അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സൂപ്പർതാരം വിരാട് കോഹ്ലി വിദേശത്ത് ഒരു സെഞ്ച്വറി നേടുന്നത്. അതും കരിയറിലെ 500ാം അന്താരാഷ്ട്ര മത്സരത്തിൽ. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനമാണ് കോഹ്ലി കരിയറിലെ 29ാം ടെസ്റ്റ് സെഞ്ച്വറി കുറിച്ചത്.
താരത്തിന്‍റെ 76ാമത്തെ അന്താരാഷ്ട്ര സെഞ്ച്വറി കൂടിയാണിത്. 2018 ഡിസംബറിലാണ് കോഹ്ലി അവസാനമായി ടെസ്റ്റിൽ വിദേശത്ത് ഒരു സെഞ്ച്വറി നേടിയത്. 500 അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡും കോഹ്ലി സ്വന്തമാക്കി.
അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിദേശത്തെ ഒരു സെഞ്ച്വറി നേടാനായത് വിരാട് കോഹ്ലിക്ക് വലിയ ആശ്വാസമാകുമെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദീപ് ദാസ്ഗുപ്ത പറഞ്ഞു. ‘അതൊരു വലിയ നേട്ടമാണ് - 29ാം ടെസ്റ്റ് സെഞ്ച്വറി. അതൊരു മികച്ച ഇന്നിങ്സാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹം ശരിക്കും കഠിനമായി പ്രയത്നിച്ചിട്ടുണ്ടാകും, അതിനാൽ നിങ്ങൾ കൂടുതൽ ക്രെഡിറ്റ് നൽകണം’ -ദാസ്ഗുപ്ത പറയുന്നു.
‘ആളുകൾ എന്ത് പറഞ്ഞാലും പ്രശ്നമില്ല, കണക്കുകളാണ് പ്രധാനം. ഞാൻ സത്യസന്ധനായിരിക്കും. നമ്മുടെ പൊതുമണ്ഡലത്തിലേക്ക് നോക്കുകയാണെങ്കിൽ, അവരുടെ വിധികളിൽ ഭൂരിഭാഗവും കണക്കുകളുടെ അടിസ്ഥാനത്തിലാണ്’ -അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിഹാസ താരം സചിൻ തെണ്ടുൽക്കറെ മറികടന്നാണ് 500 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരമെന്ന റെക്കോഡ് കോഹ്ലി സ്വന്തമാക്കിയത്. സചിൻ 75 സെഞ്ച്വറികളാണ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.