ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ; നിയമനം ദ്രാവിഡിനു പകരക്കാരനായി

മുംബൈ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി മുൻ താരം ഗൗതം ഗംഭീറിനെ നിയമിച്ചു. രാഹുൽ ദ്രാവിഡിനു പകരക്കാരനായാണ് നിയമനം. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ സമൂഹമാധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ട്വന്‍റി20 ലോകകപ്പോടെ ദ്രാവിഡിന്‍റെ കാലാവധി അവസാനിച്ചിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീറിനെ സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ജയ് ഷാ പ്രതികരിച്ചു. ശ്രീലങ്കൻ പര്യടനമാണ് ഗംഭീറിന്‍റെ ആദ്യ ദൗത്യം. ‘ആധുനിക ക്രിക്കറ്റ് അതിവേഗത്തിലാണു മാറിക്കൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങൾ അടുത്തറിഞ്ഞ ആളാണ് ഗംഭീർ. ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടുകൊണ്ടുപോകാൻ ഗംഭീറിനു സാധിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്’ -ജയ് ഷാ എക്സിൽ കുറിച്ചു.

ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ മെന്‍റർ സ്ഥാനം രാജിവെച്ചാണ് ഗംഭീർ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത്. മൂന്നര വർഷത്തേക്കാണ് നിയമനം. 2027ൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയാണ് കാലാവധി. ഇന്ത്യക്കായി ഗംഭീർ 58 ടെസ്റ്റിൽ 104 ഇന്നിങ്‌സുകളിൽനിന്ന് 4154 റൺസും 147 ഏകദിനത്തിൽനിന്ന് 5238 റൺസും 37 ട്വന്‍റി20 മത്സരങ്ങളിൽനിന്ന് 932 റൺസും നേടിയിട്ടുണ്ട്. ഐ.പി.എല്ലിൽ പരിശീലകനായി പേരെടുത്തതോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകാൻ നറുക്ക് വീഴുന്നത്.

മെന്‍റർ സ്ഥാനം ഏറ്റെടുത്ത ആദ്യ സീസണിൽ തന്നെ കൊല്‍ക്കത്തയെ ഐ.പി.എൽ ചാമ്പ്യന്മാരാക്കി. ലഖ്നോ സൂപ്പര്‍ ജയന്റ്സിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. കെ.എല്‍. രാഹുലിന്റെ നേതൃത്വത്തിലുള്ള ടീമിനെ രണ്ടുവര്‍ഷം തുടര്‍ച്ചയായി പ്ലേ ഓഫിലെത്തിച്ചു. നിലവിൽ സിംബാബ് വെക്കെതിരായ ട്വന്‍റി20 പരമ്പരയിൽ വി.വി.എസ്. ലക്ഷ്മണാണ് ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുന്നത്. 

Tags:    
News Summary - Gautam Gambhir replaces Rahul Dravid as Team India's head coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.