ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ബാറ്റിങ് തകർച്ച

മുംബൈ: ഏറ്റവും മികച്ച നിരയെന്ന അഹങ്കാരം വെറുതെയാക്കി ആതിഥേയ ബാറ്റിങ് പിന്നെയും തകർച്ചക്കരികിലായ മൂന്നാം ടെസ്റ്റിൽ ആദ്യദിനത്തിലേ ഡ്രൈവിങ് സീറ്റിലേറി കിവികൾ. സ്വന്തം നാട്ടിൽ പതിറ്റാണ്ടുകൾക്കിടെ ആദ്യമായി ന്യൂസിലൻഡിന് പരമ്പര സമ്മാനിച്ച ക്ഷീണം അവസാന അങ്കം ജയിച്ച് തൽക്കാലം മറക്കാമെന്ന കണക്കുകൂട്ടലുകൾ അനിശ്ചിതത്വത്തിലാക്കിയാണ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ഇന്ത്യൻ ബാറ്റിങ് കളി മറന്നുനിൽക്കുന്നത്. ന്യൂസിലൻഡ് ഉയർത്തിയ 235 റൺസ് എന്ന ശരാശരി ടോട്ടലിനെതിരെ ഒന്നാം ദിനം കളി നിർത്തുമ്പോൾ ആതിഥേയർ നാലു വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് എന്ന നിലയിലാണ്. ബംഗളൂരുവിൽ ആദ്യ ടെസ്റ്റ് എട്ട് വിക്കറ്റിനും പുണെയിൽ രണ്ടാമത്തേത് 113 റൺസിനും തോറ്റ ഇന്ത്യ മുംബൈയിലും തോൽവി വഴങ്ങിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ ബാലികേറാമലയാകും.

ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയക്കാൻ തീരുമാനിച്ച ന്യൂസിലൻഡിനെതിരെ ഇന്ത്യൻ തിരക്കഥ അക്ഷരാർഥത്തിൽ ശരിയായെന്ന് തോന്നിച്ച് ജദേജ- സുന്ദർ സ്പിൻ കൂട്ടുകെട്ട് വരിഞ്ഞുമുറുക്കുന്നതായിരുന്നു തുടക്കത്തിലെ കാഴ്ച. 65 റൺസ് നൽകി ജദേജ അഞ്ചുപേരെ മടക്കിയപ്പോൾ കഴിഞ്ഞ ടെസ്റ്റിൽ 11 വിക്കറ്റുമായി സാന്നിധ്യം അവിസ്മരണീയമാക്കിയ വാഷിങ്ടൺ സുന്ദർ നാല് വിക്കറ്റും വീഴ്ത്തി. ടെസ്റ്റ് കരിയറിൽ 14ാം അഞ്ചുവിക്കറ്റ് നേട്ടം കുറിച്ച ജദേജ ഇതോടെ സഹീർ ഖാനെയും ഇഷാന്ത് ശർമയെയും കടന്ന് ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു. 314 വിക്കറ്റാണ് താരത്തിന്റെ സമ്പാദ്യം. തൊട്ടുമുന്നിലുള്ള ഹർഭജൻ സിങ്ങിന് 417 വിക്കറ്റുകൾ സ്വന്തമായുണ്ട്.

മറുവശത്ത്, ഈർപ്പവും ചൂടും ഒപ്പം പിച്ചിലെ വെല്ലുവിളികളും അതിജയിച്ച് വിൽ യങ് (71), ഡാരിൽ മിച്ചൽ (82) എന്നിവരാണ് ന്യൂസിലൻഡ് ബാറ്റിങ്ങിനെ കരകയറ്റിയത്. മൂന്ന് ഫോറും അത്രയും സിക്സുമടങ്ങിയതായിരുന്നു മിച്ചലിന്റെ ഇന്നിങ്സ്. അനായാസം ബാറ്റുവീശിയ യങ്ങും സെഞ്ച്വറിയിലേക്ക് കുതിക്കുമെന്ന ഘട്ടത്തിൽ ജദേജ ഒരുക്കിയ ചതിക്കുഴിയിൽ വീണുമടങ്ങി. സ്പിന്നിനകൂലമായ പിച്ചിൽ ആറുപേർ രണ്ടക്കം കാണാതെ മടങ്ങിയപ്പോൾ ഓപണർ ടോം ലഥാം 28ഉം െഗ്ലൻ ഫിലിപ്സ് 17ഉം റൺസെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ രോഹിത് അനായാസം ബൗണ്ടറികൾ പായിച്ച് ഇന്ത്യൻ ബാറ്റിങ്ങിനെ മുന്നോട്ടുനയിച്ചു. താരം 18 പന്തിൽ 18 റൺസുമായി മടങ്ങിയത് തിരിച്ചടിയായി. വൺഡൗണായി എത്തിയ ശുഭ്മൻ ഗില്ലിനെ കൂട്ടി ഓപണർ ജയ്സ്വാൾ ചെറുത്തുനിൽപ് തുടർന്നു. കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ 78 റൺസിലെത്തിയ ഇന്ത്യയെ ഞെട്ടിച്ച് രണ്ടോവറിൽ എട്ട് റൺസ് ചേർക്കുന്നതിനിടെ വീണത് മൂന്ന് വിലപ്പെട്ട വിക്കറ്റുകൾ. അജാസ് പട്ടേലിന്റെ പന്തിൽ റിവേഴ്സ് സ്ലോഗ് സ്വീപിന് ശ്രമിച്ച ജയ്സ്വാൾ വിക്കറ്റ് വലിച്ചെറിഞ്ഞപ്പോൾ സ്ഥാനക്കയറ്റം ലഭിച്ചെത്തിയ മുഹമ്മദ് സിറാജ് ഗോൾഡൻ ഡക്കായും തിരിച്ചുകയറി. പിറകെയെത്തിയ കോഹ്‍ലി രചിൻ രവീന്ദ്രയെ ബൗണ്ടറി കടത്തി നന്നായി തുടങ്ങിയെങ്കിലും കൂടുതൽ ആയുസ്സുണ്ടായില്ല. നാല് റൺസുമായി നിൽക്കെ സിംഗ്ൾ എടുക്കാനുള്ള സാഹസിക ശ്രമം മാറ്റ് ഹെന്റിയുടെ നേരിട്ടുള്ള ഏറിൽ അവസാനിച്ചു.

ഋഷഭ് പന്തും ശുഭ്മൻ ഗില്ലുമാണ് ക്രീസിൽ. സർഫറാസ് ഖാൻ കൂടി പ്രകടനമികവുമായി ഇന്ത്യൻ കപ്പൽ തീരമടുപ്പിക്കുമെന്നാണ് ആരാധക പ്രതീക്ഷ. ജദേജ, അശ്വിൻ, വാഷിങ്ടൺ സുന്ദർ, ആകാശ് ദീപ് എന്നിവരും വാലറ്റത്ത് ഇറങ്ങാനുണ്ട്. ഇന്നും ബാറ്റിങ് തകർച്ച തുടർന്നാൽ കഴിഞ്ഞ കളിയിലെന്ന പോലെ എതിരാളികൾക്ക് വിജയം നേരത്തേ സമ്മാനിച്ച് വൈറ്റ്‍വാഷിനാകും അവസരമൊരുങ്ങുക.

Tags:    
News Summary - India vs New Zealand 3rd Test: India slump to 86/4 after bowl out New Zealand for 235

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.