സെഞ്ച്വറി ആഘോഷമാക്കി മുഷീർ ഖാൻ; ഡ്രസ്സിങ് റൂമിൽ ആഘോഷം സഹോദരന്‍റെ വകയും -വിഡിയോ

ബംഗളൂരു: ദുലീപ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ സെഞ്ച്വറി കുറിച്ച് യുവതാരം മുഷീർ ഖാൻ. സഹോദരനും സഹതാരവുമായ സർഫറാസ് ഖാൻ ഉൾപ്പെടെയുള്ള ബാറ്റർമാർ നിരാശപ്പെടുത്തിയപ്പോൾ, ഒരറ്റത്ത് പൊരുതിനിന്നാണ് 19കാരനായ മുഷീർ ഇന്ത്യ ബി ടീമിനെ കരകയറ്റിയത്.

ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ ബി 79 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തിട്ടുണ്ട്. 227 പന്തിൽ 105 റൺസുമായി മുഷീർ ഖാനും 74 പന്തിൽ 29 റൺസുമായി നവ്ദീപ് സെയ്നിയുമാണ് ക്രീസിൽ. 204 പന്തിൽ 10 ഫോറും രണ്ടു സിക്സും സഹിതമാണ് മുഷീർ മൂന്നക്കത്തിലെത്തിയത്. ഒരു ഘട്ടത്തിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 94 റണ്‍സ് എന്ന നിലയിൽ തകർന്ന ടീമിനെയാണ്, എട്ടാം വിക്കറ്റിൽ മുഷീറും നവ്ദീപും കരകയറ്റിയത്. 212 പന്തിൽ 108 റൺസുമായി ഇരുവരും ക്രീസിൽ തുടരുകയാണ്. നേരത്തെ ടോസ് നേടിയ ഇന്ത്യ എ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിനു പിന്നാലെയാണ് ദുലീപ് ട്രോഫിയിലെ ആദ്യ മത്സരത്തിലും സെഞ്ച്വറിയുമായി താരം തിളങ്ങിയത്. 42 പന്തിൽ 13 റൺസെടുത്ത നായകൻ അഭിമന്യു ഈശ്വരൻ പുറത്തായതിനു പിന്നാലെയാണ് മുഷീർ ക്രീസിലെത്തിയത്. ഋഷഭ് പന്ത് (10 പന്തിൽ ഏഴ്), വാഷിങ്ടൻ സുന്ദർ (0), സർഫറാസ് (ഒമ്പത്) തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തിയ സ്ഥാനത്താണ് മുഷീറിന്റെ സെഞ്ചറി പ്രകടനം. നിതീഷ് റെഡ്ഡി (0), സായ് കിഷോർ (ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

കുൽദീപ് യാദവിന്‍റെ പന്തിൽ ഓൺ സൈഡിലേക്ക് സിംഗ്ൾ ഓടിയാണ് മുഷീർ സെഞ്ച്വറിയിലെത്തിയത്. സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന മുഷീറിന്‍റെയും ഡ്രസ്സിങ് റൂമിലിരുന്ന് കൈയടിക്കുന്ന സർഫറാസ് ഖാന്‍റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയിലാണ് സർഫറാസ് ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ഇന്നിങ്സിൽ 66 പന്തിൽ 62 റൺസെടുത്ത താരം, രണ്ടാം ഇന്നിങ്സിലും അർധ സെഞ്ച്വറിയുമായി (68 റൺസ്) തിളങ്ങി. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ താരം കളിച്ചേക്കും.

ഈമാസം 19നാണ് ആദ്യ ടെസ്റ്റ്. ദുലീപ് ട്രോഫിയിലെ പ്രകടനം കൂടി വിലയിരുത്തിയാകും ടീമിനെ പ്രഖ്യാപിക്കുക. മത്സരത്തിൽ ഇന്ത്യ എക്കായി ഖലീൽ അഹമ്മദ്, ആകാശ് ദീപ്, ആവേശ് ഖാൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Tags:    
News Summary - Elder Brother Sarfaraz Ecstatic As Musheer Khan Scores Crucial Hundred For India A In Duleep Trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.