ഐ.പി.എൽ 2025ൽ അർഷ്ദീപ് സിങ് പഞ്ചാബ് കിങ്സിന് ഒരു മുതൽകൂട്ടാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ട്വന്‍റി-20 ക്രിക്കറ്റിൽ വിക്കറ്റെടുക്കുന്നതിൽ മോഡേൺ ഡേ ഗ്രേറ്റായ ജസപ്രീത് ബുംറയെക്കാൾ ഒരുപിടി മുന്നിലാണ് അർഷ്ദീപെന്ന് ചോപ്ര പറഞ്ഞു. അർഷ്ദീപിനെ നിലനിർത്താതെ ലേലത്തിനയച്ച പഞ്ചാബ് കിങ്സ് മെഗാ ലേലത്തിൽ അദ്ദേഹത്തെ 18 കോടി മുടക്കി സ്വന്തമാക്കുകയായിരുന്നു.
'അവർക്ക് 18 കോടിക്ക് അർഷ്ദീപിനെ വേണമെന്ന് പറഞ്ഞു. അവനെ നിലനിർത്തിയുന്നുവെങ്കിൽ അത്രയും തന്നെ നൽകിയാൽ മതിയായിരുന്നു. അവൻ പഞ്ചാബിയാണ്, പഞ്ചാബിൽ തന്നെ അവൻ നിലനിൽക്കും. മാത്രമല്ല അവൻ വളരെ നല്ല കളിക്കാരനുമാണ്. ന്യൂബോളിലും, പഴയ ബോളിലുമെല്ലാം മികച്ച രീതിയിൽ പന്തെറിയുന്ന ഇന്ത്യൻ ബൗളർ,ബുംറക്ക് ശേഷം സ്ഥിരതയോടെ ഇത് ചെയ്യാൻ സാധിക്കുന്ന ഒരു താരം അർഷ്ദീപാണ്.
സത്യം പറഞ്ഞാൽ വിക്കറ്റ് നേടുന്ന കഴിവുകൾ നോക്കിയാൽ ബുംറയെക്കാൾ മുന്നിലായിരിക്കും അർഷ്ദീപ് സിങ്, കുറച്ച് റൺസ് വിട്ടുനൽകിയാലും വിക്കറ്റ് നേടുന്ന കാര്യത്തിൽ അദ്ദേഹം മുന്നിലാണ്,' തന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കുന്നതിനിടെ ചോപ്ര പറഞ്ഞു.
രണ്ട് അൺക്യാപ്ഡ് കളിക്കാരെ മാത്രം നിലനിർത്തിക്കൊണ്ട് ലേലത്തിനെത്തിയ പഞ്ചാബ് കിങ്സ് ഒരുപിടി വിലയേറിയ താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്. നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകനായിരുന്ന ശ്രേയസ് അയ്യരിനെ 26.75 കോടിക്ക് ടീമിലെത്തിച്ച പഞ്ചാബ് അർഷ്ദീപിനെയും ഇന്ത്യൻ സ്പിന്നർ യുസ്വന്ദ്ര ചഹലിനെയും 18 കോടി നൽകിയാണ് സ്വന്തമാക്കിയത്. മാർക്കസ് സ്റ്റോയ്നിസിനായി 11 കോടി പഞ്ചാബ് മുടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.