൊവ്വാഴ്ച പല്ലെകലെയിൽ വെച്ച് തന്നെ നടക്കും.

ഐ.പി.എല്ലിൽ രണ്ട് ടീമുകളുടെ മെന്‍ററും കോച്ചുമായിരുന്ന ഗംഭീർ ആദ്യമായാണ് ഇന്ത്യൻ ടീമിന്‍റെ കോച്ചാവുന്നത്. താരത്തിന്‍റെ ഏറ്റവും വലിയ വെല്ലുവിളിയാകുക ടീമിലെ സൂപ്പർതാരങ്ങളുമായി ഒത്തുപോകാനായിരിക്കുമെന്ന് പറയുകയാണ് ഇന്ത്യൻ ഡ്രസിങ് റൂമിനെ ചുറ്റിപ്പറ്റിയുള്ള രഹസ്യ സോഴ്സ്. ഫ്രാഞ്ചൈസ് ക്രിക്കറ്റിൽ നിന്നും ഒരുപാട് വ്യത്യാസമാണ് ഇന്ത്യൻ ടീമെന്നും അദ്ദേഹം പറയുന്നു.

' ഇതൊരും ചെറിയ കർത്തവ്യമല്ല, ഫ്രാഞ്ചൈസി ക്രിക്കറ്റിലെ മോഡൽ ഇവിടെ നടപ്പിലാക്കാൻ സാധിക്കില്ല. ഇന്ത്യൻ ഡ്രസിങ് റൂമിൽ നമ്മൾ ഫോണെടുത്ത് താരങ്ങളെ വിളിക്കണം, സംസാരിക്കണം. ദ്രാവിഡ് അതിൽ മിടുക്ക് കാട്ടിയിരുന്നു. എന്നാൽ അദ്ദേഹം പോലും കോച്ചിങ് ആരംഭിച്ചപ്പോൾ ക്രിക്കറ്റിന്‍റെ നിലവിലെ രീതിയൊരു വെല്ലുവിളിയായി തോന്നി കാണണം. നിലവിൽ എല്ലാ താരങ്ങളും മൾട്ടി മില്ല്യനേഴ്സും ഐ.പി.എൽ ഫ്രാഞ്ചൈസികളുടെ നായകൻമാരുമാണ്. അപ്പോൾ ഇതൊക്കെയായിരിക്കും ഗംഭീറിന്‍റെ ഏറ്റവും വലിയ വെല്ലുവിളികൾ,' സോഴ്സ് പറഞ്ഞതായി ഇ.എസ്.പി.എൻ റിപ്പോർട്ട് ചെയ്തു.

ടി-20 ലോകകപ്പ് വിജയത്തിന് ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ കോച്ചിങ് സ്ഥാനത്ത് നിന്നും ദ്രാവിഡ് വിരമിച്ചത്. ശേഷമെത്തിയ ഗംഭീറിൽ വൻ പ്രതീക്ഷകളാണ് ആരാധകരും ഇന്ത്യൻ ടീമും നൽകുന്നത്.

Tags:    
News Summary - a source saying what will be the gambhir's biggest challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.