മുംബൈ: കൊൽക്കത്ത നൈറ്റ് റൈേഡഴ്സ് താരങ്ങളായ സന്ദീപ് വാര്യറും വരുൺ ചക്രവർത്തിയും കോവിഡ് പോസിറ്റീവായതോടെ ഇന്ത്യൻ പ്രിമിയർ ലീഗിൽ തിങ്കളാഴ്ചത്തെ കളി നീട്ടി. കൊൽക്കത്തയും ബാംഗ്ലൂരും തമ്മിലെ മത്സരമാണ് നീട്ടിവെച്ചത്. കൊൽക്കത്ത ക്യാമ്പിൽ പലർക്കും രോഗബാധ സംശയിക്കുന്നതായും ചില റിപ്പോർട്ടുകൾ പറയുന്നു. മലയാളി താരമാണ് സന്ദീപ് വാര്യർ.
ചക്രവർത്തിയുടെ കോവിഡ് പരിശോധനാ ഫലം പൊസിറ്റീവ് ആണെന്ന് ഞായറാഴ്ച വൈകീട്ടാണ് വിവരം ലഭിച്ചത്. പിന്നാലെ, സന്ദീപിന്‍റെ ഫലവും പോസിറ്റീവ് ആയി. തുടർന്ന് ടീമംഗങ്ങൾ ഐസൊലേഷനിലേക്ക് മാറുകയായിരുന്നു. ഇതിനകം പാതി പിന്നിട്ട ഐ.പി.എൽ പുതിയ സീസൺ ബയോ ബബ്ൾ സുരക്ഷയോടെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് നടക്കുന്നത്.
ഇത്ര കനത്ത സുരക്ഷാ വലയങ്ങൾക്കിടയിൽനിന്ന് താരങ്ങൾക്ക് കോവിഡ് ബാധിക്കാൻ കാരണം എന്തെന്ന് ടീം അധികൃതർ സൂചന നൽകിയിട്ടുണ്ട്. പരിശീലനത്തിനും കളിക്കുമിടെ പരിക്കേറ്റതിനെ തുടർന്ന് സ്കാനിങ്ങിനും പരിശോധനകൾക്കുമായി ഇരുവരും ആശുപത്രിയിൽ പോയിരുന്നു. അവടെ നിന്നാകാം രോഗം പകർന്നതെന്നാണ് നിഗമനം.
അവസാനമായി ഡൽഹി ക്യാപിറ്റൽസിനെതിരെ അഹ്മദാബാദിലാണ് കൊൽക്കത്ത കളിച്ചത്. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കളിക്കാൻ ബാംഗ്ലൂരിന് താൽപര്യമില്ലെന്ന് കണക്കാക്കിയാണ് നീട്ടിവെക്കൽ. നീട്ടിവെച്ച മത്സരത്തിന്‍റെ പുതിയ തീയതി പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.